ശ്രീലേഖയുടേത് സമാന്തര ഭരണം!
നടിയെ മൃഗീയ ലൈംഗിക പീഡനത്തിന് ഇരയാക്കി കോളിളക്കം സൃഷ്ടിച്ച കേസില്‍ കുറ്റാരോപിതര്‍ക്ക് എതിരെ തെളിവേ ഇല്ലെന്ന് സര്‍വീസില്‍ നിന്ന് അടുത്തൂണ്‍ പറ്റിയ ഡിജിപി ആര്‍ ശ്രീലേഖ! ഇവരും ഒരു സ്ത്രീയാണോ? പുറത്ത് കാണുമ്ബോലെ തന്നെയാണോ? ആരാണ് ഈ കടും കൈക്ക് ഇവരെ ചുമതലപ്പെടുത്തിയത്?
ഇവര്‍ ജയില്‍ ഡിജിപി ആയിരുന്നാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. പള്‍സര്‍ സുനി ക്വട്ടേഷന്‍ ഗുണ്ടയായിരുന്നെങ്കില്‍ അത് തുറന്ന് പറയേണ്ട സമയം കഴിഞ്ഞുവത്രേ. ഭയങ്കരീ! സ്‌കാട്ട്‌ലാന്‍ഡ് യാര്‍ഡിലെ പരിശീലനം കഴിഞ്ഞാണോ ഈ അവതാരം ഒരു കേടും സംഭവിക്കാതെ ഭൂമി കീറി തലസ്ഥാനത്തു ഇറങ്ങിയത്. സാധാരണ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ സത്യം വിളിച്ചു പറയാന്‍ എടുക്കുമായിരുന്ന സമയ പരിധി ഈ കാക്കിക്കാരിക്ക് മനപ്പാഠമാണത്രെ. അതുവെച്ചു നോക്കുമ്ബോള്‍ കേസ് ആവിയായിപ്പോയി!
സ്വന്തം നിലയില്‍ നടത്തിയ അന്വേഷണത്തിന്റെ വിലപ്പെട്ട വിവരങ്ങള്‍ ഈ പഴയ കാക്കിക്കാരി സ്വന്തം യു ട്യൂബ് ചാനലില്‍ വെളിപ്പെടുത്തിയത് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവര്‍ക്കും ഈ റിപ്പോര്‍ട് പരുത്ത് സന്തോഷം നല്‍കിയിട്ടുണ്ടാവും. ഈ ഒറ്റ കേസുകൊണ്ട് പച്ചപിടിച്ച ഒട്ടേറെ ഫ്രാഡുകള്‍ മാധ്യമരംഗത്തും പൊലീസ് സേനയിലും അഭിഭാഷകരിലും ഉണ്ട്. ഇവനൊ/ഇവളോ ഒക്കെ ഒരു തുള്ളി വെള്ളം കുടിച്ചിറക്കാന്‍ കിട്ടാതെ ചത്തുമലച്ചാല്‍ വളര്‍ത്തുനായ് മാത്രമേ ഓരിയിടാന്‍ ഉണ്ടാകുള്ളൂ. മനുഷ്യകുലത്തില്‍ പിറന്ന ആര്‍ക്കും ചിന്തിക്കാന്‍ പോലും കഴിയാത്ത കൊടും ക്രൂരതയ്ക്കു നമ്മള്‍ കയ്യും കെട്ടിയിരുന്നു സാക്ഷ്യം വഹിക്കുകയാണ്.
സ്വകാര്യ അന്വേഷണം നടത്താന്‍ ഇവര്‍ ആരാണ്? ഭുലന്‍ദേവിയുടെ പുതിയ അവതാരമോ? പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഭുലന്‍ദേവിയുമായി ഒപ്പമിരുന്ന് ഡസന്‍ കണക്കിന് ദിവസങ്ങള്‍ ഞാന്‍ നര്‍മ്മസല്ലാപം നടത്തിയിട്ടുണ്ട്. ആ തടിച്ച കൈ ഒന്ന് തലോടുമ്ബോള്‍ കുട്ടിക്കാലത്തു ഞാന്‍ അമ്മയെ സഹായിക്കാന്‍ ദോശമാവ് ആട്ടികൊടുക്കുമ്ബോള്‍ കുഴവി കൈകൊണ്ട് പിടിച്ചു തിരിക്കുന്ന അനുഭവമായിരുന്നു. നിഭാഗ്യകരമെന്ന് പറയട്ടെ അതേ ഭുലന്‍ദേവിയുടെ അന്ത്യനിമിഷങ്ങള്‍ ഡല്‍ഹിയില്‍ എന്റെ കണ്‍മുമ്ബിലായിരുന്നു. ഞാന്‍ ഡല്‍ഹിയില്‍ ഗോള്‍ഡ് ടാക്കാനാ പോസ്റ്റ് ഓഫീസ് വൃത്തം പൂര്‍ത്തിയാക്കുമ്ബോള്‍ കൊള്ളക്കാരുടെ വെടിയുണ്ടകള്‍ തുരുതുരാ പാഞ്ഞുവന്ന് അവരുടെ ജീവന്‍ അപഹരിച്ചു. എന്തുചെയ്യണമെന്നറിയാതെ കുറെ സമയം അന്ധാളിച്ചു നിന്നു. വീട്ടുമുറ്റത്ത് ചോരയുടെ ടബില്‍ കുളിച്ചു കിടക്കുകയായിരുന്നു ഭുലന്‍ദേവി.
ഇന്ത്യയില്‍ അധോലോകം സമാന്തര സര്‍ക്കാര്‍ ആയി പ്രവര്‍ത്തിക്കുകയാണെന്ന് മുന്‍ പ്രതിരോധ സെക്രട്ടറി എന്‍ എന്‍ വോറ പറഞ്ഞത് എത്ര ശരിയാണ്. മാഫിയ ബന്ധം ദൃഢമാണ് ഇന്ത്യയില്‍. അതില്‍ ഡിജിപി മാരും ഉണ്ട്. കുറ്റവാളികളും അന്വേഷണ ഉദ്യോഗസ്ഥരും തമ്മിലുള്ള നെക്‌സസ് കാരണം ഇന്ത്യയില്‍ പല കേസുകളും അട്ടിമറിക്കപ്പെടുകയാണെന്ന് എന്‍ എന്‍ വോറ കണ്ടെത്തിരുന്നു. വോറ കമ്മിറ്റി റിപ്പോര്‍ട്ട് രാജ്യം ഏറെ ചര്‍ച്ചചെയ്തതാണ്. അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും ആ റിപ്പോര്‍ട്ട് വാങ്ങാന്‍ കഴിഞ്ഞത് തന്നെ വലിയ അനുഗ്രഹമായി തോന്നുന്നു.
ശ്രീലേഖമാര്‍ ഉണ്ടാകുന്നതിന്റെ അപകടം തന്നെയാണ് വോറ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അന്തസത്ത. ഇതുപോലുള്ള ഉന്നതര്‍ തങ്ങള്‍ക്ക് താല്പര്യമുള്ള കൊടും കുറ്റവാളികളെ രക്ഷിക്കാന്‍ എന്ത് വേഷവും കെട്ടും. പള്‍സര്‍ സുനി എന്ന വാടക ഗൂണ്ടയെയും മുഖ്യ കുറ്റവാളി പട്ടികയില്‍ നില്‍ക്കുന്ന നടനെയും ഒരേസമയം രക്ഷിക്കാനുള്ള ഗൂഢാലോചനയാണിത്. ഒരുവെടിക്ക് രണ്ടു പക്ഷി.
കുറ്റവാളികള്‍ക്ക് നിയമത്തെ പേടിയില്ലാതാക്കുന്നതാണോ ഒരു ഡിജിപിയുടെ സാമൂഹ്യ ഉത്തരവാദിത്വം. പള്‍സര്‍ സുനി സമാന കേസുകളില്‍ ആരോപണവിധേയനായിരുന്നു എന്ന് കേട്ടിട്ടുണ്ടെന്നാണ് ശ്രീലേഖ പറയുന്നത്. ശ്രീലേഖയോ? കളംകിതരായവരുടെ എത്രയോ കേസുകളില്‍ ആരോപണത്തിന് ഇരയായതല്ലേ ശ്രീലേഖ. ഈ കേസില്‍ തന്നെ ജയിലില്‍ സന്ദര്‍ശിച്ചു. കുറ്റവാളിക്ക് നിയമത്തിനപ്പുറമുള്ള ആനുകൂല്യങ്ങള്‍ നല്‍കാനു ,പരവതാനി വിരിക്കാനും ഈ സ്ത്രീക്ക് എങ്ങിനെ മനസ് വന്നു? ആപത്തില്‍ കുടുങ്ങിയ ഒരു നിഷ്‌ക്കളങ്കതയോടുള്ള കൂറെങ്കിലും കാണിച്ചു കൂടെ?
1993 ല്‍ എന്‍ എന്‍ വോറ സമര്‍പ്പിച്ച റിപ്പോര്‍ട്, രാജ്യത്ത് സമാന്തര സര്‍ക്കാര്‍ ആയി പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ ഏജന്‍സികളെ സംബന്ധിച്ചാണ് . റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ രാജ്യത്തെ നടുക്കുന്നതാണ് .എല്ലാ രാഷ്ട്രീയ നേതാക്കളില്‍ നിന്നും അനേഷണ ഏജന്‍സികളില്‍ നിന്നും ഈ അധോലോകത്തിനു ലഭിക്കുന്ന തെളിവുകളും അതില്‍ വിവരിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിലെ ഇനിയും പുറത്തു വിട്ടിട്ടില്ലാതെ അനുബന്ധം സ്ഫോടക വിവരങ്ങള്‍ അടങ്ങിയതാണ്. 1997 ല്‍ സുപ്രീം കോടതിയാണ് ഈ റിപ്പോര്‍ട്ട് മുന്‍ നിര്‍ത്തി ഉന്നതതല അന്വേഷണം നടത്തണമെന്ന് ഉത്തരവാദികളെ പ്രോസിക്യുട്ട് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചത്. അതെല്ലാം അപഹസിക്കുകയാണ് ശ്രീലേഖ.
ഈ ഉദ്യോഗസ്ഥയുടെ സര്‍വീസ് സ്റ്റോറിയില്‍, ദിലീപിനെപ്പോലെ കോടീശ്വരന്മാരുടെ തിക്താനുഭവം മാത്രമേ ഉള്ളോ? ദിലീപിനെ ന്യായീകരിക്കാന്‍ കരുതിക്കൂട്ടി രംഗത്തിറങ്ങിയ ശ്രീലേഖ സ്ത്രീ സമൂഹത്തിനു തന്നെ നാണക്കേട് അല്ലെ. ഒരു സാധാരണ മനുഷ്യനുള്ള പൗരബോധം പോലും ഇവരില്‍ കാണുന്നില്ല. ഇത്തരത്തിലൊരു സ്ത്രീയെ നേരിടാന്‍, ചെരുപ്പ് ഊരി രണ്ട് പെടവച്ചുകൊടുക്കാന്‍ മലയാളി യുവതിക്ക് കഴിയുന്നില്ലെങ്കില്‍ നാണം കെട്ടായാലും ശ്രീലങ്കയിലെ പോരാട്ടവീറുള്ള മങ്കകളുടെ മുന്നില്‍പോയി കുമ്ബിടുക. കോഴിമുട്ട പൊട്ടുമ്ബോലെ അവര്‍ പൊട്ടിച്ചു കാണിച്ചു തരും.
കുറ്റവാളിയെന്നു കരുതുന്നയാളെ ഏകപക്ഷീയമായി കുറ്റവിമുക്തനാക്കുന്ന ഈ മുന്‍ ഡിജിപി കോടതിക്കും മുകളിലാണോ? അഭയ കേസിലും അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും സമാന അനുഭവം ഉണ്ടായി. ഡിജിപി ആയിരുന്ന സ്ത്രീക്ക് ഏത് സന്ദര്‍ഭത്തില്‍ ഇടപെട്ടാലാണ് അന്വേഷണം വഴിതിരിച്ചു വിടാന്‍ കഴിയുമെന്നത് നന്നായി അറിയാം. അവര്‍ കൈകാര്യം ചെയ്ത എത്ര എത്ര കേസുകളില്‍ അതി സമ്ബന്നര്‍ക്ക് വേണ്ടി എന്തൊക്കെ കളി കളിച്ചിട്ടുണ്ടാകും.
കുറ്റവാളികളുമായി ഇടപഴകി ഇടപഴകി ആ മാനസികാവസ്ഥയില്‍ പരകായപ്രവേശം നടത്തുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ ഉദ്യോഗസ്ഥ. പൊലീസിന്റെ അസ്തിത്വം തന്നെ ചോദ്യം ചെയ്യുകയാണ്. കേരളത്തില്‍ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം കൈമറിഞ്ഞിട്ടുള്ള കേസുകളില്‍ ഒന്നാണിത്.
പ്രോസിക്യുഷന്‍ നിരത്തുന്ന തെളിവുകള്‍ അല്ലാതെ എന്ത് തെളിവ് നല്‍കാനുണ്ടെന്ന് ഒരാള്‍ ചോദിച്ചാല്‍ എനിക്കും കൈമലര്‍ത്തി കാണിക്കാനേ കഴിയൂ. എനിക്കും തെറ്റ് പറ്റാം. ഡസന്‍ കണക്കിന് ഡിജിമാര്‍ തലങ്ങും വിലങ്ങും ഓടുന്ന ഇക്കാലത്തല്ല, കേരളത്തില്‍ ഒറ്റ ഡിജിപി ഉള്ള കാലം. (അന്ന് പറയുന്നത് ഐ ജി എന്നുമാത്രം). ബന്ദ് ദിവസം അന്നത്തെ ഐ ജി യുമായി ഉരസി. ഷെവര്‍ലെ കാറില്‍ മുന്‍ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്തിരുന്ന ആജാനുബാഹുവായ ഐജി ശിങ്കാര വേലു കാറില്‍ നിന്ന് ചാടി ഇറങ്ങി പ്രകോപനം സൃഷ്ടിച്ചു.
ഐജിയാണെന്ന തിരിച്ചറിവ് അന്നത്തെ ചോരത്തിളപ്പില്‍ ഞങ്ങള്‍ക്ക് ഇല്ലാതെപോയി. കൂട്ടത്തില്‍ നിന്ന് ഭീകരമായ അടി അദ്ദേഹത്തിന്റെ ചെന്നിയില്‍ വീണു. നിമിഷങ്ങള്‍ക്കകം ക്ലിന്റ് ഈസ്റ്റ് വുഡിന്റെ സിനിമയിലെന്നവണ്ണം നൂറുകണക്കിന് പൊലീസ്‌കാര്‍ ഞങ്ങളുടെ ശരീരത്തിലൂടെ ഇരച്ചു പാഞ്ഞു. വലിയ പൊലീസ് വണ്ടിയില്‍ തല്ലുകൊണ്ട് ഞെരിഞ്ഞവരുടെ ഞരക്കങ്ങളും രോദനകളും മാത്രമേ നഗരത്തിലുണ്ടായുള്ളൂ. ഒന്ന് ശാന്തമായി പശ്ചാത്തപിക്കാന്‍ പോലും അവസരം തരാതെ ഇടിവണ്ടികളില്‍ നന്താവനം പൊലീസ് ക്യാമ്ബില്‍ നിരനിരയായി കൊണ്ടിട്ട് നടയടിയും കൂട്ട നിലവിളിയും. അതൊക്കെ അറിയാതെ സംഭവിച്ചുപോയ കൈക്കുറ്റപ്പാടാണ്.
ഇ എം എസ് ഒരു സമരരംഗത്തു വീറോടെ രാത്രിയെത്തുന്ന ആദ്യസംഭവം. പക്ഷെ ഡല്‍ഹിയില്‍ നിന്ന് ഇന്ദിരാഗാന്ധി നേരിട്ട് ഇ എം എസ്സിനെ ഫോണില്‍ സംസാരിപ്പിച്ചു രാത്രി തന്നെ സമരത്തില്‍ നിന്ന് പിന്തിരിപ്പിച്ചു. ശിങ്കാരവേലു തമിഴ്‌നാട്ടിലേക്ക് തിരിച്ചുപോയി. ചാലയിലെ പൂട്ടിക്കിടന്ന കടകളില്‍ നിന്ന് രാത്രി എടുത്തുകൊണ്ടുവന്ന വലിയ വാര്‍ഫുകളില്‍ ഞങ്ങള്‍ക്ക് ശിങ്കാരവേലു കഞ്ഞിയും അച്ചാറും നേരിട്ട് നിന്ന് ഉണ്ടാക്കി തന്നെങ്കിലും ഒരു തുള്ളിപോലും കുടിച്ചില്ല. പുറം അടിച്ചു പൊളിച്ച തിന്റെ രോഷം അത്രയ്ക്കായിരുന്നു, അതിനുശേഷമാണ് സമരക്കാര്‍ക്ക് ഇരിക്കാന്‍ പന്തലും കുടിക്കാന്‍ കൂജയില്‍ വെള്ളവും സംസ്ഥാനത്തു ശിങ്കാരവേലു ഏര്‍പ്പെടുത്തിയത്. നേരിട്ട് കണ്ടു ക്ഷമ പറയണമെന്ന് പലവട്ടം ആഗ്രഹിച്ചെങ്കിലും അത് സഫലമായില്ല. ഇപ്പോഴും വെളുത്ത ടീഷര്‍ട്ടും ഇട്ട് നിന്ന ആ ആജാനുബാഹുവിന്റെ മുഖം മറക്കാനാകുന്നില്ല. അങ്ങിനെ നോക്കുമ്ബോള്‍ ശ്രീലേഖ വെറും അശുമാത്രം.
പക്ഷെ മനുഷ്യകുലത്തില്‍ പിറന്ന ഒരാള്‍ക്ക് ചില ബോധ്യങ്ങള്‍ ഉണ്ട്. എന്റെ ബോധ്യം അന്വേഷണ ഉദ്യോഗസ്ഥരും നീതി ന്യായവ്യവസ്ഥയുമാണ്. ഇത്തരം വ്യവഹാരങ്ങളില്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ അവരുടെ താല്‍പ്പര്യങ്ങളിലേ അന്വേഷണം വഴിതിരിച്ചു വിടാം. അക്കാര്യത്തില്‍ കുറ്റവാളിപ്പട്ടികയില്‍ നില്‍ക്കുന്ന മുഖ്യപ്രതിയെ രക്ഷിച്ചെടുക്കാന്‍ കുതന്ത്രങ്ങള്‍ തയ്യാറാക്കുന്ന ഒരു കാക്കിക്കാരി മാത്രമാണ് ശ്രീലേഖ. സത്യത്തിന്റെയോ നീതിബോധത്തിന്റെയോ പ്രതീകമോ മാലാഖയോ അല്ല. ഡിജിപി പദവിയില്‍ ഇരുന്ന ഒരാള്‍ക്ക് ജീവിതം പറുദീസയാക്കാന്‍ ഇതിനേക്കാള്‍ പാതാളത്തിലിറങ്ങാന്‍ പറ്റില്ലല്ലോ. ഐ പി എസ് കാരിയുടെ മാനസികാവസ്ഥ ഇതാണെങ്കില്‍ ഗോവിന്ദച്ചാമി എത്രയോ ഭേദം. പക്ഷെ അയാള്‍ക്ക് യൂട്യൂബ് വിദ്യ അറിയില്ലല്ലോ!