നിങ്ങളുടെ കൈവശം പഴയ ഐഫോണുകളും ഐപാഡുകളുമാണോ ഉള്ളത്....? എന്നാൽ ഇവയുടെ സോഫ്റ്റ് വെയർ നവംബർ മൂന്ന് ഞായറാഴ്ച അതിരാവിലെ 12 മണിക്ക് മുമ്പ് അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ഇവ വലിച്ചെറിയേണ്ടി വരുമെന്ന മുന്നറിയിപ്പ്. 19 വർഷത്തിലൊരിക്കൽ നടത്തേണ്ട ജിപിഎസ് ക്ലോക്ക് ചേയ്ഞ്ച് വരുന്നതോടെ സോഫ്റ്റ് വെയർ അപ്ഡേഷൻ നിർബന്ധമെന്ന് അറിയിച്ചത് ആപ്പിൾ തന്നെയാണ്. ഇത് പ്രകാരം ഐഫോൺ 5ഉം 4 എസും ഐപാഡ് രണ്ടും റെറ്റിന ഡിസ്പ്ലേയും ഫോർത്ത് ജനറേഷൻ ഐപാഡും ഉറപ്പായും പണി മുടക്കുമെന്നാണ് മുന്നറിയിപ്പ്.
ഇതിനാൽ ഇവ ശനിയാഴ്ച അർധരാത്രിയോടെ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ഇവ ഉപയോഗശൂന്യമാകുമെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇതിനെ കുറിച്ച് മാസങ്ങൾക്ക് മുമ്പ് തന്നെ മുന്നറിയിപ്പുകൾ തുടർച്ചയായി ആപ്പിൾ നൽകിയിരുന്നതിനാൽ അപ്ഡേഷനായി വേണ്ടത്ര സമയം യൂസർമാർക്ക് ലഭിച്ചിരുന്നു. ഇതിന്റെ അവസാന തീയതിയാണ് ശനിയാഴ്ച.മേൽപ്പറഞ്ഞ ഉപകരണങ്ങൾ പ്രസ്തുത തീയതിക്കകം ഐഒഎസ് 10.3.4 ലേക്കാണ് അപ്ഡേറ്റ് ചെയ്യേണ്ടത്. ഇത് ചെയ്തില്ലെങ്കിൽ പ്രസ്തുത ഉപകരണങ്ങളിൽ സഫാരിയിലെ വെബ് ബ്രൗസിങ്, ഇമെയിലുകൾ, ആപ്പിൾ സ്റ്റോർ, ഐക്ലൗഡ് , മാപ്പുകൾ തുടങ്ങിയവ ഓഫ് ലൈനിലാകുമെന്നുറപ്പാണ്.
ജിപിഎസ് ക്ലോക്ക് ഓരോ 1024 ആഴ്ചകൾ കൂടുന്തോറും അതായത് ഓരോ 19.7 വർഷം കൂടുന്തോറും പൂജ്യത്തിലേക്ക് റീസെറ്റ് ചെയ്യുക നിർബന്ധമായതിനാലാണ് ഈ അപ്ഡേഷനും ഈ ഉപകരണങ്ങളിൽ നിർബന്ധമായിരിക്കുന്നത്.എന്നാൽ ആപ്പിൾ സോഫ്റ്റ് വെയർ ഐഒഎസ് 10.3.4, ഐഒഎസ് 9.3.6, പിന്നീടുള്ള വേർഷനുകൾ തുടങ്ങിയവയെ ഈ പ്രശ്നം ബാധിക്കില്ലെന്നതിനാലാണ് ഇവയിലേക്ക് അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച മുന്നറിയിപ്പ് കഴിഞ്ഞ ജൂലൈയിലായിരുന്നു ആപ്പിൾ പഴയ ഉപകരണങ്ങളുടെ യൂസർമാർക്ക് നൽകിയിരുന്നത്.
ഇതിനെ തുടർന്ന് അപ്ഡേഷൻ നിർവഹിക്കുന്നതിനായി യൂസർമാർക്ക് നാല് മാസങ്ങളായിരുന്നു ലഭിച്ചിരുന്നത്. ഇക്കാലത്തിനിടെ നിരവധി പേർ തങ്ങളുടെ ഉപകരണങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഇനിയും ശേഷിക്കുന്നവർക്കാണ് കടുത്ത മുന്നറിയിപ്പേകി ആപ്പിൾ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.ഇത് സംബന്ധിച്ച് ഐഫോൺ 5 യൂസർമാർക്ക് പോപ്പ് അപ്പ് മുന്നറിയിപ്പുകൾ അവരുടെ ഫോണുകളിലേക്ക് എത്തിക്കൊണ്ടിരുന്നിരുന്നു. ആക്ഷൻ റിക്വയേർഡ് ഫോർ ഐഫോൺ 5 എന്ന മുന്നറിയിപ്പായിരുന്നു ഇത്.
നവംബർ മൂന്നിനകം അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ പിന്നീട് ഫോണിനെ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച് ഡെസ്‌ക്ടോപ്പ് ആപ്പുകളിലൂടെ മാനുവൽ ആയി അപ്ഡേഷൻ നിർവഹിക്കുകയെന്ന മാർഗം മാത്രമേ യൂസർമാർക്ക് മുന്നിലുള്ളൂ. സെറ്റിങ്സ്/ ജനറൽ/ സോഫ്ററ് വെയർ അപ്ഡേറ്റ് റൂട്ടിലൂടെയാണ് ഇപ്പോൾ അപ്ഡേഷൻ ലളിതമായി നിർവഹിക്കാൻ സാധിക്കുന്നത്.