Latest News

മക്കള്‍ സ്വന്തം കാലില്‍ നില്‍ക്കണമെന്ന് ആഗ്രഹമുളള മാതാപിതാക്കള്‍ ചെയ്യേണ്ട കാര്യങ്ങള്‍

Malayalilife
 മക്കള്‍ സ്വന്തം കാലില്‍ നില്‍ക്കണമെന്ന് ആഗ്രഹമുളള മാതാപിതാക്കള്‍ ചെയ്യേണ്ട കാര്യങ്ങള്‍

നിങ്ങൾ ചൂണ്ടിക്കാണിച്ചു കൊടുത്ത ജീവിതപാതയിലൂടെ ആത്മവിശ്വാസത്തോടെ നടന്നു പോകുന്ന കുട്ടിയാണ് ലോകത്തിന്റെ ഏറ്റവും സുന്ദരമായ കാഴ്ച - കൺഫ്യൂഷസ്.
അതുപോലെ കുട്ടികളെ നല്ല വഴികാണിച്ചുകൊടുത്ത് സ്വയം മുന്നോട്ട് പോകാൻ പ്രാപ്തരാക്കുകയല്ലേ നമ്മൾ ചെയ്യേണ്ട നല്ല കാര്യം? മിക്ക മാതാപിതാക്കളും ഇക്കാര്യം ചിന്തിക്കുന്നത് പല രീതിയിലാണ്. പ്രവീണിന് 21 വയസായി. ബാങ്കുദ്യോഗസ്ഥരായ രാജീവിന്റെയും ഗീതയുടെയും ഏകമകൻ. അവന് കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ എം. ബി. എയ്ക്ക് അഡ്മിഷൻ ലഭിച്ചു. ക്ലാസ് തുടങ്ങുന്ന ദിവസമെത്തി. രാവിലെ കോളേജിൽ പോകാൻ ഒരുങ്ങിയിറങ്ങിയപ്പോൾ ദാ, മുന്നിൽ അച്ഛനും അമ്മയും ബാങ്കിൽ പോകാതെ ഒരുങ്ങി നിൽക്കുന്നു.

'പ്രവീണേ, ആദ്യദിവസമല്ലേ ഞങ്ങളും വരുന്നു; കോളേജിലേക്ക് നിന്റെയൊപ്പം. അവിടെ നിനക്ക് ആരെയും പരിചയമില്ലല്ലോ - രാജീവും ഗീതയും ഒരേസ്വരത്തിൽ പറഞ്ഞു.
'വേണ്ടച്ഛാ... ഞാൻ ഒറ്റയ്ക്ക് പൊക്കോളാം എന്ന് പ്രവീൺ പറഞ്ഞിട്ടും കേൾക്കാൻ കൂട്ടാക്കിയില്ല അവർ. കോളേജിൽ കൊണ്ടു വിട്ട് ക്ലാസ് കഴിയും വരെ പ്രവീണിനെ അവിടെ കാത്തുനിൽക്കുകയും ചെയ്തു മാതാപിതാക്കൾ. സ്വന്തം കാലിൽ നിൽക്കാനുള്ള പ്രവീണിന്റെ ആഗ്രഹത്തെ ഇല്ലാതാക്കുന്ന രീതിയിലുള്ളതായി ഈ മാതാപിതാക്കളുടെ പെരുമാറ്റം.
സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയുള്ളവരായി നിങ്ങളുടെ മക്കളെ വളർത്തിയെടുക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത്?

സ്വാശ്രിതനായ കുട്ടി

സ്വാശ്രിതനായ കുട്ടികൾ കൂടുതൽ സജീവതയും കാര്യക്ഷമതയും ഉള്ളവരാകും; ഒപ്പം സ്വാതന്ത്രരും. അത്തരം കുട്ടികൾക്ക് സാഹചര്യങ്ങളോട് ഒത്തുപോകാനുള്ള തങ്ങളുടേതായ ആന്തരികമായ കരുത്തുണ്ടാകും. തങ്ങളുടെ നന്മക്കും ഉയർച്ചയ്ക്കും എന്തു ചെയ്യണം എന്ന് ചിന്തിക്കാനുള്ള കഴിവ് അവർക്കുണ്ടാവും. സ്വാശ്രിതമെന്ന പോസിറ്റീവ് ഗുണത്താൽ, തീരുമാനമെടുക്കാനുള്ള തങ്ങളുടെ കഴിവിലും ധാരണയിലും അവർക്ക് സ്വയം വിശ്വാസമുണ്ടാകും. ജീവിതത്തിന്റെ വിവിധ വശങ്ങളെപ്പറ്റി പിന്നീട് സംതൃപ്തമായ ഭാവത്തിൽ അവർക്ക് തിരിഞ്ഞുനോക്കാനുമാവും. അത്തരം കുട്ടികൾ പുതിയ കാര്യങ്ങൾ പഠിക്കുന്നതിലും അവ നിത്യ ജീവിതത്തിൽ പ്രയോഗിക്കുന്നതിലും ശ്രദ്ധയുള്ളവരാകും. വളരെയധികം സ്വശ്രിതബോധമുള്ള കുട്ടിക്ക് #്ഏത് മോശം സാഹചര്യത്തേയും മറികടക്കാനാവും. അതിന് തീരുമാനമെടുക്കാനുള്ള അവരുടെ കഴിവും അവരുടെ പ്രശ്‌നപരിഹാരപാടവും അവരെ സഹായിക്കും.

സ്വാതന്ത്ര്യം നൽകുക

രക്ഷിതാക്കൾ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് കുട്ടികൾക്ക് സ്വാതന്ത്ര്യം നൽകാത്തതാണ്. കുട്ടികൾക്ക് തങ്ങളുടെ ലളിതമായ ജോലികളും കടമകളും ചെയ്യാനുള്ള അവസരം നൽകണം. കുട്ടിയുടെ സ്വാതന്ത്ര്യത്തെ നിങ്ങൾ നിയന്ത്രിക്കുകയും തടയുകയും ചെയ്യുമ്പോൾ കുട്ടി എല്ലാ കാര്യത്തിനും നിങ്ങളെ അമിതമായി ആശ്രയിക്കാൻ തുടങ്ങും. ഭാവിയിൽ നിർണായക തീരുമാനമെടുക്കേണ്ടി വരുമ്പോൾ അവർ പകയ്ക്കുകയും ചെയ്യും. അത് അവരിലെ ആത്മവിശ്വാസം തകർക്കും. മറുവശത്ത് നിങ്ങൾ അമിത സ്വാതന്ത്ര്യം നൽകുന്നതും അപകടകരമാണ്.

കുഞ്ഞുനാളിലേ തുടങ്ങുക

ഏത് പ്രായത്തിലാണ് കുട്ടികളിൽ സ്വാതന്ത്ര്യബോധവും സ്വശ്രിതബോധവും പകരാൻ നിങ്ങൾ തുടങ്ങേണ്ടത്? നിങ്ങൾ ചിന്തിക്കുന്നതിനേക്കാൾ വളരെമുമ്പേ അത് തുടങ്ങാം എന്നതാണ് സത്യം.
വളരെ ചെറിയ കുട്ടിയായിരിക്കുമ്പോഴേ കുട്ടിയിൽ ഈ ബോധം പകർന്നു തുടങ്ങാം. നിങ്ങളുടെ കുട്ടിക്ക് അവന്റേതായ ചെറിയ കഴിവുകൾ ഉപയോഗിച്ച് ചെയ്യാനുള്ള പല കാര്യങ്ങളും ഉണ്ട്. അത് ചെയ്യാനായി കുട്ടിയെ അനുവദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം.

മൂന്നര വയസ്സിൽ എന്റെ മകൻ രഞ്ചിത്ത് സ്വന്തം പാത്രം എടുത്തുകൊണ്ട് പറയുമായിരുന്നു: ''ഞാനിത് ചെയ്‌തോളാം; ആരും സഹായിക്കേണ്ട ഇതാണ് നിങ്ങളുടെയും കുട്ടികളുടെയും നിർണായക ഘട്ടം. ഇവിടെയാണ് കുട്ടികളുടെ സ്വാതന്ത്ര്യത്തെ അംഗീകരിക്കേണ്ടതും അവരെ അവരുടേതായ രീതിയിൽ കാര്യങ്ങൾ ചെയ്യാൻ അനുവദിക്കേണ്ടതും. ഈ ഒരു ചെറിയ പ്രവൃത്തി വഴി കുട്ടിയിൽ കൂടുതൽ ആത്മവിശ്വാസം വളർത്തിയെടുക്കാൻ കഴിയും.
ചില കുട്ടികൾക്ക് സ്വാശ്രിതത്തിന്റെ പോസിറ്റീവ് ഗുണങ്ങൾ വികസിപ്പിക്കാൻ കൂടുതൽ സമയം വേണ്ടി വരും. അത് സ്വാഭാവികമാണ്. ഇത്തരം കാര്യങ്ങളിൽ കുട്ടികൾ തമ്മിൽ വ്യത്യാസമുണ്ടാകും. ഒരു രക്ഷിതാവ് എന്ന നിലയിൽ എളുപ്പത്തിൽ ചെയ്യാനുള്ള കടമകളും കൃത്യങ്ങളും ചെയ്യാൻ കുട്ടിയെ പ്രോത്സാഹിപ്പിച്ചാൽ അവന്റെ സ്വാശ്രയത്വം വളർത്തിയെടുക്കാൻ നിങ്ങൾക്കു പറ്റും.

തീരുമാനമെടുക്കാൻ അനുവദിക്കുക

തിരഞ്ഞെടുപ്പുകൾ നടത്താൻ കുട്ടികളെ അനുവദിക്കുക എന്നതാണ് മറ്റൊരു കാര്യം. എന്താണ് കളിക്കേണ്ടത്, ധരിക്കേണ്ടത്, കഴിക്കേണ്ടത് എന്നിങ്ങനെയുള്ള കാര്യങ്ങളിൽ തിരഞ്ഞെടുപ്പുകൾ നടത്താൻ ചെറുപ്പത്തിലേ കുട്ടികൾക്ക് അവസരം നൽകണം. അങ്ങനെ തീരുമാനമെടുക്കൽ പ്രക്രിയ അവരെ അഭ്യസിപ്പിക്കണം. കുട്ടി വലുതാകുമ്പോൾ കളികൾ, സംഗീത ഉപകരണങ്ങൾ, ഡാൻസ് ക്ലാസുകൾ എന്നിവ സ്വന്തം ഇഷ്ടപ്രകാരം തെരഞ്ഞെടുക്കാൻ അനുവദിക്കുക. കുട്ടികൾക്ക് താൽപര്യമില്ലാത്ത കാര്യങ്ങൾ അവരുടെമേൽ അടിച്ചേൽപ്പിക്കാൻ ശ്രിമിക്കരുത്.

ലക്ഷ്യംനേടാനുള്ള പ്രവർത്തനം 

ലക്ഷ്യം നിശ്ചയിക്കാനും അത് നേടാനായി പ്രവർത്തിക്കാനും കുട്ടികളെ പരിശീലിപ്പിക്കണം. ഇത് അവരിൽ സ്വാശ്രിതബോധം വളർത്താൻ ഉപകരിക്കും. ഓർക്കുക, ഈ ലക്ഷ്യങ്ങളെന്നത് കുട്ടികളുടേതാണ്, നിങ്ങളുടേതല്ല. സ്വന്തം പഠനമേഖലയും കരിയറും തിരഞ്ഞെടുക്കാൻ നിങ്ങളുടെ മക്കളെ നിങ്ങൾ അനുവദിക്കണം. അവർ തിരഞ്ഞെടുക്കുന്ന ലക്ഷ്യത്തിനുവേണ്ടി അവർ തന്നെ കഠിനാധ്വാനം ചെയ്യും. പിന്തുണച്ചും പ്രോത്സാഹിപ്പിച്ചും നിങ്ങൾ കൂടെ നിന്നാൽ മതിയാകും.

ട്രയൽ ആൻഡ് എറർ

ഒരു കാര്യം പടിക്കാനുള്ള ഏറ്റവും നല്ല രീതി 'ട്രയൽ ആൻഡ് എറർ ആണ്. നിങ്ങളുടെ കുട്ടി എന്തെങ്കിലും കാര്യം ചെയ്യുമ്പോൾ ആദ്യശ്രമങ്ങളിൽ പരാജയപ്പെടാൻ സാധ്യതയുണ്ട്. എങ്ങനെ ശരിയായി ചെയ്യണം എന്ന നിർദ്ദേശങ്ങൾ അവർക്കുമേൽ ചൊരിയേണ്ടതില്ല. കുട്ടിയെ അവന്റേതായ രീതിയിൽ ചെയ്യാനുവദിക്കുക. കുട്ടി സ്ഥിരമായി പരാജയപ്പെടുകയാണെങ്കിൽ മാത്രം എങ്ങനെയാണ് ശരിയായ രീതിയിൽ ചെയ്യേണ്ടതെന്ന് പറഞ്ഞു കൊടുക്കുക. ഒരു കാര്യം വിജയകരമായ രീതിയിൽ തനിയെ ചെയ്യുമ്പോൾ കുട്ടികൽക്കുണ്ടാകുന്ന സന്തോഷം ശ്രദ്ധിക്കണം - ലോകത്തിന്റെ നെറുകയിലെത്തിയ ആവേശമാവും അവരിൽ ഉണ്ടാവുക.

സ്വതന്ത്രമായി ചിന്തിക്കാൻ അനുവദിക്കുക

മാതാപിതാക്കൾ ചെയ്യേണ്ട മറ്റൊരു പ്രധാനകാര്യം കുട്ടികളെ സ്വതന്ത്രമായി ചിന്തിക്കാൻ അനുവദിക്കുക എന്നതാണ്. തങ്ങളുടേതായ രീതിയിൽ പ്രശ്‌ന പരിഹാരങ്ങൾ കണ്ടെത്താൻ അവരെ അനുവദിക്കണം. അവർ തങ്ങളുടെ ശ്രമത്തിൽ പരാജയപ്പെട്ടാൽ ശരിയായ ഉയരങ്ങളിലേക്ക് അവരെ നയിക്കുക. അത് പറഞ്ഞു കൊടുക്കുക. ഒരിക്കൽ അവർ തങ്ങൾക്ക് നൽകിയിരുന്ന പ്രശ്‌നത്തിന് ശരിയായ ഉത്തരം കണ്ടെത്തിയാൽ അവരുടെ വിജയത്തെയും നേട്ടത്തെയും അഭിനന്ദിക്കുകയും വേണം. എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത് കുട്ടികൾ തങ്ങളുടെ ജീവിതത്തിൽ നല്ല പ്രകടനം കാഴ്ചവയ്ക്കണമെന്നും നല്ല നേട്ടങ്ങൾ കരസ്ഥമാക്കണമെന്നുമാണ്. സ്വതന്ത്രമായി ചിന്തിക്കുകയും അതിലൂടെ സ്വന്തം കാലിൽ നിൽക്കാൻ സാധിക്കുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അത്യന്താപേഷിതമാണ്.

ഉത്തരവാദിത്വമുള്ളവരാകുക

കുട്ടികൾക്ക് കടമകൾ ചെയ്യാനുള്ള ഉത്തരവാദിത്വം കൂടി അവർക്ക് നൽകണം. ഏത് കാര്യത്തിനും അക്കൗണ്ടബിൾ ആകുന്ന ശീലം അവരിൽ വളർത്തി എടുക്കണം. അത് വീട്ടുജോലിയോ ഗൃഹപാഠമോ ആവട്ടെ. തങ്ങളെ ഏൽപ്പിച്ച കാര്യങ്ങൾ പൂർത്തിയാക്കിയോ ഇല്ലയോ എന്ന കണക്കു കൊടുക്കാനുള്ള ഉത്തരവാദിത്വബോധം കുട്ടികളിൽ വളർത്തിയെടുക്കണം.

നമ്മൾ മിക്കപ്പോഴും പറയുക കുട്ടികളെ വളർത്തുന്നുവെന്നാണ്. സത്യത്തിൽ നമ്മൾ അവരെ 'മുതിർന്നവരാക്കുകയാണ് ചെയ്യുന്നത് ഓരോ ദിവസവും നിങ്ങളുടെ കുട്ടിയുടെ വളർച്ചയെ സഹായിക്കാനുള്ള അനേക അവസരങ്ങളുണ്ട്. നിങ്ങൾ അത് ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടോ എന്നതാണ് ചോദ്യം. അവരുടെ സ്വാശ്രയ രീതിയും കഴിവുകളും പരിപോഷിപ്പിക്കാതെ അവരെ മികവുറ്റ വ്യക്തികളാക്കി മാറ്റാൻ നിങ്ങൾക്കാവില്ല.

Read more topics: # parenting tips
parenting tips for children

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക