ഇടതൂര്‍ന്ന മുടിയും തിളങ്ങുന്ന ചര്‍മ്മവുമുണ്ട് പക്ഷേ പൊട്ടിപ്പൊളിഞ്ഞ ജീവനില്ലാത്ത നഖങ്ങളാണെങ്കിലോ.കൈയുറയും കാലുറകളുമിട്ട് പാര്‍ട്ടിയ്ക്ക് പോകേണ്ട ഗതികേടാകും.ആരോഗ്യവാനായ ഒരാളുടെ ലക്ഷണങ്ങളിലൊന്ന് ജീവസ്സുറ്റ നഖങ്ങളാണെന്നാണ് ആയുര്‍വേദം പറയുന്നത്.തിളങ്ങുന്ന നഖങ്ങള്‍ സ്വന്തമാക്കാന്‍ ഇതാ ചില പൊടിക്കൈകള്‍ നല്ല നഖമുണ്ടാകാന്‍ നല്ല ഭക്ഷണം തന്നെ കഴിക്കണം. ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറയുന്നതാണ് നഖങ്ങളുടെ ബലക്ഷയത്തിന് കാരണമാകുന്നത്. ഇരുമ്പിന്റെ അംശം കൂടുതലായി അടങ്ങിയ ഭക്ഷണം കഴിച്ച് ഇത് പരിഹരിക്കാം.പച്ചക്കറികള്‍,മത്സ്യം,സോയാ,ബീന്‍സ്,കോഴിയിറച്ചി,കരള്‍,ഉണക്കപ്പഴങ്ങള്‍ ഇവയിലെല്ലാം കൂടുതല്‍ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ ഡിയും കാല്‍സ്യവും കൂടുതലായി അടങ്ങിയ ബീറ്റ്‌റൂട്ട് സ്ഥിരമായി കഴിക്കുന്നത് നഖങ്ങളുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും വളരെ നല്ലതാണ്. പാലുല്പന്നങ്ങള്‍ ദിവസേന കഴിക്കുന്നതും നഖങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കും.
വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ നഖങ്ങളില്‍ പെട്ടെന്ന് അണുബാധയുണ്ടാകാം.നഖങ്ങളിലെ അഴുക്ക് ദിവസേന കളയണം. ഒരു ടീസ്പൂണ്‍ നാരങ്ങാനീര് ഒരു കപ്പ് വെള്ളത്തില്‍ കലര്‍ത്തി നേര്‍പ്പിച്ച് അതിലേക്ക് രണ്ടോ മൂന്നോ മിനിട്ട് നേരം നഖങ്ങള്‍ മുക്കി വയ്ക്കുക.ശേഷം ചൂടുവെള്ളം കൊണ്ട് നന്നായി വൃത്തിയാക്കിയ നഖങ്ങളില്‍ ഏതെങ്കിലും മോയിസ്ചറൈസര്‍ തേച്ചു പിടിപ്പിക്കുക. ഇതിലൂടെ നഖങ്ങളിലെ അഴുക്ക് പൂര്‍ണമായി നീക്കം ചെയ്യാന്‍ കഴിയും. ചെറുനാരങ്ങാനീരില്‍ പഞ്ഞി മുക്കി നഖങ്ങളില്‍ മൃദുവായി മസ്സാജ് ചെയ്യുന്നത് നഖങ്ങളുടെ ബലവും ഒപ്പം തിളക്കവും വര്‍ധിപ്പിക്കും. ശുദ്ധമായ ഒലിവ് ഓയില്‍ നഖങ്ങളില്‍ ദിവസേന പുരട്ടുന്നത് നഖങ്ങളുടെ കാന്തിയും തിളക്കവും വര്‍ദ്ധിപ്പിക്കും ചെറുചൂടുള്ള കടുകെണ്ണയില്‍ പത്തുമിനിട്ട് നേരം വിരലുകള്‍ മുക്കി വച്ച ശേഷം മൃദുവായി തിരുമ്മുന്നത് നഖങ്ങളിലേക്കുള്ള രക്തയോട്ടം സുഗമമാക്കും. ഇത് നഖങ്ങളെ ആരോഗ്യമുള്ളതാക്കും. വേനല്‍ക്കാലത്ത് നഖങ്ങള്‍ പഞ്ഞികൊണ്ട് മൂടിയാല്‍ വിയര്‍പ്പു നിറഞ്ഞ് ഉണ്ടാകുന്ന അണുക്കളില്‍ നിന്നും രക്ഷ നേടാം. നഖങ്ങള്‍ വെട്ടുന്നതിലും ശ്രദ്ധ വേണം.നഖങ്ങള്‍ വളച്ചല്ലാതെ നേരെ വേണം വെട്ടാന്‍.ശരിയായ രീതിയില്‍ നഖം വെട്ടിയില്ലെങ്കില്‍ ഇറുകിയ ചെരിപ്പുകള്‍ ധരിക്കുമ്പോള്‍ നഖം പൊട്ടാനും വിരലുകള്‍ക്കുള്ളില്‍ മുറിയാനും കാരണമാകും. മുറിവിലൂടെ നഖത്തില്‍ അണുബാധ പടരാനും ഇത് ഇടയാക്കും.വളച്ചു വെട്ടുന്നത് നഖങ്ങള്‍ അകത്തേക്ക് വളരാനും കാരണമാകും. പാര്‍ട്ടിക്ക് പോകാന്‍ ഒരുങ്ങുകയാണെങ്കില്‍ ഒരു പെഡിക്യൂറും മാനിക്യൂറും കൂടി ചെയ്‌തോളൂ. തിളങ്ങട്ടെ നിങ്ങളുടെ നഖങ്ങള്‍,അതിലൂടെ നിങ്ങളുടെ ആരോഗ്യവും.