പാ ലത്തായി മറ്റൊരു വാളയാര്‍ ആകുകയാണോ? അതോ രാഷ്ട്രീയപകതീര്ക്കലിന്റെ നാണംകെട്ട പേരാണോ പാലത്തായി? ശരിക്കും എന്താണ് ഈ കേസിനു പിന്നിലെ സത്യാവസ്ഥ? ഒരു പിഞ്ചുകുഞ്ഞിന്റെ വിഷയമാണിത്. അതുമാത്രമാണ് ഞാനെന്ന അമ്മയെ ആകുലപ്പെടുത്തുന്നതും. പാലത്തായി പോക്സോ പീഡനക്കേസ് ബാക്കിവയ്ക്കുന്ന ഒരുപാട് സംശയങ്ങളുണ്ട്. പത്മരാജനെന്ന കുറ്റാരോപിതനായ വ്യക്തിയെ,അതും പീഡിപ്പിക്കപ്പെട്ട കുട്ടി പഠിക്കുന്ന സ്കൂളിലെ അദ്ധ്യാപകനായ മനുഷ്യനെ ഒരു തരത്തിലും നിരപരാധിയായി കാണുന്നില്ലായെങ്കിലും ഈ കേസ് സൃഷ്ടിക്കുന്ന പുകമറയ്ക്കുള്ളില്‍ ന്യായമായ ചില സംശയങ്ങള്‍ എനിക്ക് തോന്നുന്നത് ഞാന്‍ രണ്ടര വയസ്സുകാരിയായ ഒരു കുഞ്ഞിന്റെ അമ്മയായതുക്കൊണ്ടു കൂടിയാണ്.
മാര്‍ച്ച് 19 നു ഒരു ഓണ്‍ലൈന്‍ പത്രത്തിലാണ് ആദ്യമായി ഈ വാര്‍ത്ത വായിക്കുന്നത്. പതിവുപോലെ പോക്സോ കേസുകള്‍ ഉണ്ടാക്കുന്ന സോഷ്യല്‍ മീഡിയാ പ്രകമ്ബനങ്ങളൊന്നും ഈ കേസുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ കണ്ടതേയില്ല. അതാണ് ഈ കേസ് സംശയത്തിന്റെ കണ്ണിലൂടെ നോക്കിക്കാണുവാന്‍ പ്രേരിപ്പിച്ച ആദ്യ ഘടകം. ഇവിടെ ഇര ഒരു മുസ്ലിം പെണ്‍കുട്ടി, പ്രതിയോ ബിജെപിക്കാരനായ അദ്ധ്യാപകന്. വെറും സാധാരണക്കാരനായ അണിയല്ല ,മറിച്ച് സംഘടനാപാടവവും നേതൃസ്ഥാനവുമുള്ള ബിജെപിക്കാരനായ വ്യക്തി. എന്നിട്ടും എന്തുകൊണ്ട് ഇടതുജിഹ്വകള് ഈ കേസിന്റെ കാര്യത്തില്‍ നിശബ്ദമായി? കത്വയിലെ എട്ടുവയസ്സുകാരിക്ക് വേണ്ടി ഈ നാട്ടിലെ ബിജെപിക്കാരെ വീട്ടില്‍ കയറ്റരുതെന്ന് നോട്ടീസ് വരെ ഒട്ടിച്ചവര്‍ എന്തുകൊണ്ട് സ്വന്തം നാട്ടിലെ കുഞ്ഞിനെ പീഡിപ്പിച്ചവനെതിരെ, സംഘപരിവാറുകാരനായ പ്രതിക്കെതിരെ ശക്തമായി പ്രതികരിച്ചില്ല? അവിടെ തുടങ്ങുന്നു സംശയത്തിന്റെ ആദ്യ കണ്ണികള്‍.
ഇനി പാലത്തായി എന്ന സ്ഥലത്തിന്റെ രാഷ്ട്രീയസ്വഭാവത്തിലേയ്ക്കു നോക്കുമ്ബോള്‍ ഈ സംശയം ഇരട്ടിയാകുന്നു. സംഭവം നടന്നത് കണ്ണൂരിലെ പാനൂരില്‍. സ്ഥലം എംഎല്‍എ ശക്തയായ മന്ത്രി ശൈലജ ടീച്ചര്‍. കേരളം ഭരിക്കുന്നത് എല്‍ഡിഎഫ്. ആഭ്യന്തരം കൈകാര്യം ചെയ്യുന്നത് പിണറായി വിജയനെന്ന ഇരട്ടച്ചങ്കുള്ള കമ്മ്യൂണിസ്റ്റ്. എന്നിട്ടും പ്രതിയെ പിടിക്കാന്‍ ഒരു മാസത്തോളം വൈകിയ കേരളാപൊലീസ്. ലോക്ഡൗണ്‍ ഉള്ളതുക്കൊണ്ടു തന്നെ എങ്ങും പൊലീസ് വിന്യാസം അതിശക്തമായ കണ്ണൂരില്‍ ഒരു പോക്സോ കേസ് പ്രതി ഒരു മാസത്തോളം കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിഞ്ഞുവെന്നത് തീര്‍ത്തും അവിശ്വസനീയമായിരുന്നു. ഇനി അങ്ങനെ അയാള്‍ക്ക് കഴിഞ്ഞുവെങ്കില്‍ തന്നെ അത് പൊലീസിന്റെ ഭാഗത്ത് നിന്നുള്ള അതിഭയങ്കരമായ വീഴ്ചയല്ലാതെ മറ്റെന്താണ്?
മാര്‍ച്ച് 17ന് ചൈല്‍ഡ് ലൈന്‍ ടീം വീട്ടില്‍ വന്ന് കുട്ടിയുടെയും കുടുംബാംഗങ്ങളുടെയും മൊഴി എടുത്തതായി വാര്‍ത്തകളിലൂടെ അറിഞ്ഞു. അന്ന് തന്നെ പാനൂര്‍ പൊലീസും വീട്ടില്‍ വന്ന് മൊഴി എടുത്തുവെന്നും രാത്രിയോടെ എഫ് .ഐ.ആര് രജിസ്റ്റര്‍ ചെയ്തുവെന്നും പറഞ്ഞുകേട്ടിരുന്നു. മാര്‍ച്ച് 18ന് കുട്ടിയെ തലശ്ശേരിയില്‍ വൈദ്യ പരിശോധന നടത്തി. വൈകീട്ട് മട്ടന്നൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി മൊഴി കൊടുത്തു. മാര്‍ച്ച് 19ന് രാവിലെ പാനൂര്‍ സിഐ വീട്ടില്‍ വരികയും കുട്ടിയെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. മാര്‍ച്ച് 21 ന് തലശ്ശേരി ഡി.വൈ.എസ്പി കുട്ടിയേയും രക്ഷിതാക്കളെയും ഓഫിസിലേക്ക് വിളിപ്പിച്ച് രാവിലെ 11 മുതല്‍ വൈകുന്നേരം 4:30 വരെ ചോദ്യം ചെയ്യുന്നു. മാര്‍ച്ച് 22ന് ഡി.വൈ.എസ്പിയുടെ നേതൃത്വത്തില്‍ കുട്ടിയെ സ്കൂളില്‍ കൊണ്ടുപോയി വീണ്ടും ചോദ്യം ചെയ്യുന്നു. മാര്‍ച്ച് 27ന് കുട്ടിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊണ്ടുപോയി പിന്നെയും ചോദ്യം ചെയ്യല്‍. ലൈംഗിക പീഡനത്തിരയായ ഒമ്ബതു വയസ്സ് മാത്രം പ്രായമായ പെണ്ക്കുഞ്ഞിനെയാണ് കേരള പൊലീസ് എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി ഈ രീതിയില്‍ ചോദ്യം ചെയ്തതെന്നാണ് മാധ്യമങ്ങളിലൂടെ അന്നറിഞ്ഞത്. ഇതൊക്കെ സത്യമാണെങ്കില്‍ കേരളത്തിലെ ശിശുക്ഷേമം ഇത്രമേല്‍ അധ:പതിച്ചതാണോ?
എല്ലാ സാഹചര്യങ്ങളും അനുകൂലമായിട്ടും, സംഘപരിവാറിനെ ആക്രമിച്ച് വശം കെടുത്താനുള്ള എല്ലാ ചേരുവകളും രസക്കൂട്ടുകളും ഒന്നാംതരമായി ഉണ്ടായിട്ടും പ്രമുഖ പുരോഗമനവാദ-സ്ത്രീപക്ഷ-കമ്മ്യുണിസ്റ്റ് പ്രൊഫൈലുകളിലൊന്നും സംഘവിരുദ്ധ പോസ്റ്റുകള്‍ നാട്ടികണ്ടതേയില്ലയെന്നത് ഈ കേസിനു പിന്നിലുള്ള രാഷ്ട്രീയ അജണ്ട ആദ്യമേ വ്യക്തമാക്കിയതാണ്. ഇപ്പോഴും അതേ നിര്‍ജീവത തന്നെ ഇടതുപക്ഷജിഹ്വകളില് കാണപ്പെടുന്നുണ്ട്.
സംഘപരിവാറുകാരനായ പ്രധാനമന്ത്രിയുടെ കൈക്കൊട്ടല്- ഐക്യദീപ അഭ്യര്ത്ഥനകളെയും മറ്റും നിശിതമായി വിമര്‍ശിച്ചു തേച്ചൊട്ടിക്കാന്‍ സമയം കണ്ടെത്തിയിരുന്ന പ്രൊഫൈലുകളൊന്നും അന്ന് ഈ പാലത്തായി വിഷയം കണ്ടതായി നടിച്ചതേയില്ല. കൈരളിയോ ഇതര ചാനലുകളോ ഈ വിഷയം ചര്‍ച്ചയാക്കാന്‍ മിനക്കെട്ടിട്ടേയില്ല .എന്തുക്കൊണ്ട്? ഈ വിഷയത്തില്‍ പലരും പ്രതികരിച്ചു കണ്ടത് പോലും ഏപ്രില്‍ 14 മുതലാണ്. അതിന്റെ പിറ്റേന്ന് ഇയാള്‍ പിടിയിലാവുകയും ചെയ്തു. മാര്‍ച്ച് 19 മുതല്‍ സജീവമാവേണ്ടിയിരുന്ന ഒരു കുറ്റകൃത്യം ചര്‍ച്ചയാവുന്നത് ഏപ്രില്‍ 14 മുതലെങ്കില്‍ അതിനിടയിലെ കാലവിളംബം കോവിഡ് -19 അല്ല,മറിച്ച് അതിനേക്കാള്‍ മാരകമായ മറ്റെന്തോ ആണ്.
പാലത്തായി പോക്സോ കേസില്‍ സിപിഎം പ്രാദേശിക നേതാക്കള്‍ നിഷ്ക്രിയരായി നിന്നത് എന്തിനെന്ന് ഇതുവരെയും മനസ്സിലാകുന്നേയില്ല. കോണ്‍ഗ്രസ്, ലീഗ്, എസ്ഡിപിഐ തുടങ്ങിയവര്‍ സംഭവവുമായി യാതൊരു രീതിയിലും ബന്ധപ്പെടാതെ കണ്ണടച്ചത് എന്തുകൊണ്ട്? ബിജെപി ജില്ലാ നേതൃത്വം ഈ വിഷയം കണ്ടതായേ നടിക്കുന്നില്ലായെന്നത് പ്രതിയുടെ രാഷ്ട്രീയം നോക്കിയിട്ടാവാം. ഇനി ഒരുപക്ഷേ പല സംഘപരിവാറുകാരും പറയുന്നതുപോലെ ഇത് പപ്പന് മാഷിനെ കുടുക്കാനുള്ള ഒരു കെട്ടിചമച്ച കേസാണ് എങ്കില്‍ പ്രതിയുടെ നിരപരാധിത്വം തെളിയിക്കേണ്ടത് അവരുടെ ധാര്‍മ്മികത അല്ലേ?
സംഭവം നടന്ന സ്കൂള്‍ ഒരു പ്രൈവറ്റ് മാനേജ്മെന്റ് സ്കൂള്‍ ആണെന്നാണ് അറിയാന്‍ കഴിഞ്ഞത്. നല്ലൊരു ശതമാനം മുസ്ലിം കുട്ടികള്‍ പഠിക്കുന്ന സ്കൂളിലെ ഒരേയൊരു ബിജെപി അനുകൂലിയായ അദ്ധ്യാപകനാണ് ഈ പത്മരാജന്. ഇതൊന്നും അയാള്‍ കുട്ടിയെ ഉപദ്രവിച്ചിട്ടില്ല എന്നതിന്റെ കാരണമാകുന്നില്ലയെന്നത് യാഥാര്‍ത്ഥൃം. കാരണം കുട്ടിയുടെ മൊഴി മുഖവിലയ്ക്കെടുത്തേ തീരൂ. പക്ഷേ ശാസ്ത്രീയമായ അന്വേഷണം ഇവിടെ അനിവാര്യമാണ്. അത് ഈ കേസില്‍ നടന്നോ? കുഞ്ഞ് പീഡിപ്പിക്കപ്പെട്ടുവെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞ കാര്യമാണ്. ആ സ്ഥിതിക്ക് പീഡിയോഫീല് പത്മരാജനാവാം, വേറെ ആരെങ്കിലുമാവാം. ഒരു പക്ഷേ ഒന്നിലേറെപ്പേര്‍ക്ക് ഈ സംഭവത്തില്‍ ബന്ധമുണ്ടായേക്കാം. പീഡിപ്പിക്കാന്‍ മുന്നില്‍ നിന്ന പലരില്‍ ഒരാള്‍ മാത്രമായിരിക്കാം ഒരു പക്ഷേ ഈ പത്മരാജന്. ഇയാള്‍ പിടിക്കപ്പെട്ടാല്‍ പലരും പിടിക്കപ്പെടും എന്നതുക്കൊണ്ടാവാം ഇതര രാഷ്ട്രീയസംഘടനകള്‍ തുടക്കത്തില്‍ ഈ വിഷയത്തില്‍ മൗനം പാലിച്ചത്. അങ്ങനെയാണെങ്കില്‍ കൂടി ക്രൈംബ്രാഞ്ച് തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പോക്സോ വകുപ്പ് എന്തുകൊണ്ട് ചുമത്തിയില്ല? ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ്, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം തയ്യാറാക്കിയതെന്ന് കേരളാപൊലീസ് പോസ്റ്റ് ചെയ്തുകഴിഞ്ഞു.
കേസില്‍ പോക്സോ നിയമപ്രകാരമുള്ള അന്വേഷണം തുടരും. അന്വേഷണം പൂര്‍ത്തിയാകുമ്ബോള്‍ ആവശ്യമെങ്കില്‍ വീണ്ടും കുറ്റപത്രം തയ്യാറാക്കി സമര്‍പ്പിക്കും. ഏപ്രില്‍ 15 നു പിടിയിലായ പ്രതിയ്ക്കെതിരെ തെളിവു നിരത്താന്‍ എന്തിന് ഇത്ര കാലതാമസം? അപ്പോള്‍ ഈ പത്മരാജന് ശരിക്കും നിരപരാധിയാണോ?
ഒരുപാട് സത്യങ്ങള്‍ പുറത്തുവരേണ്ടതുണ്ട്. പാലത്തായിയും വാളയാര്‍ പോലെയായി തീരാനാണ് നിലവില്‍ സാധ്യത. അതോ വാളയാറിലെ പ്രതികളെ സംരക്ഷിക്കാനുള്ള ബദല്‍ അണിയറനീക്കമോ പാലത്തായി? സത്യമെന്തായാലും ഒരു ഒന്‍പതുവയസ്സുകാരി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് ഈ കേരളത്തില്‍. അതും സ്വന്തം വീട് കഴിഞ്ഞാല്‍ രണ്ടാം വീടായ വിദ്യാലയത്തില്‍ വച്ച്. ആ കുഞ്ഞുമോള്‍ക്ക് നീതി കിട്ടിയേ തീരൂ. ശാസ്ത്രീയ പരിശോധനകള്‍ക്കൊടുവില്‍ പത്മരാജനെന്ന വൃക്തി കുറ്റക്കാരനാണെന്നു തെളിഞ്ഞാല്‍ പിന്നെ ഒരു നിമിഷം പോലും അയാള്‍ ഈ ഭൂമിയില്‍ ജീവിക്കാന്‍ അര്‍ഹനല്ല .
വിദ്യ പകരേണ്ടവന്‍ കവര്‍ന്നത് ഒരു അനാഥബാല്യത്തിന്റെ ജീവിതമായതിനാല്‍ പൊതുസമൂഹമെങ്കിലും അയാളെ വെറുതെ വിടാന്‍ അനുവദിച്ചു കൂടാ. എന്നാല്‍ അയാള്‍ നിരപരാധിയാണെങ്കില്‍ ആ കുഞ്ഞു ശരീരത്തില്‍ കൈവച്ച ഒരു പീഡോഫീല്‍ സമൂഹത്തിലുണ്ടെന്നുള്ളതും അവന് സുരക്ഷിതനാണെന്നുള്ളതും ഓരോ അമ്മമാരുടെയും നെഞ്ചിലെ തീയാളി കത്തിച്ചുക്കൊണ്ടേയിരിക്കും. ഒപ്പം രാഷ്ട്രീയപകപോക്കലില്‍ നമ്മുടെ കുടുംബത്തിലെ ആരു വേണമെങ്കിലും പോക്സോ കേസിലെ പ്രതിയാക്കി മാറ്റപ്പെടാനും കഴിയും. അതിനാല്‍ തന്നെ ഈ കേസിലെ സത്യം മറ നീക്കി പുറത്തുവന്നേ തീരൂ!