ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം തുടങ്ങുന്ന ഏറ്റവും പുതിയ പരമ്പരയാണ് ഹാപ്പി കപ്പിള്‍സ്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 10.30യ്ക്ക് സംപ്രേക്ഷണം ചെയ്യുന്ന ഈ പരമ്പരയ്ക്ക് ലഭിച്ച ഏറ്റവും വലിയ പ്രമോഷനായിരുന്നു നായകന്‍ ജീവന്‍ ഗോപാലിനെ ബിഗ്ബോസില്‍ എത്തിച്ചതിലൂടെ ലഭിച്ചത്. പരമ്പരയില്‍ നായികയായി അഭിനയിക്കുന്നത് സൂഫി മരിയ എന്ന മിനിസ്‌ക്രീന്‍ താരമാണ്. ഒരു സീരിയല്‍ നായികയായുള്ള സൂഫിയുടെ ആദ്യ സീരിയലാണ് ഇതെങ്കിലും വൈഫ് ഈ ബ്യൂട്ടിഫുള്‍ എന്ന സീരിയലിലെ ഷാഹിനയായി മറിമായം ടീമിനൊപ്പം കട്ടയ്ക്കു കട്ടയ്ക്ക് നിന്ന് തിളങ്ങിയ താരമാണ് സൂഫി. ശരിക്കും ഒരു ക്രിസ്ത്യാനി പെണ്‍കുട്ടിയായ സൂഫി കോട്ടയം ജില്ലയിലെ മണിമലയെന്ന ഗ്രാമത്തില്‍ നിന്നുമാണ് വെള്ളിത്തിരയിലേക്ക് എത്തിയത്. ഈ ഗ്രാമത്തിലെ ആദ്യ സിനിമാക്കാരിയെന്ന പദവിയും സൂഫിയ്ക്ക് സ്വന്തമാണ്.
പട്ടാളക്കാരനായിരുന്ന മാത്യു ജോസഫിന്റെയും വീട്ടമ്മയായ ഫിലോമിനയുടെയും അഞ്ചുമക്കളില്‍ ഒരാളാണ് സൂഫി. പള്ളിപരിപാടികള്‍ക്കും നാടകങ്ങള്‍ക്കും അല്‍ഫോന്‍സാമ്മയായി അഭിനയിച്ചാണ് സൂഫി അഭിനയത്തിന് തുടക്കം കുറിക്കുന്നത്. കുട്ടിക്കാലം മുതലേ സിനിമ കണ്ടിരിക്കവേ കോളേജ് പഠനം കഴിഞ്ഞ് ഫാര്‍മസിസ്റ്റ് ആയി ജോലിയും നേടി ഇരിക്കവേയാണ് ഒരു കാസ്റ്റിംഗ് കോള്‍ കാണുന്നത്. മുന്നും പിന്നും ആലോചിക്കാതെ അപേക്ഷിച്ചു. അങ്ങനെ നിരവധി അപേക്ഷകള്‍. ഒടുവിലാണ് ഉണ്ണിമുകുന്ദന്റെ ചോക്ലേറ്റ് റീലോഡഡ് എന്ന ചിത്രത്തിലേക്ക് കാസ്റ്റിംഗ് കോള്‍ കഴിഞ്ഞ് സെലക്ഷന്‍ കിട്ടിയത്. ആ സന്തോഷത്തില്‍ ഉണ്ടായിരുന്ന ജോലിയും റിസൈന്‍ ചെയ്ത് കൊച്ചിയിലേക്ക് ഓട്ടോ പിടിച്ചു പോയ സൂഫിയ്ക്ക് ലഭിച്ചത് ആ സിനിമ മുടങ്ങിയെന്ന വാര്‍ത്തയാണ്.
അന്ന് നിരാശയോടെ മടങ്ങിയെങ്കിലും ശ്രമങ്ങള്‍ വീണ്ടും തുടര്‍ന്നു. പതുക്കെ പതുക്കെ അവ വിജയിക്കാനും. അങ്ങനെ വെള്ളം, ചിരാതുകള്‍, നാരദന്‍, ഇരട്ട എന്നീ സിനിമകളുടെയെല്ലാം ഭാഗമായി. ഉന്നംമറന്നു തെന്നിപ്പറന്നു എന്ന വെബ് സീരിസിന്റെ ഭാഗമായിരിക്കവേയാണ് ജീവിതത്തിലെ ട്വിസ്റ്റ് സംഭവിക്കുന്നത്. ദിവസവും നാട്ടില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്ര ബുദ്ധിമുട്ടായപ്പോള്‍ ഒരു ഹോസ്റ്റല്‍ തപ്പിപിടിച്ച് അവിടെ താമസവും തുടങ്ങി. ആ സീരിസിലെ നായകന്‍ വഴിയാണ് സീ കേരളത്തിലെ എരിവും പുളിയും സിറ്റ്കോമിലേക്ക് ഒരു എപ്പിസോഡ് ചെയ്യാനും അതുവഴി വൈഫ് ഈസ് ബ്യുട്ടിഫുള്‍ എന്ന മറിമായം ടീമിന്റെ സിറ്റ്കോമിലേക്കും അവസരം ലഭിക്കുന്നത്. അങ്ങനെ തട്ടമിട്ട ഷാഹിനയായി സൂഫി കുടുംബപ്രേക്ഷകരുടെ ഇടയില്‍ ഹിറ്റായി. മണിമലനാട്ടിലും സംഭവം സൂപ്പര്‍ ഹിറ്റ്.
പലയിടങ്ങളിലും ഫ്ളെക്സുകള്‍ ഉയര്‍ന്നു. നാട്ടിലെ കടമുറികള്‍ മുതല്‍ മാളുകളില്‍ വരെ തന്റെ പടങ്ങള്‍ കണ്ടപ്പോള്‍ സൂഫി മതിമറന്ന് സന്തോഷിക്കുകയായിരുന്നു. 350 എപ്പിസോഡുകള്‍ പിന്നിട്ട് വൈഫ് ഈസ് ബ്യുട്ടിഫുള്‍ അവസാനിച്ചപ്പോള്‍ മികച്ചൊരു മിനിസ്‌ക്രീന്‍ എന്‍ട്രിയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു സൂഫി. ആ കാത്തിരിപ്പ് സഫലമാക്കിയാണ് ഹാപ്പി കപ്പിള്‍സ് എന്ന ഏഷ്യാനെറ്റ് സീരിയലിലേക്ക് ജീവന്‍ ഗോപാലിന്റെ നായികയായി സൂഫി മരിയ മാത്യു എത്തുന്നത്.