Latest News

ചെന്നൈയിലെ സ്ഥലം വാങ്ങി പണിത ആദ്യ വീട് പണിതത് 26 ാം വയസ്സില്‍; കല്യാണം കഴിഞ്ഞ് മക്കളായ ശേഷം പണിത വീട് വിറ്റത് അടുത്തിടെ; 37 വര്‍ഷം താമസിച്ച ചെന്നൈയിലെ വീട് വിട്ട് ചേക്കേറിയത് തൃശൂരില്‍ പണിതെടുത്ത ഓംക എന്ന പ്രിയപ്പെട്ട ഇടത്തിലേക്ക്; സംഗീത സംവിധായകന്‍ ഔസേപ്പച്ചനും ഭാര്യയും വീട്ടു വിശേഷങ്ങള്‍ പങ്ക് വച്ചത്

Malayalilife
ചെന്നൈയിലെ സ്ഥലം വാങ്ങി പണിത ആദ്യ വീട് പണിതത് 26 ാം വയസ്സില്‍; കല്യാണം കഴിഞ്ഞ്  മക്കളായ ശേഷം പണിത വീട് വിറ്റത് അടുത്തിടെ; 37 വര്‍ഷം താമസിച്ച ചെന്നൈയിലെ വീട് വിട്ട് ചേക്കേറിയത് തൃശൂരില്‍ പണിതെടുത്ത ഓംക എന്ന പ്രിയപ്പെട്ട ഇടത്തിലേക്ക്; സംഗീത സംവിധായകന്‍ ഔസേപ്പച്ചനും ഭാര്യയും വീട്ടു വിശേഷങ്ങള്‍ പങ്ക് വച്ചത്

ഔസേപ്പച്ചന്‍ എന്ന സംഗീത സംവിധായകനെ, വയലിനിസ്റ്റിനെ, ഗായകനെ സ്നേഹിക്കാത്ത മലയാളികള്‍ ഉണ്ടാകില്ല. സംഗീതത്തിന്റെ മാന്ത്രിക സ്പര്‍ശമുള്ള അദ്ദേഹം തൃശൂര്‍ സ്വദേശിയാണ്. എന്നാല്‍ സംഗീതത്തിലേക്ക് ചുവടുവച്ച ആദ്യ കാലത്ത് അദ്ദേഹം താമസിച്ചിരുന്നത് ചെന്നൈയിലായിരുന്നു. വിവാഹം കഴിഞ്ഞ് രണ്ട് ആണ്മക്കള്‍ക്കൊപ്പം ചെന്നൈയിലേക്ക് താമസം മാറിയപ്പോഴാണ് ഒരു വീട് വേണമെന്ന ചിന്തയുണ്ടായതും അന്നത്തെ കൊച്ചു സമ്പാദ്യം കൊണ്ട് ചെന്നൈയിലെ സാലിഗ്രാമിലെ രാജേന്ദ്രന്‍ കോളനിയില്‍ കുറച്ചു സ്ഥലം വാങ്ങി വീട് പണിതതും. 

നമ്പര്‍ 11 എന്നായിരുന്നു ആ വീട്ടു നമ്പര്‍. പിന്നീട് ജീവിതം ആ വീട്ടിലായിരുന്നു. മക്കള്‍ വളര്‍ന്നു. സംഗീതം വളര്‍ന്നു. ജോലി ആവശ്യാര്‍ത്ഥം ഔസേപ്പച്ചന്‍ കേരളത്തിലേക്ക് വന്നും പോയുമിരുന്നു. അപ്പോഴും ഭാര്യ മറിയ ആ വീട്ടില്‍ തന്നെയായിരുന്നു. ആ വീടിന്റെ മുക്കും മൂലയും പരിപാലിച്ച് 37 വര്‍ഷത്തോളമാണ് മറിയയും ഔസേപ്പച്ചനും കഴിഞ്ഞത്. ഒടുവില്‍ ഉള്ളുവിങ്ങി ആ വീടിനോട് യാത്ര പറയേണ്ടി വരികയായിരുന്നു അവര്‍ക്ക്. അതിനു കാരണമായത് ചില ജീവിത സാഹചര്യങ്ങളായിരുന്നു.

ഔസേപ്പച്ചന്റെ മൂത്തമകന്‍ യുഎസിലാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഇളയ മകന്റെ വിവാഹം. നാട്ടില്‍ വീടില്ലാതിരുന്നതിനാല്‍ തന്നെ ചേട്ടന്റെ വീട്ടില്‍ വച്ചായിരുന്നു ആ വിവാഹം നടന്നത്. അപ്പോഴാണ് നാട്ടില്‍ ഒരു വീട് വേണമെന്ന ആഗ്രഹം ഉണ്ടായത്. അങ്ങനെ തൃശൂര്‍ കിഴക്കേക്കോട്ടയില്‍ 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് വാങ്ങിയിട്ട 11 അര സെന്റ് സ്ഥലത്ത് വീട് നിര്‍മ്മിക്കുവാന്‍ തീരുമാനിക്കുന്നത്. ഇന്ന് ഇതുപോലെ കണ്ണായ ഒരു സ്ഥലത്ത് കുറച്ച് സ്ഥലം വാങ്ങുക എന്നത് ചിന്തിക്കാന്‍ പോലും സാധിക്കില്ല. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് മുന്നേ വാങ്ങിയിട്ട സ്ഥലം വില്‍ക്കാതെ ഇട്ടത് ഇങ്ങനെയൊരു വിധി നിശ്ചയത്തിലേക്ക് എത്തുകയായിരുന്നു. മക്കളോട് ചോദിച്ചപ്പോള്‍ അവര്‍ക്ക് പൂര്‍ണസമ്മതവും ആയിരുന്നു. അങ്ങനെയാണ് ഔസേപ്പച്ചന്റെ കണ്‍സെപ്റ്റില്‍ വലിയ സ്റ്റുഡിയോയടക്കം മകന്റെയും മരുമകളുടേയും ഡിസൈനില്‍ അത്യാഢംബരമായ പുതിയ വീട് തൃശൂരില്‍ ഒരുങ്ങിയത്.

ഇവിടെ വീട് പണിയാനുള്ള തീരുമാനവും ചെന്നൈ വിടാനുള്ള തീരുമാനവും അവിടുത്തെ വീട് വില്‍ക്കാനുള്ള തീരുമാനവുമൊക്കെ വളരെ പെട്ടെന്നായിരുന്നു. ഇവിടെ സഹോദരങ്ങളെല്ലാം തൊട്ടരികെ തന്നെയാണ് താമസിക്കുന്നത്. 2017ലാണ് പുതിയ വീടിന്റെ പണി തുടങ്ങിയത്. 2019ല്‍ പൂര്‍ത്തീകരിക്കുകയും 2020 മാര്‍ച്ച് 14ന് ഗൃഹപ്രവേശവും താമസം തുടങ്ങലും എല്ലാം കഴിഞ്ഞു. എങ്കിലും, ആ പുതിയ വീടിന്റെ ഉമ്മറത്തിരിക്കുമ്പോള്‍ ഓര്‍മ്മകള്‍ ചെന്നൈയിലെ സാലിഗ്രാമിലുള്ള പഴയ വീടിന്റെ പടിക്കലേക്ക് എത്തും. 26-ാം വയസില്‍ കയ്യില്‍ അധികം സമ്പാദ്യമില്ലാതിരുന്ന കാലത്ത് വാടകവീട് ഒഴിവാക്കാന്‍ വേണ്ടി പണിത ആ പഴയ വീട്. ഔസേപ്പച്ചന്റെ സംഗീതജീവിതം പിച്ചവെച്ചതും വളര്‍ന്നതും മക്കള്‍ ഓടിച്ചാടി നടന്നതും ആ ചുമരുകള്‍ക്കുള്ളിലായിരുന്നു. 2020 മാര്‍ച്ചിലെ ഒരു സായാഹ്നത്തിലാണ് ആ വീടിന്റെ മുന്‍വാതിലില്‍ ഒരു മുത്തം നല്‍കി ഔസേപ്പച്ചനും പ്രിയതമ മറിയയും യാത്ര പറഞ്ഞത് നിറകണ്ണുകളോടെയാണ്.

ഔസേപ്പച്ചന്‍, മറിയ, കിരണ്‍, അരുണ്‍ എന്നിങ്ങനെ നാലു പേരുടേയും പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്താണ് 'ഓംകാര' എന്നാണ് പുതിയ വീടിനു പേരിട്ടിരിക്കുന്നത്. കയ്യില്‍ സമ്പാദ്യമൊന്നും ഇല്ലാതിരുന്ന കാലത്ത് പണിത വീടായതിനാല്‍ തന്നെ ചെന്നൈയിലേത് ഒരു സ്വപ്ന വീട് ഒന്നുമായിരുന്നില്ല. പക്ഷെ, ഔസേപ്പച്ചന് തൃശൂരിലെ പുതിയ വീട് തന്റെ സ്വപ്നം തന്നെയാണ്, പക്ഷേ മറിയയ്ക്ക് ഇന്നും ആ പഴയ വീടിന്റെ ഓരോ മുക്കും മൂലയും ഹൃദയത്തോട് ചേര്‍ത്തുവെച്ച നീറുന്ന ഓര്‍മ്മയാണെന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഔസേപ്പച്ചന്‍ പറയുന്നു.

l Ouseppachan Home in chennai

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES