കുഞ്ഞുങ്ങള്‍ക്ക് എന്തെല്ലാം കളിപ്പാട്ടങ്ങളാണ് ഓരോ പ്രായത്തിലും നല്‍കണ്ടതെന്ന് പല മാതാപിതാക്കള്‍ക്കും സംശയമാണ്. കുട്ടികളുടെ വളച്ചയിലെ ഒരു പ്രധാന ഘടകമാണ് കളിപ്പാട്ടങ്ങള്‍ എന്ന് പറയുന്നത്. കളിപ്പാട്ടം കുട്ടികളുടെ ബുദ്ധിപരവും വൈകാരികവുമായ വികാസം, ചലനശേഷി, പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കഴിവ്, പ്രത്യേക അഭിരുചികള്‍ തുടങ്ങിയവയെല്ലാം വളര്‍ത്തിയെടുക്കാന്‍ സഹായിക്കും. ഓരോ പ്രായത്തിലും കുഞ്ഞുങ്ങള്‍ക്ക് വേണ്ട കളിപ്പാട്ടങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കാം.
മൂന്നു മാസം വരെ
നിറങ്ങളും പലതരം ആകൃതിയും വെളിച്ചവും കുഞ്ഞുങ്ങളില്‍ കൗതുകം ഉണര്‍ത്തുക സാധാരണമാണ്. മൂന്നു മാസം പ്രായമാകുമ്പോള്‍ മുതല്‍ കുഞ്ഞ് ചുറ്റുമുള്ളതിനെ സ്പര്‍ശിക്കുന്നതിനായി കൈ നീട്ടിത്തുടങ്ങും. കാഴ്ചശക്തി വികസിക്കുന്ന സമയമാണെങ്കിലും മുതിര്‍ന്നവരെപ്പോലെ കടുംനിറങ്ങള്‍ കാണാനുള്ള വികാസം ഈ പ്രായത്തില്‍ ആയിട്ടുണ്ടാവില്ല. അതുകൊണ്ട് നാലു മാസം വരെ കറുപ്പും വെളുപ്പും ചുവപ്പും നിറമുള്ള കളിപ്പാട്ടങ്ങളാണു നല്ലത്. പ്ലാസ്റ്റിക് കളിപ്പാട്ടങ്ങള്‍ വാങ്ങുമ്പോള്‍ വിഷാംശമില്ലാത്തവ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
കേള്‍വി ആവശ്യത്തിന് വികസിച്ചിട്ടുണ്ടാവും എന്നതുകൊണ്ട് കിലുക്കിയും ശബ്ദമുണ്ടാക്കുന്ന കളിപ്പാട്ടങ്ങളും മ്യൂസിക്കല്‍ ടോയ്‌സും കാണിച്ച് കളിപ്പിക്കാം. തൊട്ടിലില്‍ കളിപ്പാട്ടങ്ങള്‍ സുരക്ഷിതമായ രീതിയില്‍ കെട്ടിത്തൂക്കാം. കളിപ്പാട്ടത്തിന്റെ ഭാഗങ്ങള്‍ അടര്‍ന്നോ പൊട്ടിയോ തൊട്ടിലില്‍ വീഴാതെ ശ്രദ്ധിക്കണം. ഈ ഭാഗങ്ങള്‍ കുഞ്ഞ് കടിക്കുകയോ കുഞ്ഞിന്റെ ശരീരത്തില്‍ മുറിവുണ്ടാക്കുകയോ ചെയ്യാം.
നാലു മുതല്‍ ഏഴു മാസം വരെ
കൈ നീട്ടി പിടിക്കാന്‍ തുടങ്ങുന്നത് നാലു മാസം കഴിയുമ്പോഴാണ്. കൈയില്‍ കിട്ടുന്നതെല്ലാം കടിക്കുന്നതും ശബ്ദം കേട്ട ദിശയിലേക്കു നോക്കുന്നതും ഇതേ പ്രായത്തിലാണ്. കിലുക്കവും മ്യൂസിക്കല്‍ ടോയ്‌സും ഇപ്പോഴും കളിക്കാന്‍ കൊടുക്കാം. കൈ കൊണ്ടു പിടിക്കാന്‍ പറ്റുന്ന റിങ്‌സ്, വായില്‍ വച്ചാലും വിഷാംശമില്ലാത്ത പ്ലാസ്റ്റിക് ടോയ്‌സ്, വെള്ളം നിറയ്ക്കുന്ന കളിപ്പാട്ടങ്ങള്‍.. ഇതെല്ലാം ധൈര്യമായി നല്‍കാം. പരുപരുപ്പുള്ള പ്രതലമുള്ളതും കൂര്‍ത്ത വശങ്ങളുള്ള കളിപ്പാട്ടങ്ങളും ഒഴിവാക്കുന്നതാണു നല്ലത്. േസാഫ്റ്റ് ടോയ്‌സ് ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടും.
എട്ടു മുതല്‍ പന്ത്രണ്ട് മാസം വരെ
ഇഴഞ്ഞു നീങ്ങാനും എഴുന്നേറ്റിരിക്കാനും സാധനങ്ങള്‍ പെറുക്കിയെടുക്കാനും തുടങ്ങുന്ന സമയം. തള്ള വിരലുകളും മറ്റു വിരലുകളും തമ്മില്‍ ഒരുമിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കും. തനിയെ കളിക്കാനാകും കുട്ടികള്‍ക്ക് ഈ പ്രായത്തില്‍ ഇഷ്ടം. ബട്ടണ്‍ അമര്‍ത്തുമ്പോള്‍ പൊങ്ങി വരുന്ന രൂപങ്ങള്‍, ബൗണ്‍സ് ചെയ്യാത്ത പന്തുകള്‍, പല വലുപ്പത്തിലും നിറത്തിലുമുള്ള റിങ്‌സ്, പാവകള്‍ എന്നിവ കുട്ടിയുടെ കൈകളുടെ പ്രവര്‍ത്തനത്തെ വികസിപ്പിക്കാന്‍ സഹായിക്കും. ഒളിച്ചേ കണ്ടേ പോലുള്ള കളികള്‍ അവര്‍ക്ക് നന്നായി ആസ്വദിക്കാനാകും.
ഒന്ന് മുതല്‍ രണ്ട് വയസ്സു വരെ
തനിയെ എഴുന്നേറ്റു നിന്ന് പിടിച്ചു നടക്കാന്‍ തുടങ്ങുന്ന ഈ പ്രായം ചലനശേഷി വികസിക്കുന്ന സമയമാണ്. ടെഡി ബെയര്‍, ഡോക്ടര്‍ കിറ്റ്, ചാടിത്തെറിക്കുന്ന പന്തുകള്‍ എന്നിവയാണ് യോജിച്ചത്. ബില്‍ഡിങ് ബ്ലോക്‌സ് വച്ച് കളിക്കാനും റിങ്‌സ് വലുപ്പമനുസരിച്ച് അടുക്കി വയ്ക്കാനും പിക്ചര്‍ ബുക്‌സ് കാണിച്ച് ചിത്രങ്ങള്‍ തിരിച്ചറിയാന്‍ പഠിപ്പിച്ചു തുടങ്ങിക്കോളൂ. ക്രയോണ്‍സും സ്‌ക്രിബ്‌ളിങ് പേപ്പറുകളും നല്‍കാനും ഇതു തന്നെയാണു യോജിച്ച പ്രായം.