Latest News

ഡല്‍ഹിയില്‍ രജപുത്രരുടെ മാര്‍ച്ച്‌ വാള്‍ ഊരിപിടിച്ച്‌ മുന്നില്‍ നിന്ന് നയിക്കുന്നത് പെണ്‍കുട്ടികളാണ്; അതിനു പകരം കേരളത്തില്‍ നടക്കുന്നതെന്താണ്? വിസ്മയയുടെ മരണം ചര്‍ച്ചയാക്കുന്നവര്‍ ഇവിടുത്തെ സ്ത്രീ വിരുദ്ധത കാണുന്നതേയില്ല: വെള്ളാശേരി ജോസഫ് എഴുതുന്നു

Malayalilife
ഡല്‍ഹിയില്‍ രജപുത്രരുടെ മാര്‍ച്ച്‌ വാള്‍ ഊരിപിടിച്ച്‌ മുന്നില്‍ നിന്ന് നയിക്കുന്നത് പെണ്‍കുട്ടികളാണ്; അതിനു പകരം കേരളത്തില്‍ നടക്കുന്നതെന്താണ്? വിസ്മയയുടെ മരണം ചര്‍ച്ചയാക്കുന്നവര്‍ ഇവിടുത്തെ സ്ത്രീ വിരുദ്ധത കാണുന്നതേയില്ല: വെള്ളാശേരി ജോസഫ് എഴുതുന്നു

ടി . വി. ചര്‍ച്ചകളില്‍ മുഴുവന്‍ വിസ്മയയുടെ മരണം മാത്രമേയുള്ളൂ. നെടുനീളന്‍ ചര്‍ച്ച നടത്തുന്നതല്ലാതെ മലയാളിക്ക് ഈ പറയപ്പെടുന്ന വലിയ പുരോഗമനം ഒന്നും ഇല്ലാ എന്നുള്ളത് ചര്‍ച്ചയില്‍ പങ്കെടുത്ത വലിയ ബുദ്ധിജീവികളൊന്നും പറഞ്ഞു കേട്ടില്ലാ. അതെങ്ങനെയാണ് അവര്‍ അംഗീകരിക്കുക? കാലാകാലങ്ങളായി 'കേരളാ മോഡല്‍ വികസനം' എന്നത് വലിയ സംഭവമായി നമ്മുടെ ഇടതുപക്ഷ ബുദ്ധിജീവികളും, മാധ്യമങ്ങളും അക്കാഡമിക്ക് ലിബറലുകളും കെട്ടിഘോഷിച്ചു. അപ്പോള്‍ സ്ത്രീധന പീഡനത്തിന്റെ പേരില്‍ ശുരനാട് തൂങ്ങിമരിച്ച പെണ്‍കുട്ടി പ്രാദേശിക കമ്യൂണിസ്റ്റ് നേതാവിന്റെ മകളാണെന്നുള്ള കാര്യം അംഗീകരിച്ചാല്‍ അവിടെ വലിയൊരു വൈരുദ്ധ്യം പൊങ്ങിവരും. സിപിഐ. കൈതോട് ബ്രാഞ്ച് സെക്രട്ടറി സഖാവ് ത്രിവിക്രമന്‍ നായരുടെ മകള്‍ വിസ്മയയുടെ മരണം സത്യത്തില്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് അംഗീകരിക്കുമ്ബോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും കേരളത്തിലെ ഇടതുപക്ഷ സംസ്‌കാരവും സ്ത്രീധന സമ്ബ്രദായത്തെ അംഗീകരിക്കുന്നുണ്ടോ, സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീടുകളില്‍ നടക്കുന്ന പീഡനങ്ങളില്‍ അവര്‍ പ്രതികരിക്കാറുണ്ടോ എന്നിങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ന്നു വരും. ഇതിനേക്കാളൊക്കെ ഉപരി ആത്യന്തികമായി സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഒരു നൂറ്റാണ്ടോളം കമ്യൂണിസ്റ്റ് പ്രസ്ഥാനം എന്താണ് ചെയ്തിരിക്കുന്നതെന്നുള്ള മൗലികമായ ചോദ്യവും ഉയര്‍ന്നു വരും.

കേരളത്തിന് ഈ പറയപ്പെടുന്ന പുരോഗമനം ഒന്നും ഇല്ലാ എന്നുള്ളത് 2018-ലെ ശബരിമല പ്രക്ഷോഭത്തോടെ കൂടെ വ്യക്തമായതാണ്. കേരളത്തില്‍ കള്ളുകുടിച്ചു വരുന്ന ഭര്‍ത്താക്കന്മാരുടെ ചവിട്ടും തൊഴിയും ഏല്‍ക്കേണ്ടി വരുന്ന സ്ത്രീകളെ കുറിച്ച്‌ 'വലിയ പുരോഗമനക്കാരോ', ദളിത് ബുദ്ധിജീവികളോ ചര്‍ച്ച ചെയ്യുന്നത് കണ്ടിട്ടില്ലാ. സ്ത്രീകള്‍ രാഷ്ട്രീയത്തിലിറങ്ങിയാല്‍ അവരെകുറിച്ച്‌ ലൈംഗിക ആരോപണം അടിച്ചിറക്കുന്നത് അതല്ലെങ്കില്‍ അവര്‍ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തുന്നത് കേരളത്തിലെ ഒരു സ്ഥിരം കാഴ്ചയാണ്. വി എസ്. അച്യുതാനന്ദന്‍, എം. എം. മണി, വിജയരാഘവന്‍ - ഇവരൊക്കെ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ ഉപയോഗിച്ചിട്ടുള്ളവരുമാണ്. ഇത്തരത്തില്‍ 'ക്യാരക്റ്റര്‍ അസാസിനേഷന്‍' നടത്താന്‍ പറ്റിയില്ലെങ്കില്‍ കൂടി കേരളത്തിലെ രാഷ്ട്രീയം അടിമുടി വയലന്റ്റായി നിലനിര്‍ത്തുമ്ബോള്‍ സ്ത്രീകള്‍ക്ക് അവിടെ പങ്കെടുക്കുവാനുള്ള അവസരമാണ് നിഷേധിക്കപ്പെടുക. കെ. കെ. രമക്കെതിരെ സിപിഎം. എന്ന പാര്‍ട്ടി ഇപ്പോള്‍ നടത്തുന്ന ഉപജാപങ്ങള്‍ കാണുന്ന ആര്‍ക്കും കേരളത്തിലെ 'വയലന്റ്‌രാഷ്ട്രീയത്തില്‍' സ്ത്രീകള്‍ക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നൂ എന്ന സത്യം അംഗീകരിക്കാതിരിക്കാന്‍ സാധിക്കില്ല.

രൂഢമൂലമായ സ്ത്രീ വിരുദ്ധത കേരളത്തില്‍ നിലനില്‍ക്കുന്നതുകൊണ്ടായിരിക്കണം മീന്‍ വില്‍പ്പനക്കാരിയായ സ്ത്രീകള്‍ക്ക് സാക്ഷര കേരളം ഇന്നും പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കാത്തത്. വലിയ അലുമിനിയം ചട്ടി ഒക്കെ തലയില്‍ വെച്ച്‌ വെയിലത്ത് കിലോമീറ്ററുകളോളം നടക്കുന്ന അവരുടെ ബുദ്ധിമുട്ടുകളെ കുറിച്ചോ, വലിയ അലുമിനിയം ചട്ടി ചുമക്കുമ്ബോള്‍ ഉള്ള ഭാരത്തെ കുറിച്ചോ സാക്ഷര കേരളം ചിന്തിക്കുന്നില്ല. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ മീന്‍ വില്‍പ്പനക്കാരായ സ്ത്രീകള്‍ക്ക് ഇലക്‌ട്രിക് റിക്ഷയോ, ഗിയറില്ലാത്ത സ്‌കൂട്ടറോ ഒക്കെ എളുപ്പത്തില്‍ കൊടുക്കാവുന്നതാണ്. നമ്മുടെ മല്‍സ്യ ഫെഡ്ഡും, കേരളാ സര്‍ക്കാരും ഒന്നും ആ വഴിക്കു ചിന്തിക്കുന്നില്ല. മീന്‍ വിറ്റതിന് ശേഷവും അവര്‍ക്ക് കുട്ടികളുടെ പരിപാലനവും, വീട്ടിലെ ജോലികളും കൂടി ചെയ്യേണ്ടതായി വരും. കുറച്ചു നാള്‍ മുമ്ബ് 6 മക്കളുള്ള പുറമ്ബോക്കില്‍ ഷെഡ്ഡ് കെട്ടി താമസിക്കുന്ന മാതാവിനെ കുറിച്ചുള്ള വാര്‍ത്തയില്‍ പറഞ്ഞിരുന്നതുപോലെ കള്ളുകുടിച്ചു വരുന്ന ഭര്‍ത്താക്കന്മാരുടെ ചവിട്ടും തൊഴിയും ഏല്‍ക്കേണ്ടി കൂടി വരുന്ന സന്ദര്‍ഭങ്ങള്‍ പല മീന്‍ വില്‍പ്പനക്കാരികള്‍ക്കും ഉണ്ട്. ഇതിനെക്കുറിച്ചൊന്നും ഭൂമി മലയാളം ചിന്തിക്കുന്നത് പോലുമില്ലാ.

മഹാരാഷ്ട്രയിലെ ശനി ഷിഗ്‌നാപൂരിലും, ഹാജി അലി ദര്‍ഗ്ഗയിലും സ്ത്രീകള്‍ കയറിയപ്പോള്‍ ആരും പ്രതിഷേധിച്ചു കണ്ടില്ല. തൃപ്തി ദേശായിക്ക് ശനി ദുര്‍ഗ്ഗാപ്പൂര്‍ ക്ഷേത്രത്തില്‍ കടക്കാന്‍ പറ്റിയതും, ഹാജി അലി ദര്‍ഗ്ഗയില്‍ പ്രവേശിക്കാന്‍ പറ്റിയതും മഹാരാഷ്ട്രയില്‍ കേരളത്തെക്കാള്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം കൂടുതലുള്ളതുകൊണ്ടാണ്. അതല്ലെങ്കില്‍ തന്നെ ശിവജി ജനിച്ച മഹാരാഷ്ട്രയിലെ ജുന്നറില്‍ പോയാല്‍ അമ്മയായ ജീജാഭായ് ബാലനായ ശിവജിയെ വാള്‍പയറ്റ് ഒക്കെ പഠിപ്പിക്കുന്ന ചിത്രങ്ങള്‍ പല ഓഫീസുകളിലും വീടുകളിലും കാണാന്‍ സാധിക്കും.

കേരളത്തിലെ 'മാട്രിലീനിയല്‍' സമ്ബ്രദായത്തെ കുറിച്ച്‌ നിറം പിടിപ്പിച്ച കഥകള്‍ മാത്രമാണുള്ളത്. നായര്‍ സ്ത്രീകളുടെ 'ഡിസിഷന്‍ മെയ്ക്കിങ്ങിനെ' കുറിച്ച്‌ വാചാലരാകുന്നവര്‍ക്ക് ഇത്രയധികം പൊന്നും പണവും കൊടുത്തശേഷവും വിസ്മയ ഭര്‍തൃവീട്ടില്‍ എന്തുകൊണ്ട് പീഡിപ്പിക്കപ്പെട്ടു എന്നതിനെ കുറിച്ച്‌ എന്തെങ്കിലും പറയാനുണ്ടോ? ഇപ്പോള്‍ സോഷ്യല്‍ മീഡിയയും ഇലക്‌ട്രോണിക്ക് മീഡിയയും ഉള്ളതുകൊണ്ട് ജനം അറിയുന്നൂ എന്നേയുള്ളൂ. പണ്ടും ഇതുപോലുള്ള പീഡനങ്ങള്‍ ഇഷ്ടം പോലെ കേരളത്തില്‍ നടന്നിട്ടുണ്ട്; യുവതികള്‍ ആത്മഹത്യ ചെയ്തിട്ടുമുണ്ട്. വളരെയധികം സ്വാതന്ത്ര്യം അനുഭവിച്ച സ്ത്രീകള്‍ കേരളത്തില്‍ ഉണ്ടായിരുന്നെന്നുള്ള അവകാശവാദം നിലനില്‍ക്കുമ്ബോള്‍ തന്നെ കേരളത്തില്‍ നല്ലൊരു ഫെമിനിസ്റ്റ് പ്രസ്ഥാനം പോലുമില്ല എന്ന വസ്തുത ആരും കാണാതിരുന്നുകൂടാ. കേരളത്തിന് വെളിയില്‍ ഫ്യുഡല്‍, 'എലീറ്റ്' വിഭാഗങ്ങളില്‍പെട്ട സ്ത്രീകള്‍ക്കിടയിലെങ്കിലും സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച്‌ നല്ല ബോധ്യമുണ്ട്. മധ്യവര്‍ഗ സ്വാഭാവം നിലനില്‍ക്കുന്നതുകൊണ്ട് കേരളത്തില്‍ അതുപോലുമില്ല. നമ്മുടെ അയല്‍ രാജ്യമായ പാക്കിസ്ഥാനില്‍ പോലുമുണ്ട് നല്ല സ്ത്രീ മുന്നേറ്റങ്ങള്‍. അവിടുത്തെ ഫ്യുഡല്‍, 'എലീറ്റ്' വിഭാഗങ്ങളില്‍പെട്ട സ്ത്രീകള്‍ തലമുടി മറക്കാറോ, പൊതുരംഗങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്നതോ കാണാനാവില്ല. ഡല്‍ഹിയില്‍ ഇതെഴുതുന്ന ആള്‍ താമസിക്കുന്ന സ്ഥലത്ത് വര്‍ഷം തോറും രജപുത്രര്‍ (രാജ്പുത്) നയിക്കുന്ന മാര്‍ച്ച്‌ കണ്ടിട്ടുണ്ട്. മുന്നില്‍ വാള്‍ ഊരിപിടിച്ച്‌ പെണ്‍കുട്ടികളാണ് ആ മാര്‍ച്ചൊക്കെ നയിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ണിയാര്‍ച്ചയുടേയും തുമ്ബോലാര്‍ച്ചയുടേയും വീര കഥകളൊക്കെ ഉണ്ട്. പണ്ട് കേരളത്തിലെ സ്ത്രീകളൊക്കെ ഇത്ര വീര ശൂര പരാക്രമികള്‍ ആയിരുന്നുവെങ്കില്‍ ഉത്തരേന്ത്യയില്‍ നടക്കുന്നത് പോലുള്ള മാര്‍ച്ചൊക്കെ ഇന്നും കാണാമായിരുന്നുവല്ലോ. അതിനു പകരം കേരളത്തില്‍ നടക്കുന്നതെന്താണ്?

ആര്‍ത്തവത്തിന്റെ പേരില്‍ 'ഞങ്ങളൊക്കെ അശുദ്ധകളാണേ' എന്നു സ്വയം പ്രഖ്യാപിച്ചുകൊണ്ട് തെരുവില്‍ കൂടി പ്രകടനം നടത്തുന്നു. മഹാരാഷ്ട്രയിലെ ആരാധനാലയങ്ങളിലൊക്കെ സ്ത്രീ പ്രവേശനം അനുവദിച്ച കോടതി തന്നെയാണ് ശബരിമലയിലും യുവതീ പ്രവേശനം അനുവദിച്ചത്. പുരോഗമന സമൂഹം എന്ന് അഭിമാനിക്കുന്ന മലയാളികള്‍ പക്ഷെ നെയ്‌തേങ്ങാ വെച്ച്‌ തലക്ക് എറിയുന്നു. 'അടിച്ചു കൊല്ലടാ അവളെ' എന്ന് ആക്രോശിക്കുന്നു; സ്ത്രീകളുടെ വീട് കേറി ആക്രമിക്കുന്നു. ഇതിനെ ഒക്കെ സപ്പോര്‍ട്ട് ചെയ്ത പൊതുസമൂഹത്തിന്റെ ആറ്റിറ്റിയൂഡില്‍ കണ്ടമാനം സ്ത്രീ വിരുദ്ധത അടങ്ങിയിരുന്നൂ എന്നുള്ളത് പൊതുവേ സ്ത്രീ വിരുദ്ധമായ സമൂഹം കണ്ടതുമില്ലാ. അതല്ലെങ്കില്‍ വിശ്വാസത്തിന്റെ പേരില്‍ സ്ത്രീകള്‍ക്കെതിരേയുള്ള ഗുണ്ടായിസത്തേയും തെറി വിളിയേയും അനുകൂലിക്കാന്‍ മലയാളിക്ക് എങ്ങനെ കഴിഞ്ഞു?

വിശ്വാസത്തിന്റെ പേരില്‍ സ്ത്രീകള്‍ക്കെതിരേയുള്ള ഗുണ്ടായിസത്തേയും തെറി വിളിയേയും അനുകൂലിക്കാന്‍ മലയാളിക്ക് എങ്ങനെ കഴിഞ്ഞു എന്ന് ചോദിക്കുമ്ബോഴാണ് ചൊല്ലുകളിലും സാഹിത്യത്തിലുമുള്ള സ്ത്രീ വിരുദ്ധത കാണേണ്ടത്. മലയാളികള്‍ക്കിടയില്‍ ആഴത്തില്‍ വേരോടിയിരിക്കുന്ന നൂറ്റാണ്ടുകളോളം പഴക്കമുള്ള സ്ത്രീ വിരുദ്ധത തന്നെയാണ് ശബരിമല പ്രക്ഷോഭത്തിന്റെ പിന്നിലുള്ള ചേതോവികാരം ആയി വര്‍ത്തിച്ചതെന്നുള്ള കാര്യം സുബോധമുള്ളവര്‍ കാണാതിരുന്നുകൂടാ. 'പെണ്ണ് നടക്കുമ്ബോള്‍ ഭൂമി അറിയരുത്'; 'പെണ്‍ചൊല്ല് കേള്‍ക്കുന്നവന്‍ പെരുവഴി' - എന്ന് തുടങ്ങി അനേകം സ്ത്രീ വിരുദ്ധമായ ചൊല്ലുകള്‍ മലയാളത്തിലുണ്ട്.

'നാരികള്‍ നാരികള്‍ വിശ്വ വിപത്തിന്റെ
നാരായ വേരുകള്‍; നാരകീയാഗ്‌നികള്‍' - എന്നാണല്ലോ മലയാളത്തിലെ പ്രസിദ്ധ റൊമാന്റ്റിക്ക് കവിയായ ചങ്ങമ്ബുഴ കൃഷ്ണപിള്ള പാടിയിട്ടുള്ളത്. സ്ത്രീ വിരുദ്ധമായ ചൊല്ലുകളും, കവിതകളും ഏറ്റുപിടിക്കുന്നവര്‍ ഭൂമി മലയാളത്തില്‍ അനേകരുണ്ട്.

കേരളത്തിന്റെ ഫ്യുഡല്‍ ചരിത്രത്തില്‍ സ്ത്രീ വിരുദ്ധത കണ്ടമാനം ഉണ്ട്. മലയാളിയുടെ വീര ശൂര പരാക്രമി ആയിരുന്ന തച്ചോളി ഒതേനന്‍ പറയുന്നതായ വടക്കന്‍ പാട്ട് ഒന്ന് ശ്രദ്ധിക്കുക:

''ആണിന്നടങ്ങാത്ത പെണ്ണുണ്ടിന്ന്
അങ്ങനെയൊരു പെണ്ണുണ്ടെങ്കില്‍
ഓളെ ഞാന്‍ നന്നാക്കിക്കൊണ്ട്വരല്ലോ...
ഒന്നിങ്ങു കേള്‍ക്കണം പെറ്റോരമ്മേ
ഞാനിന്നടക്കാത്ത പെണ്ണുമില്ല
ഞാനിന്നു കേറാത്ത വീടുമില്ല''

ഇതാണ് തച്ചോളി ഒതേനന്റെ വീര വാദം. മാടമ്ബിത്തരത്തിന്റെയും ആണഹന്തയുടേയും അങ്ങേയറ്റമാണ് ഈ വാക്കുകളില്‍ മുഴങ്ങുന്നത്. ഇതുപോലുള്ള വടക്കന്‍ പാട്ടുകള്‍ കേട്ട മലയാളി ഉണ്ടാക്കുന്ന സിനിമാ ഗാനങ്ങളിലും, സാഹിത്യത്തിലും സ്ത്രീ വിരുദ്ധത അങ്ങേയറ്റമുണ്ട്.

മലയാളിയുടെ കുടുംബത്തില്‍ നിലനില്‍ക്കുന്ന സ്ത്രീ വിരുദ്ധതയുടെ പരിച്ഛേദമായി സിനിമകളിലെ സ്ത്രീ വിരുദ്ധതയേയും കാണാവുന്നതാണ്. വലിയ വിപ്ലവം പറയുന്ന എം ടി. വാസുദേവന്‍ നായരുടെ പല സിനിമകളിലും സ്ത്രീകളുടെ കരണത്തടി ഒക്കെയുണ്ട്. 'ഒരു വടക്കന്‍ വീരഗാഥയില്‍' മമ്മൂട്ടിയുടെ കഥാപാത്രം ഗീതയുടെ കരണത്തടിക്കുന്നുണ്ട്. ഓര്‍മ ശരിയാണെങ്കില്‍' അക്ഷരങ്ങളിലും' അത്തരത്തില്‍ ഒരു സീനുണ്ട്. 'സുകൃതത്തിലും' മമ്മൂട്ടിയുടെ കഥാപാത്രം ഗൗതമിയുടെ കരണത്തടിക്കുന്നുണ്ട്. എം ടി. വാസുദേവന്‍ നായരെ 'ഹിമാലയ തുല്യനായ എഴുത്തുകാരന്‍' എന്നാണ് ഒരു ബിജെപി. നേതാവ് കുറച്ചുനാള്‍ മുമ്ബ് വിശേഷിപ്പിച്ചത്. കരണത്തടിച്ചു സ്ത്രീകളുടെ ചെവിക്കല്ല് പൊട്ടിക്കുന്നതൊക്കെ 'ഹിമാലയ തുല്യതയുടെ' ഭാഗമാണോ? സ്ത്രീകളുടെ കരണത്തടി ഒക്കെ നിരന്തരം കാണിച്ചിട്ടും 'ഹിമാലയ തുല്യനായ എഴുത്തുകാരന്‍' എന്നു വിശേഷിപ്പിക്കുന്നതിന്റെയൊക്കെ ഉദ്ദേശശുദ്ധി അറിയണമെങ്കില്‍ ആ ബിജെപി. നേതാവിനോട് തന്നെ പോയി ചോദിക്കണം.

(ലേഖകന്റെ ഈ അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റെ ജോലിയുമായി ഒരു ബന്ധവുമില്ല)

Read more topics: # vellasheri joseph ,# note about dowry
vellasheri joseph note about dowry

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES