പാലസ്തീന്റെ ചെറുത്ത് നില്‍പ്പ് തുടരുമ്ബോള്‍ അറിഞ്ഞിരിക്കാം അതിശക്തമായ പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ എന്ന ഫലസ്തീന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ. ഫലസ്തീന്‍ ദേശീയ വിമോചന പ്രസ്ഥാനങ്ങളില്‍ ഏറ്റവും ശക്തമായ മൂന്ന് സംഘടനകളിലൊന്നാണ് പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദ് ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ എന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി.
1967 ല്‍ അല്‍ ഹക്കീം എന്ന വിളിപ്പേരുള്ള ജോര്‍ജ്ജ് ഹബാഷാണ് അറബ് മേഖലയില്‍ ഇന്നും ഏറ്റവും ശക്തമായി തുടരുന്ന PFLP സ്ഥാപിക്കുന്നത്. 1969 ല്‍ ലെയ്ലാ ഖാലിദ് എന്ന കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയെ ലോക പ്രശസ്തയാക്കിയ വിമാന ഹൈജാക്കിങ്ങും തൊട്ടടുത്ത വര്‍ഷം നാല് വിമാനങ്ങള്‍ ഒരുമിച്ച് ഹൈജാക്ക് ചെയ്തതും ഉള്‍പ്പടെയുള്ള പ്രവര്‍ത്തങ്ങളിലൂടെ ലോകം ശ്രദ്ധിച്ച PFLP തുടക്കം മുതല്‍ ഇസ്രായെലിനെതിരെ ശക്തമായ സായുധ പോരാട്ടം നടത്തുന്ന പാര്‍ട്ടിയാണ്.
യാസര്‍ അറഫാത്ത് നേതൃത്വം നല്‍കിയ PLO യില്‍ ഫത്താ കഴിഞ്ഞാല്‍ ഏറ്റവും വലിയ സംഘടനയും PFLP ആയിരുന്നു. മാര്‍ക്‌സിസം ലെനിനിസവും പാന്‍ അറബ് ദേശീയതയും ഉയര്‍ത്തിപ്പിടിക്കുന്ന PFLP യുടെ നേതൃ നിരയില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ് മാര്‍ക്‌സിസ്റ്റ് ചിന്തകനും ലോക പ്രശസ്ത എഴുത്തുകാരനുമായ ഘസ്സാന്‍ കനഫാനിയെപ്പോലുള്ളവര്‍. PFLP യുടെ സായുധ വിഭാഗമായ അബു അലി മുസ്തഫ ബ്രിഗെയ്ഡ്സ് നിരന്തരമായി ഇസ്രയേലിനെതിരെ ചെറുത്തുനില്‍പ്പ് ആക്രമണം നടത്തിപ്പോരുന്നുമുണ്ട്.
ഫലസ്തീനിലെ വളരെ ചെറിയൊരു ന്യൂനപക്ഷമായ അറബ് ക്രിസ്ത്യന്‍ സമുദായത്തില്‍ ജനിച്ചയാളായിട്ടും ജോര്‍ജ്ജ് ഹബാഷിന് ജനകീയനായൊരു നേതാവാകാന്‍ ഒരു തടസ്സവുമുണ്ടായിരുന്നില്ല. അന്നും ഇന്നും PFLP ക്ക് അതിശക്തമായ ബഹുജനപിന്തുണയാണുള്ളത്. 2000 ല്‍ അനാരോഗ്യത്തെത്തുടര്‍ന്ന് രാജിവെക്കുന്നത് വരെ ജോര്‍ജ്ജ് ഹബാഷ് തന്നെയായിരുന്നു പാര്‍ട്ടിയുടെ സെക്രട്ടറി ജനറല്‍.
ലബനനിലെ ബെയ്റൂട്ടില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരിക്കെ അവധിക്ക് നാട്ടില്‍ വരുമ്ബോഴാണ് അന്നത്തെ ഫലസ്തീനിലെ തന്റെ ജന്മ നാട്ടില്‍ ഇസ്രയേല്‍ നടത്തിയ ഭീകരമായ അധിനിവേശം ഹബാഷ് നേരില്‍ കാണുന്നത് . തന്റെ സഹോദരിയെ അടക്കം ഇസ്രയേല്‍ വധിക്കുന്നതിനും പതിനായിരങ്ങളുടെ പലായനത്തിനും സാക്ഷിയായ ജോര്‍ജ്ജിന്റെ കുടുംബവും അന്ന് അഭയാര്‍ത്ഥികളായി.
അല്‍ നക്‌ബ എന്ന് പിന്നീട് അറിയപ്പെട്ട ആ അധിനിവേശത്തില്‍ ജോര്‍ജ്ജിന്റെ കുടുംബമടക്കം 70000 ത്തോളം ഫലസ്തീനികളാണ് അഭയാര്‍ഥികളായി നാടുവിട്ടോടിയത്. 'ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത കാഴ്ചകളായിരുന്നു അത്. വിലപിച്ചുകൊണ്ട് ജീവനും കൊണ്ടോടുന്ന ആ പതിനായിരങ്ങളെ കണ്ടാല്‍ നിങ്ങള്‍ക്ക് ഒരു വിപ്ലവകാരിയല്ലാതെ മറ്റൊന്നും ആകാന്‍ കഴിയില്ല' ജോര്‍ജ്ജ് ഒരിക്കല്‍ പറഞ്ഞു. പിന്നീട് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കി പീഡിയാട്രീഷ്യനായ ജോര്‍ജ്ജ് ഹബാഷ് ഫലസ്തീന്‍ വിമോചന പോരാട്ടങ്ങളില്‍ സജീവമായി
'എല്ലാ അറബ് വിപ്ലവകാരികളും മാര്‍ക്‌സിസ്റ്റുകളായിരിക്കണം. എന്തെന്നാല്‍ തൊഴിലാളി വര്‍ഗത്തിന്റെ ആശയാഭിലാഷങ്ങളുടെ ആവിഷ്‌കരണമാണ് മാര്‍ക്‌സിസം. ' ജോര്‍ജ്ജ് ഹബാഷ് ഒരിക്കല്‍ പറഞ്ഞു. '1967 ഓടെ ഞങ്ങള്‍ ഒരു കാര്യം മനസിലാക്കി. ഫലസ്തീന്റെ മോചനത്തിന് ചൈനീസ്, വിയറ്റ്‌നാമീസ് പാതകളാണ് മാതൃക എന്നതാണത്' ഹബാഷ് അഭിപ്രായപ്പെട്ടു. മൂന്നാം ലോക രാജ്യങ്ങളെയും ബുദ്ധിജീവികളെയും മാവോ ഇളക്കി മറിച്ച, താരിഖ് അലി തെരുവ് പോരാട്ടങ്ങളുടെ കാലം എന്ന് വിശേഷിപ്പിച്ച കാലം, ചൈനീസ് സാംസ്‌കാരിക വിപ്ലവം, വിയറ്റ്നാം യുദ്ധം, പാരീസ് വിദ്യാര്‍ത്ഥി കലാപം, ചെഗുവേരയുടെ രക്തസാക്ഷിത്വം എന്നിവ തന്നെയായിരുന്നു ജോര്‍ജ്ജ് ഹബാഷിനെയും മാര്‍ക്‌സിസ്റ്റാക്കിയത്.
അഹമ്മദ് സാദത്തിന്റെ നേതൃത്വത്തിന്‍ കീഴില്‍ ഇന്നും അതിശക്തമായ ജനകീയ അടിത്തറയോടെ പോരാട്ടം നയിക്കുന്ന PFLP യെ അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഭീകര സംഘടനകളുടെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്. 'അറബ് നാടുകളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തങ്ങളുടെ നാടിന്റെ സവിശേഷ സാഹചര്യങ്ങളെ പരിഗണിക്കാതെ അന്ധമായി സോവിയറ്റ് മാര്‍ക്‌സിസത്തിന്റെ മാതൃകയെ അനുകരിക്കാനാണ് ശ്രമിച്ചത്. അറബ് നാടുകളിലെ സവിശേഷതകളെ പരിഗണിക്കുന്ന മാര്‍ക്‌സിസമാണ് ഇവിടെ വേണ്ടത്. ' അഹമ്മദ് സാദത്ത് ഒരിക്കല്‍ അഭിപ്രായപ്പെട്ടു
ഫലസ്തീന്‍ സമൂഹത്തെ അറിഞ്ഞുകൊണ്ട് തന്നെ ഇടപെടുന്നതുകൊണ്ട് തന്നെ സോഷ്യലിസ്റ്റ് ചേരിയുടെ പതന കാലഘട്ടത്തില്‍ പോലും PFLP തളരാതെ പിടിച്ചു നിന്നിരുന്നു. ഇന്നിപ്പോള്‍ മാര്‍ക്‌സിസത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഈ കാലഘട്ടത്തില്‍ ലോകമെമ്ബാടുമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ PFLP യുടെ പോരാട്ടങ്ങളെ ഉറ്റുനോക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. അറബ് ക്രിസ്ത്യാനികളുടെയും മുസ്ലിംകളുടെയും സോഷ്യലിസ്റ്റുകളുടെയും ബഹുജന പങ്കാളിത്തത്തെ അറബ് സോഷ്യലിസ്റ്റ് സമൂഹത്തിന്റെ ജനകീയ ചെറുത്ത് നില്പിനെ തകര്‍ക്കാന്‍ കഴിയാത്ത ഒന്നാണ്...
(ലേഖകന്‍ ഫെയ്‌സ് ബുക്കില്‍ എഴുതിയതാണ് ഈ ലേഖനം)