Latest News

മൂന്നു വര്‍ഷത്തെ കാത്തിരിപ്പ്; നടന്‍ സംഗീത് പ്രതാപ് അച്ഛനായി; ആദ്യകണ്‍മണിയായ പെണ്‍കുഞ്ഞെത്തിയ സന്തോഷം പങ്ക് വച്ച് നടന്‍

Malayalilife
മൂന്നു വര്‍ഷത്തെ കാത്തിരിപ്പ്; നടന്‍ സംഗീത് പ്രതാപ് അച്ഛനായി; ആദ്യകണ്‍മണിയായ പെണ്‍കുഞ്ഞെത്തിയ സന്തോഷം പങ്ക് വച്ച് നടന്‍

'പ്രേമലു' എന്ന ഒരൊറ്റ ചിത്രത്തിലൂടെ.. അമല്‍ ഡേവിസ് എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ നടനും എഡിറ്ററുമാണ് സംഗീത് പ്രതാപ്. അഭിനയത്തിലും എഡിറ്റിംഗിലും ഒരുപോലെ മികവു പുലര്‍ത്തുന്ന കക്ഷി കുറച്ചു നാളുകളായി തന്റെ പ്രിയപ്പെട്ടവള്‍ക്കൊപ്പം ഒരു വലിയ കാത്തിരിപ്പിലായിരുന്നു. തങ്ങളുടെ ആദ്യ കണ്മണിയെ ജീവിതത്തിലേക്ക് വരവേല്‍ക്കാനുള്ള കാത്തിരിപ്പ്. ഇപ്പോഴിതാ, മണിക്കൂറുകള്‍ നീണ്ട പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ സംഗീതിന്റെ ഭാര്യ ആന്‍സി കടിഞ്ഞൂല്‍ കണ്മണിയ്ക്ക് ജന്മം നല്‍കിയിരിക്കുകയാണ്. വളരെയധികം സ്നേഹത്തോടെയും കരുതലോടെയും ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന രണ്ടുപേരാണ് സംഗീതും ആന്‍സിയും. അവരുടെ പ്രണയത്തിന്റെ അടയാള കുഞ്ഞു കണ്മണി ഈ ലോകത്തേക്ക് എത്തിയത് സംഗീത് തന്നെയാണ് പങ്കുവച്ചത്. ഒരു പെണ്‍കുഞ്ഞാണ് സംഗീതിനും ആന്‍സിയ്ക്കും ജനിച്ചിരിക്കുന്നത് എന്നത് ഇവരുടെ സന്തോഷം ഇരട്ടിപ്പിക്കുകയാണ്.

പ്രണയിച്ചു വിവാഹം കഴിച്ചവരാണ് സംഗീതും ആന്‍സിയും. ഒന്‍പതു വര്‍ഷത്തോളം നീണ്ട ഒരു പ്രണയം തകര്‍ന്നിരിക്കുന്ന വേളയിലാണ് സംഗീത് മാളു എന്നു വിളിക്കുന്ന ആന്‍സിയെ പരിചയപ്പെടുന്നത്. സംഗീതിന്റെ കൂട്ടുകാരന്റെ അനിയത്തിയായിരുന്നു മാളു. മാളുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ആദ്യമായി പരിചയപ്പെടുന്നത്. അന്ന് മുഴുവന്‍ ഇരുവരും ചാറ്റ് ചെയ്തു, അന്നും പിറ്റേന്നുമൊക്കെ നിര്‍ത്താതെ സംസാരിച്ചു. മാളു ഒരുപാട് ജെനുവിനായൊരു ആളായി തോന്നുകയും വല്ലാത്തൊരു അടുപ്പവും തോന്നിയതോടെയാണ് പരിചയപ്പെട്ട് മൂന്നാം ദിവസം സംഗീത് പ്രൊപ്പോസ് ചെയ്തത്. അഞ്ചാം ദിവസം മാളുവും ഇഷ്ടമാണെന്ന് പറയുകയായിരുന്നു. പതിനഞ്ചാം ദിവസം മാളുവിന്റെ ചേട്ടനോടും കാര്യം പറഞ്ഞു, തനിക്ക് മാളുവിനെ കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ട്, എന്നു തന്നെയായിരുന്നു സംഗീത് പറഞ്ഞത്. അപ്പോഴേക്കും ഇരുവരും പ്രണയകൊടുമുടിയില്‍ എത്തിയിരുന്നു. അപ്പോഴൊന്നും ഇരുവരും നേരില്‍ കാണുകയും ചെയ്തിരുന്നില്ല എന്നതാണ് മറ്റൊരു കൗതുകം. പിന്നെ എല്ലാം പെട്ടെന്നായിരുന്നു സംഭവിച്ചത്.

അങ്ങനെ മൂന്നു വര്‍ഷം മുമ്പ് 2023 നവംബറിലാണ് വിവാഹം കഴിഞ്ഞത്. തുടര്‍ന്ന് രണ്ടു വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് മാളു ഒരമ്മയാകുവാന്‍ പോവുകയാണെന്ന സന്തോഷം അറിഞ്ഞത്. ഇവരുടെ മറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. തിയറ്റര്‍ പശ്ചാത്തലമാക്കിയാണ് സംഗീതിന്റെയും ഭാര്യയുടെയും മറ്റേണിറ്റി ഫോട്ടോഷൂട്ട് നടന്നത്. 'ഞങ്ങളുടെ കുഞ്ഞു സിനിമയിലേക്ക് ഒരു കുഞ്ഞുതാരം ഉടന്‍ എത്തും' എന്ന വാക്കുകളോടെയാണ് സംഗീത് മറ്റേണിറ്റി ചിത്രങ്ങള്‍ പങ്കുവച്ചത്. തിയറ്റര്‍ സ്‌ക്രീനിന് മുന്നിലിരുന്ന് സിനിമ കാണും പോലെയാണ് ഇരുവരും മറ്റേണിറ്റി ഫോട്ടോഷൂട്ട് തീം ആയി ചെയ്തിരിക്കുന്നത്. പോപ്കോണും ത്രിഡി കണ്ണടയുമെല്ലാം ധരിച്ചാണ് ഇരുവരും ചിത്രങ്ങളിലുള്ളത്. ചിത്രങ്ങള്‍ക്കൊപ്പം സമൂഹമാധ്യമത്തില്‍ സംഗീത് മനോഹരമായ കുറിപ്പും പങ്കുവച്ചു 'കൗണ്ട്ഡൗണ്‍ ആരംഭിച്ചുകഴിഞ്ഞു, തിയറ്റര്‍ സജ്ജമാണ്, നക്ഷത്രങ്ങളില്‍ വച്ച് ഏറ്റവും മനോഹരമായ താരം ഉടന്‍ തന്നെ പ്രീമിയറിനെത്തുന്നു. നമ്മുടെ ഏറ്റവും വലിയ കഥയ്ക്ക് പിന്നില്‍ ലോകത്തിലെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട പെണ്‍കുട്ടിയാണ്; നീയെന്ന വ്യക്തിക്കും ഞങ്ങള്‍ക്ക് നല്‍കിയ എല്ലാത്തിനും ഒത്തിരി നന്ദി', എന്നാണ് സംഗീത് കുറിച്ചത്. അതേ തീമിലുള്ള ചിത്രം വച്ചാണ് പെണ്‍കുഞ്ഞാണെന്ന വിശേഷവും സംഗീത് അറിയിച്ചത്.

sangeeth prathap baby girl

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES