ചില അമ്മമാര്‍ കുഞ്ഞു വളര്‍ന്നാലും നിലത്തിരുത്താറില്ല. ദിവസങ്ങള്‍ പ്രായമുള്ള കുഞ്ഞായാലും കരയുമ്പോള്‍ കൈയിലെടുത്ത് ഓമനിച്ചാല്‍ കരച്ചില്‍ നിര്‍ത്തും. സ്നേഹത്തിനും സുരക്ഷിതത്വത്തിനും വേണ്ടിയുള്ള നൈസര്‍ഗികമായ ആഗ്രഹമാണിതിന് കാരണം. കുഞ്ഞുങ്ങളെ എപ്പോഴും എടുക്കേണ്ടതുണ്ടോ? കൈയിലോ ഒക്കത്തോ എടുത്തു വയ്ക്കുന്നത് കുഞ്ഞുങ്ങള്‍ക്ക് എപ്പോഴും ഇഷ്ടമായിരിക്കും. കുഞ്ഞിന്റെ മനസിലെ സുരക്ഷിതത്വബോധമാവാം കാരണം. എന്നാല്‍ പ്രായത്തിനനുസരിച്ച സ്വാശ്രയത്വം കൈവരിക്കാന്‍ ഇതുതകില്ല. അതിനാല്‍
എപ്പോഴും കുഞ്ഞിനെ എടുക്കുന്നതു നന്നല്ല. ഒരു വയസ് കഴിഞ്ഞാല്‍ എപ്പോഴും അമ്മയും അച്ഛനും അടുത്തുള്ളതായിരിക്കും കുഞ്ഞിന് ഇഷ്ടം. അമ്മയുമച്ഛനും തന്നെ എപ്പോഴും സ്നേഹിക്കുന്നുണ്ടെന്ന് കുഞ്ഞിന് തോന്നണം.അതുകൊണ്ടുതന്നെ പിണക്കം നടിച്ചാലും വെറുതെയായാലും തമാശയായിട്ടായാലും ചീത്ത കുട്ടിയാ, നിന്നെ ഇഷ്ടമല്ല, ഞാന്‍ പൊയ്ക്കളയും. എന്നൊന്നും കുഞ്ഞിനോട് പറയരുത്.
എന്തുതന്നെ കുഞ്ഞ് ആവശ്യപ്പെട്ടാലും അതിലധികം നല്‍കുന്ന രക്ഷിതാക്കളുമുണ്ട്. ഇവിടേയും നിയന്ത്രണം വേണം. സമ്മാനങ്ങള്‍ക്കും ഡ്രസിനും കളിപ്പാട്ടങ്ങള്‍ക്കും ഉപരിയായി അച്ഛനമ്മമാരുടെ സ്നേഹവും തന്നോടൊപ്പം ചെലവഴിക്കുന്ന സമയവുമാണ് കുഞ്ഞിന് വേണ്ടത്.
സ്നേഹത്തോടെ സംസാരിക്കാതെ സദാ കുറ്റപ്പെടുത്തുകയോ വിരട്ടുകയോ ചെയ്താല്‍ അനഭിലഷണീയമായ സ്വഭാവരീതികള്‍ കുഞ്ഞില്‍ വളര്‍ന്ന് വരാനിടയാകും.
അമ്മയെ വിട്ടുമാറാത്ത കുട്ടി
അമ്മയുടെ വസ്ത്രത്തില്‍ തൂങ്ങി അമ്മയെ വിട്ടുമാറാത്ത കുട്ടികള്‍ ധാരാളമാണ്. കുഞ്ഞിനെ ഒരു നിമിഷംപോലും വിട്ടുമാറാത്ത അമ്മമാര്‍ തന്നെയാണ് ഇതിനുത്തരവാദികള്‍.
കുഞ്ഞുങ്ങള്‍ക്ക് സ്വേച്ഛാനുസരണം പ്രവര്‍ത്തിക്കാനുള്ള കഴിവ് ചെറുപ്രായത്തിലേ നല്‍കണം. കുഞ്ഞിന് കളിക്കാന്‍ അവസരം നല്‍കുന്നതുപോലെ മറ്റു കുട്ടികളുമായോ സ്നേഹമുള്ള അഭ്യുദയകാംക്ഷികളുമായോ സമയം ചെലവഴിക്കാനും അവസരം കൊടുക്കണം.
പരിഹാരമാര്‍ഗങ്ങള്‍
1. കുട്ടിയെ തുടക്കത്തില്‍ അല്‍പസമയത്തേക്കും പിന്നീട് മണിക്കൂറുകളോളവും മറ്റ് കുട്ടികളോടൊപ്പം പ്ലേ സ്‌കൂളിലോ ഡേകെയര്‍ സെന്ററിലോ വിടുക. ഇങ്ങനെ വിടുമ്പോള്‍ രക്ഷിതാവ് ആ സമയം എന്തു ചെയ്യുന്നുവെന്നും എവിടെയായിരിക്കുമെന്നും കുട്ടിയോട് പറയണം.
2. അമ്മ കുറെ സമയം കഴിഞ്ഞുവരുമെന്ന് പറയാന്‍ മറക്കരുത്. പറയുന്ന സമയത്ത് ചെല്ലുകയും വേണം. ഇത് പ്രധാന കാര്യമാണ്.
3. കുട്ടികള്‍ക്ക് കളിയിലേര്‍പ്പെടുന്നതാണ് എപ്പോഴും ഇഷ്ടം. അതുകൊണ്ട് ഈ സമയത്ത് ധാരാളം ആക്ടിവിറ്റി കിട്ടുന്നുവെന്നുറപ്പാക്കണം.
4. രക്ഷിതാവ് ദിവസങ്ങളോളം മാറിനില്‍ക്കേണ്ടി വരുമ്പോള്‍ ആ വേര്‍പാട് നേരിടാന്‍ കുട്ടിയെ തയാറാക്കിയിരിക്കണം.
അച്ഛനും മക്കളും
മക്കളോടുള്ള അച്ഛന്റെ മനോഭാവം പ്രത്യേകം ശ്രദ്ധ അര്‍ഹിക്കുന്നു. ഏറ്റവും നല്ല അച്ഛന്‍ മകന്റെ അടുത്ത സുഹൃത്തിനെപ്പോലെ ആകണം. അവനെ സ്നേഹിക്കുന്ന, അംഗീകരിക്കുന്ന, അവന്റെ കാര്യങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുന്നയാള്‍. എന്നാല്‍ മിക്ക പിതാക്കന്മാരും തന്റെ ആജ്ഞാനുവര്‍ത്തിയായ, തന്റെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന കുട്ടി തന്നെയാവണം മകന്‍ എന്നാണ് ചിന്തിക്കുന്നത്.
തന്റെ മകന്‍ എല്ലാ കാര്യത്തിലും ഒന്നാമനായിരിക്കണം എന്ന് വിചാരിക്കുകയും അങ്ങനെ നടക്കാതെ വരുമ്പോള്‍ അതില്‍ കുണ്ഠിതപ്പെട്ട് മനസില്‍ നിരാശ വച്ചുപുലര്‍ത്തുകയും ആ നിരാശയുടെ പ്രതിഫലനങ്ങള്‍ അവനോടുള്ള പെരുമാറ്റത്തില്‍ പ്രകടിപ്പിക്കുകയും ചെയ്തു കാണാറുണ്ട്.ചെറുപ്രായത്തിലേ മകനോടു നന്നായി ആശയവിനിമയം നടത്തുകയും ലോകത്തെയും ജീവിതത്തെയും കുറിച്ച് അവനെ പറഞ്ഞ് പഠിപ്പിക്കുകയും അവന്റെ വിഷമങ്ങളിലും പരാധീനതകളിലും അവനോടൊപ്പം നിന്ന് അവനെ സഹായിക്കുകയും ചെയ്യുന്ന പിതാവ് ദു:ഖിക്കേണ്ടി വരില്ല. എല്ലായ്പ്പോഴും പരിഗണനയും പ്രോത്സാഹനവും നല്‍കുന്ന അച്ഛന് മകന്റെ വ്യക്തിത്വവളര്‍ച്ച അഭിമാനമേകും. ഇടയ്ക്കിടയുള്ള സമ്മാനങ്ങള്‍, ഒരുമിച്ചുള്ള വിനോദയാത്രകള്‍ ഇവയൊക്കെ ഏറ്റവും നല്ല ഹൃദയബന്ധം ഉറപ്പാക്കും.
അച്ഛനും മകളും തമ്മിലുള്ള ബന്ധവും ഇതുപോലെ സ്നേഹസമ്പന്നമായിരിക്കണം. അമ്മയോട് മകള്‍ക്കുള്ള സ്നേഹവും സ്വാതന്ത്ര്യവും അച്ഛനോടും ഉണ്ടാവണം.തന്റെ ജീവിതത്തിലെ സര്‍വപ്രധാനമായ വ്യക്തിയാണ് അച്ഛനെന്ന് മകളും തന്റെ ജീവിതത്തില്‍ താന്‍ അങ്ങേയറ്റം സ്നേഹിക്കുന്ന പ്രോത്സാഹിപ്പിക്കുന്ന സന്തോഷിപ്പിക്കുന്ന തന്റെ ഓമനയാണ് മകളെന്ന് അച്ഛനും വിചാരിക്കണം. അമ്മയും അച്ഛനും ഒരുപോലെ സ്നേഹിക്കുന്ന മക്കളും അമ്മയെയും അച്ഛനെയും ഒരുപോലെ സ്നേഹിക്കുന്ന മക്കളുമുള്ള കുടുംബം സ്വര്‍ഗതുല്യമായിരിക്കും.