പുതിയ സ്മാര്‍ട്ഫോണ്‍ പരമ്പരയ്ക്ക് തുടക്കമിട്ടുകൊണ്ട് ഷാവോമി പുതിയ എംഐ പ്ലേ സ്മാര്‍ട്ഫോണ്‍ അവതരിപ്പിച്ചു. ചൈനയിലാണ് ഫോണ്‍ അവതരപ്പിച്ചത്. 'പ്ലേ' പരമ്പരയിലെ ഷാവോമിയുടെ ആദ്യ സ്മാര്‍ട്ഫോണ്‍ ആണിത്. മറ്റ് ഷാവോമി സ്മാര്‍ട്ഫോണുകളില്‍ നിന്നും വ്യത്യസ്തമായി വാട്ടര്‍ഡ്രോപ്പ് നോച്ച് ഡിസ്പ്ലേയാണ് ഫോണിന്. ഒക്ടാകോര്‍ മീഡിയാ ടെക് ഹീലിയോ പി 35 പ്രൊസസറില്‍ ഡ്യുവല്‍ ക്യാമറ സംവിധാനമാണ് ഫോണില്‍ ഒരുക്കിയിട്ടുള്ളത്. 12 മാസത്തേക്ക് പത്ത് ജിബി ഡാറ്റയും ഷാവോമി ഫോണിനൊപ്പം സൗജന്യമായി നല്‍കുന്നുണ്ട്.
വില
ഷാവോമി എംഐ പ്ലേ സ്മാര്‍ട്ഫോണിന്റെ നാല് ജിബി റാം/ 16 ജിബി സ്റ്റോറേജ് പതിപ്പിന് ചൈനയില്‍ 1,099 യുവാന്‍ (11,100 രൂപ ) ആണ് വില. കറുപ്പ്, നീല, സ്വര്‍ണ നിറങ്ങളിലും ഗ്രേഡിയന്റ് ഫിനിഷിലും ഫോണ്‍ വിപണിയിലെത്തും. ഡിസംബര്‍ 25 മുതല്‍ ചൈനയില്‍ ഫോണിന്റെ വില്‍പന ആരംഭിക്കും.
സവിശേഷതകള്‍
ആന്‍ഡ്രോയിഡ് 8.1 ഒറിയോ അടിസ്ഥാനമാക്കിയുള്ള എംഐയുഐ 10 ഓഎസ് ആണ് ഫോണിലുള്ളത്. ഡ്യുവല്‍ സിം സൗകര്യമുള്ള ഫോണിന് 19:9 സ്‌ക്രീന്‍-ബോഡി അനുപാതത്തില്‍ (1080 ഃ 2280 ) 5.84 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണുള്ളത്.
12 മെഗാപിക്സലിന്റെയും രണ്ട് മെഗാപിക്സലിന്റേയും സെന്‍സറുകളാണ് ഫോണിന്റെ ഡ്യുവല്‍ ക്യാമഖയിലുള്ളത്. എല്‍ഇഡി ഫ്ളാഷ് ലൈറ്റ് സൗകര്യവും ഇതിനൊരപ്പമുണ്ട്. സെല്‍ഫിയ്ക്കായി എട്ട് മെഗാപിക്സല്‍ സെന്‍സറാണുള്ളത്.
64 ജിബി സ്റ്റോറേജ് ആണ് ഫോണിനുള്ളത്. 256 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകള്‍ ഫോണില്‍ ഉപയോഗിക്കാം. 4ജി വോള്‍ടി, ബ്ലൂടൂത്ത്, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി തുടങ്ങിയ കണക്റ്റിവിറ്റി സൗകര്യങ്ങളും,
ആക്സിലറോ മീറ്റര്‍, ആംബിയന്റ് ലൈറ്റ്, ജിയോ മാഗ്‌നറ്റിക്, ഗൈറോ സ്‌കോപ്പ്, ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവയും ഫോണിനുണ്ട്. 3000 എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ നല്‍കിയിട്ടുള്ളത്.