Latest News

കുഞ്ഞിന്റെ സ്വഭാവരൂപീകരണത്തില്‍ അമ്മയുടെ പങ്ക് ചെറുതല്ല; അമ്മമാര്‍ അറിയാന്‍

Malayalilife
കുഞ്ഞിന്റെ സ്വഭാവരൂപീകരണത്തില്‍ അമ്മയുടെ പങ്ക് ചെറുതല്ല; അമ്മമാര്‍ അറിയാന്‍

ണ്ണിറുക്കെ അടച്ച് കൈകള്‍ ചുരുട്ടിപ്പിടിച്ച് കരഞ്ഞു കരഞ്ഞ് കുഞ്ഞാവ ചുവന്നു തുടുത്തു. വിശന്നിട്ടാണ്....അമ്മ അവളെ കോരിയെടുത്ത് മാറോടു ചേര്‍ത്തു. ഉം.....ഉം.....ഉം.....കരച്ചിലൊക്കെ മാറ്റിവച്ച് കുഞ്ഞാവ ആസ്വദിക്കുകയാണ്. അമ്മയില്‍ നിന്നുള്ള സ്‌നേഹ പ്രവാഹം. ഇടയ്‌ക്കൊന്നു നിര്‍ത്തി കുന്നി മണിക്കണ്ണുകൊണ്ട് ഒളിഞ്ഞു നോക്കി. പല്ലില്ലാ മോണ കാട്ടി സുന്ദരന്‍ ചിരി അമ്മയ്ക്ക് വാവയുടെ സമ്മാനം. അമ്മയുടെ ജീവിതത്തിലെ അതിസുന്ദര നിമിഷങ്ങളിലൊന്ന്...കുഞ്ഞിനെ കുളിപ്പിക്കുന്നതും പാലു കൊടുക്കുന്നതും പാടിയുറക്കുന്നതും അത്ര നിസ്സാരമായി ചെയ്യേണ്ടതല്ല എന്ന് അമ്മയ്ക്കറിയാം. എന്നാല്‍ ഇതിലൂടെയെല്ലാം കുഞ്ഞിനെ അറിയാനും കുഞ്ഞിന് അറിയാനും പലതുമുണ്ടെന്ന് അമ്മമാര്‍ അറിയണം. ഓരോന്നിലൂടെയും കുഞ്ഞാവ അമ്മയെ അറിയുകയാണ്. അമ്മയിലൂടെ അവള്‍ക്കീ ലോകം പരിചയപ്പെടണം.

പ്രകടിപ്പിക്കാനോ സംസാരിക്കാനോ കഴിയില്ലെങ്കിലും, അമ്മ പാലു കൊടുക്കുമ്പോഴും കൊഞ്ചുമ്പോഴും കണ്ണില്‍ നോക്കി സംസാരിക്കുമ്പോഴും കുളിപ്പിക്കുമ്പോഴും കൈ പിടിച്ച് കൂടെ നടക്കുമ്പോഴുമെല്ലാം കുഞ്ഞ് നമ്മളറിയാതെ പല കാര്യങ്ങളും മനസ്സിലാക്കുന്നുണ്ട്. ശൈശവത്തിന്റെ ഓരോ ഘട്ടത്തിലും അമ്മ കുഞ്ഞിനു പകര്‍ന്നു കൊടുക്കുന്ന ചെറിയ കാര്യങ്ങള്‍ കുട്ടിയുടെ മാനസികാരോഗ്യം രൂപപ്പെടുന്നതില്‍ വളരെ നിര്‍ണായകമാണ്. സംസാരം മുതല്‍ സ്വാഭാവ രൂപീകരണം വരെയുള്ള കാര്യങ്ങളെ സ്വാധീനിക്കുന്ന പല കാര്യങ്ങള്‍ ഉണ്ട്. ഇവ എന്തെല്ലാമെന്ന് മനസ്സിലാക്കാം.

മാറോടു ചേര്‍ത്തുറക്കൂ

വയറ്റില്‍ കിടക്കുമ്പോഴും അമ്മയും കുഞ്ഞുമായി പിരിയാനാകാത്ത ബന്ധം മൊട്ടിടും. ജനിച്ചു വീണ് ആദ്യമായി കരയുമ്പോള്‍ അമ്മ കൈകളിലെടുക്കുന്ന ആ നിമിഷം മുതല്‍ കുഞ്ഞ് പതിയെ പുതിയ കാര്യങ്ങള്‍ പഠിച്ചു തുടങ്ങും. ഞാന്‍ കരഞ്ഞാല്‍ എന്നെയെടുക്കാനും ആശ്വസിപ്പിക്കാനും അമ്മയുണ്ട്. രാത്രി വിശന്നു കരയുമ്പോഴും വേദനിക്കുമ്പോഴും എന്നെയറിയാനും ശ്രദ്ധിക്കാനും അമ്മയുണ്ട് എന്നൊക്കെ മനസ്സിലാക്കും. പാലൂട്ടുമ്പോള്‍ അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിന് ആഴം കൂടുന്നു. തൊട്ടിലാട്ടി ഉറക്കുമ്പോള്‍ 'നിന്നെ ഞങ്ങള്‍ സ്‌നേഹിക്കുന്നു' എന്നും സംരക്ഷിക്കപ്പെടുന്നു എന്നും കുഞ്ഞിനെ മനസ്സിലാക്കുകയാണ്. അമ്മയുടെ വയറിനകത്തെ സുരക്ഷിത ലോകത്തില്‍ നിന്ന് വ്യത്യസ്തമായൊരു പുതിയ ലോകത്തെ പരിചയപ്പെടാനുള്ള സ്‌നേഹത്തിന്റെ ഇലച്ചാര്‍ത്തുകള്‍ ഉള്ള വള്ളിയാണ് അമ്മ.

പാലൂട്ടുമ്പോള്‍ രൂപമെടുക്കുന്ന ബന്ധത്തിന്റെ സ്വഭവമനുസരിച്ചാകും ഭാവിയില്‍ കുഞ്ഞിന്റെ പെരുമാറ്റം പോലും. ആദ്യ മാസങ്ങളില്‍ അമ്മയോട് കൂടുതല്‍ അടുപ്പമുണ്ടാകുന്ന കുട്ടികള്‍ പുതിയ കാര്യങ്ങള്‍ പഠിക്കാനും വിവരങ്ങള്‍ മനസ്സിലാക്കാനും മിടുക്കരാകുമെന്ന് തെളിഞ്ഞിട്ടുണ്ട്. നവജാത ശിശുക്കള്‍ക്ക് പത്തിഞ്ച് ദൂരത്തിലുള്ളതു മാത്രമേ കാണാനാകൂ. അതുകൊണ്ട് അവളെ മാറോടു ചേര്‍ത്തു പിടിക്കുക. സ്വസ്ഥമായ സ്ഥലത്തിരുന്ന് നിങ്ങളുടെ മുഴുവന്‍ ശ്രദ്ധയും കുഞ്ഞിനു കിട്ടുന്ന വിധം പാലൂട്ടുക. ഒപ്പം അവള്‍ക്ക് പാട്ടു പാടിക്കൊടുക്കുക, സംസാരിക്കുക, ചിരിക്കുക. പ്രതികരിക്കാറായിട്ടില്ലെങ്കിലും ഓരോ കാര്യവും കുഞ്ഞിന്റെ തലച്ചോറില്‍ രേഖപ്പെടുത്തുന്നുണ്ടാകും. കുഞ്ഞിന്റെ ആദ്യത്തെ 48 മണിക്കൂറിനെയാണ് ക്രിട്ടിക്കല്‍ പീരിയഡ് എന്നു പറയുന്നത് ഇക്കാലത്ത് അമ്മയുടെ അടുത്ത് കൂടുതല്‍ സമയം കിടക്കുന്ന കുട്ടികളില്‍ ആത്മവിശ്വാസവും സുരക്ഷിതത്വവും കൂടുതലായിരിക്കും.

കുഞ്ഞു കരയുമ്പോള്‍ ക്ഷമയോടെ

വിശക്കുമ്പോള്‍ മാത്രമല്ല, മൂത്രമൊഴിച്ച് ഡയപ്പറോ തുണിയോ നനഞ്ഞും കുഞ്ഞ് കരയാം. 'മൂത്രമൊഴിച്ചോ....സാരമില്ല, അമ്മ മാറ്റിത്തരാലോ....' എന്ന് സാവധാനം സംസാരിച്ചാല്‍ കുഞ്ഞിനും സന്തോഷമാകും. അമ്മയെന്താണ് ചെയ്യുന്നതെന്ന് കുഞ്ഞിനോട് പറഞ്ഞു കൊണ്ട് ഡയപ്പര്‍ മാറ്റാം. കുഞ്ഞിനെ കൊഞ്ചിച്ചും പാട്ടു പാടിയും സമാധാനിപ്പിക്കണം. അപ്പോള്‍ 'എന്തു വന്നാലും അമ്മയുണ്ട് എനിക്ക്' എന്നൊരു ആത്മവിശ്വാസം കുഞ്ഞിനു കിട്ടും. മറിച്ച്, 'യ്യോ, അമ്മേ ഓടി വാ കുഞ്ഞ് മൂത്രമൊഴിച്ചു....' എന്ന് ബഹളം വച്ചാല്‍ കുട്ടി പേടിച്ചു പോകും. മൂത്രമൊഴിക്കുന്നത് എന്തോ വലിയ കുറ്റമാണെന്ന് തോന്നിയാല്‍ കുഞ്ഞ് പിന്നെ മൂത്രം പിടിച്ചു വയ്ക്കാന്‍ ശ്രമിക്കും. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇതു കാരണമാകും.

കുളിപ്പിക്കുമ്പോഴും മോണ വൃത്തിയാക്കുമ്പോഴും ഡയപ്പര്‍ മാറ്റുമ്പോഴും കുഞ്ഞ് അതിനപ്പുറം ചിലതു പഠിക്കുന്നുണ്ട്. ജീവിതത്തിലെ ചിട്ടയും സുരക്ഷിതത്വവും ദിനചര്യകളും കുഞ്ഞ് അറിയാതെ തന്നെ ശീലിക്കുന്നുണ്ട്. സ്വന്തം ശരീരത്തെ അഭിമാനിക്കണമെന്ന് മനസ്സിലാക്കുന്നുണ്ട്. തൊട്ടും തലോടിയും കുളിപ്പിക്കുന്നതും പല്ലു തേക്കുന്നതും ലളിതമായെടുക്കാനും ആസ്വദിക്കാനും കുഞ്ഞു പഠിക്കും. കുഞ്ഞിന്റെ വൈകാരിക വികാസം കൂടി ഇതിനൊപ്പം നടക്കുന്നുണ്ടെന്ന് അച്ഛനും അമ്മയും അറിയണം. കൃത്യമായൊരു സമയം വച്ചു തന്നെ കുഞ്ഞിനെ കുളിപ്പിക്കുകയും ഭക്ഷണം നല്‍കുകയും ചെയ്യുക. കുഞ്ഞിന്റെ കണ്ണില്‍ നോക്കി വേണം ഇതെല്ലാം ചെയ്യാന്‍. ടോയ്ലെറ്റ് പരിശീലന സമയത്ത് ഉണ്ടാകുന്ന ഭയത്തില്‍ നിന്നോ അരക്ഷിതാവസ്ഥയില്‍ നിന്നോ ആണ് ഒസിഡി പോലുള്ള രോഗാവസ്ഥകള്‍ ഉണ്ടാകുന്നത്.

സംസാരം നേരത്തേയാക്കാന്‍

കുഞ്ഞിന്റെ കണ്ണില്‍ നോക്കി ചിരിച്ചു ഭക്ഷണം നല്‍കണമെന്ന് പറയാറുണ്ട്. കുഞ്ഞിനോട് അടുപ്പം തോന്നുന്ന രീതിയില്‍ ഉയര്‍ന്ന ശബ്ദത്തില്‍ വ്യക്തമായ വാക്കുകളോടെ സംസാരിക്കുക. പ്രത്യേക ഈണത്തിലും താളത്തിലും പറഞ്ഞാലും കുട്ടികളുടെ തലച്ചോറ് പെട്ടെന്ന് പുതിയ വാക്കുകള്‍ ഒപ്പിയെടുക്കും. ദിവസവും ഒരേ വാക്കുകള്‍ ആവര്‍ത്തിച്ചാല്‍ രണ്ടു വയസ്സിനു മുമ്പേ കുഞ്ഞ് സംസാരിച്ചു തുടങ്ങും. കുഞ്ഞുങ്ങളോടു സംസാരിക്കാത്ത അച്ഛനമ്മമാരുടെ മക്കള്‍ വൈകിയേ സംസാരിക്കൂ.

ലളിതമായ വാക്കുകളുപയോഗിച്ച് മുഴുവന്‍ വാചകങ്ങളായിത്തന്നെ സംസാരിച്ചോളൂ. എങ്ങനെ നല്ല വാചകങ്ങളുണ്ടാക്കാമെന്നും സംസാരിക്കാമെന്നും കുഞ്ഞു മനസ്സിലാക്കട്ടെ. ചുണ്ടിന്റെയും വായുടെയും ചലനങ്ങള്‍ കൂടുതല്‍ മനസ്സിലാകുന്ന രീതിയില്‍ വാക്കുകള്‍ ഉച്ചരിക്കണം. ആദ്യം കുഞ്ഞിന്റെ പേരില്‍ നിന്നു തുടങ്ങാം. അതു ശ്രദ്ധിച്ചു തുടങ്ങിയാല്‍ ഇടയ്ക്ക് പാട്ടിലൂടെയും കഥയിലൂടെയും അവളുടെ പേര് ചേര്‍ത്ത് പറയാം. കൂവി വിളിച്ചോ നിര്‍ത്താതെ ചിരിച്ചോ കാലിട്ടടിച്ചോ ആവാം കുഞ്ഞ് ഇതിനോടെല്ലാം പ്രതികരിക്കുന്നത്.

ആത്മവിശ്വാസമുള്ള കുട്ടിയായി വളരാന്‍

അമ്മയുടെയും അച്ഛന്റെയും മുഖഭാവങ്ങളില്‍ നിന്ന് കുഞ്ഞ് പലതും അറിയുകയും മനസ്സിലാക്കുകയും ചെയ്യും. എത്ര വിഷമം പിടിച്ച സന്ദര്‍ഭത്തിലും നിയന്ത്രണത്തോടെയും ശാന്തമായും സംസാരിക്കുന്ന അച്ഛനില്‍ നിന്നോ അമ്മയില്‍ നിന്നോ അത്തരം സന്ദര്‍ഭങ്ങളെ നേരിടാന്‍ ചെറു പ്രായത്തിലേ കുഞ്ഞിന് പരിശീലനം കിട്ടും. വികാരങ്ങളെ നിയന്ത്രിക്കാന്‍ കഴിവുള്ളവരായി അവര്‍ വളരും. അച്ഛനോ അമ്മയോ പേടിച്ചോ അസ്വസ്ഥരായോ കണ്ടാല്‍ അവരും അത് അനുകരിക്കാന്‍ ശ്രമിക്കാം.

നിങ്ങളുടെ കൈയില്‍ നിന്ന് അറിയാതെ ഒരു കപ്പ് നിലത്തു വീണു പൊട്ടിയെന്നിരിക്കട്ടെ. കുഞ്ഞ് അടുത്തുണ്ടെന്നോര്‍ക്കാതെ അയ്യോ....എന്നു പറഞ്ഞു പോകാം. കുഞ്ഞു മനസ്സ് ഇതെല്ലാം ഒപ്പിയെടുക്കുന്നുണ്ടാകും. ഇതേ സന്ദര്‍ഭം കുഞ്ഞിന്റെ ഭാഗത്തു നിന്നുണ്ടായാലും ഊ....അയ്യോ.... എന്നൊക്കെ അവള്‍ പ്രതികരിക്കാം, പേടിയും തോന്നാം. അതു സാരമില്ല വാവേ....അമ്മയിത് വൃത്തിയാക്കിക്കോളാം എന്നു പറഞ്ഞ് സമാധാനിപ്പിച്ചാല്‍ കുഞ്ഞിന് സന്തോഷമാകും. നടന്നു തുടങ്ങുമ്പോള്‍ അയ്യോ വീഴും എന്ന രീതിയില്‍ പ്രതികരിച്ചാല്‍ കുഞ്ഞിന്റെ ആത്മവിശ്വാസം നഷ്ടമാകും. എന്തു ചെയ്യുമ്പോഴും കുഞ്ഞിനെ ഈ ചിന്ത പുറകോട്ടു വലിക്കും.

സ്പര്‍ശം എന്ന ഭാഷ

സ്പര്‍ശത്തിന് ബന്ധങ്ങളില്‍ അദ്ഭുതകരമായ മാറ്റങ്ങളുണ്ടാക്കാനാകും. അമ്മയുടെയും കുഞ്ഞിന്റെയും ചര്‍മങ്ങള്‍ തമ്മില്‍ സ്പര്‍ശിക്കുമ്പോള്‍ നവജാതശിശുവുമായുള്ള ആശയവിനിമയം പോലും നടക്കും. കുഞ്ഞിനെ ശരീരത്തോട് അടുപ്പിച്ച് കിടത്താന്‍ ശ്രദ്ധിക്കുക. കുട്ടിയെ ഉറക്കുമ്പോള്‍ മെല്ലെ തട്ടിയുറക്കുക. മയക്കത്തിലേക്കു കടന്നു കഴിഞ്ഞാലും അല്‍പസമയം കൂടി മെല്ലെ തട്ടുന്നതോ തലോടുന്നതോ നല്ലതാണ്. ഇത് കുഞ്ഞിന്റെയുള്ളില്‍ സുരക്ഷിതത്വ ബോധം വളര്‍ത്തും. കുഞ്ഞിന്റെ ആദ്യത്തെ അധ്യാപകര്‍ അച്ഛനമ്മമാരാണ്. ലോകത്തോടും മറ്റെല്ലാവരോടും വിശ്വാസവുമായാണ് കുഞ്ഞ് ജനിക്കുന്നത്. ഇടപെടലുകളിലൂടെ കുഞ്ഞിലെ ഈ വിശ്വാസം ശരിയായ രീതിയില്‍ വളര്‍ത്തുകയാണു വേണ്ടത്.

എല്ലാരുമുണ്ടല്ലോ എന്റെ കൂടെ

കുഞ്ഞിന് ഭക്ഷണം നല്‍കുമ്പോള്‍ വീട്ടിലെ മറ്റംഗങ്ങള്‍ കൂടെയിരിക്കുന്നത് നല്ലതാണ്. കുഞ്ഞിന്റെ ആത്മവിശ്വാസവും സുരക്ഷിതത്വബോധവും വളരും. ഞാനും കുടുംബന്ധത്തിലെ അംഗമാണല്ലോ, ഇവരെല്ലാം എന്റെ കൂടെയുണ്ടല്ലോ എന്ന തോന്നലുണ്ടാക്കും. സാധാരണ കുഞ്ഞിന്റെ ഭക്ഷണസമയവും മുതിര്‍ന്നവരുടെതും വ്യത്യസ്തമായിരിക്കും. അതു മാറ്റി സമയം പരസ്പരം ക്രമീകരിക്കുക. എല്ലാ തവണയും സാധിച്ചില്ലെങ്കിലും ഒരു നേരമെങ്കിലും എല്ലാവരും ചേര്‍ന്ന് സന്തോഷ ത്തോടെ കുഞ്ഞിന് ആഹാരം കൊടുക്കുക. അത് നല്‍കുന്ന പൊസിറ്റീവ് എനര്‍ജി വലുതാണ്. നിങ്ങള്‍ കഴിക്കുമ്പോള്‍ മടിയിലിരുത്തി അവളെയും തനിയെ കഴിക്കാന്‍ അനുവദിക്കുക. പ്ലേറ്റില്‍ നിന്ന് ഭക്ഷണം പുറത്തു വീണാലും വഴക്കു പറയാതെ അവരുടെ ഇഷ്ടത്തിനു വിടുക. എന്തൊക്കെയാണ് കഴിക്കുന്നത് എന്ന് അവളോടു സംസാരിക്കുക. അതിന്റെ രുചിയെന്താണ്, നിറമെന്താണ് എന്നും പറഞ്ഞു കൊടുക്കുക. ഭക്ഷണം കഴിക്കുന്നത് ഒരുമയോടെ ചെയ്യേണ്ടതാണെന്ന് അവളെ പതിയെ മനസ്സിലാക്കുകയാകണം ലക്ഷ്യം.

വിവരങ്ങള്‍ക്കു കടപ്പാട്: ഡോ. സന്ദീഷ്.പി.ടി,ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്,ഗവണ്‍മെന്റ് മെന്റല്‍ ഹെല്‍ത് സെന്റര്‍, കുതിരവട്ടം, കോഴിക്കോട്

how-to control-children-attitude

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക