ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും പാല്‍ പ്രധാന ഘടകമാണ്. തിളപ്പിക്കാത്ത പാല്‍, പുളിപ്പിച്ച പാല്‍ (ബട്ടര്‍ മില്‍ക്ക്) എന്നിവ നിങ്ങളുടെ ചര്‍മ സംരക്ഷണത്തിന് വളരെ നല്ലതാണ്.
പ്രായമാകുമ്പോള്‍ മാത്രമല്ല ചര്‍മത്തില്‍ ചുളിവുകളുണ്ടാകുന്നത്. ശരിയായ രീതിയില്‍ ചര്‍മ സംരക്ഷണം നടത്തിയില്ലെങ്കിലും അധികമായി സൂര്യപ്രകാശമേറ്റാലും ചര്‍മം കേടുവരും. എന്നാല്‍ പാല്‍ നിങ്ങളുടെ ചര്‍മത്തെ ചുളിവുകളില്‍ നിന്നും മടക്കുകളില്‍ നിന്നും സംരക്ഷിക്കും. കാരണം പാലിലടങ്ങിയിരിക്കുന്ന ആല്‍ഫാ ഹൈഡ്രോക്സി ആസിഡായ ലാക്റ്റിക് ആസിഡാണ് ചര്‍മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നത്. പഠനങ്ങളനുസരിച്ച് ദിവസവും രണ്ടു തവണ വീതം മൂന്നു മാസത്തോളം ചര്‍മത്തില്‍ ലാക്റ്റിക് ആസിഡ് ഉപയോഗിച്ചവരില്‍ ചര്‍മത്തിലെ വരകളും ചുളിവുകളും ഇല്ലാതാകുകയും ചര്‍മം മിനുസമുള്ളതാകുകയും ത്വക്കിന്റെ കട്ടിയും ദൃഢതയും കൂടുകയും ചെയ്തു. പാല്‍ പുളിപ്പിക്കുമ്പോഴാണ് അതില്‍ ലാക്റ്റിക് ആസിഡ് രൂപപ്പെടുന്നത്. അതിനാല്‍ പച്ചപ്പാലോ ചെറുതായി പുളിപ്പിച്ച പാലോ വേണം ചര്‍മത്തില്‍ ഉപയോഗിക്കാന്‍.
അതേസമയം ചര്‍മം കൃത്യമായ ഇടവേളകളില്‍ അടര്‍ന്നുപോകേണ്ടതുണ്ട്. എങ്കില്‍ മാത്രമേ നിര്‍ജീവമായ കോശങ്ങള്‍ ഇല്ലാതാകുകയുള്ളൂ. നിര്‍ജീവ കോശങ്ങളാണ് ചര്‍മത്തിന്റെ നിറത്തെ ഇരുണ്ടതും മങ്ങിയതുമാക്കി മാറ്റുന്നത്. എന്നാല്‍ പാലിലെ ലാക്റ്റിക് ആസിഡ് നിര്‍ജീവ കോശങ്ങള്‍ വിഘടിച്ച് അടര്‍ന്നുപോകുന്നതിന് സഹായിക്കുന്നു. മാത്രമല്ല മാരകമായ രാസവസ്തുക്കള്‍ ഉപയോഗിക്കുമ്പോഴുണ്ടാകുന്നതു പോലെയുള്ള കേടുപാടുകള്‍ ഉണ്ടാകുന്നുമില്ല.
വേണമെങ്കില്‍ പാല്‍ ചര്‍മത്തില്‍ നേരിട്ട് ഉപയോഗിക്കുകയോ കുളിക്കുന്ന വെള്ളത്തില്‍ ചേര്‍ക്കുകയോ ചെയ്യാം. കട്ടികൂടിയ, എണ്ണമയമുള്ള ചര്‍മമാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ ആഴ്ചയില്‍ മൂന്നോ നാലോ തവണ ഇപ്രകാരം ചര്‍മം ഇളകിപ്പോകേണ്ടതുണ്ട്. മൃദുലമായ ചര്‍മമാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ അടര്‍ന്നുപോയാല്‍ മതിയാകും. അതുകൊണ്ട് തന്നെ സ്വന്തം സിക്ന്‍ ടൈപ്പ് എങ്ങനെയാണെന്ന് നോക്കി പാല്‍ മുഖത്ത് ഉപയോഗിക്കുക.