അളിയന്‍ മോഹനെ സഹായിക്കാന്‍ ശ്രമിച്ച് ശ്രീനിവാസന് ലക്ഷങ്ങള്‍ നഷ്ടമായതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മന്ത്രി ഗണേഷ് കുമാര്‍. ബ്രൂണെ രാജാവിന്റെ സ്റ്റാഫില്‍ ജോലി വാങ്ങി നല്‍കാന്‍ ശ്രമിച്ചതിനിടെയാണ് ഈ സാമ്പത്തിക നഷ്ടമുണ്ടായതെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന 'സന്മനസുള്ള ശ്രീനി' എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'ശ്രീനിയേട്ടന്റെ കഥകളൊക്കെ കേള്‍ക്കുമ്പോള്‍ അദ്ദേഹം ഒരു ജീനിയസ് ആണെന്ന് നമുക്കൊക്കെ തോന്നും. സാധാരണക്കാരണകാരനായ ഒരു മലയാളി അദ്ദേഹത്തിലുമുണ്ട്.' ഗണേഷ് കുമാര്‍ പറഞ്ഞു. സിനിമ സംവിധായകനാകുന്നതിന് മുന്‍പ് അളിയനായ മോഹനെ എങ്ങനെയെങ്കിലും സഹായിച്ച് ഒരു ജോലിയാക്കാന്‍ ശ്രീനിവാസന്‍ ശ്രമിച്ചിരുന്ന സമയത്താണ് ഈ സംഭവം. അടൂര്‍ പങ്കജത്തിന്റെ മകന്‍ അജയന്‍ ഒരു നിര്‍ദേശവുമായി ശ്രീനിവാസനെ സമീപിക്കുകയായിരുന്നു. ബ്രൂണെ രാജാവിന്റെ പ്രൈവറ്റ് സെക്രട്ടറി മാവേലിക്കരക്കാരനായ ഒരു നായരാണെന്നും, അദ്ദേഹത്തെ സ്വാധീനിച്ചാല്‍ മോഹനെ ബ്രൂണെയില്‍ രാജാവിന്റെ സ്റ്റാഫില്‍ ഉള്‍പ്പെടുത്താമെന്നും അജയന്‍ ശ്രീനിവാസനെ വിശ്വസിപ്പിച്ചു.
മോഹന്റെ ഭാവി സുരക്ഷിതമാക്കാന്‍ ഈ മാര്‍ഗ്ഗം സഹായിക്കുമെന്ന് കരുതി ശ്രീനിവാസന്‍, അജയന്‍ മുഖേന ഈ 'പ്രൈവറ്റ് സെക്രട്ടറിക്ക്' നല്‍കാനായി അഞ്ച് ലക്ഷം രൂപ കൈമാറുകയായിരുന്നു. എന്നാല്‍ ഇത് തട്ടിപ്പായിരുന്നുവെന്ന് പിന്നീട് ശ്രീനിവാസന് മനസ്സിലായി. 'വരവേല്‍പ്പ്', 'സന്ദേശം' തുടങ്ങിയ മികച്ച ചിത്രങ്ങള്‍ എഴുതിയ ശ്രീനിവാസനെപ്പോലെ ഒരു ജീനിയസിന് പോലും ഇങ്ങനെയൊരു അബദ്ധം പറ്റിയെന്ന് ഗണേഷ് കുമാര്‍ ഓര്‍മ്മിപ്പിച്ചു. തനിക്ക് പറ്റിയ 'മണ്ടത്തരത്തെക്കുറിച്ച്' ശ്രീനിവാസന്‍ തന്നെയാണ് തന്നോട് പറഞ്ഞതെന്നും ഗണേഷ് കുമാര്‍ വെളിപ്പെടുത്തി. എത്ര വലിയ ബുദ്ധിമാനാണെന്ന് പറഞ്ഞാലും ചതിക്കുഴികളുള്ള സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന് ഈ സംഭവം ഓര്‍മ്മിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.