ജന്മം നല്‍കിയ അമ്മയെ സംരക്ഷിച്ചതിന്റെ പേരില്‍ കുടുംബം ഉപേക്ഷിച്ച നടി ലൗലിയുടെ വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
അമ്മയെ ഉപേക്ഷിക്കാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. പിന്നാലെ ലൗലി അമ്മയെയും കൊണ്ട് വീടുവിട്ടിറങ്ങി. അസുഖങ്ങളാലും വാര്‍ധക്യസഹജമായ അവശതകളാലും തളര്‍ന്ന അമ്മയുമായി ലൗലി അഭയം തേടിയത് പത്തനാപുരത്തെ ഗാന്ധിഭവനില്‍ ആയിരുന്നു...ഇപ്പോളിതാ മകളെ തനിച്ചാക്കി യാത്രയായിരിക്കുകയാണ് കുഞ്ഞമ്മ പോത്തന്‍ എന്ന 93 കാരി.
ഇന്നലെ ഉച്ചയ്ക്ക് 2.15 നായിരുന്നു അന്ത്യം. 93 വയസ്സിന്റെ അവശതകളും അസുഖങ്ങളും നേരിട്ടിരുന്ന അമ്മയെ പരിചരിച്ച് മകള്‍ ലൗലി എപ്പോഴും കൂടെയുണ്ടായിരുന്നു.
സ്വന്തം അമ്മയെ ഉപേക്ഷിക്കാനുള്ള ഭര്‍ത്താവിന്റെ പിടിവാശിക്ക് മുന്നില്‍ മുട്ടുമടക്കാതെ അമ്മയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച ചേര്‍ത്തല എസ് എല്‍ പുരം കുറുപ്പ് പറമ്പില്‍ ലൗലി ബാബു 2024 ജൂലൈ 16 നാണ് ഗാന്ധിഭവനില്‍ അഭയം തേടി എത്തിയത്. ഒരുപാട് സ്ഥലങ്ങളില്‍ അഭയം തേടാന്‍ ശ്രമിച്ചെങ്കിലും അമ്മയെ ഒറ്റയ്ക്കാക്കി മടങ്ങാന്‍ ലൗലി തയ്യാറല്ലായിരുന്നു. അങ്ങനെ തനിക്ക് കൂടി നില്‍ക്കാന്‍ പറ്റിയ സ്ഥലം അന്വേഷിക്കുമ്പോഴാണ് ഗാന്ധിഭവനക്കുറിച്ചറിയുന്നത്.
ലൗലി ബാബുവിന്റെ ജീവിത കഥ മുഴുവനായും കേട്ട ശേഷം ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ ഇരുവരേയും ഗാന്ധിഭവനില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മാതാപിതാക്കളെ അനാഥാലയങ്ങളില്‍ കൊണ്ടു തള്ളുന്ന മക്കള്‍ക്ക് വലിയ പാഠമായിരുന്നു ഈ അമ്മ-മകള്‍ സ്നേഹമെന്ന് ഗാന്ധിഭവന്‍ അധികൃതരും വ്യക്തമാക്കുന്നു. അമ്മ കഷ്ടപ്പെട്ടുണ്ടാക്കിയ ഭൂമിയാണ് നാട്ടിലുള്ളത്. അമ്മയുടെ ആഗ്രഹംപോലെ അവിടെയായിരിക്കുന്ന അന്ത്യകര്‍മ്മങ്ങള്‍ നടക്കുക.
അമ്മയെ ഉപദ്രവിക്കുന്ന തരത്തിലുള്ള ലൗലി ബാബുവിന്റെ വീഡിയോ പുറത്ത് വന്നത് നേരത്തെ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. എന്നാല്‍ ഇതിന് പിന്നിലെ കാരണം വ്യക്തമാക്കി നടി തന്നെ പിന്നീട് രംഗത്ത് വന്നു. അമ്മയുടെ അവസ്ഥ കൂടുതല്‍ മോശമായി വന്നപ്പോള്‍ മനോനില തെറ്റി ജീവന് തുല്യം സ്‌നേഹിക്കുന്ന അമ്മയെപ്പോലും തനിക്ക് വേദനിപ്പിക്കേണ്ടി വന്നുവെന്നായിരുന്നു ലൗലി ബാബുവിന്റെ തുറന്ന് പറച്ചില്‍.
സിനിമകള്‍, സീരിയലുകള്‍ എന്നിവയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് ലൗലി ബാബു. ദി ?ഗിഫ്റ്റ് ഓഫ് ?ഗോഡ്, ഭാ?ഗ്യദേവത, മേരിക്കുണ്ടൊരു കുഞ്ഞാട്, തന്മാത്ര, പ്രണയം, നാല് പെണ്ണുങ്ങള്‍, വെനീസിലെ വ്യാപാരി തുടങ്ങി നിരവധി സിനിമകളില്‍ ലൗലി അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമെ നാടകത്തിലും സീരിയയിലും സജീവമായിരുന്നു ലൗലി.
അമ്മ അസുഖ ബാധിതയായശേഷം അഭിനയത്തില്‍ നിന്ന് പോലും ലൗലി വിട്ടുനില്‍ക്കുകയായിരുന്നു. അതിനാല്‍ തന്നെ അമ്മയെ പരിപാലിക്കുന്നതിന് സാമ്പത്തിക ബുദ്ധിമുട്ടുകളും നടിയെ അലട്ടിയിരുന്നു.