കുട്ടികളില്‍ നടുവേദനയെന്നു കേള്‍ക്കുമ്പോള്‍ ഞെട്ടലുളവാകുന്നത് സ്വാഭാവികം. കാരണം നടുവേദന മുതിര്‍ന്നവര്‍ക്കും പ്രായമായവര്‍ക്കും മാത്രം വരുന്ന അസുഖമായാണ് കരുതുന്നത്. എന്നാല്‍ ഇന്ന് കൗമാരപ്രായത്തിലുള്ള പത്ത് ശതമാനം കുട്ടികളെങ്കിലും നടുവേദനയുമായി ഡോക്ടറെ സമീപിക്കുന്നുണ്ട്.
നടുവേദന ഒരു രോഗമല്ല. പക്ഷേ പലപ്പോഴും നടുവേദനയ്ക്കുള്ള കാരണം കണ്ടെത്താനും കഴിയാറില്ല. നടുവേദന ചിലപ്പോള്‍ ഗുരുതരമായ രോഗങ്ങളുടെ ലക്ഷണമായേക്കാം. അവ തുടക്കത്തില്‍ തന്നെ തിരിച്ചറിയേണ്ടതുണ്ട്. പ്രത്യേകിച്ചും കുട്ടികളിലെ നടുവേദന.
നട്ടെല്ലിന്റെ ഘടന
കശേരുകളും അവയുടെ ഇടയില്‍ മാര്‍ദവമുള്ള ഡിസ്‌കുകളും അവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ലിഗമെന്റുകളും അതിനോടനുബന്ധിച്ചുള്ള പേശികളും ചേര്‍ന്നതാണ് നടുവിന്റെ ഘടന. ഈ പേശികളാണ് നടുവിനു വഴക്കവും ബലവും നല്‍കുന്നത്.
കൗമാരപ്രായത്തിലുണ്ടാകുന്ന മിക്ക നടുവേദനയ്ക്കും കാരണം ഈ ലിഗമെന്റസിനും പേശികള്‍ക്കുമുണ്ടാകുന്ന പിരിമുറുക്കങ്ങളാണ്. അമിത വ്യായാമം, പുതിയ കായികാഭ്യാസങ്ങളിലേര്‍പ്പെടുക, നടുവിലെ പേശികളുടെ അമിത ഉപയോഗം, ഇരിപ്പിലും നടപ്പിലുമുള്ള അപാകതകള്‍ എന്നിവയൊക്കെ മൂലം ഈ പേശികള്‍ക്കും ലിഗമെന്റ്സിനും പിരിമുറുക്കങ്ങളുണ്ടാകാം.
ചിലപ്പോള്‍ ഒന്നോ രണ്ടോ ദിവസത്തെ വിശ്രമം കൊണ്ടോ അല്ലെങ്കില്‍ തണുപ്പും ചൂടും മാറി മാറി വയ്ക്കുന്നതുകൊണ്ട്, അല്ലെങ്കില്‍ വേദനസംഹാരികളുടെ പയോഗം മൂലമോ നടുവേദന പരിഹരിക്കപ്പെട്ടേക്കാം. ഇതിനെ നോണ്‍ സ്പെസിഫിക് ബാക്ക് പെയിന്‍ എന്നു പറയുന്നു. സാധാരണയായി ഇത്തരം നടുവേദനയ്ക്ക് കൂടുതല്‍ പരിശോധന ആവശ്യമായി വരാറില്ല. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ മാറുന്നതാണ്.
മറ്റു കാരണങ്ങളും ലക്ഷണങ്ങളും
ജന്മനാ നടുവിനുണ്ടാകുന്ന വളര്‍ച്ചാ വൈകല്യങ്ങള്‍ മൂലം നടുവേദന ഉണ്ടാകാം. നടുവേദനയ്ക്കുള്ള പ്രധാന കാരണങ്ങളിലൊന്ന് മസിലുകള്‍ക്ക് ഉണ്ടാകുന്ന സമ്മര്‍ദമാണ്. ചില കുട്ടികളില്‍ മാനസിക സമ്മര്‍ദം നടുവേദന ഉണ്ടാക്കും.
പഠനവൈകല്യം, ഡിപ്രഷന്‍, ഭയം എന്നിവയും നടുവേദനയ്ക്കു കാരണമാകുന്നുണ്ട്. കുട്ടികളിലെ മാനസിക പിരിമുറുക്കം വേദനയായി അനുഭവപ്പെടാം. സാമൂഹിക സാഹചര്യങ്ങള്‍ കുട്ടികളില്‍ കടുത്ത മാനസിക പിരിമുറുക്കങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.
മൂന്നാഴ്ചയില്‍ കൂടുതല്‍ കുട്ടികളില്‍ നടുവേദന തുടര്‍ന്നാല്‍ വിദഗ്ധ പരിശോധനയും ചികിത്സയും വേണ്ടി വന്നേക്കാം. എക്സറേ, രക്തപരിശോധന, വളരെ ചുരുക്കമായി എംആര്‍ഐ സ്‌കാന്‍, സി.ടി സ്‌കാന്‍, ബോണ്‍ സ്‌കാന്‍ എന്നിവ നിര്‍ദേശിക്കാറുണ്ട്.
നടുവേദനയോടൊപ്പം മറ്റു ചില ലക്ഷണങ്ങളുണ്ടെങ്കില്‍ ചികിത്സ വൈകരുത്. അതിനു റെഡ് ഫ്ളാക്സ് ലക്ഷണങ്ങള്‍ എന്നു പറയും. അതില്‍ ഒന്ന് നാലു വയസില്‍ താഴെയുള്ള കുട്ടികളിലെ നടുവേദന, രാത്രികാലങ്ങളിലുള്ള വേദന കുട്ടിയെ ഉറക്കത്തില്‍നിന്നും ഉണര്‍ത്തുന്ന സാഹചര്യമുണ്ടാകുക, തുടര്‍ച്ചയായി വിട്ടുമാറാതെ അനുഭവപ്പെടുന്ന വേദന അതായത് മാസങ്ങളോളം നടുവേദന നിലനില്‍ക്കുക, നടുവേദനയോടൊപ്പം സന്ധിവേദന, പെട്ടെന്നുണ്ടാകുന്ന അധിക വേദന, വേദനയോടൊപ്പം പനി, ശരീരവേദന, ശരീരഭാരം കുറയുക, നടുവേദന കാലിലേക്ക് വ്യാപിക്കുക, കാലിനു മരവിപ്പ് അനുഭവപ്പെടുക ഈ ലക്ഷണങ്ങള്‍ പ്രകടമായാല്‍ തീര്‍ച്ചയായും വിദഗ്ധ ചികിത്സ തേടേണ്ടതുണ്ട്.