കുഞ്ഞുങ്ങളുടെ ഭക്ഷണ കാര്യത്തിലാണ് കൂടുതല്‍ ശ്രദ്ധ വേണ്ടതെന്നു പറഞ്ഞാല്‍ തെറ്റില്ല; ഇവര്‍ക്കു നല്‍കുന്ന ആഹാരമടക്കം കൊടുക്കുന്ന രീതിയില്‍ ശ്രദ്ധ വേണം

Malayalilife
topbanner
കുഞ്ഞുങ്ങളുടെ ഭക്ഷണ കാര്യത്തിലാണ് കൂടുതല്‍ ശ്രദ്ധ വേണ്ടതെന്നു പറഞ്ഞാല്‍ തെറ്റില്ല; ഇവര്‍ക്കു നല്‍കുന്ന ആഹാരമടക്കം കൊടുക്കുന്ന രീതിയില്‍ ശ്രദ്ധ വേണം

കുഞ്ഞുങ്ങള്‍ വയറ്റിലുള്ളപ്പോള്‍ മുതല്‍ ഇവര്‍ ജനിച്ച് ഒരു പ്രായമാകുന്നതു വരെ പല അമ്മമാര്‍ക്കും ആധിയാണന്നു പറഞ്ഞാലും തെറ്റില്ല. ഇവര്‍ക്ക് ഇതു നല്‍കാമോ, ഏതു ഭക്ഷണമാണ് നല്ലത്, ഏതാണ് മോശം, എത്ര നല്‍കണം, എപ്പോള്‍ നല്‍കണം തുടങ്ങിയ പല കാര്യങ്ങളിലും ഇതുണ്ടാകും.കുഞ്ഞുങ്ങളുടെ ഭക്ഷണ കാര്യത്തിലാണ് കൂടുതല്‍ ശ്രദ്ധ വേണ്ടതെന്നു പറഞ്ഞാല്‍ തെറ്റില്ല. ഇവര്‍ക്കു നല്‍കുന്ന ആഹാരമടക്കം കൊടുക്കുന്ന രീതിയില്‍ വരെ അതീവ ശ്രദ്ധ വേണം. വേണ്ട രീതിയില്‍ കൊടുത്തില്ലെങ്കില്‍ ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ തന്നെ ബാധിയ്ക്കും. ചെറുപ്പത്തില്‍ വയറിനും മററും വരുന്ന പ്രശ്നങ്ങള്‍ ഒരു പക്ഷേ ആജീവനാന്ത കാലം ഇവരെ ബാധിയ്ക്കാനും സാധ്യതയുണ്ട്.

നവജാത ശിശുവിന് ആറുമാസം വരെ മുലപ്പാല്‍ മാത്രമേ നല്‍കാവൂയെന്നാണ് പൊതുവേ പറയുന്ന ഒന്ന്. ഇതില്‍ വാസ്തവവുമുണ്ട്. കാരണം മുലപ്പാലില്‍ ഒരു കുഞ്ഞിന് ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുണ്ടെന്നതാണ് വാസ്തവം. ഇതു കൊണ്ടു തന്നെ മുലപ്പാല്‍ ആറു മാസം വരെ നല്‍കിയാല്‍ കുഞ്ഞിന് സ്വാഭാവിക വളര്‍ച്ച ലഭിയ്ക്കും.

എന്നാല്‍ മുലപ്പാല്‍ കുറവോ ഇല്ലാതെയോ വരുന്ന അവസരങ്ങളില്‍ കുഞ്ഞിന് കൃത്രിമ ഭക്ഷണം നല്‍കാറുണ്ട്. ഇത് കുഞ്ഞിന്റെ തൂക്കത്തിനനുസരിച്ച് ഡോക്ടറുടെ അഭിപ്രായം തേടി വേണം, നല്‍കാന്‍. ഏറ്റവും നല്ലത് മുലപ്പാലുണ്ടെങ്കില്‍ ഇതു തന്നെയാണെന്നു വേണം, പറയാന്‍. കാരണം കുഞ്ഞുങ്ങളുടെ ദഹന വ്യവസ്ഥ വളരെ ലോലമാണ്. ദഹിപ്പിയ്ക്കാനുള്ള കഴിവും കുറവാണ്. ഈ ദഹന വ്യവസ്ഥയ്ക്ക് ഏറെ ചേര്‍ന്ന ഭക്ഷണം മുലപ്പാല്‍ തന്നെയാണ്. പ്രത്യേകിച്ചു തൂക്കം കുറഞ്ഞ കുഞ്ഞുങ്ങളില്‍ ദഹനം വളരെ മെല്ലെയേ നടക്കൂ. ഇവര്‍ക്ക് ഏറ്റവും ഉത്തമം മുലപ്പാലാണ്. ആവശ്യത്തിനു പാലുണ്ടെങ്കില്‍, കുഞ്ഞു കുടിയ്ക്കുന്നുണ്ടെങ്കില്‍ ശരിയായ തൂക്കത്തിന് മറ്റു ഭക്ഷണങ്ങള്‍ ഒന്നും തന്നെ കൊടുക്കേണ്ടതില്ല. ഡോക്ടര്‍മാരുടെ അഭിപ്രായം കൂടി തേടുക.

ആറു മാസത്തിനു ശേഷം കുട്ടികള്‍ക്ക് കുറുക്കു രൂപത്തില്‍ ഭക്ഷണം നല്‍കിത്തുടങ്ങാം. കായപ്പൊടി, റാഗിപ്പൊടി എന്നിവയെല്ലാമാണ് പൊതുവേ നല്‍കാറ്. കഴിവതും ടിന്‍ ഫുഡ് ഒഴിവാക്കണം. കുഞ്ഞിന് കഴിയ്ക്കാന്‍ വീട്ടില്‍ തന്നെ തയ്യാറാക്കിയെടുക്കുന്നവ കൂടുതല്‍ നല്ലത്. ഇവ കുറുക്കുന്നത് പശുവിന്‍ പാലിലാണെങ്കില്‍ കട്ടി കൂടിയ പാല്‍ ഉപയോഗിയ്ക്കരുത്. ഇത് കുഞ്ഞിന് ദഹിയ്ക്കുവാന്‍ പ്രയാസമുണ്ടാക്കും. പാലിനൊപ്പം അതിനിരട്ടി വെള്ളമൊഴിച്ചു വേണം, കുറുക്കു തയ്യാറാക്കുവാന്‍. ഇത് നല്ലപോലെ വേവിയ്ക്കുകയും വേണം. കൂവ പോലുള്ളവയും ഇടയ്ക്കു നല്‍കാം. ഇത് കുഞ്ഞിന്റെ വയറിനും നല്ലതാണ്.

കുഞ്ഞിന് മുലപ്പാലിനൊപ്പം നല്ലപോലെ തിളപ്പിച്ച് ആറ്റിയ വെള്ളവും ശീലമാക്കാം. പ്രത്യേകിച്ചും ഭക്ഷണം കൊടുക്കുമ്പോള്‍. ഇത് ദഹനത്തെ എളുപ്പമാക്കും. കുട്ടിയുടെ ശരീരത്തിലെ പ്രക്രിയകള്‍ ശരിയായി നടക്കുവാനും ഇതു സഹായിക്കും. നേന്ത്രപ്പഴം പുഴുങ്ങിയത് കുഞ്ഞിന് ആറു മാസം കഴിഞ്ഞാല്‍ പരീക്ഷിയ്ക്കാവുന്നത്. ഇതില്‍ ലേശം നെയ്യു ചേര്‍ത്തു വേവിച്ചു നല്‍കുന്നതാണ് ഏറ്റവും നല്ലത്. നെയ്യ് നല്ല ശുദ്ധമായത് ഉപയോഗിയ്ക്കുക. തുടക്കത്തില്‍ കൂടുതല്‍ അളവില്‍ ഉപയോഗിയ്ക്കരുത്. കുറേശെ വീതമെന്നത് ഉറപ്പാക്കുക. നേന്ത്രപ്പഴം നല്ലപോലെ പഴുത്തതും വേണം ഉപയോഗിയ്ക്കാന്‍. ഇതു നല്ലതു പോലെ വേവിച്ച് ഇതിലെ കറുപ്പു നിറത്തിലെ നാരെടുത്തു കളഞ്ഞു നല്‍കുക. നല്ലപോലെ ഉടച്ചു വേണം, നല്‍കാന്‍.

കുഞ്ഞിന് ഒരു വയസിനു ശേഷം മുട്ടയുടെ വെള്ള കൊടുത്തു തുടങ്ങാം. ഇതോടൊപ്പം ചോറ് പോലുള്ളവയും നല്ലപോലെ വേവിച്ചുടച്ചു കൊടുക്കാം. ഇതോടൊപ്പം വേവിച്ച പച്ചക്കറികളും മീന്‍ പോലുള്ളവയും കൊടുക്കാം. ഇറച്ചി അല്‍പം കഴിഞ്ഞ്, അതായത് ഒന്നര വയസെങ്കിലും ആകുമ്പോള്‍ കൊടുക്കുന്നതാണ് നല്ലത്. കാരണം ഇതു ദഹിയ്ക്കാന്‍ അല്‍പം പ്രയാസമാണ്.മുലപ്പാല്‍ 2 വയസു വരെയെങ്കിലും, ചുരുങ്ങിയത് ഒരു വയസു വരെയെങ്കിലും കുഞ്ഞുങ്ങള്‍ക്കു നല്‍കുന്നതാണ് കൂടുതല്‍ നല്ലത്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിനും പ്രതിരോധ ശേഷിയ്ക്കുമെല്ലാം ഏറെ ഉത്തമമാണ്. പശുവിന്‍ പാല്‍ നല്‍കിത്തുടങ്ങുമ്പോള്‍ നേര്‍പ്പിച്ച്, കുറേശെ വീതം കൊടുത്തു തുടങ്ങുക. നല്ലപോലെ തിളപ്പിയ്ക്കുവാന്‍ ഉറപ്പു വരുത്തണം. മധുരം വേണമെങ്കില്‍ കല്‍ക്കണ്ടം ചേര്‍ത്തു തിളപ്പിയ്ക്കുന്നതു നല്ലതാണ്.

ഫലവര്‍ഗങ്ങളും കുഞ്ഞിനു നല്‍കാം. ജ്യൂസുകള്‍ വീട്ടില്‍ തയ്യാറാക്കി നല്‍കാം. കുറേശെ വീതം മധുരം ചേര്‍ക്കാതെ വേണം, നല്‍കാന്‍. ഫലവര്‍ഗങ്ങള്‍ തൊണ്ടുള്ളവ ഇതു ചെത്തി നല്‍കുന്നതാണ് നല്ലത്. ആപ്പിള്‍ പോലുള്ളവ വേവിച്ച് ഉടച്ചു ചെറിയ കുഞ്ഞുങ്ങള്‍ക്കു നല്‍കാം.
 

how-to-control-kids-food-at-age-of-six-years-old

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES