ബ്രിട്ടനിലെ ഏതു മത്സര രംഗത്തും മലയാളികള്‍ നടത്തുന്ന തേരോട്ടം പുതിയ വിശേഷമല്ല. ഇത്തവണ മിസ് ഇംഗ്ലണ്ട് മത്സരത്തിന്റെ സെമി ഫൈനലില്‍ ആഷ്‌ലിന്‍ മാത്യു എത്തിയ വാര്‍ത്തയുടെ ചൂടാറും മുന്നേയാണ് മറ്റൊരു പ്രധാന മത്സരത്തില്‍ മലയാളി പെണ്‍കുട്ടി ഫൈനല്‍ റൗണ്ടില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. വെറും ഒരു വര്‍ഷം മുന്‍പ് മാത്രം യുകെയില്‍ എത്തിയ ഡോക്ടര്‍ പ്രവീണിന്റേയും ഡോക്ടര്‍ രശ്മിയുടെയും മകളായ ദൃഷ്ടിയാണ് ബോളിവുഡ് മത്സരത്തില്‍ ഒന്നാം സ്ഥാനത്തു എത്തിയിരിക്കുന്നത്.
ദി നാഷണല്‍ എന്റര്‍ടൈന്‍മെന്റ് അവാര്‍ഡ് എന്ന പുരസ്‌ക്കാരത്തിന് വേണ്ടിയുള്ള പ്രാഥമിക മത്സരത്തില്‍ ഡോക്ടര്‍ രശ്മിയും മകള്‍ ദൃഷ്ടിയും ഒന്നിച്ചു നൃത്തം ചെയ്തപ്പോള്‍ മകള്‍ യോഗ്യത നേടുക ആയിരുന്നു. ശാസ്ത്രീയ നൃത്ത പഠനം നടത്തിയിട്ടുള്ള ദൃഷ്ടി വിജയ കിരീടം ഉറപ്പാക്കാന്‍ കൂടുതല്‍ വോട്ടുകള്‍ ആവശ്യമുണ്ട്. ഇതിനായി ബ്രിട്ടീഷ് മലയാളി വായനക്കാര്‍ക്ക് ഫേസ്ബുക്ക് ലിങ്ക് വഴി വോട്ടു ചെയ്യാന്‍ അവസരമുണ്ട്.
ദുബൈയില്‍ ജനിച്ചു വളര്‍ന്ന ഡോ. രശ്മി സൗത്ത് ഏന്‍ഡ് ഹോസ്പിറ്റലില്‍ അനസ്തേസ്റ്റ് ആയാണ് ജോലി നോക്കുന്നത്. കേരളത്തില്‍ തിരുവല്ലയും തിരുവനന്തപുരത്തും വേരുകളുള്ള ഈ ഡോക്ടര്‍ ദമ്പതികള്‍ കൂര്‍ഗിലാണ് സ്ഥിര താമസം. യുകെയില്‍ ജോലിയും ജീവിതവും ഇഷ്ടപ്പെട്ടെത്തിയ ഇവര്‍ക്ക് ബസില്‍ഡണിലെ ന്ചലെ ബോളിവുഡ് സ്‌കൂള്‍ വഴിയാണ് നാഷണല്‍ എന്റര്‍ടൈന്‍മെന്റ് അവാര്‍ഡ് മത്സരത്തെ കുറിച്ച് വിവരം ലഭിക്കുന്നത്.
കലാകുടുംബമാണ് ഡോ. രശ്മിയുടേത്. രശ്മി സ്‌കൂള്‍ തലത്തില്‍ വളരെ സജീവമായി നൃത്ത രംഗത്തുണ്ടായിരുന്നതാണ്. രശ്മിയുടെ അമ്മ ഉഷ കര്‍മചന്ദ്രനും അറിയപ്പെടുന്ന നര്‍ത്തകിയും കഥകളി കലാകാരിയുമാണ്. ഈ താവഴിയിലെ മൂന്നാം തലമുറക്കാരിയാണ് ദൃഷ്ടി. ദൃഷ്ടിയുടെ ഏക സഹോദരി മൂന്നു വയസുള്ള ദ്യുതിയും പാട്ടു പഠനം ആരംഭിച്ചിരിക്കുകയാണ്.
യുകെയില്‍ എത്തിയപ്പോള്‍ നൃത്ത പഠനം മുടങ്ങാതിരിക്കാന്‍ കൗതുകത്തിനു വേണ്ടിയാണ് ഡോ. രശ്മി മകളെ ബസില്‍ഡണ്‍ നൃത്ത സ്‌കൂളില്‍ എത്തിച്ചത്. എന്നാല്‍ യുകെയിലെ അറിയപ്പെടുന്ന ദേശീയ നൃത്ത മത്സരത്തിലേക്കുള്ള എന്‍ട്രിയായി മാറുക ആയിരുന്നു നൃത്തപഠനം. ഇന്ത്യന്‍ ഡാന്‍സ് കളിക്കുന്ന ഒരു സ്‌കൂളും മറ്റു ഡാന്‍സുകള്‍ പഠിപ്പിക്കുന്ന 11 സ്‌കൂളുകളും ചേര്‍ന്നാണ് മത്സരത്തിന് എത്തുന്നത്.
പഠനത്തിന് വേണ്ടി ചിലങ്കയഴിച്ച രശ്മി നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷമാണു മകളുടെ പങ്കാളിയായി വേദിയില്‍ എത്തുന്നത്. ലോകത്തിലെ വിവിധ നൃത്തരൂപങ്ങള്‍ ഏറ്റുമുട്ടിയ ഓഡിഷന്‍ റൗണ്ടില്‍ ഇന്ത്യന്‍ നൃത്തലോകത്തു നിന്നും ദൃഷ്ടി മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്. പൊതുജനത്തിന്റെ ഇഷ്ടം കൂടി തേടിയ ശേഷം ഏറ്റവും ആരാധകരുള്ള നൃത്ത രൂപം എന്ന നിലയിലായിരിക്കും വിജയിയെ പ്രഖ്യാപിക്കുക. നിലവില്‍ ദൃഷ്ടി മറ്റുള്ളവരെക്കാള്‍ ബഹുകാതം മുന്നിലാണ്.
ബോളിവുഡ് ക്ലാസിക് നൃത്തത്തില്‍ നിമയാണ് ദൃഷ്ടിയുടെ അദ്ധ്യാപിക. കേരളത്തില്‍ ശ്രീദേവി ശ്രീകുമാറിന്റെ കീഴില്‍ നൃത്ത പഠനം നടത്തിയ ദൃഷ്ടി നന്നായി പാടുകയും ചെയ്യും. ഇപ്പോള്‍ എം ജി ശ്രീകുമാറിന്റെ കീഴിലാണ് സംഗീത പഠനം നടത്തുന്നത്. എം ജി ശ്രീകുമാര്‍ ഈയിടെ യുകെയില്‍ നടത്തിയ ടൂറില്‍ ദൃഷ്ടി അടക്കമുള്ള കുട്ടികള്‍ വേദിയില്‍ പെര്‍ഫോം ചെയ്തിരുന്നു.
തിങ്കളാഴ്ച വരെയാണ് വോട്ടുകള്‍ ചെയ്യാന്‍ അവസരം ഒരുക്കിയിരിക്കുന്നത്. ലിങ്കില്‍ കയറി താഴേക്ക് സ്‌ക്രോള്‍ ചെയ്യുമ്പോള്‍ വിവിധ വിഭാഗങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിന്റെ വോട്ടിംഗ് ലിങ്കുകള്‍ കാണാന്‍ സാധിക്കും. അതില്‍ ഏഴാമതായി ക്രിയേറ്റ് ചെയ്തിരിക്കുന്ന പോളില്‍ ആണ് ദൃഷ്ടിക്ക് വോട്ട് രേഖപ്പെടുത്തേണ്ടത്.
അതില്‍ ദൃഷ്ടിയുടെ പേരിനു മുന്‍പുള്ള ബോക്‌സില്‍ ടിക്ക് ചെയ്താല്‍ മാത്രം മതി. ബ്രിട്ടീഷ് മലയാളി ന്യൂസ് പേഴ്സണ്‍ അവാര്‍ഡ് പോലെ തന്നെ നര്‍ത്തകരുടെ കഴിവ് അളക്കുകയോ മറ്റോ ജേതാക്കളെ നിശ്ചയിക്കുന്നതില്‍ ഘടകമാകില്ല. ഫൈനല്‍ റൗണ്ടില്‍ എത്തിയ മുഴുവന്‍ പേരെയും ചേര്‍ത്ത് ഒക്ടോബര്‍ 20 നു ലണ്ടനില്‍ മെഗാ ഗാലയും സംഘടിപ്പിച്ചിട്ടുണ്ട്.