അയാള്‍ പലകാര്യങ്ങളിലും ഒരു ഉത്തമ ഗൃഹനാഥനായിരുന്നു. കുടുംബത്തിന്റെ സാമ്ബത്തിക അച്ചടക്കത്തില്‍ വളരെയധികം ശ്രദ്ധിച്ചിരുന്ന അയാള്‍ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസവും ജോലിയും ഉറപ്പുവരുത്തി. ഭാര്യയ്ക്ക് ഒരു സ്വയംതൊഴില്‍ യൂണിറ്റ് സ്ഥാപിച്ച് അവരെ സ്വയംപര്യാപ്തയാക്കി. എല്ലാ ആധുനിക സൗകര്യങ്ങളുള്ള വീടും ഏറ്റവും പുതിയ മോഡല്‍ വാഹനവും അവര്‍ക്കുണ്ടായിരുന്നു. ഇത്രയും സുരക്ഷിതവും സുഭദ്രവുമായ ജീവിതം ഉറപ്പുവരുത്തിയിട്ടും അയാളുടെ ഭാര്യയും മക്കളും ഒട്ടും സംതൃപ്തരല്ലായിരുന്നു. കുടുംബനാഥന്റെ പൊതുസ്ഥലങ്ങളിലെ വര്‍ത്തമാനവും പെരുമാറ്റവുമാണ് വീട്ടുകാരെ അസ്വസ്ഥമാക്കിയത്. കുടുംബസംഗമങ്ങളില്‍ അയാള്‍ ഇഷ്ടമില്ലാത്തവര്‍ക്കെതിരെ ഏറ്റവും മ്‌ളേച്ഛമായ വാക്കുകള്‍ പ്രയോഗിക്കാന്‍ ഒരു മടിയും കാണിച്ചിരുന്നില്ല.
ഫേസ്‌ബുക്കില്‍ പലരേയും പച്ചത്തെറി വിളിക്കുമായിരുന്നു. ആള്‍ക്കൂട്ടത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാനായി അയാള്‍ എന്ത് കോമാളിത്തരവും കാട്ടുമായിരുന്നു. മകള്‍ക്ക് കടുത്ത പനി വന്നപ്പോള്‍ പാരസെറ്റമോള്‍ നിര്‍ദ്ദേശിച്ച ഡോക്ടറെ അയാള്‍ അധിക്ഷേപിച്ച് കണ്ണുപൊട്ടിച്ചു. കുട്ടിക്ക് ടെംപറേച്ചര്‍ കൂടി ഫിറ്റ്‌സ് വന്ന് വീട്ടില്‍ കുഴഞ്ഞുവീണ് കിടപ്പിലായി. ,ഭൂമി ഉരുണ്ടതാണെന്ന സയന്‍സ് പറയുന്നവരെ അയാള്‍ പുറകെ നടന്ന് ചീത്തവിളിച്ചു. അങ്ങനെയങ്ങനെ അയാള്‍ അച്ഛനാണെന്ന് പറയാന്‍ മക്കളും ഭര്‍ത്താവാണെന്ന് പറയാന്‍ ഭാര്യയ്ക്കും മടിയായി തുടങ്ങി.
അമേരിക്കന്‍ ജനത ട്രംപിനെ തോല്പിച്ചതും ഇതേ കാരണങ്ങളൊക്കെ കൊണ്ടുതന്നെയാണ്. ഡൊണാള്‍ഡ് ട്രപിന്റെ നാലുവര്‍ഷം യുഎസ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കായിരുന്നു രേഖപ്പെടുത്തിയത്. സമ്ബദ്ഘടന ഗംഭീരമായി വളര്‍ന്നു. വിദേശമണ്ണില്‍ കിടന്ന് ഒരു അമേരിക്കന്‍ പട്ടാളക്കാരനും യുദ്ധം ചെയ്ത് മരിക്കേണ്ടി വന്നില്ല. എന്നിട്ടും ഡൊണാള്‍ഡ് ട്രംപ് തോറ്റു. പ്രസിഡന്റ് വെറുമൊരു ബഫൂണായി തരംതാഴുമ്ബോള്‍ ഇടിഞ്ഞുതാഴ്ന്നത് ആ രാജ്യത്തിന്റെ അന്തസ്സാണെന്ന് തിരിച്ചറിഞ്ഞ അമേരിക്കന്‍ ജനത ട്രംപിനെ നൈസായി പുറത്താക്കി.
വീടിനും നാടിനും എത്ര ഗുണം ചെയ്താലും പബ്‌ളിക് സ്‌പേസില്‍ വകതിരിവില്ലാതെ വായിട്ടിളക്കിയാല്‍, മോശമായി പെരുമാറിയാല്‍ കടക്കൂ പുറത്തെന്ന് ഏറ്റവും അടുപ്പമുള്ളവര്‍ പോലും പറഞ്ഞുപോകും. ട്രംപിന്റെ പതനം നല്കുന്ന ലളിതപാഠവും അതുതന്നെയാണ്.