കുട്ടിക്കാലം മുതല്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് നടി പാര്‍വതി തിരുവോത്ത്. 19 വയസ്സുള്ളപ്പോള്‍ ലിഫ്റ്റില്‍ വെച്ച് അപമര്യാദയായി പെരുമാറിയ ഒരാളെ കരണത്തടിച്ച സംഭവവും ഇതില്‍ ഉള്‍പ്പെടുന്നു. അഭിമുഖത്തില്‍ സ്ത്രീസുരക്ഷയെക്കുറിച്ച് സംസാരിക്കവെ പാര്‍വതിയുടെ വെളിപ്പെടുത്തല്‍. പൊതുഇടങ്ങളില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് പാര്‍വതി ഊന്നിപ്പറഞ്ഞു. ഓട്ടോയില്‍ യാത്ര ചെയ്യുമ്പോള്‍ പോലും സ്ത്രീകളെ മോശമായി സ്പര്‍ശിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി
19-20 വയസ്സുള്ളപ്പോഴാണ് ലിഫ്റ്റില്‍ വെച്ച് തനിക്ക് നേരെ അതിക്രമം ഉണ്ടായതെന്ന് പാര്‍വതി പറഞ്ഞു. ലിഫ്റ്റില്‍ തന്റെ പിന്നില്‍ നിന്ന ഒരാള്‍ അയാളുടെ ദേഹം തന്റെ ദേഹത്തോട് ചേര്‍ത്ത് അമര്‍ത്തുകയായിരുന്നു. ലിഫ്റ്റില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ അയാളുടെ കരണത്തടിച്ച് പ്രതികരിച്ചെന്നും നടി പറഞ്ഞു. സുരക്ഷാ ജീവനക്കാര്‍ ഓടിയെത്തുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. പോലീസ് പോലും കരണത്തടിച്ച സ്ഥിതിക്ക് കേസ് വേണ്ടെന്ന് വെക്കാന്‍ നിര്‍ദേശിച്ചതായി പാര്‍വതി വെളിപ്പെടുത്തി. തല്ല് കിട്ടിയ ആള്‍ ജോലി നഷ്ടപ്പെടുമെന്നും വിവാഹം മുടങ്ങുമെന്നും പറഞ്ഞ് കരഞ്ഞുകൊണ്ട് കാലില്‍ വീണെന്നും, 'ഇതൊക്കെ ഉണ്ടായിട്ടും നിങ്ങള്‍ക്ക് നിങ്ങളുടെ വികാരങ്ങളെ തടഞ്ഞുനിര്‍ത്താന്‍ സാധിച്ചില്ലേ' എന്ന് താന്‍ അയാളോട് ചോദിച്ചതായും പാര്‍വതി കൂട്ടിച്ചേര്‍ത്തു.
കുട്ടിക്കാലത്തും സമാനമായ ദുരനുഭവങ്ങള്‍ നേരിട്ടിട്ടുണ്ടെന്ന് പാര്‍വതി പറയുന്നു. അമ്മയെ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുവിട്ട ശേഷം അച്ഛനോടൊപ്പം തിരികെ വരുന്ന വഴി ഒരാള്‍ തന്റെ നെഞ്ചില്‍ അടിച്ചുകൊണ്ട് കടന്നുപോയി. അന്ന് ഒരു കുട്ടിയായിരുന്ന തനിക്ക് ആ സംഭവത്തിന്റെ വ്യാപ്തി മനസ്സിലായില്ലെങ്കിലും, പിന്നീട് 16-17 വയസ്സില്‍ ആ സംഭവം ശരീരത്തിലും മനസ്സിലുമുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ തിരിച്ചറിഞ്ഞതായി അവര്‍ വ്യക്തമാക്കി. പൊതുവഴികളിലൂടെ എങ്ങനെ നടക്കണമെന്നും പുരുഷന്മാരുടെ കണ്ണുകളിലേക്ക് നോക്കാതെ അവരുടെ കൈകളിലേക്ക് മാത്രം നോക്കി നടക്കണമെന്നും അമ്മ തന്നെ പഠിപ്പിക്കേണ്ടി വന്ന സാഹചര്യവും പാര്‍വതി ഓര്‍മ്മിപ്പിച്ചു.
തമിഴ് സിനിമയായ മരിയാന്റെ ഷൂട്ടിങ് സെറ്റിലുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടി പാര്‍വതി തിരുവോത്ത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമാ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും സ്ത്രീസുരക്ഷയെക്കുറിച്ചും താരം നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ നടത്തിയത്.
മരിയാന്‍ സിനിമയുടെ ചിത്രീകരണത്തിനിടെ താന്‍ പൂര്‍ണമായും വെള്ളത്തില്‍ നനഞ്ഞ ഒരു രംഗം ചിത്രീകരിക്കുകയായിരുന്നുവെന്ന് പാര്‍വതി പറഞ്ഞു. വസ്ത്രം മാറാനുള്ള സൗകര്യങ്ങളോ സഹായിക്കാനുള്ള ആളുകളോ ഇല്ലാതിരുന്നതിനാല്‍, ഹോട്ടല്‍ മുറിയിലേക്ക് പോകാന്‍ തനിക്ക് ആവശ്യപ്പെടേണ്ടി വന്നു. അണിയറപ്രവര്‍ത്തകര്‍ ആദ്യം വിസമ്മതിച്ചപ്പോള്‍, 'എനിക്ക് പീരിയഡ്സ് ആണ്, എനിക്ക് പോകണം' എന്ന് താന്‍ ഉറക്കെ പറഞ്ഞെന്നും, അതിനോട് എങ്ങനെ പ്രതികരിക്കണമെന്ന് അവര്‍ക്ക് അറിയില്ലായിരുന്നെന്നും പാര്‍വതി വ്യക്തമാക്കി.അന്ന് സെറ്റില്‍ താനുള്‍പ്പെടെ മൂന്ന് സ്ത്രീകള്‍ മാത്രമാണുണ്ടായിരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.