Latest News

ട്രംപ് എന്തുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തോറ്റു? കോവിഡ് അല്ലേ ട്രംപിനെ തറപറ്റിച്ചത്? വെള്ളാശേരി ജോസഫ് എഴുതുന്നു

Malayalilife
ട്രംപ് എന്തുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തോറ്റു? കോവിഡ് അല്ലേ ട്രംപിനെ തറപറ്റിച്ചത്?  വെള്ളാശേരി ജോസഫ് എഴുതുന്നു

ജോ ബൈഡന്‍ പ്രസിഡന്റ് ആവുന്നതോടുകൂടി അമേരിക്കന്‍ പോളിസികളില്‍ ഒരു മാറ്റവും വരാന്‍ പോകുന്നില്ല; അങ്ങനെയൊക്കെ ആശിക്കുന്നത് തന്നെ തെറ്റാണ്. മുന്‍ പ്രസിഡന്‍റ്റ് ട്രമ്ബിന്റെ വിദേശ നയങ്ങളില്‍ നിന്ന് വലിയ മാറ്റമൊന്നും ഇനിയുള്ള നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ സംഭവിക്കില്ല. അനേകം കാലമായി ശത്രുതയില്‍ കഴിഞ്ഞ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാന്‍ പല അറബ് രാജ്യങ്ങള്‍ക്കും സാധിച്ചത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മദ്ധ്യസ്ഥതയിലാണ്. അത് വെറുതെ സംഭവിച്ചതുമല്ല; എണ്ണക്ക് വിലകുറഞ്ഞ സാഹചര്യത്തില്‍ പഴയപോലെ 'ക്രൂഡ് ഓയില്‍ പൊളിറ്റിക്സ്' ഒന്നും ചെലവാകത്തില്ലെന്നുള്ളത് അറബ് രാഷ്ട്രങ്ങള്‍ക്ക് നല്ലപോലെ അറിയാം. അപ്പോള്‍ പിന്നെ ടെക്‌നോളജിയിലും, മിലിറ്ററി സ്റ്റ്രാറ്റജിയിലും ഒക്കെ മുമ്ബില്‍ നില്‍ക്കുന്ന ഇസ്രയേലുമായി കൂട്ട് കൂട്ടുകയേ രക്ഷയുള്ളൂ. പശ്ചിമേഷ്യയില്‍ അമേരിക്കന്‍ പ്രസിഡന്‍റ്റ് ട്രംബ് നടത്തിയ ഇടപെടലുകള്‍ കൊണ്ട് രണ്ടാം മഹായുദ്ധത്തിന്‌ ശേഷം ഒരു അമേരിക്കന്‍ പ്രസിഡണ്ടും ചെയ്യാത്തത്ര ഗുണം അവിടെയുള്ളവര്‍ക്ക് ഉണ്ടായിട്ടുണ്ട്‌. പണ്ട് അമേരിക്കന്‍ ആയുധങ്ങള്‍ വിറ്റുപോകാന്‍ വേണ്ടി പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന നയമായിരുന്നു അമേരിക്കയുടേത്. പശ്ചിമേഷ്യന്‍ അസ്ഥിരത മൂലം അമേരിക്കക്കും പണി കിട്ടും എന്ന് മനസിലായപ്പോള്‍ അമേരിക്കന്‍ നയങ്ങളൊക്ക മാറി. ആ നയങ്ങളൊന്നും ഇനിയുള്ള കാലത്ത് മാറാന്‍ പോവുന്നില്ല. അഫ്‌ഗാനിസ്ഥാനില്‍ നിന്ന് സേനയെ പിന്‍വലിക്കാന്‍ ഉള്ള കാര്യത്തിലും ജോ ബൈഡന്‍ ട്രംബില്‍ നിന്ന് മറിച്ചൊരു തീരുമാനം എടുക്കുമെന്ന് തോന്നുന്നില്ല.

ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന കാലത്താണ് പശ്ചിമേഷ്യയില്‍ ഏറ്റവും സമാധാനം ഉണ്ടായിരുന്നത്. ജെറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചതും, അമേരിക്കന്‍ എംബസി ജെറുസലേമിലേക്കു മാറ്റിയതും പശ്ചിമേഷ്യാ പ്രശ്നങ്ങളില്‍ മാറ്റങ്ങളുടെ തുടക്കം കുറിച്ചു. ഒപ്പം ഫലസ്തീനേയും, പാക്കിസ്ഥാനേയും, ഇറാനേയും ഭീകര രാജ്യങ്ങള്‍ ആയി അമേരിക്ക പ്രഖ്യാപിച്ചു. ഫലസ്തീന് കാലങ്ങളായുള്ള അമേരിക്കന്‍ സാമ്ബത്തിക സഹായം നിര്‍ത്തലാക്കുകയും ചെയ്തു. ഇസ്ലാമിക തീവ്രവാദത്തെ പിന്തുണക്കുന്ന ടര്‍ക്കിഷ് പ്രസിഡന്‍റ്റ് ഏര്‍ദോഗനെ ഒറ്റപ്പെടുത്താനും ട്രമ്ബിന് സാധിച്ചു. അമേരിക്കയുടെ പശ്ചിമേഷ്യയിലെ സൈനിക നടപടികള്‍ കുറച്ചെങ്കിലും ഇസ്ലാമിക്ക് സ്റ്റേറ്റ് സ്ഥാപകനായ ബാഗ്ദാദിയുടെ വധവും, ഇറാനിയന്‍ ജെനറല്‍ സുലൈമാന്റെ വധവും ഇസ്ലാമിക തീവ്രവാദം തടയുന്നതില്‍ ട്രമ്ബിന്റെ സുപ്രധാനമായ നേട്ടങ്ങളാണ്.

ഇസ്ലാമിക തീവ്രവാദികള്‍ പശ്ചിമേഷ്യയില്‍ നടത്തിയ കൂട്ട കൊലകള്‍ അവസാനിപ്പിക്കാന്‍ മുന്‍ പ്രസിഡന്റുമാര്‍ യുദ്ധത്തിന് തയ്യാറായപ്പോള്‍ തീവ്രവാദത്തിനുള്ള പണം വരുന്ന വഴികള്‍ അടക്കുക എന്ന ട്രമ്ബിന്റെ നയം വിജയം ആയിരുന്നു. പ്രസിഡന്‍റ്റ് ട്രമ്ബിന്റെ ശ്രമഫലമായി യു.എ.ഇ.-യും ബഹറൈനും ഇസ്രയേലുമായി സമാധാന കരാറില്‍ ഒപ്പിട്ടു. സൗദി അറേബ്യയും ഇപ്പോള്‍ ഇസ്രയേലുമായി സമാധാനത്തിനുള്ള ശ്രമത്തിലാണ്. ഇതൊക്കെ നിസാരമായ കാര്യങ്ങളല്ല; മഹനീയമായ നേട്ടങ്ങള്‍ തന്നെയാണ്.

അമേരിക്കന്‍ വിദേശ നയത്തില്‍ 1980-കളിലേയും, 90-കളിലേയും റഷ്യന്‍ വിരോധം ബൈഡന്‍ പൊടി തട്ടിയെടുക്കാന്‍ ഒരു സാധ്യതയും കാണുന്നില്ല. കാരണം റഷ്യക്കും അമേരിക്കക്കും ഒന്നും കാര്യമായ റോള്‍ ഇല്ലാത്ത ചൈനീസ് സാമ്ബത്തിക ശക്തിയുടെ യുഗത്തിലേക്കാണ് ഇനി ലോകരാജ്യങ്ങള്‍ നടന്നു കയറാന്‍ പോകുന്നത്. ചൈനയുടെ 'പ്രൊഡക്ഷന്‍ കപ്പാസിറ്റിയോട്' മത്സരിക്കാന്‍ ലോക രാഷ്ട്രങ്ങള്‍ക്ക് ഇന്ന് ആവുന്നില്ല. വിയറ്റ്നാമും ബംഗ്ലാദേശും ഒക്കെ 'പ്രൊഡക്റ്റീവ് കപ്പാസിറ്റിയില്‍' മുന്‍പന്തിയില്‍ ഉണ്ട്. പക്ഷെ ഈ ചെറിയ രാഷ്ട്രങ്ങള്‍ക്കൊക്കെ ചൈന ഉത്പാദിപ്പിക്കുന്നതുപോലെ വൈവിദ്ധ്യമേറിയ 'പ്രൊഡക്റ്റുകള്‍ ഉത്പാദിപ്പിക്കുവാന്‍ ആവുന്നില്ല. ഇലക്‌ട്രോണിക്ക് - ഡിജിറ്റല്‍ മേഖലകളില്‍ ഈ രാഷ്ട്രങ്ങളൊക്കെ പിന്നോട്ടാണ് താനും. ഇന്ത്യക്കാണെങ്കില്‍ ചൈനയിലുള്ളതുപോലെ ലക്ഷങ്ങള്‍ പണിയെടുക്കുന്ന ഒരു ഇലക്‌ട്രോണിക്സ് ഫാക്ടറി ഒന്നും ഇതുവരെ 'സെറ്റ്' ചെയ്യാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ട് ഇന്ത്യ പെട്ടെന്നൊന്നും 'ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷനില്‍' ചൈനയെ വെല്ലുവിളിക്കുന്ന ഒരു സാധ്യതയും ഇപ്പോഴില്ല; ഭാവിയില്‍ വരുമോയെന്ന് അറിഞ്ഞുകൂടാ.

വരാന്‍ പോകുന്ന അമേരിക്കന്‍ പ്രസിഡന്‍റ്റ് ജോ ബൈഡന്‍റ്റെ ഇന്ത്യയൊടുള്ള സമീപനം എന്തായിരിക്കും? കാശ്മീര്‍ വിഷയത്തിലുള്ള ബൈഡന്‍റ്റെ നിലപാട് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആയിട്ടുണ്ട്. സത്യത്തില്‍ ആരു ഭരിച്ചാലും അമേരിക്കന്‍ താല്പര്യം ആണ് അവര്‍ക്ക് വിദേശനയത്തില്‍ പ്രധാനം. അത് ഡെമോക്രാറ്റ് ആയാലും റിപ്പബ്ലിക്ക് ആയാലും. ലോകത്തിലെ ഏറ്റവും വലിയ മാര്‍ക്കറ്റ് ആയ ഇന്ത്യയെ വിട്ടുള്ള കളിക്ക് ഒരിക്കലും അമേരിക്ക പോകില്ല എന്ന് നിസംശയം പറയാം. ഇന്ത്യയുടെ ശത്രുവായ ചൈനയെ കൊറോണ വ്യാപനത്തിന്‍റ്റെ പേരിലും, വാണിജ്യത്തിന്‍റ്റെ പേരിലും ലോക രാജ്യങ്ങളില്‍ ഒറ്റപ്പെടുത്തിയത് ഇന്ത്യക്കും നേട്ടമുണ്ടാക്കി എന്ന് പറയാം. ഇന്ത്യയെ ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ സ്ഥിരാഗത്വത്തിന് പിന്തുണ നല്‍കിയപ്പോഴും ഇന്ത്യക്കാരുടെ വിസക്കും വാണിജ്യ താല്‍പര്യങ്ങള്‍ക്കും ട്രമ്ബ് എതിരായിരുന്നു എന്നുള്ള കാര്യം കൂടി ഓര്‍മിക്കേണ്ടതുണ്ട്.

റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നും അമേരിക്കയെ വ്യത്യസ്തമാക്കുന്നത് വ്യത്യസ്ത ജനസമൂഹത്തെ സ്വീകരിക്കാന്‍ ഉള്ള അവരുടെ വിശാലമനസ്കത ആണ്. അതുകൊണ്ട് ലോകം മുഴുവന്‍ ഉള്ള 'ടാലന്‍റ്റ്' അമേരിക്കയിലേക്ക് ഒഴുകുന്നു. അക്കാര്യത്തില്‍ പ്രസിഡന്‍റ്റ് ട്രംമ്ബിനുണ്ടായിരുന്ന ശത്രുതാപരമായ നിലപാടില്‍ മാറ്റം വന്നേക്കാം; ആ നയവ്യതിയാനത്തില്‍ മാത്രമേ എന്തെങ്കിലും പ്രതീക്ഷയുള്ളൂ. പക്ഷെ അപ്പോഴും കണ്ടമാനമൊന്നും കുടിയേറ്റം അമേരിക്കയില്‍ ബൈഡന്‍റ്റെ കാലത്തും വര്‍ധിക്കില്ല. കാരണം അത് വളരെ 'സെന്‍സിറ്റീവ്' ആയ ഇഷ്യൂ ആണ്. അമേരിക്കയിലേക്ക് എങ്ങനെ എങ്കിലും കുടിയേറാന്‍ തയാറായിട്ടുള്ളവര്‍ ലോകം മുഴുവനായി ലക്ഷകണക്കിന് ആളുകള്‍ ഉണ്ട്. ചൈനയില്‍ നിന്നുപോലും പലര്‍ക്കും അമേരിക്കയില്‍ പോകാനാണ് താല്പര്യം. അതുകൂടാതെ അയല്‍ രാജ്യങ്ങളായ മെക്സിക്കോ, പനാമ, കൊളമ്ബിയ മുതലായ രാജ്യങ്ങളില്‍ നിന്ന് ലക്ഷകണക്കിന് ആളുകള്‍ അമേരിക്കയിലേക്ക് ഒഴുകുന്നത് അവിടുത്തെ ഭരണാധികാരികള്‍ ഒരിക്കലും സ്വാഗതം ചെയ്യില്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും, ട്രമ്ബും കുടിയേറ്റ വിരുദ്ധതയുമായി ഇനിയുള്ള നാളുകളിലും അമേരിക്കയില്‍ തന്നെ കാണും. അതുകൊണ്ട് ഒരു അമേരിക്കന്‍ പ്രസിഡന്‍റ്റിനും കുടിയേറ്റം നിര്‍ബാധം അനുവദിക്കാന്‍ സാധിക്കുകയില്ല. 'ഹൈലി സ്‌കില്‍ഡ്' ക്യാറ്റഗറിയില്‍ വരുന്ന, അമേരിക്കന്‍ ഇന്‍ഡസ്ട്രിക്ക് ഗുണമുള്ളവരെ മാത്രമേ അമേരിക്കന്‍ പോളിസി മെയ്ക്കേഴ്സ് സാധാരണ അമേരിക്കയിലേക്ക് സ്വാഗതം ചെയ്യാറുള്ളൂ. അമേരിക്കയില്‍ ആര് അധികാരത്തില്‍ വന്നാലും അവര്‍ക്ക് ചില അടിസ്ഥാന നയങ്ങളുണ്ട്‌; അതൊന്നും ജോ ബൈഡന്‍ പ്രസിഡന്‍റ്റ് ആകുന്നതോടുകൂടി മാറാന്‍ പോകുന്നില്ല.

കോവിഡിന് മുന്‍പ് വരെ അമേരിക്കയില്‍ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സാമ്ബത്തിക സ്ഥിതി നല്ല നിലയിലായിരുന്നു. തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലായിരുന്നു; ക്രൂഡ് ഓയില്‍ വില അമ്ബത് ഡോളറില്‍ താഴെ പിടിച്ചു നിര്‍ത്തിയിരുന്നു; അമേരിക്ക മുന്‍ പ്രസിഡന്‍റ്റുമാരുടെ കാലഘട്ടത്തില്‍ ചെയ്തതുപോലെ ട്രംമ്ബിന്‍റ്റെ കാലത്ത് അനാവശ്യ യുദ്ധങ്ങള്‍ക്ക് പോയിരുന്നുമില്ല. ഈ പോസിറ്റീവ് കാര്യങ്ങളെല്ലാം ഉണ്ടായിരുന്നിട്ടും ട്രംബ് തോറ്റത് കോവിഡ് മൂലമാണെന്നേ കരുതാന്‍ നിവൃത്തിയുള്ളൂ. സാമിനാഥന്‍ അയ്യര്‍ ടൈമ്സ് ഓഫ് ഇന്ത്യയില്‍ ഇക്കാര്യം നേരത്തേ തന്നെ ചൂണ്ടികാട്ടിയിരുന്നു. പൊതുവേ മാസ്ക്കും, ഗ്ലവ്സും, സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങും, സാനിട്ടയ്‌സറും ഒന്നും ഇഷ്ടപ്പെടാത്ത പൊതുജനമാണ് അമേരിക്കയിലും യൂറോപ്പിലും ഒക്കെ ഉള്ളത്. ആ പൊതുജനമാണ് അവിടെയൊക്ക കോവിഡ് നിരക്ക് വര്‍ധിപ്പിച്ചത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്ത പൊതുജനത്തെ കൈകാര്യം ചെയ്യാനും പറ്റില്ല. പൊലീസിന് ഇന്ത്യയില്‍ നടക്കുന്നതുപോലെ വലിയ ലാത്തി വെച്ച്‌ ആരേയും അടിച്ചുവീഴിക്കാനോ, എത്തമിടീക്കാനോ ഒക്കെ അവിടങ്ങളില്‍ അധികാരമില്ല. പക്ഷെ കോവിഡ് പിടിച്ച്‌ ജനലക്ഷങ്ങള്‍ മരിക്കുമ്ബോള്‍ ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അവസാനം അത് പ്രസിഡന്‍റ്റിന്‍റ്റെ പരാജയമായിട്ട് വിലയിരുത്തും. അതാണ്‌ അമേരിക്കയില്‍ സംഭവിച്ചത്.

കൊറോണ സമയത്ത് ട്രംബ് വരുമാനം നിലച്ച ഓരോ വ്യക്തിക്കും 1200 ഡോളര്‍ വെച്ച്‌ അവരുടെ അക്കൗണ്ടില്‍ വെറുതെ കൊടുത്തു. അത് ഒരു വലിയ തുക തന്നെ ആയിരുന്നു. അതുപോലെ ജോലി പോയവര്‍ക്ക് ഓരോ ആഴ്‌ചയും 1150 ഡോളര്‍ വച്ച്‌ അക്കൗണ്ടില്‍ കൊടുത്തു. അത് പലരും ജോലിചെയ്‌താല്‍ കിട്ടുന്നതിലും കൂടുതലുള്ള തുക ആയിരുന്നു. അതൊക്കെ 'ടാക്സ് പേയേഴ്സ്' കൊടുക്കുന്ന പണമാണ്; അല്ലാതെ ഡൊണാള്‍ഡ് ട്രംബ് സ്വന്തം പോക്കറ്റില്‍ നിന്ന് കൊടുക്കുന്ന പണമല്ല എന്നുള്ള ഒരു പ്രബുദ്ധ ജനതയുടെ തിരിച്ചറിവാണ് അതൊന്നും വോട്ട് ആയി മാറാഞ്ഞത്ത്.

അമേരിക്കയിലുള്ള പലരുടേയും പോസ്റ്റുകള്‍ ഇതെഴുതുന്നയാള്‍ സോഷ്യല്‍ മീഡിയയില്‍ വായിച്ചു. അതില്‍ നിന്നൊക്കെ തൊഴിലും, വരുമാനവും, സമ്ബദ് വ്യവസ്ഥയും ആണ് തിരഞ്ഞെടുപ്പിലെ നിര്‍ണായക വിഷയങ്ങള്‍ എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഈ കൊറോണ വന്നില്ലായിരുന്നെങ്കില്‍ ട്രംബ് ഭരണം അമേരിക്കകാരെ വലിയ സമ്ബന്നര്‍ ആക്കിയേനെ എന്നാണ് പലരും എഴുതി കണ്ടത്. അമേരിക്കയില്‍ ആര് ഭരിച്ചാലും ജനം പ്രാധാന്യം കൊടുക്കുന്നത് സമ്ബദ് വ്യവസ്ഥക്കാണെന്ന് പലരും എഴുതി കണ്ടു. നാടിന്റെ വികസനത്തിനും, ജനങ്ങള്‍ക്ക് തൊഴില്‍ കൊടുക്കുന്ന ഭരണത്തിനും ആണ് അമേരിക്കയിലെ വോട്ടര്‍മാര്‍ മുന്‍‌തൂക്കം കൊടുക്കുന്നത്. കോവിഡ് മൂലം അമേരിക്കന്‍ സമ്ബദ് വ്യവസ്ഥക്കുണ്ടായ നഷ്ടം ചെറുതല്ല. തൊഴിലില്ലായ്മ കുത്തനെ കൂടി. ഇതിന്‍റ്റെ എല്ലാം കാരണം പ്രസിഡന്‍റ്റ് ട്രംബ് കൊറോണ വ്യാപനത്തെ ഗൗരവമായി കാണാതിരുന്നതുകൊണ്ടാണെന്ന് വോട്ടര്‍മാര്‍ കരുതിയാല്‍ അവരെ കുറ്റപ്പെടുത്താന്‍ ആവില്ല. ഡെമോക്രാറ്റുകളുടെ ഏറ്റവും ശക്തമായ ആയുധമായിരുന്നു പ്രസിഡന്‍റ്റ് ട്രംബ് കോവിഡ് നേരിട്ട രീതി. ജോ ബൈഡന്‍ അത് ബോധ്യപ്പെടുത്താന്‍ രണ്ടാമത്തെ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ മാസ്ക് ധരിച്ചു വരികയും ചെയ്തു. പിന്നീടുള്ള പല മീറ്റിങ്ങുകളിലും ബൈഡന്‍ മാസ്ക് ധരിച്ചു മാത്രമേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ എന്നതും കൂടി ഓര്‍മിക്കണം.

ജനങ്ങളുടെ ഇടയില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്ന ഒരു രാഷ്ട്രത്തലവനെ മാറ്റണം എന്ന ആഗ്രഹമാണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഫലം കണ്ടത് എന്ന് ചിലരൊക്കെ എഴുതുന്നു. സത്യത്തില്‍ ഭിന്നിപ്പൊക്കെ അമേരിക്കയില്‍ പണ്ടുമുതലേ ഉണ്ടായിരുന്നു. ഒബാമയുടെ കാലത്ത് പോലും കറുത്ത വര്‍ഗക്കാരുടെ കലാപം അമേരിക്കയില്‍ നടന്നിട്ടുണ്ട്. നിലനില്‍ക്കുന്ന വംശീയത മുതലെടുത്തു എന്ന് മാത്രമേ ട്രമ്ബില്‍ ആരോപിക്കാന്‍ സാധിക്കൂ എന്നാണ് തോന്നുന്നത്.

ട്രംബ് ഹിസ്പാനിയാക്കള്‍ക്കും, ഇറാന്‍ പോലുള്ള രാഷ്ട്രങ്ങള്‍ക്കും, അരാജക വാദികള്‍ക്കും എതിരെ എടുത്തിരുന്ന നിലപാടുകള്‍ക്ക് നല്ല പിന്തുണ അമേരിക്കയിലെ വോട്ടര്‍മാരില്‍ നിന്ന് കിട്ടിയിരുന്നു. ഇസ്ലാമിക തീവ്രവാദത്തിനോട് വേള്‍ഡ് ട്രെയിഡ് സെന്‍റ്റര്‍ ആക്രമണത്തിന് ശേഷം അമേരിക്കകാര്‍ക്ക് എന്തെങ്കിലും മമത ഉണ്ടെന്ന് തോന്നുന്നില്ല. അതും ട്രംബ് മുതലാക്കി. ട്രംമ്ബിന്‍റ്റെ നികുതി വെട്ടിപ്പും, സ്ത്രീലമ്ബടത്വവും, വിടുവായ പറയലും ഒന്നും അമേരിക്കകാര്‍ക്ക് വലിയ പ്രശ്നങ്ങളുള്ള കാര്യങ്ങളായിരുന്നില്ല. മുന്‍ പ്രസിഡന്‍റ്റ്മാരില്‍ ക്ലിന്‍റ്റണും, കെന്നഡിയും ഒക്കെ ട്രംമ്ബിനേക്കാള്‍ വലിയ പെണ്ണ് പിടിയന്മാര്‍ ആയിരുന്നു. പക്ഷെ കോവിഡ് ഡൊണാള്‍ഡ് ട്രംമ്ബിനെ വീഴ്‌ത്തി. ഇന്ത്യയില്‍ കോവിഡ് മൂലമുള്ള സാമ്ബത്തിക പ്രതിസന്ധി അമേരിക്കയില്‍ ഉള്ളതിനേക്കാള്‍ കൂടുതലുണ്ട്. പക്ഷെ ഇന്ത്യക്കാര്‍ മതവും ജാതിയും ഒക്കെ ഭക്ഷിച്ചു ജീവിക്കുന്നവരാകുമ്ബോള്‍ കോവിഡ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന തൊഴിലില്ലായ്മ ഒക്കെ പൊതുജനത്തിനോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. 'ദവായ്', 'കമായ്' ഒക്കെ തേജസ്വി യാദവ് ബീഹാറില്‍ തിരഞ്ഞെടുപ്പ് വിഷയങ്ങളായി ഉയര്‍ത്തുന്നുണ്ട്. പുള്ളിയെ കേള്‍ക്കാന്‍ വലിയ ജനക്കൂട്ടം വരുന്നുമുണ്ട്. പക്ഷെ ഇന്ത്യയില്‍ പൊതുജനാരോഗ്യവും, തൊഴിലും, വരുമാനവും ഒക്കെ തിരഞ്ഞെടുപ്പുകളില്‍ വിജയ പ്രതീക്ഷകള്‍ സൃഷ്ടിക്കുമോ എന്ന് കണ്ടുതന്നെ അറിയണം.

(ലേഖകന്റെ ഈ അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)

Vellasheri joseph note about why tump fail in american presidant election

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES