Latest News

റെയിൽവേപൂക്കൾ-ചെറുകഥ

മനു അയന്തിക്കൽ
റെയിൽവേപൂക്കൾ-ചെറുകഥ

വളുടെ മടിയിൽ തലവച്ചുകിടക്കാൻ നല്ല സുഗമായിരുന്നു. അവൾ എനിക്ക് വേണ്ടി ഏതോ മലയാളം പാട്ട് പാടി തന്നു. നല്ല ശ്രുതി ശുദ്ധമായ പാട്ട്. പാതിയിലെപ്പഴോ അവളുടെ പാട്ട് അസഹനീയമായി തോന്നി. കണ്ണ് തുറന്ന് നോക്കി. ഹാവ്! മൊബൈലിൽ അലാറം മുഴങ്ങുന്നു. ചാടി എഴുന്നേറ്റ് സമയം നോക്കി. ഈശ്വരാസമയം വൈകിയിരിക്കുന്നു.

പെട്ടെന്ന് ബ്രഷിൽ പേസ്റ്റ് തേച്ചുകൊണ്ട് ബാത്ത്‌റൂമിലേക്ക് പോയി. രാവിലത്തെ കാര്യങ്ങളൊക്കെ പടാന്ന് കഴിച്ചു. മുടി ചീകിക്കൊണ്ടിരിക്കുമ്പോൾ അമ്മ അപ്പുറെ നിന്ന് നീട്ടി വിളിക്കുന്നകേൾക്കാമായിരുന്നു - ശങ്കുവേ............ ശങ്കുവേ............ നാശം അമ്മയോട് ആയിരം വട്ടം പറഞ്ഞിട്ടുണ്ട് എന്നെ അങ്ങനെ വിളിക്കരുതെന്ന്. അമ്മയ്ക്ക് ശങ്കർ എന്ന് വിളിച്ചാലെന്താകുഴപ്പം. ഇപ്പോൾ തന്നെ കൂട്ടുകാരെല്ലാം ചങ്കു എന്ന് വിളിച്ച് കളിയാക്കുന്നു. എങ്കിലും അമ്മയോട് മറുത്ത് ഒന്നും പറഞ്ഞില്ല. 
കഴിക്കാനായി ചെന്നിരുന്ന് പാത്രത്തിലേക്ക് നോക്കി. ഹാവു! ഇന്നും ഇഡ്ഡലി തന്നെ. ഈ ഇഡ്ഡിലിയിൽ നിന്നും ചമ്മന്തിൽ നിന്നും എന്നാ ഒരുമോചനമില്ലേ ഈശ്വരാ?
അച്ഛൻ അപ്പുറെ ഇരുന്ന് വെട്ടി വിഴുങ്ങുന്നു. അച്ഛനത് വല്യ ഇഷ്ടമാണ്. കഴിഞ്ഞ 25 വർഷമായി അച്ഛൻ ഇത്തന്നെ കഴിക്കുന്നു. പാവം അച്ഛൻ, അച്ഛനോട് സഹതാപം തോന്നി. എങ്കിലും ദുഷ്ടനാണ്. ഒരു കാലത്ത് ഇടനാട് വാണിരുന്ന നാടുവാഴിയായിരുന്നു. ഇപ്പോൾ കണ്ടില്ലേ, ആർത്തിയോടെ ഇരുന്ന് ഇഡ്ഡലി വെട്ടി വിഴുങ്ങുന്നത്. പഴയ ഭരണവും നാട് വാഴിത്തവുമൊക്കെ പോയെങ്കിലും അച്ഛന്റെ ആ പഴയ കാർക്കശ്യത്തിന് ഒരു കുറവുമില്ല.
കൈകഴുകി തിരിച്ചുറൂമിലെത്തി പാന്റും ഷർട്ടും എടുത്തിട്ട് പിന്നെ മെഡിക്കൽ തിയറികൾ അടങ്ങിയ തടിയൻ പുസ്തകങ്ങളും എടുത്ത് വെളുത്ത കോട്ട് ഒരു തോളിൽ തൂക്കിയിട്ട് മെല്ലെ ഇറങ്ങി ഉമ്മറത്ത് ചാരുകസേരയിൽ അച്ഛൻ അങ്ങനെ ചാരികിടപ്പുണ്ടായിരുന്നു. ഇപ്പോഴും ഇടനാട് വാഴുന്ന നാടുവാഴി ഞാൻ തന്നെ എന്ന ഗർവ്വോടെ. അച്ഛനോട് യാത്രപറഞ്ഞ് ഇറങ്ങി നടന്നു.

ഒരു ഡോക്ടർ ആവണം എന്ന് വല്ല്യ മോഹമൊന്നുണ്ടായിരുന്നില്ല. അച്ഛന്റെ വല്യൊരു ആഗ്രഹമാണ് തറവാട്ടിൽ ഒരു ഡോക്ടർ വേണമെന്ന്. അച്ഛന്റെ ആഗ്രഹമല്ലേ. എങ്കിൽ ആയിക്കളയാം. അത്രതന്നെ. പടിക്കെട്ടുകൾ ഇറങ്ങിനടക്കുമ്പോൾ വാച്ചിൽ സമയം നോക്കി. എട്ട് മണി ഈശ്വരാ ബസ് ഇപ്പോൾ വരും. അകലെനിന്ന് ബസിന്റെ ഹോർൺ വിളി കേട്ട് വേഗം ഇറങ്ങി ഓടി.

ബസ് എത്തുന്നതിന് മുമ്പ് തന്നെ സ്റ്റോപ്പിലെത്തി. ഒരു വിധം ബസിൽഞാന്നുകയറി. ഒരിക്കൽ അച്ഛനോട് പറഞ്ഞതാ അച്ഛാ ഒരു ബൈക്ക് വാങ്ങി താ. കൂട്ടികാർക്കെല്ലാം ബൈക്ക് ഉണ്ട്, അപ്പോൾ അച്ഛൻ പറഞ്ഞ മറുപടി 'വണ്ട കുന്ത്രാണ്ടത്തിന്റെ മുകളിൽ നിന്നും മറിഞ്ഞുവീണ് കൈയോകാലോ ഒടിഞ്ഞിരിപ്പായാൽ പിന്നെ പഠിപ്പൊക്കെ എന്താവും?'
ഹും! അച്ഛന്റെ വിചാരം ബൈക്കുള്ളവരെല്ലാം തലയും പൊട്ടി കൈയും ഒടിഞ്ഞ് ഇരിപ്പാന്നാ. നാടുവാഴി ആണത്രേ- നാടുവാഴി.
ബസ് റയിൽവേസ്റ്റേഷന്റെ മുമ്പിൽ നിന്നുമെല്ലെ ഇറങ്ങി ലെവൽ ക്രോസ് വഴി പ്ലാറ്റ്‌ഫോർമിൽ എത്തി വാച്ചിൽ നോക്കി ട്രെയിൻ വരാൻ ഇനി അഞ്ച് മിനിട്ട് കൂടിയുണ്ട്.
എന്നാലും കാര്യല്ല. വന്നാവന്നു അതല്ലേ നമ്മുടെ ഇന്ത്യൻ റയിൽവേ.
പക്ഷേ പത്ത് മിനിട്ട് കഴിഞ്ഞപ്പോൾ ട്രെയിൻ വന്നു. ഓടി ജനറൽ കമ്പാർട്ട്‌മെന്റിൽ കയറി. സീസൺടിക്കറ്റ് എടുത്തുകയ്യിൽ പിടിച്ചുകൊണ്ട് സ്ഥിരം സീറ്റിൽ ഇരുന്നു. 
ഒരിക്കൽ ഞാൻ അച്ഛനോട് പറഞ്ഞതാണ്. അച്ഛാ കൂട്ടുകാരൊക്കെ അവിടെ കോളേജിനടുത്ത് ഒരു വീട് എടുത്ത് അവിടാണ് താമസം. ഒരു ഷെയർ കൊടുത്താൽ എന്നെയും ഒപ്പം കൂട്ടാമെന്ന് പറഞ്ഞിട്ടുണ്ട്. അപ്പോൾ അച്ഛൻ പറഞ്ഞത് - വേണ്ട ഓരോത്തിടത്തൊക്കെ പോയി കിടന്നുകൂട്ടുകൂടി ഓരോ ശീലങ്ങളൊക്കെ പഠിച്ചു ഇങ്ങോട്ട് വരണ്ട, കാവിൽ മുടങ്ങാതെതിരിവെക്കുന്ന തറവാട് ആണേ ഇത്. 
ഹും പുരയിടത്തിൽ പൊഴിഞ്ഞുവീഴുന്നതേങ്ങയുടെ തൊണ്ട് വിറ്റാൽ മതി എന്റെ ചെലവുകളെല്ലാം നടക്കും. എന്നാലും അച്ഛൻ പിശുക്ക് തന്നെ, നാട് വാഴി ആണ് പോലും നാട് വാഴി.
ക്ലാസ്സിൽ ചെന്ന് പതിവ് പോലെ ഞങ്ങൾ ഇരിക്കാറുള്ള ആ നാലാം നമ്പർ ബഞ്ചിൽ ബുക്‌സ് വച്ചു. റോബിനും അജയും സുൽഫിയുമൊന്നും എത്തിയിട്ടില്ല. ഞാൻ മെല്ലെ പുറത്തിറങ്ങി. അരമതിലിൽ ചാരി താഴേയ്ക്ക് നോക്കി നിന്നു. താഴെക്കൂടെ പെൺകുട്ടികൾ കൂട്ടമായി നടന്നുപോകുന്നു. പക്ഷെ ഒന്നും ഒരു കളർഭംഗി ഇല്ലാ. എല്ലാം വെളാന്നുള്ള ആ വെള്ളക്കുപ്പായമിട്ട്, നാശംതന്നെ. എതിർ വശത്തായി ജൂനിയർ പയ്യന്മാർ നിന്നുവർത്തമാനം പറയുന്നു, അവന്മാരെ ഒന്ന് വിരട്ടിയേക്കാം. 'എന്താടാ രാവിലെ ഒന്നും പഠിക്കാനില്ലെ, ക്ലാസ്സിൽ പോടാ'. ഇപ്പോൾ പൊക്കോളാം ചേട്ടാ എന്ന് പറഞ്ഞിട്ട് അവന്മാര് വീണ്ടും വാചകമടി തുടർന്നുകൊണ്ടിരുന്നു. 
ഇവന്മാർക്കിപ്പോൾ തീരെ ബഹുമാനം ഇല്ല. ആ.... അപ്പുറെ നിന്നു കോളേജ് സുന്ദരി സെലീന നടന്നുവരുന്നു. അവളെ ഒന്ന് വിഷ് ചെയ്‌തേക്കാമെന്ന് കരുതി. 'ഹായ് സെലീന ഹൗ ആർ യു' 
' ഒന്ന് പോടാ രാവിലെ ഒലിപ്പിക്കാതെ' 
വേണ്ടാരുന്നു രാവിലെ വെറുതെ ചളമായി
അപ്പുറെനിന്ന ജൂനിയർ പയ്യന്മാർ അടക്കിപ്പിടിച്ചു ചിരിക്കുന്നത് കണ്ടു. ജാള്യതമാറ്റാൻ ഒരു മൂളിപ്പാട്ടും പാടി ക്ലാസിലേക്ക് നടന്നു. ക്ലാസ്സ് തുടങ്ങാറായപ്പോൾ റോബിനും അജയും സുൽഫിയും എത്തി.
ഫസ്റ്റ് പീരീഡ് ശ്രീദേവി ഡോക്ടറുടെ ക്ലാസ്സായിരുന്നു. അഞ്ച് മണിക്കൂർ ഉള്ള ഒരു ദിവസം ഞങ്ങൾ ആകെ ശ്രദ്ധിക്കാറുള്ള ഒരേയൊരു പീരീഡ്. മനുഷ്യശരീരത്തിന്റെ പ്രവർത്തനങ്ങളെയും രൂപങ്ങളെയും കുറിച്ച് അവർ വാതോരാതെ ക്ലാസ് എടുത്തുകൊണ്ടിരുന്നു. പക്ഷെ ബോർഡിൽ തിരിഞ്ഞുനിന്നെഴുതുന്ന അവരുടെ ബോഡിയുടെ ചലനങ്ങൾ വീക്ഷിക്കാനായിരുന്നു ഞങ്ങൾക്ക് താല്പര്യം. ഒരു ദിവസം എങ്ങനെയൊക്കെയോ പോയി. ട്രെയിനിന്റെ പിറകെയും ബസിന്റെയും പിറകെയും ഓടി എങ്ങനെയൊക്കെടോ വീട്ടിലെത്തി. കുളത്തിൽ കുളികഴിഞ്ഞ് കയറിവരുമ്പോൾ ഉമ്മറത്ത് വിളക്കുവച്ച് മുത്തശ്ശിനാമം ചൊല്ലുന്നു. മുത്തശ്ശിയെ ഒരു നിമിഷം വെറുതെ ശ്രിദ്ധിച്ചു, ഞാൻ രാവിലെ പോകുന്ന ട്രെയിൻ ആണ് അപ്പോൾ ഓർമ്മ വന്നത്. ട്രയിൻ ഇത് പോലെയാണ്. ആദ്യം ഏന്തിവലിഞ്ഞുകരകരശബ്ദത്തിൽ പതുക്കെ വേഗം കൂട്ടി ചീറിപാഞ്ഞുപോകും. പക്ഷെ മുത്തശ്ശി ചീറി പായുന്നില്ല. ആ കര കര ശബ്ദം അങ്ങനെ തുടരുന്നു. ഊണ്മുറിയൽ ചെന്നപ്പോൾ അമ്മ ചായ തന്നു രാവിലത്തെ ഇഡ്ഡിലി ഇനിയും തീർന്നിട്ടില്ല. ചായക്കൊപ്പം അമ്മ അത് വീണ്ടും വിളമ്പി. ഹാവു! കുടുങ്ങിയിരിക്കുന്നു. ചായകുടികഴിഞ്ഞ് റൂമിലെത്തി തടയൻ പുസ്തകങ്ങൾക്കിടയിൽ മുഖം പൂഴ്‌ത്തി അങ്ങനെ ലയിച്ചിരുന്നു. പുസ്ഥകത്തിൽ തലവച്ചുകൊണ്ട് എപ്പോളോ ഉറങ്ങിപോയി. അമ്മ വന്നു തട്ടിവിളിച്ചു. മോനെ , ശങ്കു കഞ്ഞികുടിച്ചേച്ചുകിടക്ക്. 
കഞ്ഞികുടിച്ചേച്ചുമെല്ലെ കട്ടിലിൽ ഉറങ്ങാൻ കിടന്നു. 
രാവിലെ കുളിച്ചു റെഡിയായി പോകാൻ തുടങ്ങുമ്പോളാണഅ ഓർത്തത്. ഇന്ന് റോബിന്റെ ബർത്ത്‌ഡേയാണ്
വൈകീട്ട് പാർട്ടിയുണ്ട്.
ക്ലാസിൽ ചെന്നപ്പോ അവന്മാരൊന്നും വന്നിട്ടില്ല. മെല്ലെ കോളേജിന്റെ ഗേറ്റ് കടന്നു റോബിൻ താമസിക്കുന്ന വീട്ടിൽ ചെന്നു അവന്മാർ രാവിലെ തന്നെ ആഘോഷം തുടങ്ങിയിരിക്കുന്നു. അവർക്കൊപ്പം കൂടി അവർ പകർന്നുതന്ന ലഹരി അങ്ങനെ നുണഞ്ഞിരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല. ക്ലാസിൽ ഇരുന്നാൽ എന്ത് ചെയ്താലും സമയം പോകില്ല.
ഞാൻ വാച്ചിൽ നോക്കി. ഈശ്വരാ. സമയം അഞ്ച് മണി. ട്രെയിൻ പോയികഴിഞ്ഞിരിക്കും. എന്ത് ചെയ്യു?
എന്റെ പരിഭ്രമം കണ്ട് സുൽഫി പറഞ്ഞു. പേടിക്കണ്ട ഞാൻ കൊണ്ടെവിടാമെടാ.
ഹോ! ഇവിടെ നിന്ന് കാറിൽ വീട്ടിൽ എത്തണമെങ്കിൽ കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും വേണം.
അച്ഛനോട് എന്ത് പറയുമെന്ന് ആലോചിച്ചുകൊണ്ടേയിരുന്നു.
സുൽഫിയുടെ കാർ ചീറിപായുമ്പോൾ എന്റെ മനസ്സിൽ ഉമ്മറത്ത് എന്നെയും കാത്തുനിൽക്കുന്ന ആ പഴയ നാടുവാഴി, കാർക്കശ്യക്കാരൻ അച്ഛന്റെ മുഖമായിരുന്നു ഉള്ളിൽ. പടിക്കെട്ടിന് താഴെ കാർ നിന്നു ഞാൻ ഇറങ്ങി അവന്മാരോട് പറഞ്ഞു. ഡാ ഒന്ന് കയറിയെച്ചു പോടാ,
ഏയ് ഞങ്ങൾക്ക് തിരക്കുണ്ടെട, എന്നു പറഞ്ഞ് സുൽഫി കാർ മുമ്പോട്ടെടുത്തു. 
ഹഹഹഹ അവന്മാർക്ക് അച്ഛനെ പേടിയാണ്. പടിക്കെട്ടുകൾ കയറിചെല്ലുമ്പോൾ പ്രതീക്ഷിച്ച പോലെ അച്ഛൻ ഉമ്മറത്ത് ഉണ്ടായിരുന്നു. വോടകയാകഴിച്ചത് വല്യ മണം ഉണ്ടാക്കില്ല. 
അകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ അച്ഛൻ നീട്ടുമൂളി മ്മ്മം............
അതിനർത്ഥം അവിടെ നിൽക്ക് എന്നാണ് - കുറച്ച് മാറി നിന്നു. 
എന്തെ വൈകി??????? 
ഇന്ന് ട്രെയിൻ വന്നില്ല അച്ഛാ.. സുൽഫികൊണ്ട് വിട്ടു. അതാ ലേറ്റായത്. അച്ഛൻ അത് വിശ്വസിച്ചെന്നു തോന്നുന്നു. 
ഹവു രക്ഷപെട്ടു.
ഇന്ന് കുളത്തിൽ പോയികുളിക്കാൻ പറ്റിയില്ല. ബാത്ത് റൂമിൽകുളിച്ചു വന്നു കഞ്ഞികുടിച്ച് നേരെ കേറികിടന്നു.
രാവിലെ ലേറ്റായാണ് എഴുന്നേറ്റത് പെട്ടന്ന് കുളിച്ചൊരുങ്ങി ഇഡ്ഡലികഴിക്കാതെ ഇറങ്ങിയോടി. 
അപ്പോൽ അമ്മ പുറകെ പാത്രവുമായി വന്നു. ' ചോറ് കൊണ്ട് പോകെടാ മോനെ'
ഞാൻ കാന്റിനിൽ നിന്നും കഴിച്ചോളാം അമ്മെ എന്ന് പറഞ്ഞു എന്റെ കുട്ടി ചീത്ത ഭക്ഷണം കഴിച്ചു വയറുചീത്തയാക്കേണ്ട. അമ്മ ചുട്ടരച്ച തേങ്ങകൊണ്ട് ഉണ്ടാക്കിയ ചമ്മന്തിയും പപ്പിടവും ഉണ്ട്.
ഹോ നാശം. അമ്മേടെ ഒരു ചമ്മന്തി, കൂട്ടുകരെല്ലാം കളിയാക്കി അവർ തന്നെ മടുത്തു. എങ്കിലും ആ പാത്രം വാങ്ങി ബാഗിൽ വച്ചു ഇറങ്ങി നടന്നു.
പടിക്കെട്ട് ഇറങ്ങുമ്പോൾ ജയശ്രീ കടന്നു വരുന്നു. എന്ന കണ്ടതും അവൾ ചോദിച്ചു. ഇപ്പഴാണോ സാറ് ഒരുങ്ങികെട്ടി പോകുന്നത്. ഞാൻ വാച്ചിൽ നോക്കി സമയം ഒന്നും ആയിട്ടില്ല. എങ്കിലും ഒന്നും മിണ്ടിയില്ല.
അവളെന്തിനാണ് എന്നെ എപ്പോഴും ഇങ്ങനെ കളിയാക്കുന്നത്?
അവളെ കെട്ടിച്ചുവിട്ടതല്ലേ. പിന്നെ എന്തിനാ എപ്പോഴുമിങ്ങനെ കയറി ഇറങ്ങുന്നത്?
അവളുടെ ഭർത്താവ് ബിസിനസ് ആവശ്യത്തിനായി ബാംഗ്ലൂർക്ക് പോകുമ്പോളൊക്കെ ഇവളിങ്ങുപോരും. പക്ഷെ അത് ഞങ്ങളോടുള്ള സ്‌നേഹം കൊണ്ടൊന്നുമല്ല. എനിക്കായ് അച്ഛൻ കരുതിയിരിക്കുന്ന ആ തെങ്ങിൻ തോപ്പിൽ ഇവൾക്കൊരു കണ്ണുണ്ട്. അതിനാണ് കെട്ടിയവൻ ഇവളെ തിരി കയറ്റി വിടുന്നത്. പാഷാണത്തിൽ കൃമി.
ഇവളുടെ ഭർത്താവിന്റെ മുമ്പിൽ പെടുന്നത് അതിർത്തിയിൽ വെടിയുണ്ടകൾക്ക് നടുവിൽ നിക്കുന്നതിലെക്കാൾ ഭീകരമാണ്. അയാളുടെ പടക്കങ്ങൾ. 
അടുത്ത് കിട്ടിയാൽ അയാൾ ഉപദേശിക്കും. നോക്ക് ശങ്കർ ഞാൻ ജീവിതത്തിൽ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. കല്ല് ചുമന്നിട്ടുണ്ട്. തെങ്ങ് കയറിയിട്ടുണ്ട്. എന്നൊക്കെ അയാളുടെ ഒരു പൊങ്ങച്ചം

ട്രെയിനിൽ ഇരുന്നപ്പോഴും അളിയനോടുള്ള അമർഷം പോയിരുന്നില്ല. അങ്ങനെ ചിന്തിച്ചിരുന്നു. ഇടയ്ക്ക് ഏതോ സ്‌റ്റേഷനിൽ ട്രയിൻ നിന്നു. ഒരു ശങ്ക തോന്നി. ബാഗ് സീറ്റിൽ വച്ചിട്ട് റ്റോയിലറ്റിലേക്ക് പോയി, തിരികെ വരുമ്പോളേയ്ക്കും ട്രെയിൻ ചലിച്ചു തുടങ്ങിയിരുന്നു. എന്റെ സീറ്റിൽ വന്നിരിക്കാൻ നോക്കുമ്പോൾ അതാ അവിടെ ഒരു പെൺകുട്ടിയിരിക്കുന്നു, കയ്യിൽ ഒരു കൂട നിറയെ പൂക്കൾ ഒപ്പം എന്റെ ബാഗും. ഞാൻ പറഞ്ഞു. ഇത് എന്റെ സീറ്റാണ്, അല്ല ഇത് ഇന്ത്യൻ റയിൽവേയുടെ സീറ്റാണ് എന്ന് വളരെ ദാർഷ്യത്തോടെ പറഞ്ഞുകൊണ്ട് എന്റെ ബാഗ് എന്റെ നേരെ നീട്ടി.
ഞാൻ ഒന്നും മിണ്ടാതെ ആ ബാഗ് വാങ്ങി അവളെ ഒന്ന് നോക്കി. നല്ല ഐശ്വര്യമുള്ള മുഖം. വെളുത്ത നിറം. പച്ച പാവാടയും ബ്ലൗസും നെറ്റിയിൽ മഞ്ഞൾ പ്രസാദവും.
അവളുടെ മുഖത്തുനിന്നു കണ്ണെടുക്കാൻ തോന്നിയില്ല. അവൾ അങ്ങനെ പുറത്തേക്ക് നോക്കി അങ്ങനെ ഗമയിൽ ഇരിക്കുകയാണ്. അവളുടെ മുന്നിൽ കോളേജ് സൗന്ദര്യ റാണി സെലീന ഒന്നുമല്ലെന്ന് തോന്നി.
ഫസ്റ്റ് പീരീഡ് ഇന്ന് ശ്രീദേവി ഡോക്ടറുടെ അല്ല. ആ കിളവൻ പ്രൊഫസറുടേതാണ്. നാശം മഹാ ബോറൻ തന്നെ.
സെക്കൻഡ് പീരീഡ് ലാബാണ്. മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞ ഒരു ബോഡി സ്പിരിറ്റിൽ കിടത്തിയെടുക്കുന്നു. 
അതിന്റെ ഓരോ പാർട്‌സും കീറിമുറിച്ചു അതിലേംഇതിലേം വച്ചിരിക്കുന്നു
സാർ അപ്പുറെ നിന്ന് ആ ബോഡിയുടെ ഓരോ ഭാഗങ്ങളും ഗ്ലൗസ് ഇട്ടകൈകൊണ്ട് എടുത്തു വിവരിച്ചുകൊണ്ടിരുന്നു.
മരിച്ചുകഴിഞ്ഞവനാണെലും ഭാഗ്യവാനാണവൻ, മരിച്ചിട്ടും സ്പിരിറ്റിൽ കിടക്കാൻ ഭാഗ്യം ലഭിച്ചവൻ. സാർ കാണാതെ കുറച്ച് സ്പിരിറ്റ് എടുത്ത് കുടിച്ചാലോ. വേണ്ട ചിലപ്പോൾ മിഥൈൻ അൽകഹോൾ ആവും തട്ടി പോകും. 
ബസ് ഇറങ്ങി നടന്നുവരുമ്പോൾ പുരയിടത്തിൽ തേങ്ങ ഇടുന്നവൻ എതിരെ വരുന്നത് കണ്ടു. എന്നെ കണ്ടതും അവൻ അടുത്ത് വന്നു തലേൽ കെട്ടഴിച്ചു ചോദിച്ചു.
ചെറിയതമ്പ്രാൻ കോളേജ് കഴിഞ്ഞുവരുവാ?

ഹോ അവനോട് നൂറ് തവണ പറഞ്ഞിട്ടുണ്ട്. ചെറിയമ്പ്രാൻ എന്ന് എന്നെ വിളിക്കരുതെന്ന്. ഉള്ളിൽ ദേഷ്യം തോന്നി. അമർഷത്തോടെ ഒന്ന് മൂളിയിട്ട് നടന്നു.
അവന്റെയൊരു ചെറിയമ്പ്രാൻ.
കുളികഴിഞ്ഞുവരുമ്പോൾ ജയശ്രീ അടുക്കളയിൽ അമ്മയെ സഹായിക്കുന്നുണ്ടായിരുന്നു. അവൾ അമ്മയോട് പറയുന്നു അമ്മെ ഏട്ടന്റെ ബിസിനസ് വല്ല്യ നഷ്ടത്തിലാണ്. പുതിയ ഒരു പ്രൊജക്ട് വന്നിട്ടുണ്ട്. അതിന് ഒരു പാട് കാശ് വേണം.
അവളുടെ മനസിലിരുപ്പ് അമ്മയ്ക്ക് മനസിലായി. അമ്മഒന്നും മിണ്ടിയില്ല. അവൾ ആ തെങ്ങും തോപ്പും കൊണ്ടേ പോകു എന്ന വാശിയിലാ, അച്ഛൻ അതുകൊടുക്കില്ലാന്നും.
പതിവ് പോലെ ട്രെയിനിൽ ഇടിച്ചുകയറി. പതിവ് സീറ്റിൽ അവൾ ഇരിക്കുന്നു. എനിക്കും മുമ്പേ കയ്യിൽ പൂക്കൂടയുമായി. എന്നെ കണ്ടതും അവൾ എന്റെ നേരെ ഒന്ന് നോക്കി. കണ്ടില്ലേ ഇന്ന് ഞാൻ നിനക്കും മുമ്പേ ഇരുന്നത് എന്ന ഭാവത്തിൽ. ഹം അഹംഭാവം അല്ലെ അത്?

ഞാൻ എന്റെ ബാഗ് അവളുടെ നേരെ നീട്ടീട്ട് പിടിക്കാമോ എന്ന് ചോദിച്ചു, അവൾ എന്റെ ബാഗ് പിടിച്ചു വാങ്ങി മടിയ്ിൽ വച്ചു. നന്ദിസൂചകമായി ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു. പക്ഷെ അവൾ മുഖം വെട്ടിച്ചുപുറത്തേക്ക് നോക്കിയിരുന്നു. എന്താ അവൾ ഇങ്ങെനെ? 
ഞാൻ സീറ്റിൽ ചാരി അവളുടെ മുഖത്തേക്ക് അങ്ങനെ നോക്കി നിന്നു. മുത്തശ്ശി പ്രാർത്ഥിക്കുന്ന സന്ധ്യാനാമത്തിരെ ദേവിയാണോ ഇവളെന്ന്് എനിക്ക് തോന്നി. ഞങ്ങളുടെ കണ്ണുകൾക്ക് ഇടയ്ക്ക് എപ്പഴൊക്കെയോ തമ്മിൽ ഉടക്കിക്കൊണ്ടിരുന്നു. എന്നും ട്രെയിൻ യാത്രകൾ വിരസമായിതോന്നിയിരുന്ന എനിക്കിപ്പോൾ ആ ട്രെയിൻ യാത് ആവേസമായി തോന്നി. വീട്ടിൽ ചെന്ന് കയറിയാൽ പിന്നെ നേരം വെളുത്താൽ മതിയെന്നായി.
അവളോട് അടുക്കുവാൻ ഞാൻ എന്നും ഓരോ പിടി പുഷ്പങ്ങൾ അവളുടെ കൈയിൽ നിന്നും വാങ്ങാൻ തുടങ്ങി, ഒപ്പം അവളുടെ സൗഹൃദവും. അവളുടെ രൂക്ഷമായനോട്ടങ്ങൾ എപ്പളോ നനുത്തതായി മാറിയിരുന്നു. അവളുടെ ദുഃഖങ്ങളും സന്തോഷങ്ങളുമൊക്കെ എന്നോട് പങ്കുവയ്ക്കാൻ ആ ചുരുങ്ങിയ ട്രെയിൻ യാത്രകൾ അവൾ ഉപയോഗിച്ചു. അവളുടെ അഭാവത്തിൽ അവളുടെ ചിന്തകൾ എന്നിൽ വിരഹം തീർത്തപ്പോൾ അവളോടുള്ള എന്റെ സൗഹൃദം പ്രണയമായി മാറി എന്ന് ഞാൻ തിരിച്ചറിഞ്ഞു.
ഇപ്പോൾ ജീവിതത്തിൽ ഒരു വല്ലാത്ത സുഖം തോന്നി. ക്ലാസ്സിൽ സർ സെറിബ്രൽ ഹെമിറേജിനെക്കുറിച്ച് പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. തലച്ചോറിൽ രക്തസ്രാവം ഉണ്ടായി മസ്തിഷ്‌കമരണം സംഭവിക്കുന്ന അവസ്ഥ. എന്റെ മസ്തിഷ്‌കവും അവളെക്കുറിച്ചുള്ള ചിന്തകൾ കൊണ്ട് മരിച്ചിരിക്കുകയായിരുന്നു.
പെട്ടെന്നുള്ള സാറിന്റെ അലർച്ചയാണ് എന്നെ ഉയർത്തെഴുന്നേൽപ്പിച്ചത്. ' ശങ്കർ സ്റ്റാൻഡ് അപ്പ് ദെയർ, വാട്ട് ടുഡേയ്‌സ് ടോപിക്?' സാർ അലറി വിളിറിച്ചു. ഞാൻ മെല്ലെ പറഞ്ഞു. ''ടുഡേയ്‌സ് ടോപിക് സ്റ്റാർട്ട് ഫ്രം ഡീപ് ഹേർട്ട്, ഇറ്റ്‌സ് എ സ്വീറ്റ് പിൻ........ ' യു ഗെറ്റ് ഔട്ട്‌സൈഡ്' സാർ ഉറക്കെ പറഞ്ഞു. എല്ലാവരും ഇരുന്നു ചിരിക്കുന്നു. 
ഹാവ് ഇന്ന് ഈ ബോറൻ ക്ലാസിൽ നിന്ന് രക്ഷപെട്ടല്ലോ. എന്ന് കരുതി ഞാൻ കാന്റീനിലെക്കു നടന്നു.
പോക്കറ്റിൽ കയ്യിട്ടുനോക്കി കഷ്ടം ഇനി ബസ് കാശ് മാത്രം ബാക്കി.
ഉണ്ടാരുന്ന കാശെല്ലാം അവളോട് പൂ വാങ്ങിതീർന്നിരിക്കുന്നു. കോളേജ് മുറ്റത്തെ വാകമരചുവട്ടിൽ ഞാൻ ഇരുന്നു. അതിന്റെ ചുവട്ടിൽ ചുവന്ന പുഷ്പങ്ങൾ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. ആ പൂക്കൾ കണ്ടപ്പോൾ എനിക്ക് അവളുടെ ചിരിയാണ് ഓർമ്മ വന്നത്.
മാസങ്ങൾ അങ്ങനെ അനുരാഗികളെപ്പോലെ കടന്നുപൊയ്‌ക്കൊണ്ടിരുന്നു. കഴിഞ്ഞ രണ്ട് നാളുകളായി അവളെ ട്രയിനിൽ കാണുന്നില്ല. 
എന്റെ മനസ്സില്ഡ എന്തോ ഒരു പിടിവലി നടന്നുകൊണ്ടിരുന്നു. അവളെ ഒന്ന് കണ്ടില്ലെങ്കിൽ ഞാൻ മരിച്ചുപോകുമെന്ന് തോന്നി. അവളെക്കുറിച്ചുള്ള ചിന്തകൾ എന്നെ വട്ടുപിടിപ്പിക്കും പോലെ തോന്നി. ഞാൻ സുൽഫിയോടും, റോബിനോടും, അജയിനോടും കാര്യം പറഞ്ഞു. അവന്മാര് പറഞ്ഞു : 'എടാ ചിലപ്പോൾ അവൾക്ക് വേറെ കല്യാണം ആയിക്കാണും'. 
എന്റെ ഭീതി കൂടി വന്നു. അവൾ ഇല്ലെങ്കിൽ എനിക്ക് ജീവിക്കാൻ കഴിയില്ലൈന്ന് തോന്നി. 
അവന്മാര് പറഞ്ഞു 'നീ പേടിക്കണ്ട. നമുക്ക് ആ കല്യാണം മുടക്കാം'. അവന്മാർ എനിക്ക് ദൈര്യം തന്നു, നീ വിളിച്ചാൽ അവൾ ഇറങ്ങി വരുമെങ്കിൽ നീ ഒന്നും പേടിക്കേണ്ട കാര്യമില്ല. ഞങ്ങളുണ്ട് കൂടെ. അങ്ങനെ ചെറിയ ആശ്വാസത്തിൽ ഞാൻ അന്ന് കഴിച്ചുകൂട്ടി. ഉറക്കം പോലും നഷ്ടപ്പെട്ടുതുടങ്ങി. 
രാവിലെ കുളികഴിഞ്ഞ് അമ്മ ഇഡ്ഡ്‌ലി വിളമ്പി. അതിൽ രണ്ട് കഴിച്ചു എന്ന് വരുത്തി. മുടി ചീകിക്കൊണ്ട് പത്രമൊന്ന് നോക്കി. ഓ, വല്യ വാർത്തയൊന്നും ഇല്ല. പത്രം മടക്കി അലക്ഷ്യമായി മേശയിലേക്ക് എറിഞ്ഞു. അപ്പോളാണ് അടിയിൽ കിടന്ന പത്രം താഴെ വീണത്. അത് നിലത്ത് വീണ് ചിതറി. കുനിഞ്ഞുപേപ്പറെടുത്ത് അടുക്കാൻ ശ്രമിച്ചു. അപ്പോളാണ് അതിന്റെ ഉൾപേജിലെ വാർത്ത കണ്ടത്. ട്രെയിനിൽ യുവതിയെ നാല് പേർ ചേർന്ന് ബലാൽത്സംഗം ചെയ്തു, യുവതിയുടെ നില ഗുരുതരം. ഞാൻ വാർത്ത വിശദമായി വായിച്ചു. എന്റെ ഹൃദയം നിലയ്ക്കുന്ന പോലെ തോന്നി. ഞാൻ പോകുന്ന അതെ ട്രയിൻ, യുവതിയുടെ പേരിന്റെ സ്ഥാനത്ത് പൂവിൽക്കാൻ പോകുന്ന സ്ത്രീയെന്നും. ഞാൻ ഷർട്ടിന് ബട്ടൻസ് ഇട്ടുകൊണ്ട് ഓടി. ട്രയിൻ ഇഴയുന്നപോലെ എനിക്ക് തോന്നി. 
പത്രത്തിൽ കണ്ട ഹോസ്പിറ്റലിലേക്ക് ഞാൻ ഓടിക്കയറി. കൗണ്ടറിൽ നിന്ന പെണ്ണിനോട് കാര്യം തിരക്കി. അവൾ കിടന്ന വാർടിലേക്ക് ഓടി. അവൾ അവിടെ ...... ചുറ്റും ക്യാമറകണ്ണുകൾ. ചോദ്യങ്ങൾ ചോദിച്ച് അവളുടെ മാനം അവർ വീണ്ടും വിറ്റുകൊണ്ടിരുന്നു. നരാദമന്മാർ. എനിക്കവരോട് വല്ലാത്ത അമർഷം തോന്നി. എങ്കിലും എനിക്ക് അവളുടെ മുമ്പില്ഡ ചെല്ലാൻ തോന്നിയില്ല. ഞാൻ മെല്ലെ തിരിഞ്ഞ് നടന്നു.
എന്റെ കാലുകൾ ഇടറുന്ന പോലെ തോന്നി. എന്റെ ഉള്ളിൽ ആളിക്കത്തിയ ആദ്യ പ്രണയം ഇവിടെ അവസാനക്കയാണോ? അതിന്റെ കനലുകൾ എന്റെ മനസ്സിൽ നീറിക്കൊണ്ടിരുന്നു.
കാലം പിന്നെയും ഒരുപാട് മുമ്പോട്ട് പോയിരിക്കുന്നു.
കൺസൽട്ടിങ് റൂമിൽ ഇരിക്കുമ്പോൾ പുറത്ത് എന്നെ കാത്തിരിക്കുന്ന രോഗകളുടെ ചെറുമർമരം കേൾക്കാമായിരുന്നു. ഇന്ന് ഞാൻ അറിയപ്പെടുന്ന ഒരു സർജൻ ആണ്. രോഗകൾക്ക് ഞാനൊരു ദൈവദൂതനാണ് എന്നാണ് അവർ പറയുന്നത്. അവരെ ഓരോരുത്തരെയായി അങ്ങനെ പരിശോദിച്ചു നേരം പോയതറിയുകയില്ല.
അവസാനത്തെ ആളും പോയിക്കഴിഞ്ഞപ്പോൾ സമയം ഒൻപത്് മണിയായി. ഡ്യൂട്ടി കഴിഞ്ഞിട്ട് മൂന്ന് മണിക്കൂർ. ഞാൻ സമയമൊന്നും നോക്കിയില്ല. പടിക്കെട്ടുകൾ കയറി ചെല്ലുമ്പോൾ ഉമ്മറത്ത് അച്ഛൻ ഇരിപ്പുണ്ടായിരുന്നു. അച്ഛന് ഇപ്പോൾ പഴയ ഗാഹബീര്യമില്ല, എങ്കിലും ചോദിച്ചു 'ഇന്നും ആളുകള് കൂടുതലാരുന്നു അല്ലെ' 
അതെ അച്ഛാ എന്ന് പറഞ്ഞുകൊണ്ട് അകത്തേക്ക് നടന്നു. ഉമ്മറത്തിപ്പോൾ വിളക്ക് വെയ്ക്കുന്നത് മുത്തശ്ശിയല്ല.
മുത്തശ്ശി പോയിരിക്കുന്നു.
ജയശ്രീ ഇപ്പോൾ പതിവായി വരാറില്ല.
അവളുടെ ലക്ഷ്യം അവൾ നേടിയെടുത്തിരിക്കുന്നു, പിന്നെ എന്തിന് വരണം. ഞാൻ അച്ഛനോട് പറഞ്ഞു അത് അവൾക്ക് കൊടുത്തേക്ക് അച്ഛാ. എനിക്കെന്തിനാണ് ആ തെങ്ങിൻ തോപ്പ്. കുളികഴിഞ്ഞ് അമ്മയുടെ കഞ്ഞിയും ചമ്മന്തിയും കഴിച്ച് കിടക്കാൻ റൂമിലേക്ക് പോയി. കട്ടിലിൽ ചെന്ന് കിടന്നു. ലൈറ്റ് അണയ്ക്കുംമുമ്പ് ഇടത് വശത്തേക്ക് നോക്കി. എന്റെ മുഖത്തേക്ക് തന്നെ ചെറുചിരുയോടെ നോക്കി അവൾകിടക്കുന്നു. അതെ ആ പഴയ പൂക്കാരി, അവളിന്നെന്റെ ഭാര്യയാണ്. എന്റെ കുഞ്ഞിന്റെ അമ്മയാണ്. മനസിന്റെ കോണിൽ ആളിക്കത്തിച്ച എന്റെ പ്രണയം ഞാൻ ഇന്നും കെടാതെ സൂക്ഷിക്കുന്നു.
മെല്ലെ ഞാൻ ലൈറ്റ് അണച്ചു. അവളുടെ നെറ്റിയിൽ ഒരു മുത്തം നൽകി. പിന്നെ പഴയ പ്രണയനാളുകൾ ഓർമ്മിച്ച് ഉറക്കെത്തെ ക്ഷണിച്ചുകൊണ്ട് അങ്ങനെ കിടന്നു.

Read more topics: # literature,# short story,# railway pookkal
literature,short story,railway pookkal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES