സാംക്രമിക രോഗങ്ങള്‍ കഴിഞ്ഞാല്‍ കുട്ടികളുടെ മരണത്തിന് ഇപ്പോള്‍ കൂടുതല്‍ കാരണമാവുന്നത് കാന്‍സറാണ്. എന്നാല്‍ വലുതായി ആശങ്കപ്പെടേണ്ടതുമില്ല. മൊത്തത്തിലുള്ള കാന്‍സര്‍ രോഗികളില്‍ രണ്ട് ശതമാനം മാത്രമാണ് കുട്ടികള്‍. സാധാരണ മൂന്ന് തരത്തിലുള്ള കാന്‍സറുകളാണ് കുട്ടികളില്‍ കണ്ടുവരുന്നത്.
രക്താര്‍ബുദം(ലുക്കീമിയ/ബ്ലഡ്കാന്‍സര്‍) ആണ് സര്‍വസാധാരണമായത്. രണ്ടാമതായി കാണപ്പെടുന്നത് തലച്ചോറിലെ മുഴകളാണ് (ബ്രെയിന്‍ ട്യൂമര്‍). അവയവങ്ങള്‍ക്ക് (ലിംഫോമ) വരുന്ന കാന്‍സറാണ് മൂന്നാമത്തെ വിഭാഗം.
വൃക്കയിലും നാഡിയിലും ബാധിക്കുന്ന മറ്റ് കാന്‍സറുകളും അപൂര്‍വമായി കണ്ടുവരുന്നു. ഇതില്‍ ബ്രെയിന്‍ ട്യൂമര്‍ ഒഴിച്ച് മറ്റെല്ലാം പൂര്‍ണമായി മാറും. ബ്രെയിന്‍ ട്യൂമറും തുടക്കഘട്ടത്തിലാണെങ്കില്‍ ചികിത്സിച്ച് ഭേദമാക്കാം. കുട്ടികളെ ബാധിക്കുന്ന 60-80 ശതമാനം കാന്‍സറും ശരിയായ സമയത്ത് ചികിത്സ ലഭ്യമാക്കിയാല്‍ പൂര്‍ണമായി മാറും.
രോഗലക്ഷണങ്ങള്‍
കുട്ടികളിലെ അര്‍ബുദബാധയുടെ ലക്ഷണങ്ങള്‍ പലതാണ്. വിട്ടുമാറാത്ത പനി, അസഹനീയമായ ശരീരവേദന, മൂക്കിലൂടെയുള്ള രക്തപ്രവാഹം, തലകറക്കം, കുഴഞ്ഞുവീഴല്‍, വയര്‍ വീര്‍ക്കല്‍, ശരീരത്തിലെ തടിപ്പ് തുടങ്ങി പല രീതിയിലാവും രോഗത്തിന്റെ തുടക്കം. എന്നാല്‍ ഈ ലക്ഷണങ്ങള്‍ മറ്റ് രോഗങ്ങള്‍ക്കുമുണ്ട്. അതിനാല്‍ അനാവശ്യ ഭീതി ആവശ്യമില്ല. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ഡോക്ടറെ സമീപിക്കുക.