മികച്ച കണ്ടന്റിന് പ്രാധാന്യമുള്ള സിനിമകളെയും വന്‍താരനിര അണിനിരക്കുന്ന ചിത്രങ്ങളെയും ഒരുപോലെ പ്രോത്സാഹിപ്പിക്കുന്ന ആഗോള OTT പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ലിക്‌സ്, നടന്‍ ഏകന്‍ നായകനാകുന്ന 'ഹൈക്കു' എന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ സ്ട്രീമിംഗ് അവകാശങ്ങള്‍ സ്വന്തമാക്കി. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകുന്നതിന് മുന്‍പേ തന്നെ നെറ്റ്ഫ്‌ലിക്‌സ് ഇതിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ ഏറ്റെടുത്ത വിവരം അണിയറപ്രവര്‍ത്തകര്‍ അഭിമാനപൂര്‍വ്വം അറിയിച്ചു. തിയേറ്റര്‍ റിലീസിന് ശേഷമുള്ള ഫലങ്ങള്‍ക്കായി കാത്തുനില്‍ക്കുന്ന പതിവ് രീതിയില്‍ നിന്ന് മാറി, ചിത്രീകരണം ആരംഭിക്കുന്ന ഘട്ടത്തില്‍ തന്നെ നെറ്റ്ഫ്‌ലിക്‌സ് ഈ ചിത്രത്തോടൊപ്പം ചേര്‍ന്നത് തികച്ചും അപൂര്‍വ്വമായ ഒരു നീക്കമാണ്.
ഇന്ന് രാവിലെ (ഫെബ്രുവരി 1, 2026) ചിത്രീകരണത്തിന് തുടക്കമായി.
ഇടുക്കിയില്‍ നടന്ന ഔദ്യോഗിക പൂജയ്ക്കും സ്വിച്ച് ഓണ്‍ കര്‍മ്മത്തിനും പിന്നാലെയാണ് തമിഴ്, തെലുങ്ക് , മലയാളം എന്നീ ഭാഷകളിലായി പുറത്തിറങ്ങുന്ന 'ഹൈക്കു'വിന്റെ ചിത്രീകരണം ആരംഭിച്ചത്. 'പേരന്‍പ്', 'തരാമണി' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ റാം ചടങ്ങില്‍ ആദ്യ ക്ലാപ്പടിക്കുകയും ടീമിന് ആശംസകള്‍ നേരുകയും ചെയ്ത് ചടങ്ങിന് ശുഭകരമായ തുടക്കം കുറിച്ചു.
വിഷന്‍ സിനിമ ഹൗസിന്റെ (Vision Cinema House) ബാനറില്‍ ഡോ. ഡി. അരുളനന്ദുവും മാത്യു അരുളനന്ദുവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'ഹൈക്കു' സംവിധാനം ചെയ്യുന്നത് യുവരാജ് ചിന്നസാമിയാണ്. നിരൂപക പ്രശംസ പിടിച്ചുപറ്റിയ 'ജോ' (Joe) എന്ന ചിത്രം സംവിധാനം ചെയ്ത ഹരിഹരന്‍ റാം ആണ് ഈ ചിത്രത്തിന് അഡീഷണല്‍ സ്‌ക്രീന്‍പ്ലെ ഒരുക്കുന്നത്.
പ്രിയേഷ് ഗുരുസ്വാമി ഛായാഗ്രഹണവും ശക്തി പ്രണേഷ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം നല്‍കുന്നത് 'കോര്‍ട്ട്', 'ബേബി' എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ വിജയ് ബുള്‍ഗാനിന്‍ ആണ്. 'ജോ', 'കോഴിപ്പണ്ണൈ ചെല്ലദുരൈ' എന്നീ ചിത്രങ്ങളിലൂടെ പരിചിതനായ ഏകന്‍ നായകനാകുമ്പോള്‍, 'മിന്നല്‍ മുരളി', 'ശേഷം മൈക്കില്‍ ഫാത്തിമ' എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ ഫെമിന ജോര്‍ജ്, 'കോര്‍ട്ട്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ശ്രീദേവി അപ്പല്ല എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പേയുള്ള നെറ്റ്ഫ്‌ലിക്‌സിന്റെ ഈ ഏറ്റെടുക്കല്‍ സിനിമയുടെ ഗുണമേന്മയിലുള്ള വലിയ ആത്മവിശ്വാസത്തെയാണ് പ്രകടമാക്കുന്നത്. പരിചയസമ്പന്നരായ സാങ്കേതിക പ്രവര്‍ത്തകരും കഴിവുറ്റ താരങ്ങളും ഒന്നിക്കുന്ന 'ഹൈക്കു'വിന്റെ കൂടുതല്‍ വിശേഷങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടും.