പുതിയ അമ്മമാർ നേരിടുന്ന 10 വെല്ലുവിളികൾ :-ഡോ.ധന്യാ ദീപക് എഴുതുന്നു

ഡോ.ധന്യാ ദീപക്
topbanner
പുതിയ അമ്മമാർ നേരിടുന്ന 10 വെല്ലുവിളികൾ :-ഡോ.ധന്യാ ദീപക് എഴുതുന്നു

കുഞ്ഞ് ജനിച്ച ദിവസം തന്നെ ഹോസ്പിറ്റലിൽ സന്ദര്ശകരുടെ ബഹളം :- എല്ലാവരും വരുന്നതും കാണുന്നതും സന്തോഷമുള്ള കാര്യം തന്നെ. എങ്കിലും പ്രസവം കഴിഞ്ഞു ക്ഷീണിച്ചു തളർന്നു കിടക്കുന്ന അമ്മയുടെയും 10മാസങ്ങൾക്കു ശേഷം അമ്മയുടെ ഉള്ളിൽ നിന്ന് വേർപെട്ട ആ കുഞ്ഞിന്റെയും മാനസികാവസ്ഥ കൂടി സന്ദര്ശകര് മനസിലാക്കണം. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ കണ്ട് മടങ്ങാൻ ശ്രദ്ധിക്കുക, അനാവശ്യ ബഹളങ്ങൾ, ആഹ്ലാദപ്രകടനങ്ങൾ, അനാവശ്യ കമെന്റുകൾ എന്നിവ ഒഴിവാക്കാൻ ശ്രദ്ധിക്കുക..അതിൽ ഏറ്റവും പ്രധാനമായിട്ടുള്ളത് കുഞ്ഞിനെ കുറിച്ചുള്ള കമന്റ്സ് ആണ്.. ഉദാഹരണത്തിന് -

1) "അച്ഛനും അമ്മയും നല്ല നിറം ഉണ്ടല്ലോ, എന്നിട്ടെന്താ കുഞ്ഞു നിറം കുറഞ്ഞേ "- ജനിച്ച ഉടനെ കുഞ്ഞിന്റെ നിറം, ഛായ, എന്നിവ നിശ്ചയിക്കാൻ കഴിയില്ല എന്ന് മനസിലാക്കുക.

2) -"വളരെ പൊടി കുഞ്ഞാണല്ലോ, weight കുറവാണോ, pregnancy ടൈമിൽ ഭക്ഷനൊന്നും കഴിച്ചില്ലേ ". weight അല്ല കുഞ്ഞിന്റെ ആരോഗ്യം നിശ്ചയിക്കുന്നത് എന്ന് മനസിലാക്കുക. ഒരു കുഞ്ഞിന് വേണ്ട average birth weight 2.5kg ആണ്, അതിൽ താഴെയാണ് കുഞ്ഞിന്റെ തൂക്കം എങ്കിൽ ചികിത്സയും പ്രതിരോധവും ഡോക്ടർ നിശ്ചയിച്ചോളും, അനാവശ്യ കമന്റ്സ് പറഞ്ഞു അമ്മയെ വിഷമിപ്പിക്കാതെയിരിക്കുക.

3)-അടുത്ത കമന്റ്‌ ആണ് ഏറ്റവും അസഹ്യമായതു, "ഈ പെൺ കൊച്ചിന് ഒട്ടും പാലില്ലല്ലോ, ഇനി കുഞ്ഞിന് പൊടിപ്പാല് കൊടുക്കേണ്ടി വര്ഒ "- ദൈവത്തെ ഓർത്തു ഇങ്ങനെ പറയാതിരിക്കു. ഒരമ്മക്കും പ്രസവം കഴിഞ്ഞ ഉടനെ മാറ് നിറഞ്ഞു പാല് പുറത്തേക്കു ഒഴുകില്ല. ആ പ്രക്രിയ ശരിയായി നടക്കാൻ മൂന്നോ നാലോ ദിവസം എടുക്കും, ധൃതി പിടിക്കാതെ അമ്മയെ tension അടിപ്പിക്കാതെ ഇരിക്കു. ആദ്യ ദിവസങ്ങളിലെ പാല് (colostrum )കുഞ്ഞ് ഒരുതരത്തിലും miss ചെയ്യാതെ നോക്കുക, കുഞ്ഞിനെ ഇടവിട്ട് ഇടവിട്ട് കുടിപ്പിക്കുക, തുടക്കത്തിൽ തന്നെ സ്പൂണിലും ബോട്ടിലിലും ആക്കി പാല് പിഴിഞ്ഞ് കൊടുക്കാതിരിക്കുക , കുഞ്ഞ് സ്വയം വലിച്ചു കുടിക്കട്ടെ, അതുവഴി കുഞ്ഞിന്റെ lungs, heart, മുഖത്തെയും കഴുത്തിലെയും muscles എല്ലാം ശരിയായി പ്രവർത്തിച്ചു തുടങ്ങും, മാത്രമല്ല കുഞ്ഞ് നന്നായി വലിച്ചു കുടിച്ചാൽ മാത്രമേ ശരിയായി nipple stimulation ഉണ്ടായി milk secretion നടക്കു (oxytocin release).

4)-അടുത്തത് കുഞ്ഞിന് മൂത്രം പോയോ മഷി (meconium -first stool )പോയോ എന്നുള്ളതാണ്. ചോദ്യം ഒക്കെ കൊള്ളാം, പക്ഷെ അതൊരിക്കലും അമ്മയെ ടെൻഷൻ അടിപ്പിക്കുന്ന തരത്തിൽ ആവരുത്. സാധാരണ ഗതിയിൽ ജനിച്ചു 24 മണിക്കൂറിനുള്ളിൽ കുഞ്ഞിന് ആദ്യത്തെ urine and meconium പോവേണ്ടതാണ്. ചില കേസുകളിൽ ഉദാഹരണത്തിന് അമ്മമാരിൽ അമ്നിയോട്ടിക് ഫ്‌ല്യൂയിഡ് കുറവായിരുനെങ്ങിൽ (oligohydramnios), പ്രസവത്തിനു മുൻപ് fluid leak ഉണ്ടായ കേസിൽ (വാട്ടർ breakout), പ്രത്യേകിച്ച് ചൂട് സമയങ്ങളിലും മൂത്രം പോവാൻ താമസം വരാം, 2മുതൽ 3 ദിവസം വരെ. എന്നിട്ടും പോയിട്ടില്ലെങ്കിൽ ആവശ്യമുള്ള ടെസ്റ്റുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം ചെയ്യുക.

അങ്ങനെ ആശുപത്രി വാസം കഴിഞ്ഞു വീട്ടിൽ എത്തിയാൽ പിന്നെ ഈ പറഞ്ഞ ആളുകളെ അഭിമുകീകരിക്കേണ്ടിവരുന്നത് കുഞ്ഞിന്റെ 28 കെട്ടിന്റെ അന്നാണ്. ഈ ദിവസം നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ചെറുതൊന്നുമല്ല.

5)" കുഞ്ഞു ഒട്ടും തടി വെച്ചില്ലലോ, ജനിച്ച അന്നത്തെ അത്രേയുള്ളൂ ഇപ്പോഴും, ഈ സമയത്തൊക്കെ നല്ല ഗുണ്ടപ്പൻ ആയിരിക്കണ്ടേ, പാലൊന്നും കിട്ടുന്നുണ്ടാവില്ല "
ഗുണ്ടപ്പൻ ആയിരിക്കാൻ കുഞ്ഞ് ഗുസ്തിക്കൊന്നും പോവുന്നില്ലലോ. ദയവു ചെയ്തു ഒന്ന് മിണ്ടാതിരിക്കാവോ. ഒന്ന് മനസിലാക്കിയാൽ നന്ന്, ഒരു കുഞ്ഞ് ജനിച്ചു 1, 2 ദിവസത്തിന് ശേഷം കുഞ്ഞിന്റെ തൂക്കം 10% കുറയും,ആ കുറഞ്ഞ തൂക്കം ശരിയായി വരാൻ അടുത്ത ഒരാഴ്ച്ച എടുക്കും, പിന്നെ ബാക്കിയുള്ള 3ആഴ്ച കൊണ്ട് കുഞ്ഞ് വെക്കേണ്ട തൂക്കം വെറും 900gm ഇൽ താഴെ ആണ്, ഇത് പല കുഞ്ഞുങ്ങളിലും വ്യത്യസ്തമാവാം. ജനിച്ചു 5മാസം കഴിഞ്ഞാലേ കുഞ്ഞിന്റെ തൂക്കം രണ്ടിരട്ടി (double) ആവൂ, ഒരു വയസ്സിൽ മൂന്നിരട്ടി, ഇതിൽ തന്നെ വ്യത്യാസങ്ങൾ വരാം.അതുപോലെ കുഞ്ഞിന്റെ height double ആവുന്നത് 4ആം വയസ്സിൽ ആണ്. ഒരു കാര്യം മനസിലാക്കുക കുഞ്ഞിന്റെ തൂക്കം മാത്രമല്ല കുഞ്ഞിന്റെ ആരോഗ്യം നിശ്ചയിക്കുന്നത്.

6)"ഈ കുഞ്ഞാകെ കറുത്തുപോയല്ലോ, കുളിപ്പിക്കുമ്പോ മഞ്ഞള് തേച്ചാൽ മതി, വെന്ത വെളിച്ചെണ്ണ തേച്ച വെളുക്കുട്ടോ, ചന്ദനം തേക്കണം, എന്റെ മോൾടെ കുഞ്ഞ് ഇങ്ങനെ ആയ്ർനു പിന്നെ ഞാൻ എന്റെ ഈ കൈകൊണ്ടു മഞ്ഞള് തേച്ച് കുളിപ്പിച്ചിട്ടാ വെളുത്തെ "..ചെ.. ഒന്ന് നിർത്താമോ.. ഒരു കുഞ്ഞും ജനിച്ച കളർ ആവില്ല പിന്നീട്,നിറം മാറി മാറി വരും. ശരിയായ നിറം അറിയണമെങ്കിൽ കുറഞ്ഞത് 1വയസെങ്കിലും ആവും. കുഞ്ഞിന്റെ നിറം നിശ്ചയിക്കുന്നത് മഞ്ഞലോ ചന്ദനമോ അല്ല.., അതിന്ടെ genetic make up ആണ്. ദയവു ചെയ്തു കണ്ണിൽ കണ്ടതൊക്കെ തേച്ച് കുഞ്ഞിന്റെ സ്കിൻ വൃത്തികേടാക്കരുത്.. പല കുഞ്ഞുങ്ങൾക്കും മഞ്ഞളും മറ്റും അലര്ജി ഉണ്ടാകാറുണ്ട്.. ഇതൊക്കെ നിങ്ങള്ക്ക് പരീക്ഷിക്കാം, കുഞ്ഞ് കുറച്ചു വലുതാവട്ടെ, പൊടിക്കുഞ്ഞുങ്ങളിൽ വേണ്ട.

7)28 കെട്ടിന്റെ അന്നത്തെ വേറൊരു ചടങ്ങാണ് വയമ്പും ചന്ദനവും അരച്ച് കുഞ്ഞിന് കൊടുക്കുന്നത്.. അരക്കുന്ന സമയത്തെ തുടങ്ങും ഉപദേശങ്ങൾ. പശുവിന്പാലില് അരക്കണം, എയ് അല്ല തേനിൽ അരച്ച മതി, സ്വർണം കൂട്ടി അരക്കണെ, ചെമ്പും കൂട്ടണം " എന്റമ്മോ ഇതൊക്കെ ചേർത്ത് അരച്ച് കുഞ്ഞിന്റെ വായിൽ അങ്ങ് തേമ്പി തേച്ച് കൊടുക്കും,ബാക്കിയുള്ളത് മൊത്തം എടുത്തു കുഞ്ഞിന്റെ ദേഹത്തും, കുഞ്ഞാണെങ്കിൽ പ്രാണരക്ഷാർത്ഥം കരച്ചിലോ കരച്ചിലോ, എന്നെ ഈ തീവ്രവാദികളുടെ അടത്തുന്നു രക്ഷിക്കണേ എന്ന മട്ടിൽ.. അതുകൊണ്ട് ദയവ് ചെയ്തു അരുത്, ഈ പൊടിക്കുഞ്ഞിണ്ടെ നാക്കും ത്വക്കും ഇങ്ങനെ പൊള്ളിക്കരുത്. ആചാരപ്രകാരം വയമ്പും ചന്ദനവും കൊടുത്തേ അടങ്ങു എന്നുണ്ടെങ്കിൽ അമ്മിഞ്ഞപ്പാലിൽ അരക്കു, വളരെ കുറച്ചു ഒരു പേരിനു മാത്രം വിരലിന്റെ തുമ്പിൽ ആക്കി തൊട്ടു കൊടുക്കു ദേഹത്തും വളരെ കുറച്ചു മാത്രം. വയമ്പ്, ജാതിക്ക എല്ലാം നല്ല ഔഷധങ്ങൾ ആണ്, എന്നാൽ ഇത്ര ചെറുതിലെ കൊടുത്ത് തുടങ്ങേണ്ട കാര്യമില്ല , സ്വർണം ചെമ്പു എന്നിവ ദയവ് ചെയ്തു കൂടെ അരച്ച് കൊടുത്തു കുഞ്ഞിന്റെ കുഞ്ഞു liver, kidney, ആമാശയം എന്നിവക്ക് പണി കൊടുക്കരുത്, പിന്നെ പശുവിന്പാല് തേൻ തുടങ്ങിയവ ഒരു വയസ്സിനു ശേഷം മാത്രം കൊടുക്കുക.

8)അടുത്ത വില്ലനാണ് കണ്മഷിയും പൌഡറും .. 28ആം ദിവസം മുതൽ തുടങ്ങും വാരി പൊത്താൻ. അരുത്.. പുറമെ നിന്ന് വാങ്ങുന്ന കണ്മഷികളിൽ leadഉം മറ്റു കെമിക്കല്സും അടങ്ങിയിട്ടുണ്ട്, ഈ മാരക വിഷം ആ കുഞ്ഞു കണ്ണുകളിൽ തേക്കുന്നത് ഒഴിവാക്കു, അത്ര നിർബന്ധം ആണെങ്കിൽ വീട്ടിൽ ഉണ്ടാക്കുന്നതോ ആയുർവേദ ആചാര്യന്മാർ ഉണ്ടാക്കുന്നതോ ആയ കണ്മഷി വാങ്ങി പുരികം എഴുതാം. പിന്നെ ഒരു കാര്യം സ്ഥിരം കണ്മഷി എഴുതിയത് കൊണ്ട് പുരികം കറക്കുകേം കണ്ണ് നീളേം ചെയ്യില്ലാന് മനസിലാക്കൂ, നിറത്തിന്റെ കാര്യം പറഞ്ഞത് പോലെ തന്നെ പുരികവും കണ്ണും ഒക്കെ നിശ്ചയിക്കുന്നത് ആ പറഞ്ഞ genetics ആണ്. ഇതുപോലെ തന്നെ പൗഡറിന്റെ കാര്യം, അനാവശ്യമായി പൌഡർ ഉപയോഗിച്ച് കുഞ്ഞിനെ ഒരു ആസ്ത്മ രോഗിയും അല്ലെർജി രോഗിയും ആക്കാതിരിക്കുക.

9)വേറൊരു കലാപരിപാടി കൂടി ഉണ്ട്. 28 കഴിഞ്ഞ കുഞ്ഞിനെ കയ്പുനീര് കുടിപ്പിക്കുവ എന്തിനെന്നോ ശോധന ശരിയാവാന് (for digestion), ഈ അമ്മിഞ്ഞപ്പാല് മാത്രം കുടിക്കുന്ന കുഞ്ഞിന്റെ ശോധന നിങ്ങൾ ശര്യാക്കണ്ട അത് അമ്മിഞ്ഞ നോക്കിക്കോളും. അടുത്തത് ബ്രഹ്മി നീര് കുടിപ്പിക്കുവാ, കുഞ്ഞിന് ഓർമ ഉണ്ടാവാനാണത്രെ, അച്ഛനും അമ്മയ്ക്കും ഓര്മയ്ക്കും ബുദ്ധിക്കും കുഴപ്പമില്ലെങ്കിൽ കുഞ്ഞിനും അതൊക്കെ ഉണ്ടായിക്കോളും, അതിനു ഇത്ര കുഞ്ഞിലേ ബ്രഹ്മീടെ സഹായം തേടരുത്.

10) ഇനി അടുത്ത അംഗം തുടങ്ങുന്നത് മൂന്ന് മാസത്തിനു ശേഷമാണ്, ചിലയിടത്തു അതിനു മുൻപും. കുഞ്ഞിന് വിശപ്പു മാറുന്നില്ല പോലും, അതുകൊണ്ട് ഉടനടി കുറുക്കു കൊടുത്ത് തുടങ്ങണം. എങ്ങനെ മനസിലായി കുഞ്ഞിന് വിശപ്പു മാറുന്നില്ലാന് ചോദിച്ചാൽ പറയും കുഞ്ഞു ഇടയ്ക്കിടെ കരയുന്നു.. ശോ കുഞ്ഞുങ്ങളായാൽ ഇടയ്ക്കു കരയില്ലേ ഹോ.. കുഞ്ഞു കരയുന്നത് വിശന്നാൽ മാത്രമാണെന്ന് നിങ്ങളോട് ആര് പറഞ്ഞു.. ഒരു കുട്ടി വിശന്നിട്ടു കരഞ്ഞാൽ അപ്പോൾ തന്നെ എടുത്ത് അമ്മിഞ്ഞപ്പാൽ കൊടുക്കണം, വിശക്കുന്ന കുട്ടിയാണെങ്കിൽ കുടിച്ചിരിക്കും. അതല്ല കുട്ടി കുടിക്കാൻ വിസമ്മതിക്കുകയാണെങ്കിൽ പല കാരണങ്ങൾ ആവാം, മൂക്കടഞ്ഞു പാല് കുടിക്കുമ്പോൾ ശ്വാസം കിട്ടാതെ വരാം (obstructed nose), ചെവി വേദന കൊണ്ടാവാം (Eustachian catarrh due to common cold), വയറുവേദനിച്ചിട്ടാവാം (infantile colic which is very common). ഇതിൽ ഏതായാലും ഒരമ്മ വിചാരിച്ചാൽ കണ്ടുപിടിക്കാം, അതിനു അനുസരിച്ചു വൈദ്യ സഹായം തേടുക. ആറുമാസം അമ്മിഞ്ഞപ്പാൽ മാത്രമേ കുഞ്ഞിന് കൊടുക്കു എന്ന് അമ്മ ഉറച്ച തീരുമാനം എടുക്കുക, കുഞ്ഞിനു ആവശ്യത്തിനുള്ള പാല് ഇല്ല എന്ന് സ്വയം തോന്നിയാൽ അതിനുള്ള പ്രതിവിധികൾ ചെയ്യുക(ഈ തോന്നൽ ഭൂരിഭാഗം അമ്മമാർക്കും ഉള്ളതാണ്,

ഇത് വെറും തോന്നൽ മാത്രമാണ് ), കുഞ്ഞു active ആയി, ശരിയായ രീതിയിൽ മൂത്രം ഒഴിക്കുകയും (daily 6 to 10times, may vary according to season, even 3times is ok in summer), ശോധന ഉണ്ടാവുകയും (daily 2 or 3 stools, even once in 3days is ok for breast feeding babies) ചെയ്താൽ കുട്ടിക്ക് വിശപ്പ് മാറുന്നുണ്ട് എന്നതിൽ ഒരു സംശയവും വേണ്ട. അത് കൊണ്ട് തന്നെ ആറുമാസത്തിനു മുൻപ് solid foods കൊടുക്കാതിരിക്കുക. മേല്പറഞ്ഞ കാര്യങ്ങൾ എല്ലാം ok അല്ല, നിങ്ങള്ക്ക് പാലില്ല എന്ന് 100% ഉറപ്പാണെങ്കിൽ മാത്രം formula milk ന്ടെ സഹായം തേടാം, പക്ഷെ ഒന്ന് മനസിലാക്കൂ ഒരു formula milk ഉം അമ്മിഞ്ഞ പാലിനോളം വരില്ല.

മുകളിൽ പറഞ്ഞത് അമ്മമാർ നേരിടുന്ന വെല്ലുവിളികളിൽ ചിലതു മാത്രം, അതും ആദ്യ ആറുമാസങ്ങളിൽ. ഇനിയുമുണ്ട് ഒരുപാട്.. അതെല്ലാം പിന്നീട്,.. തത്കാലത്തേക്ക് വിട.. 

doctor danya writing about parenting

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES