സൂപ്പര്‍താരം യാഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ കന്നഡ സിനിമ 'ടോക്‌സിക്ക്'ന്റെ ടീസര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ചയാണ്. യാഷിന്റെ കഥാപാത്രം റായയുടെ മാസ് ഇന്‍ട്രൊയാണ് ടീസറില്‍. 'എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്‌സ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. കടുത്ത ഹോട്ട് ദൃശ്യങ്ങളാണ് ടീസറില്‍.
ടീസര്‍ വന്നതിനു പിന്നാലെ സംവിധായിക ഗീതു മോഹന്‍ദാസിനു നേരെ കടുത്ത സൈബര്‍ ആക്രമണമാണുണ്ടാകുന്നത്.ഇപ്പോഴിതാ, ഇതിനു മറുപടിയെന്നോണം ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ഗീതു മോഹന്‍ദാസ്. നടി റിമ കല്ലിങ്കല്‍ പങ്കുവെച്ച ഒരു റീലിന്റെ സ്‌ക്രീന്‍ഷോട്ട് ആണ് ഗീതു പോസ്റ്റ് ചെയ്തത്. 'സ്ത്രീകളുടെ സന്തോഷത്തെയും കണ്‍സെന്റിനെയും കുറിച്ച് നാട്ടുകാരൊക്കെ തല പുകഞ്ഞ് ആലോചിക്കട്ടെ. അവര്‍ എങ്ങനെ സിസ്റ്റത്തെ നിയന്ത്രിക്കുന്നു എന്നും അവര്‍ ആലോചിക്കട്ടെ. ഞങ്ങള്‍ ഇവിടെ ചില്‍ ചെയ്യുന്നു' എന്നാണ് സ്‌ക്രീന്‍ഷോട്ടിലെ എഴുത്ത്.
ടോക്സിക് ചിത്രത്തിന്റെ പേരില്‍ കസബ സിനിമയുടെ സംവിധായകന്‍ നിതിന്‍ രഞ്ജി പണിക്കര്‍ ഉള്‍പ്പടെ പരസ്യവിമര്‍ശനം നടത്തിയതിന് പിന്നാലെയാണ് ഗീതുവിന്റെ മറുപടി.കപടവ്യക്തിത്വങ്ങള്‍ ആദര്‍ശങ്ങള്‍ മറക്കുമ്പോള്‍ ഇരട്ടത്താപ്പ് വെളിപ്പെടുമെന്നായിരുന്നു നിതിന്റെ വിമര്‍ശനം
നിങ്ങളിലെ 'ദിവ്യ വചനം' നിങ്ങളുടെ 'കപട' വ്യക്തിത്വം മറക്കുമ്പോള്‍ ഇരട്ടത്താപ്പ് പൂത്തുലയുന്നു.പിന്നാലെ ജീര്‍ണ്ണതയും (അങ്ങനെയുണ്ടാവില്ലെന്ന് ഞാന്‍ ആഗ്രഹിക്കുന്നു)എന്നിട്ടും, ഇതിന്റെയെല്ലാം അനന്തരഫലങ്ങളില്‍ (അലങ്കോലപ്പെട്ടതും അര്‍ഹിച്ചതുമായ അവസ്ഥയില്‍) നിന്നുകൊണ്ട് എനിക്ക് ഒരുകാര്യം സമ്മതിക്കാം.എല്ലാത്തിനും അതിന്റേതായ സമയമുണ്ട്'
എന്നാണ് നിതിന്‍ രഞ്ജിത്ത് പണിക്കര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്
എന്നാല്‍ ഗീതുവിന് പിന്തുണയുമായി എത്തിയ റിമ കല്ലിങ്കലിന് സോഷ്യല്‍മീഡിയയുടെ പൊങ്കാലയാണ്.
ഒരു വിനോദസഞ്ചാര കേന്ദ്രത്തില്‍ അലസമായി നടക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന വിഡിയോ പങ്കുവച്ചുകൊണ്ടാണ് റിമ കല്ലിങ്കല്‍ ഗീതു മോഹന്‍ദാസിനെ പിന്തുണച്ചത്.
സ്ത്രീകളുടെ ലൈംഗിക സംതൃപ്തിയും സമ്മതവും, വ്യവസ്ഥിതികളെ സ്ത്രീകള്‍ എങ്ങനെ തങ്ങള്‍ക്കനുകൂലമായി ഉപയോഗിക്കുന്നു എന്നത് ലോകം ഇനിയും പഠിച്ചു വരുന്നതേയുള്ളൂ...അത് പൂര്‍ത്തിയാകുന്നത് വരെ താന്‍ ജീവിതം ആസ്വദിക്കാന്‍ പോകുന്നു...''എന്ന് ഷോര്‍ട്ട് വീഡിയോയില്‍ കുറിച്ചാണ് റിമയുടെ പോസ്റ്റ്. ഈ വീഡിയോയില്‍ പുറം തിരിഞ്ഞു നടക്കുകയും പിന്നീട് തിരിച്ച് വലിയ സന്തോഷത്തോടെ തുള്ളിച്ചാടി വരുന്ന റിമയെയും കാണാം. ഈ കുറിപ്പ് അടങ്ങിയ വിഡിയോയുടെ സ്‌ക്രീന്‍ഷോട്ട് ഗീതു മോഹന്‍ദാസ് പങ്കുവച്ചത്.
ടീസറിലെ ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ദൃശ്യങ്ങളെ 'അശ്ലീലം' എന്ന് വിളിച്ച് അധിക്ഷേപിക്കുന്നവര്‍ക്കുള്ള കൃത്യമായ മറുപടി എന്ന നിലയിലാണ് റിമ പോസ്റ്റ് പങ്കുവച്ചത്.താരത്തിന്റെ ഈ പോസ്റ്റിനു താഴെയും വലിയ തോതിലുള്ള വിമര്‍ശന കമന്റുകള്‍ നിറയുന്നുണ്ട്. 'കൂട്ടുകാരിയുടെ ആവിഷ്‌കാര സ്വാതന്ത്ര്യം ആയിട്ടാണോ കാണുന്നത്, അതോ സ്ത്രീ വിരുദ്ധത ആയിട്ടാണോ കാണുന്നത്?? ഓഹ്... ആ സീനില്‍ അഭിനയിച്ച സ്ത്രീ കണ്‍സെന്റ് കൊടുത്തിട്ടാണല്ലോ അല്ലെ?? അതാകും പുതിയ ന്യായീകരണം..., എന്തുകൊണ്ടാണ് നിങ്ങള്‍ കസബ എന്ന സിനിമയെ ഇതേ രീതിയില്‍ വിമര്‍ശിക്കാതിരുന്നത്? ആ സമയത്ത് ഇതേ അര്‍ത്ഥത്തില്‍ തന്നെ എടുക്കാമായിരുന്നില്ലേ, ഇതിന്റെ മലയാളം തര്‍ജമ : ഞങ്ങളിട്ടാല്‍ ബര്‍മുഡ, നിങ്ങളിട്ടാല്‍ വള്ളിക്കളുസം, ഗീതു ജി എയര്‍ ല്‍ പോയപ്പോ അമ്മായി ന്യായികരണം വന്നിട്ടുണ്ട്...കാണുന്ന നമ്മളെ പ്രശ്‌നം ആണെന്ന്.. സെക്‌സ് ചെയ്യാന്‍ അല്ലെ സിനിമ എന്ന്...' എന്നതടക്കമാണ് കമന്റുകള്‍. ഭൂരിപക്ഷം കമന്റുകളും നെഗറ്റീവുകള്‍ തന്നെയാണ്.
റീമയെ കൂടാതെ നടി ദിവ്യപ്രഭയും ആഷിക്ക് അബുവും ഗീതു മോഹന്‍ദാസിന് പിന്തുണയുമായി എത്തിയിരുന്നു. 'ആനന്ദം, സദാചാര പ്രതിസന്ധി, പിന്നെ സ്ത്രീകളും...' എന്ന ക്യാപ്ഷനോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച കുറിപ്പ് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചുകൊണ്ടാണ് താരങ്ങള്‍ തങ്ങളുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ലൈംഗികതയെ ഒരു സ്വാഭാവിക പ്രക്രിയയായി കാണുന്നതിന് പകരം സദാചാരത്തിന്റെ കണ്ണടയിലൂടെ മാത്രം നോക്കുകയാണെന്നും ലൈംഗികതയേയും സ്ത്രീശരീരത്തെയും മലയാളി സമൂഹം നോക്കിക്കാണുന്ന രീതിയിലെ ഇരട്ടത്താപ്പിനെക്കുറിച്ചുമാണ് ഈ കുറിപ്പുകള്‍.
ഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സ്മിത സൈലേഷ്. 'സാമ്പിള്‍ വെടിക്കെട്ട് കണ്ട്, വിമര്‍ശനത്തിന്റെ അണുബോംബും' കൊണ്ടാണ് പുരുഷജിഹ്വകള്‍ രംഗത്തിറങ്ങിയതെന്ന് സ്മിത തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പ്രമുഖ നടന്‍ യാഷിനെ നായകനാക്കി ഒരു വനിതാ സംവിധായിക മാസ്സ് ചിത്രം ഒരുക്കുമ്പോള്‍ ഉണ്ടാകുന്ന മുന്‍വിധികളും അസൂയയുമാണ് ഇത്തരം വിമര്‍ശനങ്ങള്‍ക്ക് പിന്നിലെന്ന് സ്മിത ചൂണ്ടിക്കാട്ടി. സിനിമയുടെ ചിത്രീകരണം പാതിയായപ്പോള്‍ മുതല്‍ താന്‍ കേട്ട സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ അവര്‍ ഉദാഹരണമായി നിരത്തി. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും സിനിമ മുടങ്ങിപ്പോയെന്ന് വാര്‍ത്തകള്‍ നല്‍കിയിരുന്നതായും അവര്‍ ഓര്‍മ്മിപ്പിച്ചു
സ്മിത സൈലേഷിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം:
ടോക്‌സിക് മൂവിയുടെ ട്രൈലെര്‍ പുറത്തു വന്നതിന് പുറകെ രൂപപ്പെട്ട ഗീതുമോഹന്‍ദാസിന്റെ സ്ത്രീവിരുദ്ധത ചര്‍ച്ചകള്‍ എങ്ങും കൊടുമ്പിരി കൊണ്ടിരിക്കുകയാണല്ലോ.. സിനിമയുടെ ചിത്രീകരണം പാതിയായപ്പോള്‍ മുതല്‍ പലയിടങ്ങളില്‍ നിന്നും ഞാന്‍ കേട്ട സ്ത്രീവിരുദ്ധത.. ഗീതുവിനെ പോലെ ഒരു വനിതാ സംവിധായകയ്ക്ക് യാഷിനെ വെച്ച് എന്ത് മാസ്സുണ്ടാക്കാന്‍ പറ്റാനാണ് എന്നതാണ്..
പാതി ചിത്രീകരിച്ച സിനിമയില്‍ നിന്നും സീനുകളില്‍ മാസ്സ് വര്‍ക്ക് ആയില്ലെന്നു പറഞ്ഞു യാഷ് പിന്‍ വാങ്ങി.. സിനിമ മുടങ്ങി.. അവനവനു കൂട്ടിയാല്‍ കൂടാത്ത പണി ചെയ്ത് കോടികള്‍ വെള്ളത്തിലാക്കി.. എന്നിങ്ങനെ ഒരു വനിതാ സംവിധായിക യാഷിനെ വെച്ച് സിനിമ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന മുന്‍വിധിയും, അസൂയയും.. പുരുഷജിഹ്വകളില്‍ നിന്നും.. പ്രവഹിച്ചു കൊണ്ടിരുന്നിരുന്നു.. സിനിമ മുടങ്ങി പോയെന്ന് ചില പത്രങ്ങളുടെ ഓണ്‍ലൈനുകളും വാര്‍ത്തയായി നല്‍കി ഇതൊന്നും മൈന്‍ഡ് ചെയ്യാതെ പെങ്കൊച്ച് അവിടെ സ്വന്തം സിനിമയ്ക്ക് അടിത്തറ പണിയുക മാത്രമല്ല.. ഒരു മാസ്സ് നഗരം തന്നെ പണിതു വെച്ചിട്ടുണ്ട്.. ട്രൈലെറില്‍ കിളി പാറുന്ന മാസ്സ്..കണ്ട് പണി അറിയില്ലെന്ന് അപവാദം പറഞ്ഞ ആണ്‍ ഉലകം നൈസ് ആയി വിറച്ചിട്ടുണ്ടാകും നേരത്തെ കേള്‍ക്കുന്നുണ്ടോ പോലുള്ള ആര്‍ട്ട് സിനിമ ചെയ്ത സംവിധായികയില്‍ നിന്നും ഒരു വേള്‍ഡ് വൈഡ് സംവിധായിക എന്ന നിലയില്‍ വളര്‍ന്ന ഗീതു കച്ചവടസിനിമയുടെ സംവിധായികയായി യാഷിനെ വെച്ച് ഒരു ഫക്കിങ് ഡ്രാഗണിന്റെ ടോക്‌സിക് കഥ പറയുമ്പോള്‍ അതില്‍ ഇന്റിമെറ്റ് സീനുകള്‍ക്ക് നമ്മള്‍ പരിപാവനത്വം പ്രതീക്ഷിക്കുന്നത് തന്നെ അനൗചിത്യമല്ലേ... കോടികള്‍ മുടക്കി ചെയ്യുന്ന പടത്തിന്റെ സംവിധായികയ്ക്ക് സിനിമക്ക് അനുസൃതമായി ചിന്തിക്കേണ്ടിയും, പ്രവര്‍ത്തിക്കേണ്ടിയും വരും..
നിലപാടുതറയില്‍ ഉറച്ചു നില്‍ക്കില്ല.. അവര്‍ ചലിക്കുന്ന സിംഹാസനത്തിലാണ്.. ഒരു സ്ത്രീ കയറിയിരിക്കുന്ന കച്ചവടസിനിമയുടെ സിംഹാസനം കാണുമ്പോള്‍ എനിക്ക് നല്ല ആനന്ദമുണ്ട്.. ഒരു പെണ്ണിനെ കൊണ്ടെന്ത് നടക്കാന്‍ എന്ന് പറഞ്ഞവര്‍ക്ക് മുന്നില്‍.. പെണ്ണുങ്ങള്‍ വല്ല ആര്‍ട്ട് പടവും കൊണ്ട് സംതൃപ്തി അടഞ്ഞാല്‍ മതി എന്നൊക്കെ വിചാരിക്കുന്നവര്‍ക്ക് മുന്നില്‍ ഒരു പെണ്ണ് നിവര്‍ന്നു നിന്ന് മാസ്സ് സിനിമയുടെ ട്രിഗര്‍ വലിച്ച ആ കാഴ്ചയുണ്ടല്ലോ... അത് കണ്ടതിന്റെ ആനന്ദത്തിലാണ് എന്റെ ഫെമിനിസം വര്‍ക്ക് ആവുന്നത്.. അടിച്ചു കേറി വാ ഗീതു... ലോകം ഈ ഫീമെയില്‍ മാസ്സ് മേക്കറേ കാത്തിരിക്കുന്നു.. കുടുംബവുമായി ഒരുമിച്ച് പോയി നമുക്ക് സര്‍വ്വം മായ പോലുള്ള സിനിമകള്‍ കാണാം...
കുടുംബത്തിലുള്ളവരൊക്കെ സ്വന്തം സുഹൃത്തുക്കളുടെ കൂടെയൊക്കെ പോയി ടോക്‌സിക് കണ്ടാല്‍ മതി എന്ന്.. എല്ലാ സിനിമയും കുടുംബ പ്രേക്ഷകര്‍ക്ക് ഒരുമിച്ചു കാണാനുള്ളതല്ല.. രണ്ടു പേര് പരിപൂര്‍ണ്ണ സമ്മതത്തോടെ ആസ്വദിച്ചു ചെയ്യുന്ന ഇന്റിമേറ്റ് സീന്‍ സ്ത്രീവിരുദ്ധതായാണോ...ഫക്കിങ് ഡ്രാഗണ്‍ എന്ന് എതിരാളികള്‍ വിളിക്കുന്ന നായകനെ അവതരിപ്പിക്കാന്‍ അത് പോലെ ഒരു സീന്‍ ഇല്ലാതെ പറ്റുമോ.. സിനിമ പുറത്തിറങ്ങും വരേ കാത്തിരിക്കേണ്ടതുണ്ട് സാമ്പിള്‍ വെടിക്കെട്ട് കണ്ട് വണ്ടര്‍ അടിച്ചു വിമര്‍ശനത്തിന്റെ അണുബോംബും കൊണ്ടിറങ്ങിയതല്ലേ... റിയല്‍ വെടിക്കെട്ട് ഒന്ന് തുടങ്ങിക്കോട്ടെ.. ടോക്‌സിക് സിനിമയിലെ ടോക്‌സിസിറ്റിയും... ഗീതുവിന്റെ നിലപാടും വിഷയത്തില്‍ അപ്പോഴേ വ്യക്തമായ ചിത്രം തെളിയുകയുള്ളു.
സംഭവം എന്തു തന്നെയായാലും ഗീതുമോഹന്‍ദാസിന്റെ ടോക്സിക് എന്ന ചിത്രത്തിന്റെ ഇന്‍ട്രൊഡക്ഷന്‍ ടീസര്‍ 24 മണിക്കൂറിനുള്ളില്‍ അന്‍പത് മില്യണ്‍ വ്യൂസ് ആണ് ലഭിച്ചത്.യാഷിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് താരത്തിന്റെ ഇന്‍ട്രൊഡക്ഷന്‍ വീഡിയോ ഇറക്കിയതെങ്കിലും, പൊങ്കാല മുഴുവന്‍ സംവിധായിക ഗീതു മോഹന്‍ദാസിന് നേരെയാണ്. സേ ഇറ്റ്, സേ ഇറ്റ് എന്ന് പറഞ്ഞ ഗീതു മോഹന്‍ദാസ് എങ്ങിനെ ഇതുപോലൊരു അഡള്‍ട്സ് ണ്‍ലി കണ്ടന്റ് സിനിമ പിടിക്കും എന്നാണ് സിനിമ നിരീക്ഷകരുടെ ചോദ്യം.
യാഷും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് 'ടോക്‌സിക്' തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജീവ് രവി ആണ് ഛായാഗ്രഹണം. സംഗീത സംവിധാനം രവി ബസ്രൂര്‍, എഡിറ്റിങ് ഉജ്വല്‍ കുല്‍ക്കര്‍ണി, പ്രൊഡക്ഷന്‍ ഡിസൈന്‍ ടി.പി. അബിദ്. ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ ജെജെ പെറിയോടൊപ്പം ദേശീയ അവാര്‍ഡ് ജേതാക്കളായ അന്‍പറിവും കേച ഖംഫാക്ഡീയും ചേര്‍ന്നാണ് ആക്ഷന്‍ കൊറിയോഗ്രഫി.