ഇന്ന് കുട്ടികളില്‍ ധാരാളമായി കണ്ടുവരുന്ന ഒന്നാണ് പൊണ്ണത്തടി. കൃത്യമല്ലാത്ത ആഹാരരീതിയും കളിക്കാന്‍ വിടാതെ കാര്‍ട്ടൂണ്‍ കണ്ടുകൊണ്ടുളള വീട്ടിലെ ഇരിപ്പുമൊക്കെ അമിതവണ്ണത്തിന് കാരണമാണ്. ഭക്ഷണ നിയന്ത്രണം, എണ്ണയില്ലാത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക തുടങ്ങിയവയിലുപരി വ്യായാമവും വണ്ണം കുറയ്ക്കുന്നതിന് വലിയ പ്രാധാന്യം വഹിക്കുന്നുണ്ട്. കുട്ടികളില്‍ പ്രത്യേകമായ വ്യായാമമുറകള്‍ നിര്‍ദേശിക്കേണ്ട ആവശ്യം ഇല്ല. കൂട്ടുകൂടി കളിക്കാന്‍ അനുവദിച്ചാല്‍ മതിയാകും. അതിനുമുണ്ടു പല തടസങ്ങള്‍. കൂട്ടുകൂടാന്‍ ആളില്ല, കളിസ്ഥലത്തിന്റെ കുറവ്, കൂട്ടുകൂടി കളിച്ചാല്‍ കുട്ടികള്‍ തമ്മില്‍ വഴക്കുണ്ടാകുമോ അപകടം പറ്റുമോ എന്ന മാതാപിതാക്കളുടെ ആശങ്ക വേറെയും.
ദിവസവും മുക്കാല്‍ മണിക്കൂറെങ്കിലും കുട്ടികള്‍ക്കു വ്യായാമം വേണം. മാറിയ പരിതസ്ഥിതിയില്‍ സൈക്ലിംഗ്, നീന്തല്‍, നടത്തം തുടങ്ങി എന്തെങ്കിലും ചെയ്യേണ്ടതാണ്. കുറഞ്ഞത് ആഴ്ചയില്‍ അഞ്ചുദിവസമെങ്കിലും വ്യായാമം വേണം.ടി.വി.യും കമ്പ്യൂട്ടറുമൊന്നും ദിവസവും അര മണിക്കൂറില്‍ കൂടുതല്‍ അനുവദിക്കാതിരിക്കുകയാണു നല്ലത്. അവധി ദിവസങ്ങളില്‍ ആഴ്ചയില്‍ ഒരു ദിവസം 3 മണിക്കൂര്‍ പരമാവധി ആകാം.
ഇന്ന് അണുകുടുംബവും ഉയര്‍ന്ന ജീവിതശൈലിയും ആയതുകൊണ്ട് അവര്‍ക്കു വ്യായാമത്തിനു സമയവും അവസരവും ഒരുക്കി കൊടുക്കേണ്ടതു മാതാപിതാക്കളുടേയും മറ്റു മുതിര്‍ന്നവരുടേയും കര്‍ത്തവ്യമാണ്. ആരോഗ്യപൂര്‍ണമായ ഭക്ഷണ രീതിയും കൃത്യമായ വ്യായാമവും ലഭിച്ചാല്‍ മാത്രമേ കുട്ടികള്‍ ആരോഗ്യത്തോടെ വളരു.