എത്രയധികം സംസാരിക്കുന്ന കുട്ടിയായാലും ഒരു പ്രായം കഴിഞ്ഞാല്‍ പിന്നെ അച്ഛനമ്മമാരോട് കാര്യങ്ങള്‍ തുറന്ന് പറയാന്‍ മടിക്കുന്നവരാണ്. ഏതാണ്ട് 10 വയസ്സ് മുതലാണ് കുട്ടികളില്‍ ഈ മാറ്റം കണ്ട് തുടങ്ങുക. പ്രത്യേകിച്ചും ആണ്‍കുട്ടികളില്‍. അവരുട ലോകം കൂടുതല്‍ വിശാലമായി തോന്നുന്നതാണ് ഇതിന് കാരണം. വീടിന് പുറത്ത് തങ്ങളുടെ ചിന്തകളുമായി പൊരുത്തപ്പെടുന്ന സുഹൃത്തുക്കളോടാകും അവര്‍ കൂടുതല്‍ സംസാരിക്കാന്‍ താല്‍പ്പര്യപ്പെടുക. അതേസമയം കുട്ടികളെ തുറന്ന് സംസാരിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഈ പ്രായത്തില്‍ അവര്‍ ചെന്ന് ചാടുന്ന പല പ്രശ്‌നങ്ങളില്‍ നിന്നും അവരെ മോചിപ്പിക്കാന്‍ കഴിയും. കുട്ടികളെ അവരുട കാര്യങ്ങള്‍ തുറന്ന് സംസാരിപ്പിക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ഒന്ന് ശ്രമിക്കാം.
1. സ്ഥിരം ചോദ്യങ്ങള്‍ ഒഴിവാക്കാം.
ഇന്ന് സ്‌കൂളില്‍ എങ്ങനെയിരുന്നു എന്ന ചോദ്യം പതിവായി എല്ലാവരും ചോദിക്കുന്നത്. കുഴപ്പമില്ലായിരുന്നു അല്ലെങ്കില്‍ നല്ലതായിരുന്നു തുടങ്ങിയ സ്ഥിരം മറുപടികളാണ് ഇതിന് ലഭിക്കുക. ഇതിന് പകരം ഇന്ന് സ്‌കൂളില്‍ സംഭവിച്ച മൂന്ന് കാര്യങ്ങള്‍ എന്തായിരുന്നു എന്നോ മറ്റോ ആകാം ചോദ്യം. ആദ്യ ദിനങ്ങള്‍ ഒന്നും സംഭവിച്ചില്ലെന്ന മട്ടിലുള്ള പതിവ് രീതി തുടര്‍ന്നാലും തുടര്‍ന്ന് നിങ്ങള്‍ക്ക് മാറ്റങ്ങള്‍ കാണാനാകും. പതിയെ പരാതികളും സന്തോഷങ്ങളും വിഷമങ്ങളും എല്ലാം വിശേഷങ്ങളായി നിങ്ങളുടെ മുന്നിലേക്ക് എത്തുന്നത് കാണാം.
ഇത്തരംചേദ്യോത്തര വേളയായി മാറ്റാതിരിക്കാന്‍ ശ്രദ്ധിക്കുക. അന്ന് നിങ്ങള്‍ക്ക് സംഭവിച്ച മൂന്ന് കാര്യങ്ങളും കുട്ടികളോട് പങ്ക് വയ്ക്കുക. ഇത് ഒരു സംഭാഷണത്തിന്റെ രൂപം അതിന് നല്‍കും
2. അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ അനുവദിക്കുക
ദേഷ്യമോ, സങ്കടമോ എനതോ ആകട്ടെ അവരെ ആ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ അനുവദിക്കുക. സംസാരിക്കുമ്പോള്‍ അത്തരം വികാരപ്രകടനങ്ങളെ തടയുന്നത് അവരുടെ തുടര്‍ന്ന് സംസാരിക്കാനുള്ള താല്‍പ്പര്യത്തെ നശിപ്പിച്ചേക്കും. അവരുടെ സംഭാഷണത്തില്‍ ഇടപെടാതെ നല്ല കേള്‍വിക്കാരിയായി അല്ലെങ്കില്‍ കേള്‍വിക്കാരനായി ഇരിക്കുക. അവരുടെ ഏതെങ്കിലും പ്രവര്‍ത്തിയെ തിരുത്തണമെന്ന് തോന്നുകയാണെങ്കില്‍ അത് ഉടന്‍ പറയാതിരിക്കുക. ചുരുങ്ങിയത് 6 മണിക്കൂറെങ്കിലും സമയമെടുക്കുക. ഇത് പ്രതികരണം കേള്‍ക്കാന്‍ അവരെ പാകമാക്കുന്നതിനൊപ്പം പക്വമായി വിമര്‍ശിക്കാനുള്ള മാനസികാവസ്ഥ നിങ്ങളിലും ഉണ്ടാക്കും. കൂടാതെ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതിന് നല്ല പരിഹാരം നിര്‍ദ്ദേശിക്കാനും ഈ സമയം നിങ്ങളെ പ്രാപ്തരാക്കും
3. കുട്ടികള്‍ക്ക് നിങ്ങളിലുള്ള വിശ്വാസം കാത്ത് സൂക്ഷിക്കുക
നിങ്ങളോട് എല്ലാം പങ്ക് വക്കണമെങ്കില്‍ ആദ്യം കുട്ടികള്‍ക്ക് നിങ്ങളില്‍ വിശ്വാസം ഉണ്ടാകണം. അച്ഛനോ അമ്മയോ ആണെങ്കിലും എന്തും പങ്ക് വയ്ക്കാമെന്ന വിശ്വാസം കുട്ടികളില്‍ ഉണ്ടാകണമെന്ന് നിര്‍ബന്ധമില്ല. ഇത് നിങ്ങളുടെ പെരുമാറ്റത്തിലൂടെ ആര്‍ജ്ജിച്ചെടുക്കേണ്ടതാണ്. അതിന് അവരെ കണ്ണടച്ച് വിമര്‍ശിക്കാതിരിക്കുക. അവര്‍ പറയുന്ന കാര്യങ്ങള്‍ അവരുടെ അനുവാദമില്ലാതെ മറ്റാരുമായും പങ്ക് വക്കാതിരിക്കുക. ഇതെല്ലാം കുട്ടികളുടെ വിശ്വാസം ആര്‍ജ്ജിക്കുന്നതില്‍ നിര്‍ണ്ണായകമാണ്.
4. കിടക്കുന്ന സമയത്ത് സംസാരിക്കുക.
കുട്ടികള്‍ ഉറങ്ങാന്‍ പോകുന്നതിന് തൊട്ട് മുന്‍പുള്ള സമയം അവരുമായി സംസാരിക്കാന്‍ തിരഞ്ഞെടുക്കുക. ആ സമയത്തിന് മുന്‍പ് നിങ്ങളുടെ തിരക്കുകളും തീര്‍ത്ത് വക്കുക. ഈ സമയത്ത് അവര്‍ കൂടുതല്‍ സംസാരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചേക്കും. പറ്റുമെങ്കില്‍ അവര്‍ക്കൊപ്പം അല്‍പ്പനേരം കിടക്കുക. അവരോട് സ്‌നേഹം പ്രകടിപ്പിക്കുമ്പോള്‍ അവര്‍ കൂടുതല്‍ മനസ്സ് തുറന്നേക്കും.