Latest News

തൈറോയിഡോ; അറിയുക ഈ ലക്ഷണങ്ങളെ

Malayalilife
topbanner
തൈറോയിഡോ; അറിയുക ഈ ലക്ഷണങ്ങളെ

ക്ഷീണം

രാവിലെ ഉണരുമ്പോഴേ ക്ഷീണം തുടങ്ങുകയായി. രാത്രി എട്ടു പത്തു മണിക്കൂറോളം ഉറങ്ങിയതാണ്. എന്നിട്ടും ദൈനംദിന പ്രവൃത്തികൾ ചെയ്യുന്നതിനുള്ള ഉന്മേഷം ചോർന്നു പോകുന്നു. ഇത് തൈറോയ്‌ഡ് രോഗങ്ങളുടെ സൂചനയാണ്. തൈറോയ്‌ഡ് ഹോർമോണുകളുടെ പ്രവർത്തനം കൂടിയാലും കുറഞ്ഞാലും ക്ഷീണം അനുഭവപ്പെടും. ഹൈപ്പർതൈറോയിഡിസം ഉള്ളവരിലാകട്ടെ രാത്രിയിൽ ഉറക്കം കിട്ടാതെയും വരാറുണ്ട്. പകൽ മുഴുവൻ അവർ തളർന്നു കാണപ്പെടുന്നു. ഹൈപ്പർതൈറോയിഡിസം ഉള്ള ചിലർ പതിവിലേറെ ഉർജസ്വലരായി കാണപ്പെടാറുമുണ്ട്.

ഭാരവ്യതിയാനങ്ങൾ

നന്നായി വ്യായാമം ചെയ്യുന്നുണ്ട്. കൊഴുപ്പും കാലറിയും കുറഞ്ഞ ആഹാരമാണ് കഴിക്കുന്നത് എന്നിട്ടും ഭാരം കുറയുന്നതേയില്ല. ഇത് ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണമാണ്. തൈറോയ്‌ഡ് ഹോർമോണുകൾ കൂടിയാൽ ശരീരഭാരം കുറയും. ഹോർമോൺ കുറഞ്ഞാൽ ശരീരഭാരം കൂടും. അതിനാൽ ഭാരവ്യതിയാനങ്ങൾ ഹൈപ്പോതൈറോയിഡിസത്തിന്റെയും ഹൈപ്പർതൈറോയിഡിസത്തിന്റെയും ലക്ഷണങ്ങളാണ്.

ഉത്‌കണ്‌ഠയും വിഷാദവും

മനസ് പെട്ടെന്നു വിഷാദമൂകമാകുന്നു. വല്ലാത്ത ഉത്‌കണ്‌ഠയും. മൂഡ്‌മാറ്റം എന്നു പറഞ്ഞു തള്ളാൻ വരട്ടെ. ഡിപ്രഷനു പിന്നിൽ ഹൈപ്പോതൈറോയിഡിസമാകാം. ഉത്‌കണ്‌ഠയ്‌ക്കു കാരണമാകുന്നത് ഹൈപ്പർതൈറോയിഡിസവും. തൈറോയ്‌ഡ് പ്രശ്‌നം മൂലമുള്ള വിഷാദത്തിന് ആന്റിഡിപ്രസീവുകൾ കൊണ്ടു പ്രയോജനമുണ്ടാകില്ല.

കൊളസ്‌ട്രോൾ

ആഹാരത്തിലും വ്യായാമത്തിലും ശ്രദ്ധിക്കുന്നു. കോളസ്‌ട്രോൾ കുറയ്‌ക്കുന്ന മരുന്നും കഴിക്കുന്നുണ്ട്. എന്നിട്ടും കൊളസ്‌ട്രോൾ ലെവൽ ഉയരുന്നു. സൂക്ഷിക്കുക. ഇത് ഹൈപ്പോതൈറോയിഡിസമാകാം. കൊളസ്‌ട്രോൾ ലെവൽ കുറയുന്നുണ്ടെങ്കിൽ അത് ഹൈപ്പർതൈറോയിഡിസത്തിന്റെ ലക്ഷണമാകാം. ഹൈപ്പോതൈറോയിഡിസത്തിൽ ചീത്ത കൊളസ്‌ട്രോളായ എൽഡിഎല്ലും ട്രൈഗ്ലിസറൈഡുകളും ഉയരുകയും നല്ല കൊളസ്‌ട്രോളായ എച്ച്‌ഡിഎൽ കുറയുകയും ചെയ്യും. ചിലരിൽ ട്രൈഗ്ലിസറൈഡ് വളരെ ഉയർന്ന അളവിൽ കാണപ്പെടാറുണ്ട്. കുടുംബപാരമ്പര്യത്തിൽ കോളസ്‌ട്രോൾ ഇല്ലാതിരിക്കെ ചെറുപ്രായത്തിൽ കൊളസ്‌ട്രോൾ വർധന കണ്ടാൽ തൈറോയ്‌ഡ് ഹോർമോൺ പരിശോധന ചെയ്യണം.

കുടുംബപാരമ്പര്യം

അച്‌ഛൻ, അമ്മ, സഹോദരങ്ങൾ ഇവരിലാർക്കെങ്കിലും തൈറോയ്‌ഡ് രോഗങ്ങളുണ്ടെങ്കിൽ നിങ്ങൾക്കും വരാൻ ഉയർന്ന സാധ്യതയുണ്ട്. അതിനാൽ തൈറോയ്‌ഡ് രോഗങ്ങളെക്കുറിച്ച് സ്വയം ബോധവാന്മാരായിരിക്കണം.

ആർത്തവക്രമക്കേടുകളും വന്ധ്യതയും

തുടരെ അമിത രക്‌തസ്രാവത്തോടു കൂടിയും അസഹ്യവേദനയോടെയും ആർത്തവം... ഇവ ആർത്തവപ്രശ്‌നങ്ങൾ മാത്രമാണെന്നു കരുതിയെങ്കിൽ തെറ്റി. ഹൈപ്പോതൈറോയിഡിസമുള്ളവരിൽ ഈ ലക്ഷണങ്ങൾ വരാം. സമയം തെറ്റി വരുന്ന ആർത്തവം, ശുഷ്‌കമായ ആർത്തവദിനങ്ങൾ, നേരിയ രക്‌തസ്രാവം എന്നിവ ഹൈപ്പർതൈറോയിഡിസവുമായി ബന്ധപ്പെട്ടിരിക്കുന്നു. തൈറോയ്‌ഡ് രോഗം വന്ധ്യതയ്‌ക്കു കാരണമാകാം. തൈറോയ്‌ഡ് ഹോർമോൺ കൂടിയാൽ ഗർഭമലസുന്നതിനുള്ള സാധ്യത കൂതുടലാണ്. ഭ്രൂണത്തിനു വളർച്ചക്കുറവും വരാം.

ഉദരപ്രശ്‌നങ്ങൾ

നിങ്ങൾക്കു ദീർഘകാലമായി നീണ്ടു നിൽക്കുന്ന, കടുത്ത മലബന്ധപ്രശ്‌നമുണ്ടോ? അത് ഹൈപ്പോതൈറോയിഡിസം കൊണ്ടാകാം. വയറിളക്കം, ഇറിറ്റബിൾ ബവൽ സിൻഡ്രോം എന്നിവയും ഹൈപ്പർതൈറോയിഡിസവുമായി ബന്ധപ്പെട്ടിരിക്കുന്നു.

മുടി-ചർമ്മ വ്യതിയാനങ്ങൾ

മുടിയുടെയും ചർമ്മത്തിന്റെയും സ്വാഭാവിക ആരോഗ്യത്തിന് തൈറോയ്‌ഡ് ഹോർമോൺ ആവശ്യമാണ്. ഹൈപ്പോതൈറോയിഡിസമുള്ളവരിൽ മുടി കൂടെക്കൂടെ പൊട്ടിപ്പോവുക, വരണ്ടതാകുക എന്നീ പ്രശ്‌നങ്ങൾ കാണാറുണ്ട്. ചർമ്മം കട്ടിയുള്ളതും വരണ്ടതുമാകുന്നു. ഹൈപ്പർ തൈറോയിഡിസത്തിൽ കനത്ത മുടി കൊഴിച്ചിലുണ്ടാകുന്നു. ചർമ്മം നേർത്തു ദുർബലമാകുന്നു.

കഴുത്തിന്റെ അസ്വാസ്‌ഥ്യം

കഴുത്തിൽ നീർക്കെട്ടുപോലെ തോന്നുക, ടൈയും മറ്റും കെട്ടുമ്പോൾ അസ്വാസ്‌ഥ്യം, കാഴ്‌ചയിൽ കഴുത്തിൽ മുഴപോലെ വീർപ്പു കാണുക, അടഞ്ഞ ശബ്‌ദം എന്നിവയെല്ലാം തൈറോയ്‌ഡ് പ്രശ്‌നങ്ങളുടെ സൂചനകളാണ്. തൈറോയ്‌ഡ് ഹോർമോൺ കൂടിയാലും കുറഞ്ഞാലും ഈ ലക്ഷണങ്ങളുണ്ടാകാം.

പേശീസന്ധിവേദനകൾ

പേശികൾക്കും സന്ധികൾക്കും വേദന, ബലക്ഷയം, ഇവ തൈറോയ്‌ഡ് രോഗ സുചനകളാണ്. തൈറോയ്‌ഡ് ഹോർമോൺ കൂടുന്നതിന്റെയും കുറയുന്നതിന്റെയും ഭാഗമായി ഇവ പ്രത്യക്ഷപ്പെടും

Read more topics: # thyroid symptoms ,# and cure treatment
thyroid symptoms and cure treatment

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES