ഉത്തര്‍ പ്രദേശിലെ ദളിത് പെണ്‍കുട്ടിയുടെ ബലാത്‌സംഗവും അതിക്രൂരമായ കൊലപാതകവും ദേശീയ തലത്തില്‍ ബിജെപി.-യ്ക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ ശക്തമായ പ്രതിപക്ഷ നീക്കങ്ങള്‍ക്കുള്ള തുടക്കമായി മാറുമോ എന്നാണ് ഇനി കാണേണ്ടത്. സ്ത്രീപീഡനങ്ങള്‍ക്കും ദളിത് നീതിക്കും വേണ്ടിയുള്ള പോരാട്ടങ്ങളില്‍ കോണ്‍ഗ്രസും രാഹുലും ശ്രദ്ധ നേടുമോയെന്നും കാണേണ്ടതുണ്ട്. എന്തായാലും രാഹുല്‍ ഗാന്ധിയുടേയും, പ്രിയങ്ക ഗാന്ധിയുടേയും ഊര്‍ജസ്വലമായ ഇടപെടലില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുത്തനുണര്‍വ്വിലായി എന്ന കാര്യം ആര്‍ക്കും നിഷേധിക്കുവാന്‍ ആവില്ലാ. രാഹുലിനെ സംബന്ധിച്ച് ഈ വിഷയം വീണ്ടും ഒരു തിരിച്ചുവരവിനുള്ള നാന്ദിയായി മാറുമോ എന്നുള്ളതാണ് ഇനിയുള്ള നാളുകളില്‍ കാണേണ്ടത്.
അടിയന്തിരാവസ്ഥയെ തുടര്‍ന്ന് അധികാരം നഷ്ടപ്പെട്ട അവസ്ഥയില്‍ ഇന്ദിരാ ഗാന്ധി ഉണര്‍ന്നു പ്രവര്‍ത്തിച്ചത് പോലെ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇപ്പോഴെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നത് തീര്‍ച്ചയായും അണികള്‍ക്ക് ആവേശം പകരുന്ന ഒന്നാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഡല്‍ഹി-ഉത്തര്‍ പ്രദേശ് അതിര്‍ത്തിയില്‍ യോഗി സര്‍ക്കാര്‍ ആയിരകണക്കിന് പൊലീസുകാരെ വിന്യസിച്ചത് രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും ഹത്രാസ് സന്ദര്‍ശനത്തിന്‍റ്റെ രാഷ്ട്രീയ പ്രാധാന്യം കണ്ടറിഞ്ഞിട്ട് തന്നെയാണ്.
ഉത്തര്‍ പ്രദേശിലെ പ്രത്യേക രാഷ്ട്രീയ അന്തരീക്ഷവും രാഹുല്‍ ഗാന്ധിയുടെ ഹത്രാസിലേക്കുള്ള യാത്രക്ക് പ്രചോദനം പകര്‍ന്നിട്ടുണ്ടാകാം. 2011 സെന്‍സസ് പ്രകാരം ഉത്തര്‍പ്രദേശിലെ ദളിത് ജനസംഖ്യ 21.1 ശതമാനമാണ്. തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അതുകൊണ്ട് തന്നെ ദളിത് സമുദായത്തിന്‍റ്റെ വോട്ട് വളരെ നിര്‍ണ്ണായകവുമാണ്. ഹത്രാസില്‍ പ്രതി സ്ഥാനത്തുള്ളവര്‍ ഠാക്കൂര്‍ സമുദായത്തില്‍ ഉള്ളവരാണ്. ഠാക്കൂര്‍ സമുദായം ഉത്തര്‍ പ്രദേശില്‍ 7 ശതമാനം മാത്രമാണ്. പക്ഷെ അവര്‍ കൈവശം വെച്ചിരിക്കുന്ന ഭൂമിയിലൂടെയാണ് ജാതിമേധാവിത്തം ദളിത്, പിന്നോക്ക ജന വിഭാഗങ്ങളില്‍ പ്രയോഗിക്കുന്നത്.
ഇവിടെ സംഘ പരിവാര്‍ രാഷ്ട്രീയത്തിന്‍റ്റെ തന്ത്രങ്ങളും ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. ഇന്നത്തെ 'ഹിന്ദുത്വ' രാഷ്ട്രീയത്തില്‍ മതസൗഹാര്‍ദവും ജനങ്ങളെ ഒന്നിപ്പിക്കലും ഇല്ലാ. പ്രഗ്യ സിങ് ഠാക്കൂറും, യോഗി ആദിത്യനാഥും ഉള്‍പ്പെടെയുള്ളവര്‍ ഹിന്ദുക്കളുടെ മുഴുവന്‍ കുത്തക ഏറ്റെടുക്കുന്നതില്‍ ആശങ്കയുള്ളവര്‍ രാജ്യത്താകമാനമുണ്ട്. തങ്ങളുടെ സംഘടനയുടെ ട്രൗസറിന്‍റ്റെ പോക്കറ്റില്‍ എല്ലാ ഹിന്ദുക്കളും നിര്‍ബന്ധമായും വന്നു വീഴണമെന്നാണ് ഇവര്‍ ശഠിക്കുന്നത്. അതിന്‍റ്റെ കൂടെ കപട രാജ്യ സ്നേഹവും, മിഥ്യാഭിമാനവും വന്നാല്‍ നമ്മുടെ 'ഇലക്റ്ററല്‍ പൊളിറ്റിക്‌സില്‍ വന്‍ വിജയങ്ങള്‍ കൊയ്യാം. ജനങ്ങളെ ഭിന്നിപ്പിച്ചു കൊണ്ട് നേടുന്ന ഈ തിരഞ്ഞെടുപ്പ് വിജയത്തില്‍ ആത്യന്തികമായി എന്ത് സംഭവിക്കും എന്ന് പറയാന്‍ വയ്യാ. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നേ തന്നെ ഒരു വിദേശ ചാനല്‍ വാട്ട്സാപ്പിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ബിജെപി. -ക്ക് അനുകൂലമായി പ്രചരിക്കപ്പെട്ട അനേകം വ്യാജ പ്രചാരണങ്ങള്‍ നന്നായി കാണിച്ചു. ഇന്ത്യന്‍ ചാനലുകളൊന്നും അത് കാണിച്ചില്ല. ഇത്തരം ശക്തമായ പ്രചാരണങ്ങളിലൂടെ മുന്നേറുന്ന ബിജെപി.-യെ ചെറുക്കാന്‍ കോണ്‍ഗ്രസിന് ആവുമോ എന്നാണ് ഇനി കാണേണ്ടത്. ഹത്രാസിലുള്ള 'വാല്‍മീക്' പോലുള്ള ദളിത്-പിന്നോക്ക ജാതികളെ കൂട്ടുപിടിച്ചാല്‍ മാത്രമേ കോണ്‍ഗ്രസിന് ഒരു പുത്തന്‍ ഉണര്‍വ് ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തില്‍ സാധ്യമാകൂ.
ഇനി ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലേക്കൊന്നു നോക്കാം.1977 ഓഗസ്റ്റില്‍ ബീഹാറിലെ 'ബെല്‍ച്ചി' - യില്‍ 2 കുഞ്ഞുങ്ങളടക്കം 11 ദളിതരെ കൂട്ടക്കൊല ചെയ്തപ്പോള്‍ ഇന്ദിരാ ഗാന്ധി അത് രാഷ്ട്രീയ ആയുധം ആക്കി. നടന്നും, കഴുതപ്പുറത്തും, ട്രാക്റ്ററിലും അവസാനം ആനപ്പുറത്തും ആണ് കോരിച്ചൊരിയുന്ന മഴയത്ത് ഇന്ദിരാ ഗാന്ധി ബീഹാറിലെ 'ബെല്‍ച്ചി' - യില്‍ എത്തിയത്. പിറ്റേ ദിവസം രാജ്യങ്ങളിലെ പത്രങ്ങളിലെല്ലാം ഇന്ദിരാ ഗാന്ധി ആനപ്പുറത്ത് ഇരുന്ന് 'ബെല്‍ച്ചി' - യിലേക്ക് പോകുന്ന ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു. തങ്ങള്‍ ദളിതരോടോത്ത്
ഉണ്ട് എന്ന ശക്തമായ സന്ദേശം കൊടുക്കാന്‍ ഇന്ദിരാ ഗാന്ധിക്ക് അതോടെ സാധിച്ചു. പക്ഷെ കഴിഞ്ഞ ആറു വര്‍ഷം ദളിതരും, ആദിവാസികളും, ന്യൂന പക്ഷങ്ങളും, പാവപ്പെട്ടവരും ആക്രമിക്കപ്പെട്ടപ്പോള്‍ രാഹുല്‍ ഗാന്ധിക്കും, സോണിയാ ഗാന്ധിക്കും അങ്ങനെ ഒരു സന്ദേശവും കൊടുക്കുവാന്‍ സാധിച്ചില്ല.
നോട്ടു നിരോധനവും, ജി.എസ്.ടി. - യും കൊണ്ട് പൊറുതിമുട്ടിയ ചെറുകിട കര്‍ഷകരേയും, അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളേയും സംഘടിപ്പിക്കുവാന്‍ കോണ്‍ഗ്രസിന് ആയില്ല. പക്ഷെ കൊറോണ വ്യാപകമായി പടര്‍ന്നു പിടിക്കുന്നതിന് മുമ്ബേ മോദി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അങ്ങേയറ്റം നിരുത്തരവാദപരമായ 'സമ്ബൂര്‍ണ ലോക്ക്ഡൗണിനോട്' പ്രതികരിക്കുവാന്‍ കോണ്‍ഗ്രസിന് ആയി. ഒരു കോടിയോളം വരുന്ന ജനതയാണ് അന്ന് പൊരിവെയിലത്ത് ഭക്ഷണവും വെള്ളവുമില്ലാതെ ആയിരകണക്കിന് കിലോമീറ്ററുകള്‍ നടന്നത്. കേന്ദ്ര സര്‍ക്കാര്‍ തന്നെ ഒരു കോടിയോളം മൈഗ്രന്‍റ്റ് ലേബറേഴ്സ് അത്തരത്തില്‍ നടന്നുവെന്ന് ഈയിടെ അംഗീകരിച്ചു. പിന്നീടുണ്ടായ ചൈനീസ് ആക്രമണത്തിനോടും, ഇന്ത്യയുടെ ഭൂമി പിടിച്ചെടുത്തതിനോടും പ്രതിഷേധിക്കുവാന്‍ കോണ്‍ഗ്രസിന് സാധിച്ചു. ഈയിടെ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച കര്‍ഷക ബില്ലിന് പകരം മറ്റൊരു കര്‍ഷക ബില്‍ കൊണ്ടുവരാനും കോണ്‍ഗ്രസിന് ആയി. ഉപാധികളോടെ ആണെങ്കിലും കര്‍ഷക ബില്ലിനെതിരെ അത്തരത്തില്‍ പ്രതിഷേധിക്കുവാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സാധിച്ചു എന്ന യാഥാര്‍ഥ്യം കാണാതിരിക്കാന്‍ ആവില്ല.
ഇന്ത്യയുടെ പ്രത്യേക പരിതസ്ഥിതിയില്‍ ഇനി ഉയര്‍ന്നു വരേണ്ടത് 30-40 കോടിയോളം വരുന്ന ഇന്ത്യയിലെ പാവപ്പെട്ടവരാണ്. ദാരിദ്ര്യ രേഖക്ക് കീഴിലുള്ള ഈ ഭീമമായ ജനസംഖ്യ പല രാജ്യങ്ങളിലേയും മൊത്തം ജനസംഖ്യക്ക് മേലെയാണ്. ഈ ജനസംഖ്യയില്‍ മഹാ ഭൂരിപക്ഷവും ദളിതരും ആദിവാസികളും മുസ്‌ലിങ്ങളുമാണ്. സച്ചാര്‍ കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഉത്തരേന്ദ്യയില്‍ മുസ്ലീങ്ങളുടെ സാമ്ബത്തിക സ്ഥിതി ദളിതരെക്കാള്‍ മോശമാണെന്നാണ്. പക്ഷെ ഇപ്പോള്‍ സച്ചാര്‍ കമ്മിറ്റി പറഞ്ഞത് പോലെയല്ല കാര്യങ്ങള്‍. ഉത്തരേന്ദ്യയില്‍ മുസ്ലീങ്ങളുടെ സാമ്ബത്തിക സ്ഥിതിയില്‍ മാറ്റമുണ്ട്. പക്ഷെ ദളിതരേയും മുസ്ലീങ്ങളേയും ഭയപ്പെടുത്തി വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കുന്നതിനു പകരം വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം, പാര്‍പ്പിടം, ഇന്‍ഫ്രാസ്ട്രക്ചര്‍ - ഇവ ആ സമുദായങ്ങള്‍ക്ക് ലഭ്യമാക്കി അവരുടെ സാമൂഹ്യ സാമ്ബത്തിക സ്ഥിതി മെച്ചപെടുത്താനാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശ്രദ്ധിക്കേണ്ടത്. പക്ഷെ അങ്ങനെ സംഭവിക്കണമെങ്കിലും സാമൂഹ്യമായ കാഴ്ചപ്പാട് മാറേണ്ടതുണ്ട്. ഫ്യുഡല്‍ മൂല്യങ്ങള്‍ നിലനില്‍ക്കുന്ന ഒരു വ്യവസ്ഥിതിയില്‍ കണ്ടമാനം അതിക്രമങ്ങള്‍ പാവപ്പെട്ടവര്‍ക്ക് എതിരേയുണ്ട്. കേരളത്തിലെ പലര്‍ക്കും അതൊക്കെ മനസിലാക്കാന്‍ പോലും സാധിക്കുകയില്ല. "End of violence is the end of poverty" എന്ന് പറയുന്നത് ഇത്തരം ഫ്യുഡല്‍ മൂല്യവ്യവസ്ഥിതിയുടേയും വയലന്‍സിന്‍റ്റേയും കോണ്‍ടെക്‌സ്റ്റിലാണ്. ആ കോണ്‍ടെക്‌സ്റ്റില്‍ തന്നെ വേണം ഇപ്പോള്‍ ഹത്രാസിലെ ദളിത് പെണ്‍കുട്ടിക്ക് എതിരേയുള്ള ലൈംഗികമായ അക്രമത്തേയും കാണാന്‍.
ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളും ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ നടന്ന ലൈംഗിക ആക്രമണത്തിനോടൊപ്പം കാണേണ്ടതുണ്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2016-ല്‍ സ്ത്രീകള്‍ക്കെതിരെ 3.22 ലക്ഷം കുറ്റകൃത്യങ്ങള്‍ അരങ്ങേറിയപ്പോള്‍ 2017 ആയപ്പോള്‍ കുറ്റകൃത്യങ്ങളുടെ സംഖ്യ 3.45 ലക്ഷത്തിലെത്തി. 2018 ആയപ്പോള്‍ ആ സംഖ്യ 3.78 ലക്ഷം കടന്നു. 2019-ല്‍ ആകട്ടെ, 4.05 ലക്ഷം ആയി സ്ത്രീകള്‍ക്കെതിരേ രേഖപ്പെടുത്തിയിരിക്കുന്ന മൊത്തം കുറ്റകൃത്യങ്ങളുടെ സംഖ്യ. കോടതികളില്‍ ശിക്ഷിക്കപ്പെടുന്നത് മൊത്തം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളില്‍ കേവലം 28 ശതമാനം മാത്രമാണ്. ഇത് നമ്മുടെ നിയമ വ്യവസ്ഥയുടെ പോരായ്മകള്‍ എടുത്തുകാട്ടുന്നു.
രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും ഹത്രാസിലേക്കുള്ള യാത്ര ഫ്യുഡല്‍ മൂല്യവ്യവസ്ഥിതിയേയും, സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗിക ആക്രമണങ്ങളേയും ചോദ്യം ചെയ്യുമോ? കാത്തിരുന്നു കാണേണ്ട ഒരു കാര്യമാണത്. എന്തായാലും ഈ യാത്രക്ക് കിട്ടിയിരിക്കുന്ന വാര്‍ത്താ പ്രാധാന്യം ഇന്ത്യയിലെ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പാവപ്പെട്ടവര്‍ക്കും നല്ലൊരു ശുഭ സൂചന തന്നെയാണ് സമ്മാനിക്കുന്നതെന്നുള്ള യാഥാര്‍ഥ്യം കൊടിയ വിമര്‍ശകര്‍ പോലും അംഗീകരിച്ചേ മതിയാകൂ.
(ലേഖകന്റെ ഈ അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണ്. അതിന് ലേഖകന്‍റ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ)