Latest News

വീടിനകത്തേക്ക് കയറുമ്പോൾ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത തരം ശൂന്യത…..

Sandhra
topbanner
വീടിനകത്തേക്ക് കയറുമ്പോൾ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത തരം ശൂന്യത…..

വീടിനകത്തേക്ക് കയറുമ്പോൾ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത തരം ശൂന്യത….. അടുക്കളയിലിപ്പോൾ പാത്രങ്ങളുടെ കലപില ശബ്ദമില്ല.. പരാതികളോ പരിഭവങ്ങളോ അവിടെ നിന്ന് ഉയരുന്നില്ല…. ഹരിയേട്ടാ എന്ന വിളിയില്ല…. ഇനിയൊരിക്കലും തനിക്കാ വിളി കേൾക്കാൻ കഴിയില്ല… ദിവസവും നൂറു തവണ ഹരിയേട്ടാ എന്ന വിളിയുമായി പുറകേ നടക്കാൻ അവളിനി ഇല്ല…. എട്ട് വർഷത്തെ ഒന്നിച്ചുള്ള ജീവിതത്തിന് അവസാനമിട്ട് തന്നെയും മോളെയും തനിച്ചാക്കി അവൾ പോയിട്ട് രണ്ട് ദിവസങ്ങളായി… അവളില്ലാത്ത മുറിയിലേക്ക് കയറുമ്പോൾ നെഞ്ചിലെ ഭാരം കൂടി വരുന്നതു പോലെ…… ബന്ധുക്കളോരോന്നായി പിരിഞ്ഞു പോയി.. ഇപ്പോൾ താനും മോളും മാത്രം….. താൻ തളർന്നു പോയാൽ ആറു വയസുകാരിയായ ആമി മോളും തളർന്നു പോകുമെന്നറിയാവുന്നതിനാൽ എല്ലാ ദു:ഖവും ഉള്ളിലൊതുക്കി പിടിച്ച് നിൽക്കാൻ ശ്രമിച്ചു…. പക്ഷേ ഒന്നും പഴയതു പോലെ ആവുന്നില്ല… എത്രയൊക്കെ ശ്രമിച്ചിട്ടും……. അമ്മയെവിടെ എന്ന മോളുടെ ചോദ്യത്തിനുള്ള ഉത്തരം മാത്രം തനിക്ക് അറിഞ്ഞൂടായിരുന്നു. മരണമെന്ന സത്യത്തെ ഉൾക്കൊള്ളാൻ പ്രായമാകാത്ത ആ കുഞ്ഞു മനസിനെ സമാധാനിപ്പിക്കാൻ മാത്രം തനിക്കായില്ല.. സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല…

ഒരു ദിവസം രാവിലെ ഉറക്കമെണീക്കുമ്പോൾ ചലനമറ്റു കിടക്കുന്ന അവളുടെ മുഖം കാണേണ്ടി വരുമെന്ന്…..പിന്നീടങ്ങോട്ട് ഒന്നും മനസിലാകുന്നില്ലായിരുന്നു… ആരൊക്കെയോ വരുന്നു… ആമി മോൾ കരയുന്നു…. പക്ഷേ തൻെറ മനസും ശരീരവും മരച്ചു പോയിരുന്നു…. അവളുടെ ചിതയ്ക്ക് തീ വെച്ചപ്പോൾ മാത്രം കണ്ണുനീർ ഒഴുകിയിറങ്ങി…. എല്ലാം കഴിഞ്ഞു…………………. കണ്ണടച്ച് കിടന്നപ്പോൾ അവളായിരുന്നു മനസിൽ….. കോളേജ് പഠന കാലത്ത് നിനച്ചിരിക്കാതെ ജീവിതത്തിലേക്ക് കടന്നു വന്ന സൗഹൃദം… പിന്നീടത് പ്രണയമായി മാറുമ്പോഴും അറിഞ്ഞിരുന്നില്ല ദെെവം തനിക്കായി മാത്രം കരുതി വെച്ച പെണ്ണാണിവളെന്ന്…. തൻെറ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും വേണ്ടി മാത്രം ജീവിച്ചവൾ… വീട്ടുകാരുടെയും ബന്ധുക്കളുടെയും അനുഗ്രഹത്തോടെ ഒരു താലിച്ചരടിലൂടെ അവളെ സ്വന്തമാക്കുമ്പോൾ അവൾ തൻെറ ഹൃദയമിടിപ്പായി മാറുകയായിരുന്നു….. ആ ജീവിതത്തിൻെറ മാറ്റു കൂട്ടാനായി ദെെവം ഒരു മോളെ കൂടി തന്നു…ആമി മോൾ….. ഒരു ദിവസം പോലും അവൾ അരികിൽ നിന്ന് മാറി നിന്നിട്ടില്ല…. സ്വന്തം വീട്ടിൽ പോലും ഒരു പകലിൽ കൂടുതൽ നിൽക്കാതെ തൻെറ അടുത്തേക്ക് ഓടിയെത്തിയിരുന്നു… ഭാര്യ കൂടെയില്ലാത്ത ദിവസം ചിലർക്ക് മനപ്രയാസമാണെന്നും ചിലർക്കത് ആഘോഷമാണെന്നും കേട്ടറിവ് മാത്രേ ഉണ്ടായിരുന്നുള്ളൂ… അങ്ങനെയൊരവസരം അവൾ തനിക്ക് തന്നിട്ടില്ല… നിനക്ക് വീട്ടിൽ പോയി രണ്ട് ദിവസം നിന്നൂടെ എന്ന് ചോദിച്ചാൽ പിന്നെ മുഖം വീർപ്പിച്ച് നടക്കും…. “നിയ്ക്ക് ഹരിയേട്ടൻ കൂടെയില്ലാണ്ട് പറ്റില്ലാ ട്ടോ… അതോണ്ടാ വിട്ട് നിൽക്കാണ്ട് ഇങ്ങനെ കൂടെത്തന്നെ…” രാത്രി തൻെറ നെഞ്ചിൻെറ ചൂടും പറ്റി കിടക്കുമ്പോൾ അവൾ പറയുന്ന വാക്കുകൾ കാതിൽ മുഴങ്ങുന്ന പോലെ … അവളുടെ സ്നേഹത്തിന് പകരം കൊടുത്തതൊക്കെയും പോരായിരുന്നു എന്ന തോന്നൽ മനസിനെ കീഴടക്കിയിരിക്കുന്നു….. അറിയാതെപ്പോഴോ മയക്കത്തിലേക്ക് വഴുതിവീണപ്പോഴാണ് ആമിമോൾ തട്ടി വിളിച്ചത്… അവളെ ചേർത്തു കിടത്തി….. പതിയെ ചോദിച്ചു… മോൾ ഉറങ്ങിയില്ലേ…… “ഇല്ല അച്ചേ…..അമ്മയില്ലാണ്ട് ഉറങ്ങാൻ മോൾക്ക് അറിഞ്ഞൂട അച്ചേ…..”

അവളുടെ വാക്കുകൾ മനസിലെവിടെയോ കൊണ്ടു… ശരിയാണ്…. അറിയില്ല… അവളില്ലാതെ ഒന്നും ചെയ്യാൻ തനിക്കുമറിയില്ല….. അതു തന്നെയായിരുന്നു തൻെറയും മനസിൽ… ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാതെ തൻെറയും മോളുടെയും എല്ലാ കാര്യങ്ങളും കൂടെ നടന്നു നോക്കിയിരുന്നു അവൾ…. അവളില്ലാതെ ഒന്നും ചെയ്യാൻ തനിക്കുമറിയില്ല….. അവൾ വിളിച്ചെഴുന്നേൽപ്പിക്കാതെ സമയത്ത് എഴുന്നേൽക്കാനറിയില്ല… അവളുടെ മുഖം കാണാതെ ഒരു ദിവസം പോലും തുടങ്ങിയിട്ടില്ല…. അവൾ നിർബന്ധിക്കാതെ കൃത്യസമയത്ത് ഒരുങ്ങിയിറങ്ങാനറിയില്ല. . ഹരിയേട്ടാ എന്ന വിളി കേൾക്കാതെ വീട്ടിലേക്ക് തിരിച്ച് കയറാൻ കഴിഞ്ഞിട്ടില്ല…. അവളുടെ പരാതികളും പിണക്കങ്ങളും കേൾക്കാതെ ഒരു ദിവസം പോലും മുന്നോട്ട് പോയിട്ടില്ല…… അവളെ നെഞ്ചോട് ചേർത്തു പിടിക്കാതെ തനിക്ക് ഉറങ്ങാനറിയില്ല…….. “ഞാൻ ഇല്ലാണ്ടാവുമ്പോ കാണാട്ടോ… രണ്ടാളും എങ്ങനാ ജീവിക്കാൻ പോണേന്ന്….. ” തൻെറയും മോളുടെയും കുസൃതി അതിരു കടക്കുമ്പോൾ അവൾ പറഞ്ഞിരുന്ന വാക്കുകൾ…. ശരിയാണ്… എങ്ങനെയാണ് ജീവിക്കാൻ പോകുന്നത്…….. മുന്നിലെ വഴി ശൂന്യമാണ്.. കെെ പിടിച്ച് ഒപ്പം നടന്നിരുന്നവൾ എന്നെന്നേക്കുമായി മറഞ്ഞിരിക്കുന്നു… പക്ഷേ ജീവിക്കണം… ജീവിച്ചേ പറ്റൂ…. ഉറക്കത്തിൽ പോലും തന്നെ ചേർത്ത് പിടിച്ചിരുന്ന അവൾക്ക് പകരമായി മറ്റൊരു പെണ്ണിനെ കാണാൻ ഈ ജന്മം തനിക്ക് സാധിക്കില്ല…. ഇനിയുള്ള ജീവിതം ആമി മോൾക്ക് വേണ്ടിയാണ്.,… അവളുടെ അച്ഛനും അമ്മയും ആയി ഇനിയുള്ള ജീവിതം ജീവിച്ചു തീർക്കണം…… തനിക്ക് കൂട്ടായി അവളുടെ ആത്മാവുണ്ടാകും….. മോളെ നെഞ്ചിൽ ചേർത്ത് പിടിച്ച് ഹരി ഉറങ്ങുമ്പോൾ അവരുടെ ജീവിതത്തിന് പ്രകാശമായി ഒരു നക്ഷത്രം മേലെ ആകാശത്ത് മിഴി ചിമ്മി…..

short story- veetinakath karumbol orikkalum anubavichitillatha shooniyatha--Malayalam

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES