ഉണ്ണിക്കുട്ടന് ഉറങ്ങാന്‍ കിടന്നു.
കട്ടിലില്‍ കോസറിയിട്ടാണ് ഉറക്കം.
കാല്‍ നീട്ടാതെ ഉണ്ണിക്കുട്ടന്‍ കിടന്നു ശീലിച്ചു.
കട്ടില്‍ ചുമരുമായി കൂട്ടിമുട്ടുന്ന സ്ഥലത്ത് അലമാരയാണ്. അതിനുള്ളിലാണ് ഉണ്ണിക്കുട്ടനു പ്രിയപ്പെട്ട പുസ്തകങ്ങള്‍.
തല വയ്ക്കുന്നത് തെക്കോട്ട്.
അവിടെ ചുമരാണ്. അവിടെത്തന്നെയാണ് ജനല്‍.
ജനാലിനു കര്‍ട്ടനുണ്ട്.
പൂക്കളും വെള്ളക്കള്ളിയുമുള്ള സാരി, സാരി വെട്ടിയടിച്ച കര്‍ട്ടന്‍.
ഇലക്ടിക് വയറിലാണ് സാരി കെട്ടിയിട്ടുള്ളത്.
കാറ്റിനെ തടയാന്‍, ഇരുട്ടിനെ തടയാന്‍, കള്ളന്മാരെ തടയാന്‍ ശക്തിയുള്ള അതിരായി ചുവന്ന സാരി.
തലയണയ്ക്കു മുകളില്‍ ഉണ്ണിക്കുട്ടന്‍ മുഖമമര്‍ത്തി.
ഉറക്കം ഉണ്ണിക്കുട്ടനെ നോക്കി കൊഞ്ഞനംകുത്തി.
പരിഭവം നടിക്കാതെ ഉണ്ണിക്കുട്ടന്‍ തിരിഞ്ഞു കിടന്നു.
തെങ്ങിന്‍ തലപ്പിനു മീതെ നിലാവ് പൂത്തുലഞ്ഞു.
ചെത്തുകുടത്തിന്റെയും പൂക്കുലയുടെയും മുകളില്‍ നിലാവ് ചുരത്തി.
കനാലിന്റപ്പുറത്തു നിന്നു നായകള്‍ ഓരിയിട്ടു.
രണ്ടാം സിനിമ വിട്ട് ആളുകള്‍ നടന്നുപോയി.
രാത്രിയുടെ നിശബ്ദത പരന്നു.
പിന്നെയും കാറ്റുവീശി.
നിലാവും കാറ്റും മത്സരിച്ചു.
ചാഞ്ഞും ചെരിഞ്ഞും തെങ്ങിന്റെ ചിത്രം മണ്ണില്‍ പൂക്കളം വിടര്‍ത്തി. ചിലപ്പോളത് നീണ്ടുനീണ്ട് വലിയ കോലങ്ങളായി.
കാറ്റും നിലാവും നിഴലിലെഴുതിയ ചിത്രങ്ങള്‍ ചുമരിലേക്കു വലിഞ്ഞുകയറി.
ചുവപ്പു സാരിയുടെ പൂക്കളും നീലനിലാവും ഒന്നായി.
രാവിന്റെ പ്രണയം കുളിരായി.
അത് ഉണ്ണിക്കുട്ടന്റെ പുതപ്പിനു മീതേയ്ക്കു പടര്‍ന്നു.
ഉണ്ണിക്കുട്ടന്‍ പുതപ്പ് തലയ്ക്കു മീതേയ്ക്കു വലിച്ചിട്ടു.
ഉണ്ണിക്കുട്ടന്റെ മാത്രം ലോകം.
തണുത്ത കാറ്റ് ഉണ്ണിക്കുട്ടന്റെ പുതപ്പിനെ തഴുകി.
ഉണ്ണിക്കുട്ടന്‍ തിരിഞ്ഞുകിടന്നു.
ഉണ്ണിക്കുട്ടനറിയാതെ, ഉണ്ണിക്കുട്ടന്റെ സ്വപ്നം ആ പുതപ്പിനു മുകളില്‍ ചുവടുവച്ചു.
കാറ്റിനു കൗതുകം തോന്നി.
കാറ്റിന്റെ ചിറകില്‍ ഉണ്ണിക്കുട്ടന്റെ സ്വപ്നം ചാരിയിരുന്നു.
സ്വപ്നം ചോദിച്ചു.
'എന്നെയുംകൂട്ടി പറക്കാമോ...?'
കാറ്റ് മുറ്റത്തേയ്ക്കു നോക്കി.
തെങ്ങിന്റെ തലപ്പുകള്‍ ശാന്തം.
കറുത്ത മേഘങ്ങളുടെ അലിംഗനത്തില്‍ നിലാവ് കണ്ണടച്ചിരിക്കുന്നു.
പ്രകൃതിയുടെ കാമം കണ്ടുമോഹിച്ച് ദൂരെ നായകള്‍ ഓരിയിട്ടു.
ഉണ്ണിക്കുട്ടനുമായി കാറ്റ് പറന്നു.
ഉണ്ണിക്കുട്ടന്‍ കണ്ണുമിഴിച്ച് നോക്കിയിരുന്നു.
ചിത്രം വരച്ചപോലെ താഴെ ഭൂമി. പുഴയൊരു വരപോലെ. പച്ച നിറമുള്ള പാടങ്ങള്‍. പാത്രം കമിഴ്ത്തിയപോലെ വീടുകള്‍. അതിരിട്ട വരമ്പുകള്‍. അതിനുമപ്പുറം നീല....
കാറ്റ് ഉണ്ണിക്കുട്ടനെയുംകൊണ്ട് ഉയര്‍ന്നു.
ഉണ്ണിക്കുട്ടന് കണ്ണുകാണാതായി. ചുറ്റും മഞ്ഞ്. പഞ്ഞിക്കെട്ടുകളായി മഞ്ഞും പുകയും.
ഉണ്ണിക്കുട്ടന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.
പിന്നെയെപ്പഴോ കണ്ണു തുറന്നപ്പോള്‍ കണ്ടത് വിളക്കുകള്‍. കത്തിച്ചുവച്ച വിളക്കുകള്‍.
അങ്ങകലെ പച്ചനിറം. അതിനപ്പുറത്തു നീല.
'ഞാന്‍ വരുന്നതുവരെ ഇവിടെ ഇരിക്കണം ' - ഉണ്ണിക്കുട്ടനോട് കാറ്റ് പറഞ്ഞു.
ഉണ്ണിക്കുട്ടന്‍ ചുറ്റും നോക്കി.
വിമാനങ്ങള്‍ പറന്നുയര്‍ന്നു. ചിലത് വന്നിറങ്ങി. പിന്നെയും അത് ആവര്‍ത്തിച്ചു. ഉണ്ണിക്കുട്ടന് കണ്ടതു തന്നെ കണ്ടു മടുത്തു.
ഓറഞ്ചിന്റെ നിറമുള്ള കാറുകള്‍. അതില്‍ നീലനിറം.
ഭാഷ ഉണ്ണിക്കുട്ടനു മനസിലായില്ല.
ഉണ്ണിക്കുട്ടന്‍ പതുക്കെ നടന്നു.
ആരും അവനോട് ഒന്നും ചോദിച്ചില്ല.
ഉണ്ണിക്കുട്ടനെ കൂട്ടിക്കൊണ്ടുപോകാന്‍ ആരൊക്കെയോ വന്നു.
ഉണ്ണിക്കുട്ടന് ജോലി കിട്ടി.
ഉണ്ണിക്കുട്ടന്റെ മുറി വാദികബീര്‍ എന്ന സ്ഥലത്താണ്.
വാദിയെന്നാല്‍ വെള്ളമൊഴുകുന്ന ചാല്‍.
കബീര്‍ എന്നതിനര്‍ഥം വലിയത്.
ഉണ്ണിക്കുട്ടന്‍ എവിടെയാണെന്നു ചോദിച്ചാല്‍, അച്ഛന് സുഖമായി മറുപടി പറയാം.
അവന്‍ ഇപ്പോള്‍ വലിയ ചാലിലാണ്.
ഉണ്ണിക്കുട്ടന് സ്വന്തമായി വീടുണ്ട്.
പിടിച്ചുപറിക്കാരുള്ള തെരുവു താണ്ടി വേണം അവിടെയെത്താന്‍.
ഉണ്ണിക്കുട്ടന്‍ ധീരന്‍.
കരാട്ടെക്കാരന്‍.
അഭ്യാസി.
കൈവിടര്‍ത്തി നെഞ്ചുവിരിച്ചു നടന്നു.
ടാറിട്ട വഴി. കിണറുപോലെയൊരു സ്ഥലത്ത് ഒരു പള്ളി.
കുവൈത്തി മോസ്‌ക്.
ടൈല്‍സ് വിരിച്ച വൃത്തിയുള്ള റോഡ്.... ഉണ്ണിക്കുട്ടന്‍ നടന്നു.
വേ നമ്പര്‍ 5654.
ആര്യവേപ്പിന്റെ ചുവട്ടില്‍ കാറുകള്‍.
വെളുത്തതും ചുവന്നതും നീലയുമായി പലതരം കാറുകള്‍.
വെയിലുകാഞ്ഞ്, വെയിലത്തു പൊരിഞ്ഞ് ആരെയൊക്കെയോ കാത്തിരിക്കുന്നു.
മുറിയില്‍ കയറി. ഇലക്ട്രിക് തണുപ്പ്. കുളിമുറിയില്‍ ഫാനിന്റെ തണുപ്പ്.
പകുതി തണുപ്പും അതില്‍പ്പകുതി ചൂടും ചേര്‍ത്ത് ഉണ്ണിക്കുട്ടന്‍ സ്വയം നിമജ്ജനം ചെയ്തു.
ഉണ്ണിക്കുട്ടന്‍ ജനാല തുറന്നു.
കറുത്ത വേഷങ്ങള്‍ കടന്നുപോയി.
വെളുത്ത വേഷങ്ങള്‍ നടന്നു.
കാറും ജീപ്പും പാഞ്ഞു.
ആരുടെയും മുഖം കാണാനില്ല.
വാദി കബീര്‍.
കുവൈത്തികളുടെ പള്ളി.
ലുലുവിനു മുന്നിലെ പള്ളി.
റൗണ്ട് എബൗട്ട്.
സനയ്യ.
പിന്നെ കുറച്ചു ദൂരത്തിനു പേരില്ല.
ഷെറാട്ടനു പിന്നിലെ ബില്‍ഡിങ്ങില്‍ ഉണ്ണിക്കുട്ടന്‍ ജോലി ചെയ്തു.
ശമ്പളം വാങ്ങി.
ഉണ്ടു.
ഉറങ്ങി.
വെയിലിന്റെ പകല്‍. ഇരുട്ടിന്റെ രാത്രി. പിന്നെയും അതു തന്നെ. അതു കഴിഞ്ഞപ്പോഴും അതു തന്നെ.
ഓരോ രാത്രിയും ഉണ്ണിക്കുട്ടന്‍ കരഞ്ഞു.
തലയിണ പൊക്കി നോക്കി.
എണ്ണി, തിട്ടപ്പെടുത്തി.
നോട്ടുകള്‍ അവിടെത്തന്നെയുണ്ട്.
ഇപ്പോള്‍ കുറേയായി. ഉണ്ണിക്കുട്ടന്റെ കണ്ണ് പിന്നെയും നിറഞ്ഞു. എന്നാലും ഉണ്ണിക്കുട്ടന്‍ ചിരിച്ചു.
വെയില്‍ മാറി.
തണുപ്പു വന്നു.
കുളിരിന്റെ തോളത്തു കയറി കാറ്റു വന്നു.
ഉണ്ണിക്കുട്ടന്‍ കാത്തു നിന്നു.
കാറ്റിന് ഉണ്ണിക്കുട്ടന്‍ ഉമ്മകൊടുത്തു.
കാറ്റ് ഉണ്ണിക്കുട്ടനെ ചേര്‍ത്തുപിടിച്ചു.
കടലുകള്‍. വരപോലെ പുഴകള്‍. തെങ്ങിന്‍ തോപ്പുകള്‍....
ഉണ്ണിക്കുട്ടന്‍ കുറേത്തവണ തിരിഞ്ഞുമറിഞ്ഞു.
പുതപ്പിന്റെ അറ്റം മുഖത്തു നിന്നു മാഞ്ഞപ്പോള്‍ ഉണ്ണിക്കുട്ടന്‍ ഉണര്‍ന്നു.
ജനാലയില്‍ത്തട്ടി നിലാവ് പുഞ്ചിരിച്ചു.
കര്‍ട്ടനിലെ സാരിയില്‍ പൂവുകള്‍ ചാഞ്ചാടി.
അതേനിറം, അതേ ചന്തം....
ഉണ്ണിക്കുട്ടന്‍ ജനലിനടുത്തേയ്ക്കു നടന്നു.
പുറത്തേയ്ക്കു നോക്കി.
എവിടെ, കറുപ്പും വെളുപ്പുമെവിടെ.....?
ദൂരെയെവിടെയോ നായകളുടെ ഓരിയിടല്‍ മാത്രം കേട്ടു.
ഉണ്ണിക്കുട്ടന്‍ കട്ടിലില്‍ ഇരുന്നു.
തലയിണയിലേക്ക് ചാഞ്ഞു.
വാച്ചിലേക്കു നോക്കി.
തിരിഞ്ഞും മറിഞ്ഞും കിടന്നു.
മൂളിപ്പാട്ടു പാടി.
ഉണ്ണിക്കുട്ടന്‍ തലയിണയെ കെട്ടിപ്പിടിച്ചു.
ഉണ്ണിക്കുട്ടന്റെ സ്വപ്നങ്ങള്‍ക്കു പിന്നെയും ചിറകു വിടര്‍ന്നു.
തലയിണയ്ക്കടിയില്‍ നിന്ന് അത് പറന്നു തുടങ്ങി.