കഴിഞ്ഞ ദിവസമാണ് റബര്‍ തോട്ടത്തില്‍ മദ്യപിച്ചെത്തുന്ന പിതാവിനെ ഭയന്ന് ഒളിച്ച നാല് വയസുകാരി പാമ്പ് കടിയേറ്റ് മരിച്ച ഞെട്ടിക്കുന്ന വിവരം പുറത്തെത്തിയത്. പാമ്പ് കടിയേറ്റ് മരണപ്പെട്ടത് കുട്ടക്കാട് പാലവിള സ്വദേശി സുരേന്ദ്രന്‍- വിജി മോള്‍ ദമ്പതികളുടെ മകന്‍ സുഷ്വിക മോളാണ്. കുട്ടി സഹോദരങ്ങള്‍ക്കൊപ്പം മദ്യപിച്ചെത്തിയുള്ള സുരേന്ദ്രനെ ഭയന്നാണ് റബ്ബര്‍ തോട്ടത്തില്‍ ഒളിച്ചത്. എന്നാല്‍ പാമ്പ് കടിയേറ്റ് കുട്ടി മരിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അഞ്ജു പാര്‍വതി കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്ന്.
അഞ്ജു പാര്‍വതിയുടെ കുറിപ്പ്,
രാവിലെയാണ് ഈ കുഞ്ഞുമുഖം സ്‌ക്രോള്‍ ചെയ്തുപ്പോകുന്ന അനേകം വാര്‍ത്തകള്‍ക്കിടയില്‍ കണ്ടത്. അപ്പോള്‍ കട്ടിലില്‍ എന്റെ നാലു വയസുകാരി കിടന്നുറങ്ങുന്നുണ്ടായിരുന്നു. തൊണ്ടയില്‍ കുരുങ്ങിയ നിലവിളിയോടെയാണ് വാര്‍ത്ത മുഴുവനായി വായിച്ചത്. വീടിന്റെ സുരക്ഷിതത്വത്തില്‍ അച്ഛനമ്മമാരുടെ സ്‌നേഹലാളനയില്‍ കിടന്നുറങ്ങേണ്ടിയിരുന്ന ഒരു നാലുവയസ്സുകാരി കുഞ്ഞ് ഇന്നലെ രാത്രി തന്റെ കൂടപ്പിറപ്പുകള്‍ക്കൊപ്പം ഓടി ഒളിച്ചത് ഒരു തോട്ടത്തിലേയ്ക്കായിരുന്നു. വീടിനു പുറത്തുള്ള ഇരുട്ടിനേക്കാള്‍ ഭയമായിരുന്നു അവള്‍ക്ക് മദ്യപിച്ചെത്തുന്ന സ്വന്തം അച്ഛനെ. വീട്ടില്‍ പാമ്പായി ഇഴഞ്ഞെത്തുന്ന ഇരുകാലിയെ ഭയന്ന് ഇരുട്ടിലഭയം തേടിയ കുഞ്ഞ് കരുതിയില്ല പുറത്ത് മറ്റൊരു വിഷപാമ്പ് അതിന്റെ ജീവനെടുക്കാന്‍ ഒളിച്ചിരിക്കുന്നുവെന്ന്.
ഇരുട്ടിനെ ഭയമാണ് പൊതുവേ കുഞ്ഞുമക്കള്‍ക്ക്. പക്ഷേ ആ ഇരുട്ടിനേക്കാള്‍ ഭയം അവള്‍ക്ക് സ്വന്തം അച്ഛനെയായിരുന്നുവെന്നോര്‍ക്കുമ്പോള്‍ മനസ്സിലാവുന്നുണ്ട് ഒരു നാല് വയസ്സുകാരി അനുഭവിച്ചിരുന്ന വേദന. മദ്യപിച്ച് മറ്റൊരാളായി മാറുന്ന അച്ഛനേക്കാള്‍ അവള്‍ക്ക് സുരക്ഷിതവും ലാളനയും ഒരുപക്ഷേ പല രാത്രികളിലും ഒരുക്കിയിരുന്നത് ആ തോട്ടവും ഇരുട്ടും ആയിരുന്നിരിക്കണം. പന്ത്രണ്ടും ഒന്‍പതും വയസ്സുള്ള സഹോദരങ്ങള്‍ക്കൊപ്പം ഇരുട്ടില്‍ പതിയിരുന്ന് അവള്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ടാകുക വീട്ടിനുള്ളില്‍ കുരുങ്ങി കിടക്കുന്ന അമ്മയ്ക്ക് വേണ്ടിയാകാം. പൂട്ടി കിടന്ന ബാറുകള്‍ ഒക്കെ തുറന്നപ്പോള്‍, മദ്യശാലകള്‍ നിരനിരയായി നിരന്നു നിന്ന് വിഷം വിളമ്പുമ്പോള്‍ ഏതൊക്കെയോ ഇടങ്ങളില്‍ ഇരുട്ടില്‍ അഭയം തേടുന്ന ഒരുപാട് കുഞ്ഞുങ്ങളില്‍ ഒരുവള്‍ മാത്രമാണ് ഈ പൊന്നുമോള്‍.
സ്വന്തം പോക്കറ്റും കുടുംബവും സുരക്ഷിതമാക്കാന്‍ വേണ്ടി മാത്രം ഖജനാവ് നിറയ്ക്കുന്ന മന്ത്രിപുംഗവന്മാര്‍ അറിയുന്നുണ്ടോ നിന്റെയൊക്കെ ഖജനാവില്‍ നിറയുന്ന നോട്ടുകള്‍ മദ്യം എന്ന വിഷം വിളമ്പി ഇഞ്ചിഞ്ചായി കൊല്ലുന്ന മനുഷ്യരെ ഊറ്റിയെടുക്കുന്നതാണെന്ന്. ഒപ്പം ആ വിഷം അകത്താക്കി ചെല്ലുന്ന ഇരുകാലികള്‍ സൃഷ്ടിക്കുന്ന നരകത്തീയില്‍ വെന്തെരിയുന്നത് നിരാലംബരായ അമ്മമാരും കുഞ്ഞുങ്ങളും ആണെന്ന്. ഇനി വരും ദിവസങ്ങളില്‍ ഇരുട്ടിനെ ഭയക്കുന്ന എന്റെ നാലുവയസ്സുകാരിയുടെ ഭയം ഉമ്മകള്‍ കൊണ്ട് ഞാനൊപ്പിയെടുക്കുമ്പോള്‍ നിന്റെ ഈ കുഞ്ഞു മുഖം എന്നെ കരയിപ്പിച്ചു ക്കൊണ്ടേയിരിക്കും.പൊന്നുമോളെ ഒരായിരം ചുംബനങ്ങള്‍ക്കിടെയില്‍ നല്കുന്നു അശ്രുപൂജ