അവിശ്വാസം അഥവാ സംശയരോഗം വരുത്തി വയ്ക്കുന്ന കെണികള്‍ നിരവധിയാണ്. ഒരു ബന്ധത്തെ വേരോടെ പിഴുതെടുക്കാന്‍ തക്കവണ്ണം ശക്തി സംശയരോഗത്തിനുണ്ട്.
ഈ സംശയത്തിന് അടിസ്ഥാനമില്ലെങ്കില്‍, സംശയിക്കപ്പെടുന്നയാള്‍ നിരപരാധിയാണെങ്കില്‍ പരസ്പ ബന്ധത്തില്‍ ഇതുണ്ടാക്കുന്ന മുറിവും വളരെ ആഴത്തിലുള്ളതായിരിക്കും.
സംശയരോഗമുള്ള പങ്കാളിയെ തിരിച്ചറിയാന്‍ എളുപ്പം കഴിയും. ആവശ്യത്തിനും അനാവശ്യത്തിനും നിങ്ങളുടെ പങ്കാളി നിങ്ങളുടെ പ്രവൃത്തികളെ വീക്ഷിച്ചു കൊണ്ടിരിക്കുകയാണെങ്കില്‍ ഇത് സംശയത്തിന്റെ ആദ്യപടിയാണ്. ഫോണ്‍ പരിശോധന, ഇന്റര്‍നെറ്റ് അക്കൗണ്ട് പരിശോധന തുടങ്ങിയവ ഇതിന്റെ ഭാഗമാകാം. പ്രത്യേകിച്ചും നിങ്ങളെ ഒളിച്ച്. ഫോണ്‍ കോളുകള്‍ വന്നാല്‍ ചോദ്യം ചെയ്യുക, പുറത്തു പോകുമ്പോള്‍ പിന്തുടരുക എന്നിവ ഇതിന്റെ ഭാഗമാകാം.
മനസില്‍ സംശയം കടന്നു വരുമ്പോള്‍ ആളുകള്‍ അസ്വസ്ഥരാകുന്നതും സ്വാഭാവികം. പങ്കാളിയില്‍ ആവശ്യമില്ലാത്ത അധികാരം സ്ഥാപിക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കും. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിക്കും. ഇതെക്കുറിച്ച് എന്തെങ്കിലും ചോദിക്കുകയാണെങ്കില്‍ വ്യക്തമായ മറുപടി പറയാന്‍ ഇവര്‍ തയ്യാറയെന്നു വരില്ല. എന്നാല്‍ തങ്ങളോടടുത്തു വരാന്‍ പങ്കാളിക്ക് അവസരം നല്‍കുകയുമില്ല.
മറുഭാഗത്തെ ഒറ്റപ്പെടുത്താന്‍ സംശയരോഗികള്‍ ശ്രമിക്കും. കൂട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പങ്കാളിയെ അകറ്റി നിര്‍ത്തും. പുരുഷനെ സംശയിക്കുന്ന സ്ത്രീയാണെങ്കില്‍ മറ്റു സ്ത്രീകളോട് അയാള്‍ സംസാരിക്കുന്നത് നല്ല രീതിയില്‍ എടുത്തെന്നു വരില്ല. മറിച്ചും ഇങ്ങനെ തന്നെ. നല്ല സൗഹൃദങ്ങള്‍ പോലും ഇങ്ങനെയുള്ള തെറ്റിദ്ധാരണയില്‍ ചിലപ്പോള്‍ പെടും.