ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ 86-ാം പിറന്നാളാണിന്ന്. കാലത്തെ അതിജീവിക്കുന്ന സ്വരമാധുരികൊണ്ട് അദ്ദേഹം വെള്ളിത്തിരയില്‍ നിറയാന്‍ തുടങ്ങിയിട്ട് ആറരപതിറ്റാണ്ട് പിന്നിടുകയാണ്.ആ സ്വരമാധുരി കേട്ട് ആസ്വദിച്ചവരെല്ലാം ഗായകന് ആശംസകള്‍ നേരുകയാണ്.ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും യേശുദാസ് തന്റെ സ്വര മാധുര്യമറിയിച്ചിട്ടുണ്ട് ഗായകന്‍.
സംഗീതലോകത്തെ നിറസാന്നിധ്യമായ ഗായകന് നിരവധി പേരാണ് സോഷ്യല്‍മീഡിയയിലൂടെ ആശംസകളുമായി എത്തുന്നത്. മലയാളത്തിന്റെ സ്വന്തം ബിജു നാരായണന്‍ യേശുദാസിന് ഹൃദയത്തില്‍ ചാലിച്ച ആശംസ കുറിപ്പുകള്‍ പങ്കിട്ടിരിക്കുന്നത്. യേശുദാസിനൊപ്പമുള്ള ഒരു പഴയകാലചിത്രം പങ്കിട്ടാണ് ബിജു നാരായണന്റെ കുറിപ്പ്.
ചെറുപ്പത്തില്‍ ആ ഗന്ധര്‍വ്വ നാദം മുഴങ്ങുന്ന കച്ചേരികളും,ഗാനമേളകളും ഒരു പാട് അകലെ നിന്ന് കേള്‍ക്കുവാനും കാണുവാനും ഭാഗ്യം ലഭിച്ചിട്ടുണ്ടെങ്കിലും, ആ ഗാനഗന്ധര്‍വനെ ആദ്യമായി അടുത്തു കണ്ടു ഫോട്ടോ എടുത്ത നിമിഷം, അവസരം ഒരിക്കലും മറക്കാന്‍ സാധിക്കില്ല.അത് പങ്ക് വയ്ക്കുന്നു. ആ നാദത്തിന് 86 വയസ്സ് തികയുന്നു. ഹാപ്പി ബര്‍ത്ത്‌ഡേ ദാസേട്ടാ....'' എന്നാണ് ത്രോ ബാക്ക് ചിത്രങ്ങള്‍ പങ്കിട്ടാണ് ബിജു നാരായണന്‍ കുറിച്ചത്.
യേശുദാസ് സിനിമയില്‍ പിന്നണി ഗായകനായി തുടക്കമിടുന്നത് കെ എസ് ആന്റണി സംവിധാനം ചെയ്ത് 1961ല്‍ പുറത്തിറങ്ങിയ 'കാല്‍പ്പാടുകള്‍' എന്ന സിനിമയില്‍ 'ജാതിഭേദം മതദ്വേഷം' എന്നു തുടങ്ങുന്ന ഗുരുദേവകീര്‍ത്തനം ആലപിച്ചുകൊണ്ടാണ്. ഇന്നും ആ സ്വരമാധുരി തുടരുന്നു. 2017- ല്‍ രാജ്യം പത്മവിഭൂഷണും, 2002-ല്‍ പത്മഭൂഷണും, 1973-ല്‍ പത്മശ്രീ നല്‍കിയും യേശുദാസിനെ ആദരിച്ചു.
ദേവരാജന്‍ മാഷിനൊപ്പം 650ലേറെ ഗാനങ്ങള്‍, രവീന്ദ്രനൊപ്പം 339 ഗാനങ്ങള്‍, വയലാറിന്റെ 445 പാട്ടുകള്‍ക്കും ശ്രീകുമാരന്‍ തമ്പിയുടെ 500 ലേറെ പാട്ടുകള്‍ക്കും നാദമായി. 45,000 ലേറെ സിനിമാ പാട്ടുകള്‍. എട്ട് തവണ ദേശീയ പുരസ്‌കാരം. കേരള സംസ്ഥാന അവാര്‍ഡ് മാത്രം 24 തവണ. മറ്റുസംസ്ഥാനങ്ങള്‍ നല്‍കിയ ആദരങ്ങള്‍ ഇതിനുപുറമേ. പന്ത്രണ്ട് സിനിമകളില്‍ പാടി അഭിനയിച്ചു. 77ല്‍ പത്മശ്രീ, 2002ല്‍ പദ്മഭൂഷണ്‍, 2017ല്‍ പദ്മവിഭൂഷണ്‍. മനസ് കൊണ്ട് സംഗീതലോകം എന്നേ സമ്മാനിച്ച് കഴിഞ്ഞൂ ഭാരതരത്‌നം.
1940 ജനുവരിയിലാണ് യോശുദാസിന്റെ ജനനം. പ്രസിദ്ധ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫ് ഭാഗവതരുടെയും എലിസബത്തിന്റെയും മകനായാണ് യേശുദാസ് ജനിച്ചത്. സാമ്പത്തിക ദുരിതങ്ങളുടെ കയ്പ്പുനീര്‍ കുടിച്ചുള്ള വിദ്യാഭ്യാസ കാലവും അവസരങ്ങള്‍ തേടിയുള്ള യാത്രകളും കഴിഞ്ഞ് കഠിനാധ്വാനവും ആത്മാര്‍പ്പണവും കൈമുതലാക്കി യേശുദാസ് നടത്തിയ ജീവിതയാത്ര വലിയ മാതൃകയാണ്.