അകാലത്തില്‍ അന്തരിച്ച നാടകപ്രവര്‍ത്തകന്‍ കെ.വി. വിജേഷ് തുടങ്ങിവച്ച നാടകം പൂര്‍ത്തിയാക്കുമെന്ന് പങ്കാളിയും നടിയുമായ കബനി. താനും മകളും കൂട്ടുകാരും ചേര്‍ന്ന് വിജേഷ് പാതിയില്‍ നിര്‍ത്തിയ നാടകത്തിന്റെ പൂര്‍ത്തീകരണത്തിലാണെന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വികാരനിര്‍ഭരമായ കുറിപ്പിലൂടെയാണ് കബനി അറിയിച്ചത്.
എറണാകുളം തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ നാടക പരിശീലനത്തിനിടെ യായിരുന്നു വിജേഷിന്റെ അകാലവിയോഗം.
കബനിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
പ്രിയരേ ഞാനും മോളും കൂട്ടുകാരുമിവിടെ തേവരയില്‍ വിജേഷേട്ടന്‍ പാതിയില്‍ നിര്‍ത്തിയ നാടകത്തിന്റെ പൂര്‍ത്തീകരണത്തിലാണ്. നിങ്ങളുടെ എല്ലാവരുടെയും സ്‌നേഹം ഒപ്പംഉണ്ടെന്നറിയാം. നാടകം ഉയിര്‍ത്തെഴുന്നേല്‍പിന്റേതുകൂടിയാണ്. മരണമെന്നത് യാഥാര്‍ഥ്യത്തിലുള്ള ഒരു നാടകമാണ്എന്നത് വിജേഷേട്ടന്‍ എനിക്ക് തന്ന പുതിയ പാഠം.
ഇവിടെ മരണപെട്ട നടന്‍ ഉടലോടെ സ്റ്റേജില്‍ നിന്നുപുറത്തുവരില്ല. അവന്‍ ജീവിക്കുക കാണികളുടെ മനസിലാണ്. അവരിലൂടെ അവന്‍ ശ്വസിക്കും, അവനെയോര്‍ത്തവര്‍ കരയും,ആളുകളവനെ പ്രണയിച്ചുകൊണ്ടേ ഇരിക്കും വീണ്ടും വികാരങ്ങളുടെ വിസ്പോടനങ്ങള്‍ ജനഹൃദയങ്ങളില്‍ അവന്‍ തീര്‍ക്കും.. അവനാണ് ക്രിയേറ്റര്‍. മരണമില്ലാത്തവന്‍.
നിങ്ങള്‍ വിജേഷേട്ടന്റെ പാട്ടുകളെയും വരകളെയും നാടകങ്ങളെയും ഇത്രത്തോളം ചേര്‍ത്തുപിടിക്കുമ്പോള്‍ എനിക്ക് വീട്ടില്‍ കരഞ്ഞിരിക്കാനാവില്ല. നടക്കാരിയാവാന്‍ ഞാന്‍ എടുത്ത തീരുമാനം ചിലപ്പോള്‍ ഈ ദിവസത്തിനുകൂടി വേണ്ടിയാവും. സ്‌നേഹം പ്രിയരേ