Latest News

ധര്‍മ്മടത്തെ കോണ്‍ഗ്രസ്സ് - ബിജെപി സ്ഥാനാര്‍ത്ഥികളോട്: നിങ്ങള്‍ ആ പിഞ്ചുകുഞ്ഞുങ്ങളെ പ്രതി പൊഴിച്ച കണ്ണുനീരില്‍ ആത്മാര്‍ത്ഥതയുടെ നേരിയ അംശമെങ്കിലുമുണ്ടെങ്കില്‍ പിണറായിക്ക് എതിരായ മത്സരത്തില്‍ വാളയാറിലെ അമ്മയെ പിന്തുണയ്ക്കുക: അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു

Malayalilife
ധര്‍മ്മടത്തെ കോണ്‍ഗ്രസ്സ് - ബിജെപി സ്ഥാനാര്‍ത്ഥികളോട്: നിങ്ങള്‍ ആ പിഞ്ചുകുഞ്ഞുങ്ങളെ പ്രതി പൊഴിച്ച കണ്ണുനീരില്‍ ആത്മാര്‍ത്ഥതയുടെ നേരിയ അംശമെങ്കിലുമുണ്ടെങ്കില്‍ പിണറായിക്ക് എതിരായ മത്സരത്തില്‍ വാളയാറിലെ അമ്മയെ പിന്തുണയ്ക്കുക: അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു

വാ ളയാറിലെ നിര്‍ഭാഗ്യവതിയായ ആ അമ്മ മുഖ്യമന്ത്രിക്കെതിരെ ധര്‍മ്മടത്ത് മത്സരിക്കുന്നുണ്ടെന്നറിഞ്ഞ വാര്‍ത്ത സത്യമെങ്കില്‍ ആ പോരാട്ടം നല്കുന്ന ഊര്‍ജ്ജം ഇവിടുത്തെ ഓരോ അമ്മമാര്‍ക്കും വിലപ്പെട്ടതാണ്. നീതിയില്ലെങ്കില്‍ പെണ്ണേ നീയാരു തീയായി ആളിപ്പടരുക എന്ന ക്ലീഷേ ഡയലോഗുകള്‍ വെറുതെ പാടിപ്പതിഞ്ഞ സാംസ്‌കാരിക കേരളത്തിന്റെ നാഭിക്കിട്ട് കിട്ടിയ തൊഴിയാണ് ആ അമ്മയുടെ തീരുമാനം. രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ നിര്‍ദാക്ഷിണ്യം തല്ലിക്കൊഴിച്ച റേപ്പിസ്റ്റുകള്‍ക്കൊപ്പം നിന്ന ഭരണകൂടത്തിനെതിരെ, ആളും സ്വാധീനവും പണവുമില്ലാത്ത ഒരമ്മയ്ക്ക് പ്രതിഷേധിക്കാന്‍ ഇതിനേക്കാള്‍ വലിയൊരു ജനാധിപത്യ രീതി നിലവില്‍ മറ്റെന്താണ് ?

അവരെ സംബന്ധിച്ചിടത്തോളം നിലവില്‍ അവരുടെ പ്രതിയോഗി റേപ്പിസ്റ്റുകള്‍ക്ക് കഞ്ഞി വച്ചു കൊടുത്ത ഈ സര്‍ക്കാരാണ്. അതുകൊണ്ട് തന്നെ ഈ സര്‍ക്കാരിന്റെ തലപ്പത്തിരിക്കുന്ന ആള്‍ക്കെതിരെ അവര്‍ പ്രതിഷേധിച്ചുക്കൊണ്ടേയിരിക്കും. തുടക്കത്തില്‍ ക്ലിഫ് ഹൗസില്‍ വന്ന് ധര്‍മ്മടത്തിന്റെ രാജാവിന്റെ കാല്ക്കല്‍ കുമ്ബിട്ടു നീതിക്കായി അപേക്ഷിച്ച സ്ത്രീയായിരുന്നു അവര്‍. അന്ന് മുഖ്യമന്ത്രി പറഞ്ഞ വാക്ക് അപ്പാടെ വിശ്വസിച്ചിരുന്നു ആ അമ്മ . എന്നാല്‍ അവര്‍ക്ക് കൊടുത്ത വാക്കിനു കീറചാക്കിന്റെ പോലും വില നല്കാതെ പീഡോഫീലുകള്‍ക്കൊപ്പം നിന്ന് കേസിനെ വഴി മാറ്റിച്ച ഉദ്യോഗസ്ഥനു സ്ഥാനക്കയറ്റം നല്കിയ കരുതലിന്റെ കാവല്ക്കാരന്റെ തനി മുഖം തിരിച്ചറിഞ്ഞതോടെ ആ സ്ത്രീക്ക് ധര്‍മ്മടത്തെ നായകന്‍ മുഖ്യ ശത്രുവായി . അത് സ്വാഭാവികമല്ലേ ?

നഷ്ടപ്പെട്ടത് അവര്‍ക്ക് മാത്രമാണ്. നമുക്കാര്‍ക്കുമല്ല. ഒരമ്മയെന്ന നിലയില്‍ മക്കളെ സംരക്ഷിക്കാന്‍ ഒരു പക്ഷേ അവര്‍ പരാജയപ്പെട്ടിരിക്കാം. മക്കള്‍ ഉപദ്രവിക്കപ്പെടുന്നതു കണ്ടിട്ടും പരാതിപ്പെടാതെ പ്രതികരിക്കാതെ ഇരുന്നുമിരിക്കാം. അത് ഒരുപക്ഷേ അവരുടെ ഗതികേട് ആവാം. പക്ഷേ അതൊന്നും രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ കെട്ടിത്തൂക്കിയവന്മാര്‍ക്ക് രക്ഷപ്പെടാനുള്ള പഴുത് ഭരണകൂടം ഒരുക്കുന്നതിനുള്ള മൗനാനുവാദം ആവണമെന്നുണ്ടോ ? ഭരണകൂട നെറികേടിനെ ചോദ്യം ചെയ്യാന്‍ പാടില്ലായെന്നുമുണ്ടോ ? ഇല്ല ! ആ അമ്മ തുടക്കം മുതല്‍ ആവശ്യപ്പെട്ടത് CBI അന്വേഷണം ആയിരുന്നല്ലോ ? അവരോ അവരുടെ രണ്ടാം ഭര്‍ത്താവിനോ ഈ കുഞ്ഞുങ്ങളുടെ ദുര്‍വ്വിധിയില്‍ പരോക്ഷമായ പങ്കെങ്കിലുമുണ്ടെങ്കില്‍ സിബിഐയുടെ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടുപിടിക്കട്ടെ.

നിലവില്‍ ആ അമ്മയുടെ തീരുമാനമൊരു പ്രതീകമാണ്. സമാനതകളില്ലാത്ത പ്രതിഷേധവുമാണത്. ഒരു പക്ഷേ ഫലമെത്തുമ്ബോള്‍ അവര്‍ പരാജയപ്പെട്ടേക്കാം. പക്ഷേ അവര്‍ക്കായി കുത്തപ്പെട്ട ഓരോ വോട്ടും ഒരു പ്രതീക്ഷയാണ്. ഈ നെറികെട്ട ലോകത്ത് നേരിനെയും നെറിയെയും ചേര്‍ത്തണയ്ക്കുന്ന ചിലരെങ്കിലും അവര്‍ക്കൊപ്പമുണ്ടെന്നും പീഡോഫീലുകളെയും റേപ്പിസ്റ്റുകളെയും വെറുക്കുന്ന, അറപ്പോടെ കാണുന്ന മനുഷ്യരിവിടെ ബാക്കിയുണ്ടെന്നുമുള്ള തിരിച്ചറിയില്‍ രേഖകള്‍ കൂടിയാണ് അവര്‍ക്ക് ലഭിക്കുന്ന വോട്ടുകള്‍ .

ഒപ്പം മറ്റൊന്ന് കൂടി പറയട്ടെ ! ഏപ്രില്‍ 6 നു ധര്‍മ്മടത്ത് അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ വീഴുന്ന ഓരോ വോട്ടും പറയുന്നത് ഇത്രമാത്രമായിരിക്കും - ഈ കേരളത്തില്‍ എത്രമേല്‍ സ്ത്രീസുരക്ഷയുടെ വന്മതിലു പണിഞ്ഞാലും വരും കാലങ്ങളിലും ഇവിടെ പിഞ്ചുകാലുകള്‍ തൂങ്ങിയാടുമെന്നും ആ തൂങ്ങിയാടപ്പെട്ടേക്കാവുന്ന കാലുകളേക്കാള്‍ മുന്‍തൂക്കം ഉള്ളില്‍ അടിയുറച്ചുപ്പോയ അടിമബോധത്തിന്റെ നെറികെട്ട, മനസാക്ഷിയില്ലാത്ത പ്രത്യയ ശാസ്ത്രത്തിനു മാത്രമാണെന്നും.

ധര്‍മ്മടത്തെ കോണ്‍ഗ്രസ്സ് - ബിജെപി സ്ഥാനാര്‍ത്ഥികളോട് ഒന്നു പറയുന്നു. ഒപ്പം ആ പ്രസ്ഥാനത്തിലുള്ളവരോടും .- നിങ്ങള്‍ ആ പിഞ്ചുകുഞ്ഞുങ്ങളെ പ്രതി പൊഴിച്ച കണ്ണുനീരില്‍ ആത്മാര്‍ത്ഥതയുടെ നേരിയ അംശമെങ്കിലുമുണ്ടെങ്കില്‍, ആ അമ്മയുടെ സമര പരിപാടികളോട് പുലര്‍ത്തിയ ഐകൃദാര്‍ഢ്യങ്ങള്‍ക്ക് നേരും നെറിയുമുണ്ടെങ്കില്‍ ഒത്തൊരുമിച്ച്‌ നിന്നുകൊണ്ട് ആ അമ്മയെ പിന്തുണയ്ക്കുക ! ഇനി ഒരു പക്ഷേ അവസാന നിമിഷം അവര്‍ മത്സരത്തില്‍ നിന്നും പിന്മാറിയാലും നിങ്ങള്‍ ചെയ്യുന്നതില്‍ തെറ്റില്ല. തൂങ്ങിയാടി നിന്ന രണ്ട് കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും പീഡോഫീലുകളായ പ്രതികള്‍ക്കെതിരെയും റേപ്പിസ്റ്റുകള്‍ക്ക് സംരക്ഷണം നല്കിയ ഭരണകൂടത്തിനെതിരെയും ഇത്രയും ചെയ്യാന്‍ കഴിഞ്ഞല്ലോ എന്ന കൃതാര്‍ത്ഥതയേക്കാള്‍ വലുതല്ല ഒരു രാഷ്ട്രീയവും.

#valayarkids
#standwithvalayaramma

Anju parvathy prabheesh note about dharmadam congress

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക