അഖില്‍ സത്യന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായ സര്‍വ്വം മായ നൂറു കോടി ക്ലബ്ബും കടന്ന് ജൈത്രയാത്ര തുടരുകയാണ്. ആദ്യ ഷോ മുതല്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതിനു പുറമെ റിലീസ് ചെയ്ത് 10 ദിവസത്തില്‍ 100 കോടി ക്ലബ്ബിലും ചിത്രം ഇടംപിടിച്ചു. ഒരിടവേളയ്ക്ക് ശേഷം ബോക്‌സ് ഓഫീസില്‍ വന്‍ തിരിച്ചുവരവാണ് നിവിന്‍ പോളി നടത്തിയിരിക്കുന്നത്.
സ്വപ്ന തുല്യമായ ഫീഡ് ബാക്കുകളാണ് സിനിമയ്ക്ക് ലഭിച്ചതെന്നും അച്ഛനെയാണ് മമ്മൂക്ക വിളിച്ചതെന്നും എഴുത്തിനെയും മേക്കിങ്ങിനെയും പറ്റി സംസാരിച്ചുവെന്നുമാണ് അഖില്‍ പറയുന്നത് സിനിമ ഒരു മുള്ള് പോലും കളയാതെ താന്‍ കഴിച്ചുവെന്ന് മമ്മൂക്ക പറഞ്ഞത് കേട്ടപ്പോഴുള്ള സന്തോഷവും അഖിലിന്റെ വാക്കുകളില്‍ നിറയുന്നുണ്ട്.
സ്വപ്ന തുല്യമായ ഫീഡ് ബാക്ക് ആയിരുന്നു കിട്ടിയത്. മമ്മൂക്ക അച്ഛനെയാണ് വിളിച്ചത്. എഴുത്തിനെയും മേക്കിങ്ങിനെയും പറ്റി പറഞ്ഞു. അച്ഛനോട് മമ്മൂക്ക പറഞ്ഞത്. 'അവന്റെ സിനിമ ഒരു മുള്ള് പോലും കളയാതെ ഞാന്‍ കഴിച്ചു' എന്നാണ് മമ്മൂക്ക അച്ഛനോട് പറഞ്ഞത്. ഭയങ്കര പൊയറ്റിക്കായി പറഞ്ഞതാണ്. മമ്മൂക്ക ആ രീതിയില്‍ രസകരമായി സംസാരിക്കും. അദ്ദേഹത്തിന്റെ സ്പീച്ച് പോലും ഭയങ്കര രസമാണ്. ഒരു ലിറ്ററേച്ചറാണത്. ഒരു മുള്ള പോലും കളയാതെ ഞാന്‍ കഴിച്ചു എന്നത് എനിക്ക് ഭയങ്കര ഭംഗിയായി തോന്നി. അഖില്‍ സത്യന്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോയുമായി സംസാരിച്ചപ്പോഴാണ് അഖില്‍ സത്യന്‍ ഇക്കാര്യം പങ്കുവച്ചത്.
ചിത്രത്തിന്റെ ക്ലൈമാക്സിനെ കുറിച്ച് അഖില്‍ സത്യന്‍ പങ്ക് വച്ചത് ഇങ്ങനെ.
സര്‍വ്വം മായയുടെ ക്ലൈമാക്സ് ശരിക്കും ഒരു റിയല്‍ ഇന്‍സിഡന്റാണ്. അതിലെ ഹോസ്പിറ്റല്‍ സീനുകളെല്ലാം യാഥാര്‍ത്ഥ ജീവിതത്തില്‍ നടന്ന കാര്യമാണ്. എനിക്ക് വ്യക്തിപരമായ അടുപ്പമുണ്ടായ ഒരു ആള്‍ക്കുണ്ടായ സംഭവവും, എനിക്ക് വളരെ ഷോക്ക് ഉണ്ടാക്കിയ കാര്യം കൂടിയാണ്. അതുകൊണ്ട് ക്ലൈമാക്സില്‍ എനിക്ക് ഒരു സംശയവുമുണ്ടായിരുന്നില്ല. എപ്പോള്‍ പറഞ്ഞാലും എന്റെ കണ്ണ് നിറയുന്ന ഒരു ഏരിയയാണ് അത്.
ഞാന്‍ ഒരിക്കലും ഒരു ഗിഫ്റ്റഡ് റൈറ്റര്‍ അല്ല. നമ്മള്‍ അതിജീവിക്കുന്നത് കാഴ്ചയില്‍ നിന്ന് കിട്ടുന്ന കാര്യങ്ങള്‍ കൊണ്ടാണ്. ഞാന്‍ സങ്കല്‍പ്പിച്ചുണ്ടാക്കിയ ഒരു കാര്യം സ്വയം അപ്രൂവ് ചെയ്യാന്‍ എനിക്ക് ബുദ്ധിമുട്ടാണ്. എന്നാല്‍ ഞാന്‍ അനുഭവിച്ച കാര്യം എനിക്ക് അപ്രൂവ് ചെയ്യാന്‍ കഴിയും, അഖില്‍ സത്യന്‍ പറയുന്നു.
താന്‍ ഒരിക്കലും കഥ പറയുമ്പോള്‍ പ്രഭേന്ദുവിന്റെ അമ്മയെ പറ്റി ആലോചിച്ചില്ലെന്നും അത് സ്വാഭാവികമായി ഉണ്ടായ സീനാണെന്നും അഖില്‍ പറയുന്നു. തന്റെ സ്‌ക്രീന്‍ പ്ലെ നരേഷനിലാണ് വരുന്നതെന്നും അഖില്‍ കൂട്ടിച്ചേര്‍ത്തു. ഡോക്ടറുടെ അടുത്ത് നിവിന്‍ പോകുമ്പോള്‍ അമ്മയെ പറ്റി പറയുന്നത് എഴുത്തില്‍ വന്ന കാര്യമാണെന്നും അതെങ്ങനെ കിട്ടിയെന്നത് കൃത്യമായി ഓര്‍മയില്ലെന്നും അഖില്‍ കൂട്ടിച്ചേര്‍ത്തു.