കുട്ടികളുടെ മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയുടെ ഭാഗമാണ് സ്‌കൂളില്‍ പോകാനുള്ള പേടി. മാതാപിതാക്കള്‍ കൈവിട്ടുപോകുമോ എന്നുള്ള കുട്ടികളുടെ ഭയമാണ് ഇതിന് പിന്നില്‍. മൂന്ന് വയസു മുതല്‍ ആറു വയസു വരെയുള്ള കുട്ടികളില്‍ സ്‌കൂളില്‍ പോകാനുള്ള പേടി അല്ലെങ്കില്‍ മടി സാധാരണമാണ്. ഇതിനെ സ്‌കൂള്‍ ഫോബിയ എന്നു പറയാം. ഇതിന് പിന്നിലെ കാരണങ്ങള്‍ പലതാണ്.കാലക്രമേണ ഇത് മാറും. മാറ്റമില്ലാതിരിക്കുന്നതിനെയാണ് ശ്രദ്ധിക്കേണ്ടത്. ഇതിനെ സ്‌കൂള്‍ ഫോബിയ എന്നു പറയാം. ഇതിന് പിന്നിലെ കാരണങ്ങള്‍ പലതാണ്. കുടുംബം, കുട്ടി വളര്‍ന്നുവരുന്ന ചുറ്റുപാട്, ആദ്യത്തെ കുട്ടി, ഒറ്റ കുട്ടി, കുട്ടിയുടെ ബുദ്ധി പരമായ കഴിവ് ഇങ്ങനെ പലവിധ കാരണങ്ങളുണ്ടാകും.
ഓരോ കുട്ടിയും കാണിക്കുന്ന മടിക്കും പേടിക്കും പിന്നിലെ കാരണങ്ങള്‍ വ്യത്യസ്തമാണ്. ഇത് തിരിച്ചറിഞ്ഞ് കുട്ടിയോട് പെരുമാറാന്‍ അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും കഴിയണം. ചൈല്‍ഡ് സൈക്കോളജിസ്റ്റിന്റെ സഹായം തേടുകയുമാകാം.ഇന്നത്തെ കുടുംബങ്ങളില്‍ അച്ഛനും അമ്മയും ഒരു കുട്ടിയുമാകും ഉണ്ടാവുക. ഒറ്റ കുട്ടിയെയും ആദ്യത്തെ കുട്ടിയെയുമാണ് സ് കൂള്‍ പേടി കൂടുതലായി കടന്നുപിടിക്കുന്നത്. കാരണം നിസാരമാണ്. മാതാപിതാക്കളുടെ സ്നേഹലാളനകള്‍ക്കിടയില്‍ നിന്ന് പെട്ടെന്നൊരു ദിവസം മറ്റൊരു സ്ഥലത്തേക്ക് പറിച്ചുനടേണ്ടി വരുമ്പോഴുണ്ടാകുന്ന ഒറ്റപ്പെടല്‍.അമ്മയെയും അച്ഛനെയും തനിക്കു നഷ്ടമാകുമോ എന്ന ചിന്ത. ഇതിന് പരിഹാരമായി കുട്ടിയുടെ കൂടെ മാതാപിതാക്കള്‍ ആരെങ്കിലും കുറച്ചു ദിവസം സ്‌കൂളില്‍ പോയി ഇരിക്കുന്നതില്‍ തെറ്റില്ല.
അധ്യാപകരും കൂട്ടുകാരും എല്ലാം വേണ്ടപ്പെട്ടവരാണെന്ന് ബോധ്യപ്പെടുത്തി കൊടുക്കുക. പതിയെ കുട്ടി സ്‌കൂളുമായി ഇണങ്ങും. അധ്യാപകരുടെ പെരുമാറ്റവും ഇത്തരത്തില്‍ കുട്ടിക്ക് ആശ്വാസം പകരുന്നതായിരിക്കണം.മറ്റ് കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് കാണിച്ചു കൊടുക്കുക. അമ്മ പോയിട്ട് വരാമെന്നു പറയുക. കൃത്യമായി പറഞ്ഞ സമയത്ത് തന്നെ അമ്മ എത്തുക. ഇപ്രകാരം കുട്ടികളില്‍ സുരക്ഷിതത്വ മനോഭാവം സൃഷ്ടിക്കണം. കുഞ്ഞുമനസിനെ പേടിപ്പെടുത്താന്‍ വെറുതെ മേശപ്പുറത്തിരിക്കുന്ന ഒരു വടി മതിയാകും. വടി കാണുന്നത് തന്നെ ചില കുട്ടികള്‍ക്ക് ഭയമാണ്. അടിക്കുമോ എന്ന വിചാരമാണ് മനസില്‍. വീട്ടില്‍ വടികൊണ്ടുള്ള അടി ഒരുപാട് കിട്ടിയതുകൊണ്ടാകാം ഇത്.
ചില കുട്ടികള്‍ അടി കിട്ടും എന്നുപറഞ്ഞ് സ്‌കൂളില്‍ പോകാതിരിക്കും. അതുപോലെ അടച്ചിട്ട ക്ലാസ് മുറികള്‍ ഇഷ്ടപ്പൊടാത്ത കൂട്ടരുണ്ട്. ഇവര്‍ക്ക് ഇടയ്ക്കിടയ്ക്ക് ക്ലാസിന് വെളിയില്‍ ഇറങ്ങണം. അതിനായി ഓരോ കാരണങ്ങള്‍ കണ്ടു പിടിക്കുകയും ചെയ്യും.
ഇടയ്ക്കിടയ്ക്ക് മൂത്രശങ്ക പ്രകടിപ്പിക്കുന്ന കുട്ടി. അന്വേഷിച്ചപ്പോള്‍ സ്‌കൂളിലും ഇത് തന്നെ അവസ്ഥ. മൂത്രം തുള്ളിതുള്ളിയായി മാത്രമാണ് പോകുന്നത്. പരിശോധനയില്‍ കുട്ടിക്ക് യാതൊരു കുഴപ്പവുമില്ല.ക്ലാസില്‍ നിന്ന് പുറത്തിറങ്ങാന്‍ കുട്ടിയുടെ കുഞ്ഞ് മനസ് കണ്ടു പിടിച്ച ഉപാധി മാത്രമായിരുന്നു അത്. അടച്ചിട്ട ക്ലാസു മുറികള്‍ക്ക് പകരം വിശാലമായ എവിടെയെങ്കിലും പഠനം നടത്താം.
വിനോദത്തിനും കളിക്കാനും എല്ലാം അവസരമൊരുക്കി കൊടുക്കാം. സ്‌കൂളില്‍ പോകേണ്ടതിന്റെ ആവശ്യകത പറഞ്ഞു മനസിലാക്കി കൊടുക്കുക.ഓട്ടിസം പോലുള്ള ജനിതകമായ കാരണങ്ങള്‍ കൊണ്ടും കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനുള്ള മടി ഉണ്ടാകാം. ഇതിന് ചികിത്സ ലഭ്യമാക്കുകയാണ് വേണ്ടത്.വിദേശത്തും ഫ്ളാറ്റിലും ഒക്കെയായി താമസമാക്കിയവര്‍ക്കിടയിലാണ് ജനിതകമായ ഇത്തരം പ്രശ്നങ്ങള്‍ കൂടുതലായി കണ്ടു വരുന്നത്. ഒരുതരം അന്തര്‍മുഖത്വം ബാധിച്ച കുട്ടികളെയും കാണാന്‍ കഴിയും.
സാധാരണ ഗതിയില്‍ സ്‌കൂളില്‍ പോകാനുള്ള പേടി കുട്ടിയുടെ ബുദ്ധിവളര്‍ച്ചയുടെ ഭാഗമാണ്. പതിയെ ആ ഭയം ഇല്ലാതാവും. കൊച്ചുകുട്ടികളെ പ്ലേസ്‌കൂളിലും മറ്റും അയയ്ക്കുമ്പോള്‍ അവിടുത്തെ അന്തരീക്ഷവും സൗകര്യങ്ങളുമെല്ലം വിലയിരുത്തണം.കുട്ടിക്ക് ഇവിടം ഇഷ്ടമാകുമോ എന്ന് ഉറപ്പാക്കണം. നാപ്കിന്‍ മാറ്റി കൊടുക്കുന്നുണ്ടോ, ശുചിമുറികള്‍ എങ്ങനെയാണ്, ഭക്ഷണം നല്ലതാണോ, കാറ്റും വെളിച്ചവും കടക്കുന്ന ക്ലാസ് മുറികള്‍ ആണോ തുടങ്ങിയ കാര്യങ്ങള്‍ എല്ലാം ശ്രദ്ധിക്കണം.