'നിങ്ങളോ എല്ലാവരും സഹോദരന്മാര്‍' എന്ന വിശുദ്ധ മത്തായിയുടെ സുവിശേഷം ആപ്തവാക്യമാക്കിയുള്ള പോപ്പിന്റെ സന്ദര്‍ശനത്തിന് ഇറാഖിലെ നിലവിലെ സാഹചര്യത്തില്‍ പ്രസക്തിയേറെയാണ്. നൂറ്റാണ്ടിലെ യാത്ര'യെന്നു വിശേഷിപ്പിച്ചാണ് മാര്‍ച്ച് അഞ്ചിന് തുടങ്ങി എട്ടു വരെ നീണ്ട ഈ സന്ദര്‍ശനത്തെ ലോകം ഉറ്റുനോക്കിയത്. യുദ്ധം വരുത്തിയ കെടുതികളില്‍നിന്നും ഇനിയും മോചനമില്ലാതെ കഴിയുന്ന ഇറാഖി ജനതക് ആശ്വാസവചനങ്ങളുമായി 84കാരന്‍ മാര്‍പാപ്പ എത്തിച്ചേര്‍ന്നപ്പോള്‍ അബ്രഹാമിന്റെ ജന്മനാട്ടില്‍ ചരിത്രത്തിലാദ്യമായി ഒരു മാര്‍പാപ്പയെത്തിയിരിക്കുന്നു എന്ന വിശേഷണത്തിനും ഉടമയായി.
പൂര്‍വപിതാവായ അബ്രഹാമിന്റെ ജന്മസ്ഥലമെന്നു ക്രിസ്ത്യാനികളും മുസ്ലിംകളും യഹൂദരും വിശ്വസിക്കുന്ന ദക്ഷിണ ഇറാഖിലെ ഉര്‍ സന്ദര്‍ശിച്ച മാര്‍പാപ്പ അവിടെ സര്‍വമത സമ്മേളനത്തിലും പങ്കെടുത്തു. തുര്‍ക്കി, ജോര്‍ദാന്‍, ഈജിപ്ത്, ബംഗ്ലാദേശ്, അസര്‍ബെയ്ജാന്‍, യു എ ഇ, ഫലസ്തീന്‍ എന്നീ മുസ്ലിം രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിന്റെ തുടര്‍ച്ചയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇറാക്ക് സന്ദര്‍ശനം. അധികാരമേറ്റ ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തുന്ന 33ാമത് വിദേശയാത്രയാണിത്. കോവിഡ് മൂലം കഴിഞ്ഞ 15 മാസത്തത്തിനിടയില്‍ ആദ്യത്തേതും. മാര്‍പാപ്പയോടൊപ്പം അദ്ദേഹത്തിന്റെ അനുചരന്മാരും, സുരക്ഷാസേനയും 75 മാധ്യമപ്രവര്‍ത്തകരും ഉണ്ടായിരുന്നു.
ആദ്യം ബ്രിട്ടിഷ് ഭരണത്തിലും പിന്നീട് ഫൈസല്‍ രാജാവിന്റെ കീഴിലും ഇറാഖ് രൂപീകൃതമാമായതിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് മാര്‍പാപ്പയുടെ സന്ദര്‍ശനം എന്ന പ്രത്യകതയുമുണ്ട്. ഷിയാ ആത്മീയാചാര്യന്‍ ഗ്രാന്‍ഡ് ആയത്തുല്ല അലി അല്‍ സിസ്താനിയെ സന്ദര്‍ശിച്ച ശേഷമാണു എണ്‍പത്തിനാലുകാരനായ മാര്‍പാപ്പഉറിലെത്തിയത്. അല്‍സിസ്താനി വാടകയ്ക്കു താമസിക്കുന്ന ലളിത സൗകര്യങ്ങളുള്ള വസതിയിലായിരുന്നു കൂടിക്കാഴ്ച. ഇറാഖിന്റെ പ്രശ്‌നകാലത്തു ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി നിലകൊണ്ടതിന് അല്‍ സിസ്താനിയെ മാര്‍പാപ്പ നന്ദി അറിയിച്ചു. ഇറാഖിലെ പുണ്യനഗരമായ നജഫിലെ സിസ്താനിയുടെ വീട്ടിലായിരുന്നു ചരിത്രപരമായ കൂടിക്കാഴ്ച .''സമാധാനത്തിന്റയും അനുരഞ്ജനത്തിന്റയും തീര്‍ത്ഥാടകനായാണഞാന്‍ ഇറാഖിലേക്ക് വരുന്നത്'' എന്ന പോപ്പിന്റെ പ്രസ്താവന ഷിയാ നേതാവിനും ഏറെ ഇഷ്ടപ്പെട്ടു.
2010-ല്‍ കുര്‍ബാനയ്ക്കിടെ ഐ. എസ്. തീവ്രവാദികള്‍ തകര്‍ക്കുകയും 58 പേരെ വധിക്കുകയുംചെയ്ത ബാഗ്ദാദിലെ രക്ഷാമാതാ ദേവാലയത്തിലും പാപ്പയെത്തി. അബ്രഹാമിന്റെ ജന്മദേശമായ ഉര്‍ നഗരത്തില്‍ ഭൂരിപക്ഷ മുസ്ലിങ്ങള്‍ക്കൊപ്പം ക്രിസ്ത്യന്‍, യസീദി, മറ്റ് ന്യൂനപക്ഷങ്ങള്‍ എന്നിവരുടെ പ്രതിനിധികള്‍ പങ്കെടുത്ത സര്‍വമത സമ്മേളനമായിരുന്നു പ്രധാനപ്പെട്ട മറ്റൊരു അജന്‍ഡ. 2019-ല്‍ മാര്‍പാപ്പ തുടക്കമിട്ട, കത്തോലിക്കരും ഇസ്ലാമിക സമൂഹവുമായുള്ള സര്‍വമതചര്‍ച്ചയുടെ തുടര്‍ച്ചയാണിത്.
ഇറാഖില്‍ ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികളുള്ള നിനെവയിലെ കാരക്കോഷ് നഗരവും ബാഗ്ദാദ്, മോസുള്‍ നഗരങ്ങളും മാര്‍പാപ്പ സന്ദര്‍ശിച്ചു.പതിറ്റാണ്ടുകളായി അല്‍ ഖായിദയുടെയും ഇസ്ലാമിക് സ്റ്റേറ്റിന്റെയും ക്രൂരതകളേറ്റുവാങ്ങി മരവിച്ചുപോയ ഇറാഖിലെ ന്യൂനപക്ഷത്തിന് മാര്‍പാപ്പയുടെ സന്ദര്‍ശനം നല്‍കുന്ന സന്ദേശം ചെറുതല്ല. ജനസംഖ്യയുടെ 70 ശതമാനവും ഷിയാ മുസ്ലിങ്ങളുള്ള ഇറാഖില്‍ ക്രിസ്ത്യാനികള്‍ വെറും ഒരു ശതമാനം മാത്രമാണ്. 2003-ല്‍ സദ്ദാം ഭരണകൂടത്തിനെതിരേ യു.എസ് നടത്തിയ അധിനിവേശത്തിനുമുമ്ബ് ഇറാഖില്‍ 16 ലക്ഷമുണ്ടായിരുന്ന ക്രിസ്ത്യാനികളുടെ അംഗബലം ഇപ്പോള്‍ രണ്ടരലക്ഷത്തില്‍ത്താഴെ മാത്രം.
അതില്‍ 67 ശതമാനവും കല്‍ദായ വിഭാഗക്കാര്‍.സദ്ദാം ഭരണകൂടത്തിന്റെ തകര്‍ച്ചയും അല്‍ ഖായിദയുടെയും ഐ.എസിന്റെയും ഉദയവും ഇറാഖിലെ ക്രിസ്ത്യാനികളുടെ ജീവിതം നരകതുല്യമാക്കി. വടക്കന്‍ ഇറാഖിലെ കുര്‍ദിഷ് മേഖലയിലേക്കും അയല്‍രാജ്യങ്ങളായ ലബനന്‍, ജോര്‍ദാന്‍, തുര്‍ക്കി എന്നിവിടങ്ങളിലേക്കും അവര്‍ പലായനംചെയ്തു. ശേഷിച്ചവരെ ഐ.എസ്. നിര്‍ബന്ധിത മതംമാറ്റത്തിനു വിധേയരാക്കി.വിസമ്മതിച്ചവരുടെ തലവെട്ടി, സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു. 2003-നുശേഷം 58 ക്രിസ്ത്യന്‍ പള്ളികളാണ് ഇറാഖിലുടനീളം തകര്‍ക്കപ്പെട്ടത്രാജ്യത്തുടനീളം ക്രിസ്തീയ പുരോഹിതര്‍ വേട്ടയാടപ്പെട്ടു. യസീദികളടക്കമുള്ള മറ്റു ന്യൂനപക്ഷങ്ങളെയും ഐ.എസ്. വേട്ടയാടി. യഹൂദന്മാരാകട്ടെ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ഇന്ന് ഇറാഖിലവശേഷിക്കുന്നത്.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും സാഫല്യമാണ് ഈ യാത്ര. മുന്‍ഗാമികളായ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനും ബെനഡിക്‌ട് പതിനാറാമനും കഴിയാതെ പോയത്. ഉര്‍ നഗരത്തില്‍നിന്ന് തുടങ്ങുന്ന ഇറാഖ്, ഈജിപ്ത്, ഇസ്രയേല്‍ യാത്ര ജോണ്‍ പോള്‍ രണ്ടാമന്റെ സ്വപ്നമായിരുന്നെങ്കിലും 2000-ത്തില്‍ സദ്ദാം ഭരണകൂടവുമായിനടന്ന ചര്‍ച്ച പരാജയപ്പെട്ടതോടെ നിരാശനായി. 2008-ല്‍ബെനഡിക്‌ട് പതിനാറാമനെ ഇറാഖിലേക്ക് പ്രധാനമന്ത്രി ക്ഷണിച്ചെങ്കിലും യുദ്ധം ആ യാത്രയും തടസ്സപ്പെടുത്തി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനം ഏറെ പ്രതീക്ഷകള്‍ നല്‍കുന്നത് തന്നെയാണ്. ഇറാക്കില്‍ 1450 കിലോമീറ്റര്‍ സഞ്ചരിച്ച മാര്‍പാപ്പ വത്തിക്കാനിലേക്ക് മടങ്ങിയത് ഏറെ പ്രതീക്ഷകള്‍ നല്‍കിയാണ്. നാല് ദിവസത്തെ സന്ദര്‍ശനം ഏറെ ഫലപ്രദമായി.