പാലക്കാട് ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകനോട് മോശമായി പെരുമാറുന്ന വിദ്യാര്‍ത്ഥിയുടെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഈ വിഷയത്തില്‍ നടി അശ്വതി ശ്രീകാന്ത് പങ്കുവച്ച കുറിപ്പും ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ തന്റെ കുറിപ്പ് പലരും തെറ്റായി വ്യഖ്യാനിച്ചെന്നും തനിക്കെതിരെ പലരും രൂക്ഷവിമര്‍ശനങ്ങളുമായി രംഗത്ത് എത്തി എന്നും അശ്വതി പറയുന്നു. സ്വന്തം യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു അശ്വതിയുടെ പ്രതികരണം.
രോഗം അറിയാതെ, ലക്ഷണത്തിന് മരുന്നു കൊടുക്കുന്നതു പോലെയാണ് പലപ്പോഴും അടി. അടി കിട്ടിയ എത്ര പേരാണ് നല്ലതായിട്ടുള്ളത് എന്ന് ചോദിച്ചു കൊണ്ടായിരുന്നു അശ്വതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. എന്നാല്‍ പോസ്റ്റിന് പിന്നാലെ വന്‍ വിമര്‍ശനം ഉയര്‍ന്നതോടെ വിശദീകരണവുമായി നടി വീണ്ടും എത്തി.
ആ പോസ്റ്റില്‍ എവിടെയും ആ കുട്ടിയുടെ പെരുമാറ്റത്തെ പിന്തുണച്ചിട്ടില്ല. കുട്ടിയുടെ പെരുമാറ്റത്തിന് ഒരു മൂലകാരണമുണ്ടാകും. അതിനെ അഡ്രസ് ചെയ്യാതെ എന്തൊക്കെ ചെയ്താലും ശരിയാകില്ല. ഇതുപോലുള്ള എല്ലാ കേസുകളിലും എന്താണ് ആ മൂലകാരണം എന്ന് അറിയണം. അത് കൂട്ടുകെട്ടുകളാണോ, എന്തെങ്കിലും തരത്തിലുള്ള അബ്യൂസോ സബ്സ്റ്റന്‍സിന്റെ ഉപയോഗമാണോ, ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ പരിഗണിക്കണം.'' ''അതിന് മാതാപിതാക്കളുടേയും അധ്യാപകരുടേയും പങ്കാളിത്തം വേണം. ആ കുട്ടിയെ എന്നോട് കൊണ്ടുപോയി വളര്‍ത്താനാണ് ചിലര്‍ പറഞ്ഞത്. ഞാന്‍ ഇപ്പോള്‍ രണ്ട് കുട്ടികളെ വളര്‍ത്തുന്നുണ്ട്. അവരെ നന്നായി വളര്‍ത്തിയാല്‍ പോരേ.
കുറച്ചുകൂടെ ശ്രദ്ധ വേണം, സമൂഹം ശ്രദ്ധിക്കണം എന്നൊക്കെ പറഞ്ഞാല്‍ അതിനര്‍ത്ഥം ഞാന്‍ വീട്ടില്‍ കൊണ്ടു പോയി വളര്‍ത്തിക്കൊള്ളാം എന്നല്ല.'' ''പരസ്യമായി വധ ഭീക്ഷണി മുഴക്കിയാലും പിന്തുണയുണ്ടെന്നാണ് മറ്റൊരാള്‍ പറഞ്ഞത്. ഒരിക്കലുമല്ല. ആ കുട്ടിയുടെ പെരുമാറ്റത്തെ ഞാന്‍ പിന്തുണയ്ക്കുന്നില്ല. പക്ഷെ അത് കറക്ട് ചെയ്യുമ്പോള്‍ ആ വ്യക്തിയെ തള്ളിക്കൊണ്ടല്ല കറക്ഷന്‍ നടത്തേണ്ടത്'' എന്നാണ് അശ്വതി തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്.
ഈ പ്രായത്തില്‍ ഇത്രയും പറയാനുള്ള ധൈര്യമുണ്ടെങ്കില്‍ ക്രിമിനല്‍ മൈന്റ് ആയിരിക്കുമെന്നാണ് ചിലരുടെ കമന്റ്. ഒരു വ്യക്തിയുടെ ഇമോഷണല്‍ ബ്രെയിന്‍ പൂര്‍ണ വളര്‍ച്ചയിലെത്തുന്നത് 24 വയസിലാണ്. എങ്കിലും ഓരോ പ്രായത്തിലും കുട്ടിയുടെ പെരുമാറ്റത്തിലുണ്ടേകണ്ട പക്വതയുണ്ട്. അത് ഇല്ലെങ്കില്‍ അതിന് പിന്നില്‍ ചില കാരണങ്ങളുണ്ടെന്നും അതുകൂടെ അഡ്രസ് ചെയ്യണം എന്നാണ് പറഞ്ഞത്. നമ്മുടെ കുട്ടികളുടെ മാനസികാരോഗ്യം, ഇമോഷണല്‍ ഹെല്‍ത്ത് തുടങ്ങിയവ ഉറപ്പു വരുത്തേണ്ടത് മാതപിതാക്കളുടേയും അധ്യാപകരുടേയും സമൂഹത്തിന്റേയും ഉത്തരവാദിത്തമാണെന്നുമാണ് അശ്വതി പറയുന്നത്.
ഇപ്പോഴത്തെ കുട്ടികള്‍ക്ക് പണ്ടത്തെ കുട്ടികളെ അപേക്ഷിച്ച് ബഹുമാനം കുറവാണ്. അത് വസ്തുതയാണ്. ഓരോ തലമുറ കഴിയുമ്പോഴും ആ ബഹുമാനം കുറഞ്ഞു കുറഞ്ഞ് വരിക തന്നെ ചെയ്യും. പണ്ടൊക്കെ കുട്ടികള്‍ക്ക് സര്‍വൈവല്‍ സ്‌കില്‍ പഠിപ്പിച്ചിരുന്നത് മുതിര്‍ന്നവരാണ്. ഇപ്പോള്‍ മുതിര്‍ന്നവരില്‍ നിന്നും പ്രത്യേകിച്ചൊന്നും അവര്‍ക്ക് പഠിക്കേണ്ടതില്ല. മുതിര്‍ന്നവരേക്കാള്‍ അറിവുള്ളത് തങ്ങള്‍ക്കാണെന്ന കരുതുന്ന കുട്ടികള്‍ക്ക് മുതിര്‍ന്നവരോട് ബഹുമാനം തോന്നേണ്ടതില്ല. അങ്ങനെയുള്ളപ്പോള്‍ ബഹുമാനം പിടിച്ച് വാങ്ങാന്‍ ശ്രമിച്ചിട്ട് കാര്യമല്ല. പേടിപ്പിക്കുകയല്ല വേണ്ടത്. അവരുമായി കണക്ട് ചെയ്യാനാണ് നമ്മള്‍ ശ്രമിക്കേണ്ടതെന്നും താരം പറയുന്നുണ്ട്. മോഡേണ്‍ പാരന്റിംഗ് എന്ന് പറഞ്ഞ് കുട്ടികളെ വഴി തെറ്റിക്കുന്നുവെന്ന് പറഞ്ഞ് ഒരുപാട് പേര്‍ മെസേജ് അയക്കുകയും അസഭ്യം പറയുന്നുമുണ്ട്. പണ്ടൊരിക്കല്‍ ഒരു കമന്റിന് ഞാന്‍ മറുപടി നല്‍കിയത് വൈറലായിരുന്നു. അയാളുടെ മാനസികവാസ്ഥ പരിഗണിച്ച് ക്ഷമിച്ചാല്‍ പോരായിരുന്നുവോ എന്തിനാണ് സ്‌ക്രീന്‍ ഷോട്ട് എടുത്ത് പ്രചരിപ്പിച്ചതെന്ന് ചോദിക്കുന്നവരുണ്ട്. ഞാന്‍ എവിടേയും സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിട്ടില്ല. അതൊരു ഒറിജിനല്‍ അക്കൗണ്ട് ആണെന്നും അയാളൊരു മുതിര്‍ന്ന വ്യക്തിയാണെന്നും ഉറപ്പു വരുത്തിയ ശേഷമാണ് മറുപടി നല്‍കിയത്. പിന്നീട് താന്‍ ആ കമന്റ് ഡിലീറ്റാക്കുകയും ചെയ്തിരുന്നുവെന്നും അശ്വതി ചൂണ്ടിക്കാണിക്കുന്നു.