ഇരുട്ടിന്റെ മറപറ്റിയെത്തിയ ഡച്ചുകാർ കുളച്ചലിൽ കോട്ട പണിതുകഴിഞ്ഞു.
തേങ്ങാപട്ടണവും സമീപ പ്രദേശങ്ങളും കീഴടക്കി അവർ മുന്നേറുന്നു. നാട്ടുകാരെ ബന്ധനസ്ഥരാക്കി അടിമവേല ചെയ്യിക്കുന്നു.
''മുറിവേറ്റ പാമ്പുകളാണവർ. ആ ശൗര്യം സൂക്ഷിക്കണം തിരുമനസ്സേ... ഉറ്റതോഴൻ രാമയ്യന്റെ മുന്നറിയിപ്പ്.
അതേ, ഇളയിടത്തു റാണിയെ സഹായിക്കാൻ എത്തിയ ഡച്ചുകാരെ തോല്പിച്ച് ഓടിച്ചിട്ട് അധികമായില്ല. രാജ്യവിസ്തൃതി കൂട്ടാനല്ല, കേരളത്തിന്റെ സമ്പത്ത് സംരക്ഷിക്കുവാനായിരുന്നു ചെയ്തതെല്ലാം. പരസ്പരം സഹകരിക്കാത്ത കൊച്ചു കൊച്ചു നാട്ടുരാജ്യങ്ങളിലെ നാടുവാഴികളെ പലവിധത്തിൽ പാട്ടിലാക്കി, പൊന്നുംവിലയുള്ള കുരുമുളകും സുഗന്ധവ്യഞ്ജനങ്ങളും എല്ലാം കുറഞ്ഞ വിലയ്ക്ക് കടത്തിക്കൊണ്ടു പോവുക എന്നത് മാത്രമാണവരുടെ ഉദ്ദേശം.
മത്സരത്തിന് മറ്റൊരാളില്ലാത്ത വിപണി. അതായിരുന്നു ഡച്ചുകാരുടെ സ്വപ്നം. അതാണ് മാർത്താണ്ഡവർമ്മ തകർത്തത്, ബ്രിട്ടീഷുകാരുമായി വ്യാപാരകരാർ ഒപ്പിട്ടതിലൂടെ. ''കുളച്ചൽ മുതൽ, കന്യാകുമാരി വരെയുള്ള പടിഞ്ഞാറൻ തീരം മുഴുവൻ അവരുടെ കീഴിലാക്കിയാൽ പിന്നെ ബ്രിട്ടീഷ്‌കാർക്ക് പടിഞ്ഞാറൻ തീരം വഴിയുള്ള ചരക്ക് നീക്കം സാധ്യമാവില്ല. അതാണ് അവരുടെ ലക്ഷ്യം.'' രാമയ്യന്റെ വാക്കുകൾ. ''തെക്കുനിന്നും ദേശിംഗനാടിന്റെ സൈന്യം ഡച്ചുകാരെ സഹായിക്കുവാൻ ത്തിക്കൊണ്ടിരിക്കുന്നു. ഇളയിടത്ത് സൈന്യവും ഒപ്പമുണ്ട്.'' ചാരന്മാർ വിവരങ്ങൾ എത്തിച്ചുകൊണ്ടേയിരിക്കുന്നു.
''അല്ലെങ്കിലും, മാർത്താണ്ഡവർമ്മക്ക് എന്നും ശത്രുക്കൾക്ക് ഒരു കുറവും ഉണ്ടായിട്ടില്ലല്ലോ.....'' ആ ഗദ്ഗദം പക്ഷെ ഒരു തകർന്ന മനസ്സിൽ നിന്നായിരുന്നില്ല. ''ഉടൻ പ്രതികരിച്ചേ പറ്റു.'' ആ നിശ്ചയദാർഢ്യത്തിനു മുന്നിൽ എന്നും ശത്രുക്കൾ മുട്ടുമടക്കിയിട്ടേയുള്ളു.
രാമയ്യന് ചില നിർദ്ദേശങ്ങൾ നൽകി മാർത്താണ്ഡവർമ്മ ഉറക്കറയിലേക്ക് പോയി.
അതിരാവിലെ എഴുന്നേറ്റ്, പ്രഭാതകൃത്യങ്ങൾ നിർവ്വഹിച്ചശേഷം, ഊരിപ്പിടിച്ച ഉടവാളുമായി നേരെ കുതിരപ്പുറത്തേറി യാത്രയായത് തിരുവട്ടത്ത്, ആദികേശവനെ ദർശിക്കുവാനായിരുന്നു.
ശ്രീകോവിലിനുള്ളിൽ നിന്നും പൂജിച്ച ഉടവാൾ സ്വീകരിച്ചശേഷം ആ കണ്ണുകൾ ഒരുനിമിഷം അടഞ്ഞു.
''ഭഗവാനേ, അനന്തപത്മനാഭാ...... അടിയൻ ഒരുങ്ങുകയാണ്. ഒരുപക്ഷെ ഇത് അടിയന്റെ അവസാന യുദ്ധമായിരിക്കാം. എന്നാലും പിന്നോട്ടില്ല. എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ പ്രജകളെ കാത്തുകൊള്ളണേ...'
പിന്നീട് സംഭവിച്ചതെല്ലം, കേരളചരിത്രത്തിൽ സുവർണ്ണലിപികളിൽ എഴുതപ്പെട്ടിട്ടുള്ള സംഭവങ്ങളാണ്. ഒരു യൂറോപ്യൻ ശക്തിയെ തോല്പിക്കുന്ന ആദ്യത്തെ ഏഷ്യൻ ഭരണാധികാരി എന്ന ബഹുമതി മാർത്താണ്ഡ വർമ്മയ്ക്ക് നേടിക്കൊടുത്ത കുളച്ചൽ യുദ്ധം.
ഇരുവശവും ചിത്രപ്പണികളുള്ള തൂണുകൾ സ്വാഗതമോതുന്ന നീണ്ട ഇടനാഴിയിലൂടെ നടക്കുമ്പോൾ, നിശ്ചയദാർഢ്യത്തോടെയുള്ള കാലടിയൊച്ചകൾ എവിടെനിന്നോ കേൾക്കാമായിരുന്നു. ഭയത്തിന്റെ തരിമ്പുപോലുമില്ലാത്ത ഹൃദയസ്പന്ദനങ്ങളും. തിരുവനന്തപുരം കന്യാകുമാരി പാതയിൽ, നാഗർകോവിൽ എത്തുന്നതിന് ഒരല്പം മുൻപായി, തൊടുവെട്ടി എന്ന സ്ഥലത്തുനിന്നും പത്ത് കിലോമീറ്റർ പോയാൽ തിരുവട്ടാർ എന്ന സ്ഥലമായി. കോത്തി നദി, താമ്രപർണ്ണി നദി, പറളിയാർ എന്നീ മൂന്നു നദികൾ ഈ പ്രദേശത്തെ ചുറ്റിയാണ് ഒഴുകുന്നത്. ആറുകൾ വട്ടം തീർത്ത തിരുവട്ടാറിനെ. ദക്ഷിണ വൈകുണ്ഠം, ചേരനാട്ടിലെ ശ്രീരംഗം, പരശുരാമസ്ഥലം എന്നൊക്കെ പല പേരുകളിൽ അറിയപ്പെടുന്ന ഇവിടെയാണ്, തിരുവിതാംകൂർ രാജവംശത്തിന്റെ ഭരദേവതയായ തിരുവട്ടത്ത് ആദികേശവ പെരുമാളിന്റെ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ഏഴാം നൂറ്റാണ്ടിലോ എട്ടാം നൂറ്റാണ്ടിലോ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രത്തിലും, ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തിലേതുപോലെ അനന്തശായിയായ ഭഗവാന്റെ പ്രതിഷ്ഠയാണ്.
പത്മനാഭക്ഷേത്രത്തിൽ പ്രതിഷ്ഠ കിഴക്കോട്ട് ദർശനമായിട്ടാണെങ്കിൽ, ഇവിടെ പടിഞ്ഞാട്ട് ദർശനമായിട്ടാണെന്ന് മാത്രം. ഇവിടത്തെ വിഗ്രഹത്തിന് ഇരുപത്തിരണ്ടടി നീളമുണ്ട്. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ വിഗ്രഹത്തിന് പതിനെട്ടടി മാത്രമേ നീളമുള്ളു. ഭൂമിയിലാകെ നാശം വിതച്ച്, ആരേയും വകവയ്ക്കാതെ ജീവിച്ച കേശി എന്ന അസുരനിൽ നിന്നാണ് ആദികേശവപ്പെരുമാളിന്റെ ഐതിഹ്യം ആരംഭിക്കുന്നത്. നീണ്ടുനിന്ന യുദ്ധത്തിനൊടുവിൽ പെരുമാൾ കേശിയെ കീഴ്‌പ്പെടുത്തി. യുദ്ധത്തിൽ തളർന്ന് പോയ പെരുമാൾ, കോശിയുടെ ദേഹം മെത്തയാക്കി അതിനുമേൽ വിശ്രമിച്ചു. വിവരമറിഞ്ഞ കേശിയുടെ ഭാര്യ ഗംഗാദേവിയെ പ്രകീർത്തിച്ച് സംതൃപ്തയാക്കി. മുന്നിൽ പ്രത്യക്ഷപ്പെട്ട ഗംഗാദേവിയോട് അവർ തന്റെ ഭർത്താവിനെ രക്ഷിക്കുവാൻ അഭ്യർത്ഥിച്ചു. ഭക്തപ്രിയയായ ഗംഗാദേവി, തന്റെ സഖികൂടിയായ താമ്രപർണ്ണിയോടൊപ്പം കൂലംകുത്തി ഒഴുകിയെത്തി. ആദികേശവ പെരുമാളിന്റെ കൈയിൽ നിന്നും കേശിയെ രക്ഷിക്കുകയായിരുന്നു ഉദ്ദേശം.
സർവ്വവും വിഴുങ്ങിയുള്ള ഗംഗയുടെയും താമ്രപർണ്ണിയുടെയും വരവ് കണ്ട ഭഗവാൻ, ഭൂമിൻ ദേവിയോട്, താൻ നിൽക്കുന്ന ഭാഗം ഒരല്പം ഉയർത്തുവാൻ ആവശ്യപ്പെട്ടു. അതിൻ പ്രകാരം ഭൂമിദേവി അവിടം ഒരല്പം ഉയർത്തി. ആർത്തലച്ചെത്തിയ ഗംഗയും താമ്രപർണ്ണിയും കേശിയെ രക്ഷിക്കാനാകാതെ, ഭഗവാനെ വലം വച്ചുകൊണ്ടിരുന്നു. ഇതിനിടയിൽ, ഗംഗസ്സ്പർശനമേറ്റ കേശിക്ക് മോക്ഷം ലഭിക്കുകയും ചെയ്തു. അവിടെയാണ് ഇന്നുള്ള ക്ഷേത്രം ഉയർന്നിരിക്കുന്നത്.
ഗംഗയും താമ്രപർണ്ണിയും, പെരുമാൾ ഇരുന്നിടത്തിനെ വലം വച്ചതിനാലാണത്രെ, തിരുവട്ടാർ എന്ന പേര് വന്നത്. പത്മനാഭസ്വാമീ ക്ഷേത്രത്തിലെ പൂജാവിധികൾ പ്രകാരം പൂജാകർമ്മങ്ങൾ നടക്കുന്ന ഇവിടെ വൈകുണ്ഠ ഏകാദശിയാണ് പ്രധാന ഉത്സവം.