Latest News

ജോണ്‍ ബ്രിട്ടാസ് രാജ്യസഭയിലേക്ക് എന്നുകേട്ടപ്പോള്‍ പലര്‍ക്കും മുന്‍വിധികള്‍ തികട്ടിവരുന്നു; അദ്ദേഹം വളരെ ഷാര്‍പ്പാണ്.. നെറ്റ് വര്‍ക്ക് ഉസ്താദാണ്; എന്നാല്‍ ബ്രിട്ടാസിനോട് പലര്‍ക്കും അസൂയയും കലിപ്പും തോന്നാന്‍ കാരണം എന്ത്? ജെ.എസ്.അടൂര്‍ എഴുതുന്നു

Malayalilife
ജോണ്‍ ബ്രിട്ടാസ് രാജ്യസഭയിലേക്ക് എന്നുകേട്ടപ്പോള്‍ പലര്‍ക്കും മുന്‍വിധികള്‍ തികട്ടിവരുന്നു; അദ്ദേഹം വളരെ ഷാര്‍പ്പാണ്.. നെറ്റ് വര്‍ക്ക് ഉസ്താദാണ്; എന്നാല്‍ ബ്രിട്ടാസിനോട് പലര്‍ക്കും അസൂയയും കലിപ്പും തോന്നാന്‍ കാരണം എന്ത്? ജെ.എസ്.അടൂര്‍ എഴുതുന്നു

ജോ ണ്‍ ബ്രിട്ടാസിനെ ആദ്യമായി കാണുന്നത് 1990 കളുടെ മധ്യത്തില്‍ ഡല്‍ഹിലെ വിശ്വയുവക് കേന്ദ്രത്തില്‍ ആണെന്നാണ് ഓര്‍മ്മ. ദേശാഭിമാനിയില്‍ ആയിരുന്നു. ആദ്യകാഴ്ചയില്‍ തന്നെ ബ്രിട്ടാസ് ബുദ്ധിയും കാര്യപ്രാപ്തിയുമുള്ള നെറ്റ്‌വര്‍ക്ക് ഉസ്താദ് ആണെന്ന് മനസ്സിലായി.
പിന്നീട് അദ്ദേഹം കൈരളിയില്‍ എത്തി. അന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ അഡ്വക്കസി സ്റ്റഡിസ് എക്‌സിക്യൂട്ടീവ് ഡയറക്ടറും വിവരാവകാശ നിയമ അഡ്വക്കസിയിലും പാര്‍ലമെന്റ് ഗവേഷണത്തിലും വ്യാപൃതനായിരുന്ന എന്നെ അതെ വിശ്വയുവക് കേന്ദ്രത്തിലെ ബെസ്‌മെന്റില്‍ വച്ചുള്ള കൈരളിയുടെ ചെറിയ ഇന്റര്‍വ്യൂവിലൂടെ പരിചയപ്പെടുത്തിയത് ബ്രിട്ടാസാണ്.

അന്ന് എന്റെ സുഹൃത്തുക്കളില്‍ ഒരുപാട് പേര്‍ സി പി എം /സിപിഐ നേതാക്കളും പ്രവര്‍ത്തകരുമായിരുന്നു. അന്ന് ബ്രസീലിലെ പോര്‍ട്ടോ അലഗ്രയില്‍ വേള്‍ഡ് ഇക്കോണോമിക് ഫോറത്തിന് ബദലായ വേള്‍ഡ് സോഷ്യല്‍ ഫോറത്തില്‍ ഞാന്‍ സജീവവും ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ അംഗവുമായിരുന്നു. സിപിഐ നേതാക്കളായ രാജ, സി പി എംലെ യച്ചൂരി വരദരാജന്‍ എല്ലാവരും സജീവം. ഇന്ത്യയില്‍ വച്ചുള്ള കോര്‍ഡിനേഷന്‍ മീറ്റിങ് നടന്നിരുന്നത് ബി ടി ആര്‍ ഭവനില്‍. ഇന്ത്യക്ക് വെളിയില്‍ താവളം മാറ്റിയ എന്നെ ആദ്യമായി ഒരു ടി വി ചാനലിന് വേണ്ടി ഇന്റര്‍വ്യൂ ചെയ്തത് ബ്രിട്ടാസാണ്.

ഇരുപത്തി അഞ്ചു കൊല്ലമായി അദ്ദേഹത്ത അറിയാം.

അദ്ദേഹത്തില്‍ ആറു നേതൃത്വ ഗുണങ്ങള്‍ ഉണ്ട്.

1. വളരെ ഷാര്‍പ്പാണ്. അത് ഉയര്‍ന്ന ഐ ക്യൂ വിന്റെ ഫലമാണ്.

2. വളരെ നല്ല entrepreneurial leadership ഉള്ളയാളാണ്. ഒരു കാര്യം ഏറ്റെടുത്താല്‍ അത് നടപ്പാക്കുന്നതിലുള്ള നിശ്ചയ ദാര്‍ഢ്യം. ഇപ്പോള്‍ കൈരളി നില്‍ക്കുന്ന ആ ബില്‍ഡിങ് പണിതതിലും അത്‌പോലെ കൈരളിയുടെ ബ്രാന്‍ഡ് ബില്‍ഡ് ചെയ്യുന്നത്തിലും അത് കണ്ടതാണ്.

3. Street smart ആണ്. ആള്‍ ഡിപ്ലോമാറ്റിക് ആണെങ്കിലും ആരെയും കൂസാത്ത പ്രകൃതം

4. എല്ലാവരോടും പ്രത്യയശാസ്ത്രത്തിനും പാര്‍ട്ടികള്‍ക്കും ഉപരിയായി വ്യക്തി ബന്ധം പുലര്‍ത്തുന്ന നെറ്റ്‌വര്‍ക്ക് ഉസ്താദ്.

5. അത്‌പോലെ പ്രശ്‌നക്കാരെ കൈകാര്യം ചെയ്യാനുള്ള കൂര്‍മ്മബുദ്ധിയും കൗശല ബുദ്ധിയും (shrewd and clever )

6.ക്ഷമാ ശീലം. പല കാരണങ്ങള്‍ കൊണ്ടു തിരുവനന്തപുരത്തും തെക്കന്‍ കേരളത്തിലുമുള്ള പല വ്യവസ്ഥാപിത പത്ര പ്രമുഖര്‍ക്കും ബ്രിട്ടാസിനോട് പ്രിയം ഇല്ല. അതിനു പല കാരണങ്ങള്‍ ഉണ്ട്. അതില്‍ കണ്ണൂരും പലതരം സ്വത്വബോധ പ്രശ്‌നങ്ങളുമുണ്ടെന്നു എനിക്കറിയാം. രണ്ടാമത്തേത് തെരെഞ്ഞടുത്ത മേഖലയില്‍ പെട്ടെന്ന് വിജയിച്ച കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മീഡിയ ചാനലിന്റെ തലവനോടുള്ള പ്രൊഫെഷണല്‍ അസൂയയും കലിപ്പും

ബ്രിട്ടാസ് ഒരു ലെഫ്റ്റ് ലിബറലാണ്. ആളുകളുടെ പോട്ടെന്‍ഷ്യല്‍ പെട്ടെന്ന് മനസ്സിലാകാന്‍ അയാള്‍ക്ക് ശേഷിയുണ്ട്. ഹോം വര്‍ക്ക് ചെയ്തു കാര്യങ്ങള്‍ പഠിച്ചു പ്രസംഗിക്കുവാനുള്ള കഴിവ് ഉണ്ട്. ആ കാര്യത്തില്‍ മറ്റു പലരെയുകാള്‍ കഴിവുള്ളയാള്‍. അയാള്‍ക്ക് കൈരളിയില്‍ കിട്ടിയതിനെക്കാള്‍ പതിന്മടങ്ങു ശമ്ബളം ഡല്‍ഹിയിലെ പ്രമുഖ ചാനലില്‍ ഓഫര്‍ കിട്ടിയിട്ടും പോയില്ല. എനിക്ക് നേരിട്ട് അറിയാവുന്നത്. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അയാള്‍ ഒന്നോ രണ്ടോ കൊല്ലത്തെക്ക് ഏഷ്യാനെറ്റില്‍ പോയത്.

കഴിഞ്ഞ 2016 തിരഞ്ഞെടുപ്പിലെയും ഇപ്പോള്‍ 2021 ലെയും എല്‍ ഡി എഫ് ക്യാമ്ബയിന്‍ ബ്രെയിന്‍ ബ്രിട്ടാസ് ആയിരുന്നു. ഇടതുപക്ഷ വിചാരങ്ങളും ബന്ധങ്ങളുമൊക്കെയുള്ള ഞാന്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നിട്ടും ബ്രിട്ടാസ് ഊഷ്മളമായ സ്‌നേഹബന്ധം നിലനിര്‍ത്തി. പക്ഷെ ബുദ്ധിപൂര്‍വ്വം കൈരളി ചാനലില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കി. അതിന് പല കാരണങ്ങള്‍ ഉണ്ട്. അത് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും അറിയാമെന്നതിലാണ് ബ്രിട്ടാസ് വ്യത്യസ്തനാക്കുന്നത്.

ബ്രിട്ടാസിന് എല്ലാം രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി നല്ല വ്യക്തി ബന്ധമുണ്ടെന്നുള്ളതാണ് അദ്ദേഹത്ത വ്യത്യസ്തനാക്കുന്നത്. വര്‍ഷങ്ങളായി പിണറായി വിജയന്റെ വിശ്വസ്ത വലയത്തില്‍ പ്രമുഖന്‍. ബ്രിട്ടാസ് രാജ്യസഭയില്‍ പോകുമെന്നു പതിനഞ്ചു കൊല്ലം മുമ്ബ് ഞാന്‍ പറഞ്ഞതാണ്. അതിനെല്ലാം മറുപടി ബ്രിട്ടാസിന്റെ ആ ബ്രാന്‍ഡ് കള്ളചിരിയാണ്.

ബ്രിട്ടാസ് രാജ്യ സഭയില്‍ പോകും എന്നറിഞ്ഞപ്പോള്‍ പല രീതിയില്‍ പഴയ മുന്‍വിധികള്‍ തികട്ടിവരുന്നത് കണ്ടു. ബ്രിട്ടാസ് എന്റെ കോണ്‍ഗ്രസ്സ് രാഷ്ട്രീയ എതിര്‍പക്ഷത്താണിപ്പോള്‍. പക്ഷെ അയാള്‍ക്ക് നല്ല പാര്‍ലമെന്റേറിയാനാകാന്‍ കഴിവും കാര്യപ്രാപ്തിയുമുള്ളയാളാണ്.
പഴയ സുഹൃത്തിനു എല്ലാ അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും.

js adoor note about john brittas

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES