Latest News

കറുപ്പ് സാരി ഉടുത്ത് ദിവസവും കല്ലറയില്‍; കഴുകി വൃത്തിയാക്കി പൂക്കള്‍ അര്‍പ്പിച്ച് തിരിച്ചെത്തിയാല്‍ കുര്‍ബാനയും പ്രാര്‍ത്ഥനയും; ഇന്നസെന്റിന്റെ മരണ ശേഷം പാര്‍പ്പിടത്തിലെ ഒരു ദിനമിങ്ങനെ

Malayalilife
 കറുപ്പ് സാരി ഉടുത്ത് ദിവസവും കല്ലറയില്‍; കഴുകി വൃത്തിയാക്കി പൂക്കള്‍ അര്‍പ്പിച്ച് തിരിച്ചെത്തിയാല്‍ കുര്‍ബാനയും പ്രാര്‍ത്ഥനയും; ഇന്നസെന്റിന്റെ മരണ ശേഷം പാര്‍പ്പിടത്തിലെ ഒരു ദിനമിങ്ങനെ

മലയാള ചലച്ചിത്ര ലോകത്തെ സംബന്ധിച്ച് പകരക്കാരില്ലാത്ത ഒരു സാന്നിധ്യമായിരുന്നു ഇന്നസെന്റ്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ഏറ്റവും അധികം തളര്‍ന്നുപോയത് ഭാര്യ ആലീസ് തന്നെയാണ്. ഇരിങ്ങാലക്കുടയിലെ പാര്‍പ്പിടം എന്ന ആ വലിയ വീട് രസച്ചിരികളാല്‍ സമൃദ്ധമാക്കിയ ഇന്നസെന്റ് പടിയിറങ്ങിയെങ്കിലും അദ്ദേഹത്തിന്റെ ഓര്‍മ്മകളെല്ലാം ഇന്നും അതുപോലെ നിലനിര്‍ത്തിയിരിക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യയും മകനും മരുമകളും പേരക്കുട്ടികളും തന്നെയാണ്. ഇന്നും അദ്ദേഹത്തെ ജീവനോളം സ്നേഹിക്കുന്ന അവര്‍ നാളിതു വരെ അദ്ദേഹത്തിന്റെ കല്ലറയിലേക്കുള്ള യാത്രയോ പ്രാര്‍ത്ഥനകളോ മുടക്കിയിട്ടില്ല. തന്റെ ജയ പരാജയങ്ങളിലും സുഖ ദുഃഖങ്ങളിലും എല്ലാം ഒപ്പം നിന്ന ആലീസിനെ തനിച്ചാക്കി പോവണമല്ലോ എന്നതു മാത്രമായിരുന്നു അദ്ദേഹം മരണത്തെ ഇഷ്ടപ്പെടാതിരിക്കാന്‍ കാരണമായി ഉണ്ടായിരുന്നത്. അസുഖകിടക്കയില്‍ ആയിരുന്നപ്പോഴെല്ലാം മാലാഖ പ്രത്യക്ഷപ്പെട്ട് എന്തു വരം വേണമെന്ന് ചോദിച്ചാല്‍ അദ്ദേഹം പറയാന്‍ ആഗ്രഹിച്ചിരുന്നത് ഈ ഭൂമിയില്‍ നിന്നും എന്നെ തിരികെ വിളിക്കരുതേ എന്നുള്ളത് മാത്രമായിരുന്നു. അത്രത്തോളം അദ്ദേഹം ആലീസിനൊപ്പം ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നു.

അദ്ദേഹത്തിന്റെ മരണ ശേഷവും ആ ഓര്‍മ്മകളില്‍ തന്നെയാണ് ആലീസിന്റെ ജീവിതം. അദ്ദേഹം പോയിട്ട് ഒന്നര വര്‍ഷം ആയെങ്കിലും ഒന്നര യുഗമാണത് ആലീസിനും കുടുംബത്തിനും. ശൂന്യമായി കിടക്കുന്ന ചാരുകസേരയാണ് അദ്ദേഹത്തിന്റെ മരണം സത്യമാണെന്ന ഓര്‍മ്മപ്പെടുത്തല്‍ പ്രിയപ്പെട്ടവര്‍ക്ക് നല്‍കുന്നത്. അതേസമയം, ആ വീടിന്റെ സ്വീകരണമുറിയിലെ രൂപക്കൂട്ടില്‍ പുണ്യാളനു പകരം ഇന്നസെന്റിന്റെ ചിരിക്കുന്ന മുഖമാണുള്ളത്. ചുറ്റും മാലാഖമാരും. ഇവിടെ പ്രാര്‍ത്ഥിച്ചാണ് 'പാര്‍പ്പിട'ത്തില്‍ എല്ലാവരുടേയും ഒരു ദിവസം തുടങ്ങുന്നത്. ദിവസം അവസാനിക്കുന്നതും ഇവിടെ പ്രാര്‍ത്ഥിച്ചതിനു ശേഷമാണ്. ഈ രൂപക്കൂടിനു മുന്നില്‍ വന്ന് പറഞ്ഞ് ഇന്നസെന്റിനോടു അനുവാദം വാങ്ങിയ ശേഷമാണ് എന്തു കാര്യത്തിനും പുറപ്പെടുക.

ഇരിങ്ങാലക്കുട സെന്റ് തോമസ് പള്ളിയിലെ കല്ലറയില്‍ പോയി, കഴുകി വൃത്തിയാക്കി പുതിയ പൂക്കള്‍ വച്ച് പ്രാര്‍ത്ഥിക്കും. പിന്നെ, ഓരോ ദിവസത്തെയും വിശേഷങ്ങള്‍ പറയും. അത് അദ്ദേഹം കേള്‍ക്കുന്നുണ്ട് എന്നാണു വിശ്വാസം. കൊച്ചുമക്കളും പ്രാര്‍ത്ഥിച്ച് അവരുടെ വിശേഷങ്ങള്‍ പറയും. അവസാന രണ്ട് മിനിറ്റ് പേരക്കുട്ടി ഇന്നസെന്റിന് മാത്രം ചില സ്വകാര്യങ്ങള്‍ അപ്പാപ്പനോട് പറയാനും ഉണ്ടാകും. അതു രഹസ്യവുമാണ്. സന്തോഷങ്ങള്‍ മാത്രമല്ല, വിഷമങ്ങളും പറയും. എവിടെയിരുന്നായാലും ഇന്നസെന്റ് അതു നടത്തിത്തരും എന്നാണ് ഇവരുടെ വിശ്വാസം. ഇന്നസെന്റിന്റെ മരണശേഷം പേരക്കുട്ടികള്‍ രണ്ടുപേരും ആലീസിനൊപ്പമാണ് ഉറക്കം. അവസാന കാലത്ത് വയ്യായ്ക ഉണ്ടായിരുന്ന സമയങ്ങളില്‍ അവര്‍ അപ്പാപ്പന് കൊടുത്ത വാക്കായിരുന്നു അത്. അമ്മാമ്മയെ ഒരിക്കലും തനിച്ചാക്കില്ലെന്ന്.

ഇന്നസെന്റിന്റെ വേര്‍പാടിനു ശേഷം കുറേനാള്‍ ആലീസ് കറുപ്പ് വസ്ത്രങ്ങള്‍ മാത്രമേ ധരിച്ചിരുന്നുള്ളൂ. മാത്രമല്ല, ഏറെ പ്രിയപ്പെട്ടവര്‍ വരുമ്പോള്‍ പട്ടുസാരികള്‍ സ മ്മാനമായി കൊടുക്കും. അങ്ങനെ പട്ടുസാരികള്‍ ഒന്നൊന്നായി ഒഴിവാക്കിക്കൊണ്ടിരിക്കുകയായിരുന്നു ആലീസ്. പിന്നെ, കുട്ടികള്‍ വഴക്കു പറയുകയും കുറേ നിര്‍ബന്ധിക്കുകയും ചെയ്തപ്പോഴാണ് കുറച്ചെങ്കിലും മാറ്റം വന്നത്. എങ്കിലും ആലീസിന്റെ മനസ് ഇപ്പോഴും കറുപ്പില്‍ ചേര്‍ന്നു നില്‍ക്കുകയാണ്. എല്ലാമാസവും 26ാം തീയതിയുള്ള കുര്‍ബ്ബാനയും മുടക്കിയിട്ടില്ല. സെപ്റ്റംബര്‍ 26നായിരുന്നു ഇവരുടെ വിവാഹ വാര്‍ഷികം. ഇന്നസെന്റിന്റെ മരണം സംഭവിച്ചത് ഒരു മാര്‍ച്ച് 26നും. അതാണ് മുടങ്ങാതെ പ്രാര്‍ത്ഥന നടത്താനുള്ള കാരണവും.

innocent actor family life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES