2013 ഡിസംബറില്‍ ദേവയാനി കൊബ്രഗഡെയെ മാന്‍ഹാട്ടന്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഇന്ത്യന്‍ കൊണ്‍സുലേറ്റിലെ ഐഎഫ്‌എസുകാരി ഉദ്യോഗസ്ഥയെ അമേരിക്ക പിടിച്ചകത്തിട്ടത് വീട്ടുജോലിക്കാരിക്ക് ശമ്ബളം നല്കാതെയും മറ്റും പീഡിപ്പിച്ചതിനാണ്. പരാതിക്കാരിയായ ആ housemaid അമേരിക്കക്കാരിയോ മദാമ്മയോ ഒന്നുമായിരുന്നില്ല. സംഗീത റിച്ചാര്‍ഡ് അങ്ങനെയായിരുന്നു അവരുടെ പേര്. തനി ഇന്ത്യന്‍ മദ്രാസി.
നയതന്ത്ര ഉദ്യോഗസ്ഥരുടെ വീട്ടില്‍ ജോലി ചെയ്യുന്നതിന് അനുവദിക്കുന്ന പ്രത്യേക വിസ പ്രകാരമാണ് സംഗീത അമേരിക്കയിലെത്തിയത്. ദേവയാനി കോബ്രഗഡെ ദളിതയാണ്. അവരുടെ അച്ഛന്‍ ഐഎസ് ഓഫീസറായിരുന്നു. എന്തുകൊണ്ടും കുലീനരും സമ്ബന്നരുമായ അവര്‍ വീട്ടുജോലിക്കാരിയുടെ നേരെ തനി ഇന്ത്യന്‍ കൊച്ചമ്മയായി മാറി. കൂടാത്തതിന് നയതന്ത്ര പരിരക്ഷയും. എന്ത് ചെയ്താലും ആരും ചോദിക്കാനില്ലെന്ന അധികാര ധാര്‍ഷ്ട്യവും അഹംഭാവവും സംഗീത റിച്ചാര്‍ഡിന് നേരെ ഉറഞ്ഞു തുള്ളിയപ്പോള്‍ അവര്‍ രഹസ്യമായി പുറത്ത് കടന്ന് പരാതി കൊടുത്തു.
അമേരിക്കന്‍ തൊഴില്‍ നിയമം ലംഘിച്ച് ജോലിക്കാരിയെ പീഡിപ്പിച്ചതിന് ഐഎഫ്‌എസുകാരി ദേവയാനിയെ പൊലീസ് പിടികൂടി ജയിലിലടച്ചു. നയതന്ത്ര പ്രതിനിധിക്കുള്ള പരിരക്ഷ നല്കിയില്ലെന്ന് ആരോപിച്ച് ഇന്ത്യ പ്രതിഷേധിച്ചു. അവസാനം ഇനി ഒരിക്കലും അമേരിക്കയില്‍ കാല്‍ കുത്താന്‍ പാടില്ലെന്ന കണ്ടിഷനോടെ ദേവയാനിയെ വിമാനം കയറ്റിവിട്ടു.
ഒരു ഇന്ത്യന്‍ വീട്ടുവേലക്കാരിയുടെ തൊഴില്‍ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അങ്ങേയറ്റം വരെ പോയ അമേരിക്കന്‍ ജനാധിപത്യത്തിനും നിയമവ്യവസ്ഥിതിക്കും എതിരെ സദാസമയവും യുദ്ധം നടക്കുന്ന നാടാണ് കേരളം. ഇവിടെ ഈ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഒരു പരമദരിദ്രയായ തമിഴത്തി വീട്ടുവേലക്കാരി സ്വന്തം വീട്ടിലേക്ക് പോകാന്‍ സ്വന്തം മക്കളെ കാണാന്‍ മറ്റൊരു മാര്‍ഗ്ഗവുമില്ലാതെ പാതിരാത്രി രണ്ട് സാരികള്‍ കൂട്ടിക്കെട്ടി ഫ്‌ളാറ്റില്‍ നിന്ന് താഴേക്ക് ഊര്‍ന്നിറങ്ങാന്‍ ശ്രമിക്കുമ്ബോള്‍ വീണ് മരിച്ചിരിക്കുന്നു.
എന്തുകൊണ്ടാവും ഒരു വേലക്കാരി സ്ത്രീ യജമാനന്റെ ഫ്‌ളാറ്റില്‍ നിന്ന് രക്ഷപ്പെടാന്‍ രാത്രി സാരികള്‍ കൂട്ടിക്കെട്ടിയത്...?എന്തെങ്കിലും ഒരു കാരണവുമില്ലാതെ സ്വന്തം ജീവന്‍ പണയപ്പെടുത്തി പണിസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ആരും ശ്രമിക്കില്ല. പക്ഷെ ' ചത്തത് ' ഒരു തമിഴത്തിയല്ലേ.. എന്തോന്ന് കാരണം എന്തോന്ന് അന്വേഷണം ..!
പണ്ട് മഹാഭാരതകഥയില്‍ വാരണാവതം അരക്കില്ലത്തില്‍ വെന്തുമരിച്ച കാട്ടുവാസി സ്ത്രീക്കും അവരുടെ അഞ്ചു മക്കള്‍ക്കുമായി മീന്‍കാരിമകന്‍ വേദവ്യാസന്‍ പോലും ഒരു തുള്ളി കണ്ണീര് പൊഴിച്ചിട്ടില്ല. പക്ഷെ അമേരിക്ക എന്ന സാമ്രാജ്യത്വ ഭീകരന്‍ ആരുമല്ലാത്ത ആരോരുമില്ലാത്ത ഒരു ഇന്ത്യന്‍ വീട്ടുവേലക്കാരിക്ക് നീതി ഉറപ്പാക്കാനായി നയതന്ത്ര മര്യാദാമതിലുകള്‍ ചാടിക്കടന്നു.
അമേരിക്കന്‍ വിരുദ്ധതയുടെ ഈറ്റില്ലമായ നമ്മുടെ കേരളത്തില്‍ ഒരു കാരണവുമില്ലാതെ ഒരു പട്ടിണിക്കാരി തമിഴത്തി ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിക്കുന്നു.
ദുര്‍ബലരില്‍ ദുര്‍ബലര്‍ക്കെതിരെ അനീതി നടക്കുമ്ബോള്‍ അതിനെതിരെ ഉടന്‍ പ്രതികരിക്കുമ്ബോഴാണ് ഏത് നാടും ക്ഷേമരാഷ്ട്രമായി മാറുന്നത്.എത്ര വിപ്ലവം പറഞ്ഞാലും ചില പ്രത്യേക തരം മനുഷ്യരുടെ കാര്യം വരുമ്ബോള്‍ നമ്മള്‍ ഉന്നത കുലജാതരായി മാറും.കൊടും പീഡനങ്ങളേറ്റ് യജമാനനരുടെ കൊട്ടാര അടുക്കളകളില്‍ ഇനിയും ഒത്തിരി തമിഴത്തികള്‍ പൊള്ളി മരിക്കും കാട്ടാള സ്ത്രീയും മക്കളും വെന്തുപിടഞ്ഞു മരിച്ചാലും രാജമാതാവ് കുന്തിയും മക്കളും ഒരു പോറലുമേല്‍ക്കാതെ രക്ഷപെടണം. അതാണ് നമ്മുടെ പാരമ്ബര്യം. അതുതന്നെയാണ് നമ്മുടെ വര്‍ത്തമാനവും.