Latest News

സഞ്ജു ഫാന്‍സ് അസോസിയേഷന്‍ കേരള ഘടകം പ്രസിഡന്റായി ബേസില്‍; സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് ബേസില്‍ ജോസഫിന്റെ കിടിലന്‍ വീഡിയോ; സഞ്ജുവിന് കൊടുത്ത ഉപദേശങ്ങള്‍ അതേ പോലെ നടപ്പാക്കിയെന്നും നടന്റെ കമന്റ്; നിന്റെ യഥാര്‍ഥ കഴിവ് നീ ലോകത്തിന് കാണിച്ചുകൊടുത്തു, പൊളിക്കൂ അനിയായെന്ന് കുറിച്ച് പൃഥിരാജ്

Malayalilife
 സഞ്ജു ഫാന്‍സ് അസോസിയേഷന്‍ കേരള ഘടകം പ്രസിഡന്റായി ബേസില്‍; സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് ബേസില്‍ ജോസഫിന്റെ കിടിലന്‍ വീഡിയോ; സഞ്ജുവിന് കൊടുത്ത ഉപദേശങ്ങള്‍ അതേ പോലെ നടപ്പാക്കിയെന്നും നടന്റെ കമന്റ്; നിന്റെ യഥാര്‍ഥ കഴിവ് നീ ലോകത്തിന് കാണിച്ചുകൊടുത്തു, പൊളിക്കൂ അനിയായെന്ന് കുറിച്ച് പൃഥിരാജ്

കളിക്കളത്തില്‍ സഞ്ജു ബാറ്റ് കൊണ്ട് വിസ്മയം തീര്‍ത്തപ്പോള്‍, ഗാലറിയിലും സ്റ്റേഡിയത്തിന് പുറത്തും ആവേശം പകര്‍ന്നത് സഞ്ജുവിന്റെ ഉറ്റസുഹൃത്തും നടനും സംവിധായകനുമായ നമ്മുടെ സ്വന്തം ബേസില്‍ ജോസഫാണ്. മാച്ചിന് മുമ്പേയുള്ള സ്റ്റേഡിയത്തിന് പുറത്തു നിന്നുമുള്ള ബേസിലിന്റേയും സുഹൃത്തുക്കളുടേയും വിഡിയോ വൈറലായി മാറിയിരിക്കുകയാണ്.

ബേസിലിനൊപ്പം സൈലം ഗ്രൂപ്പ് സ്ഥാപകന്‍ അനന്തുവും സോഷ്യല്‍ മീഡിയ താരം നിഹാലുമുണ്ടായിരുന്നു. ഇവര്‍ക്കൊപ്പം സ്റ്റേഡിയത്തിന് പുറത്തു നിന്നും ജഴ്സിയും കൊടിയും വാങ്ങി, മുഖത്ത് ഛായം തേച്ച് തനി ഇന്ത്യന്‍ ക്രിക്കറ്റ് ഫാനാകുന്ന ബേസിലിന്റെ വിഡിയോ ആരാധകര്‍ക്ക് ആവേശം വിതറുന്നതാണ്. നിഹാലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ബെഞ്ചില്‍ നിന്നും ടീമിലേക്കുള്ള സഞ്ജുവിന്റെ തിരിച്ചുവരവില്‍ ബേസിലിന്റെ ഹൃദയസ്പര്‍ശിയായ വാക്കുകള്‍ നേരത്തെ വാര്‍ത്തയായിരുന്നു.

വിഡിയോയ്ക്ക് താഴെ കമന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഇതാണ് സൗഹൃദം, ചങ്ക് ബ്രോസ്, സഞ്ജു സാംസണ്‍ ഫാന്‍സ് അസോസിയേഷന്‍ കേരള ഘടകം പ്രസിഡന്റ്, എന്നൊക്കെയാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍. നേരത്തെ തിരുവനന്തപുരത്ത് നടന്ന മത്സരം കാണാനും ബേസിലെത്തിയിരുന്നു.

'സ്റ്റേഡിയത്തിന് പുറത്ത് സഞ്ജു സാംസണ്‍ ഫാന്‍സ് അസോസിയേഷന്‍ കേരള ഘടകത്തിന്റെ പ്രസിഡന്റ് ബേസില്‍'' എന്ന് സുഹൃത്തുക്കള്‍ ആവേശത്തോട് വിളിക്കുമ്പോള്‍, അതിലേറെ ആവേശത്തില്‍ ബേസില്‍ നടത്തുന്ന പ്രകടനങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ലോകകപ്പ് ഫൈനലിലെ നിര്‍ണ്ണായക പ്രകടനത്തോടെ സഞ്ജു സാംസണ്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് എത്തിനില്‍ക്കുന്നത്.

ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിലും സഞ്ജു സാംസണിന്റെ ചരിത്ര പ്രകടനത്തിലും വാചലനായി പൃഥ്വിരാജും എത്തി. 98 ലെ ഷാര്‍ജ കപ്പിലെ സച്ചിന്റെ പ്രകടനത്തേക്കാളും ഒരു പടി മുന്നിലാണ് സഞ്ജുവിന്റെ ഈ ലോകകപ്പിലെ പ്രകടനമെന്നാണ് പൃഥ്വിരാജ് പറയുന്നത്. വിധി നിനക്കായ് എഴുതിയ തിരക്കഥയെന്നാണ് സഞ്ജുവിന്റെ തിരിച്ചുവരവിനെ പൃഥ്വിരാജ് വിശേഷിപ്പിക്കുന്നത്. ആ വാക്കുകളിലേക്ക്:

സഞ്ജു സാംസണ്‍ ടൂര്‍ണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു, അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ നിന്ന് അവിശ്വസനീയമായ പ്രകടനം നടത്തി.പൃഥ്വിരാജ് സുകുമാരന്‍ സഞ്ജുവിന്റെ പ്രകടനത്തെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഷാര്‍ജയിലെ പ്രകടനങ്ങളുമായി താരതമ്യം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്തു.

ടീം ഇന്ത്യ ലോക ചാമ്പ്യന്മാരായിരിക്കുന്നു. ടി20 കപ്പ് നിലനിര്‍ത്തിയ ആദ്യത്തെ ടീം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ തിരിച്ചടിയൊഴിച്ചാല്‍ ഐതിഹാസികമായ മുന്നേറ്റം. എന്നാല്‍ ടൂര്‍ണ്ണമെന്റിലെ ഏറ്റവും വലിയ അത്ഭുതം വിധി സഞ്ജുവിനായി എഴുതിയ തിരക്കഥയാണ്. പതിനഞ്ചംഗ ടീമിലേക്ക് എത്തുമോ എന്ന് പോലും സംശയിച്ചിരുന്ന ഇടത്തു നിന്നും വെറും അഞ്ച് മത്സരങ്ങളില്‍ നിന്നും സഞ്ജു ടൂര്‍ണമെന്റിലെ താരമായെന്നത് അവിശ്വസനീയമാണ്.

ഒരു തലമുറയെ സംബന്ധിച്ച് ഒരു ടൂര്‍ണമെന്റിന്റെ നോക്കൗട്ട് സ്റ്റേജിലെ ഏറ്റവും മഹത്തായ മള്‍ട്ടി ഇന്നിങ് ക്ലച്ച് പ്രകടനം എന്നാല്‍ 98 ലെ ഷാര്‍ജ കപ്പില്‍, ഒരു കാലഘട്ടത്തെ തന്നെ നിര്‍വ്വചിച്ച ഡെസേര്‍ട്ട് സ്റ്റോമും പിന്നാലെ ഫൈനലില്‍ പിറന്ന സച്ചിന്റെ സെഞ്ചുറിയുമായിരുന്നു. ഏതാണ്ട് മൂന്ന് പതിറ്റാണ്ടിന് ശേഷം, സഞ്ജു സാംസണ്‍, പ്രസന്റേഷനില്‍ മോശം സമയത്ത് താന്‍ ഇതിഹാസത്തില്‍ നിന്നും മാര്‍ഗ്ഗനിര്‍ദ്ദേശം തേടിയെന്ന് പറഞ്ഞിട്ടുള്ളവന്‍, അതിനേക്കാള്‍ ഒരു പടി മുന്നിലേക്ക് പോയി. മൂന്ന് നോക്കൗട്ട് മത്സരങ്ങള്‍, മൂന്ന് മാച്ച് വിന്നിങ് ഇന്നിങ്സുകള്‍. പിന്നെ ഐതിഹാസികമായൊരു ലോകകപ്പ് നേട്ടവും.

സഞ്ജു, നിന്നെക്കൊണ്ട് എന്ത് സാധ്യമാകുമെന്ന് ഈ ലോകത്തിന് നീ കാണിച്ചു കൊടുത്തിരിക്കുന്നു. ഒരു ആരാധകന്‍ എന്ന നിലയില്‍, ഈ മൂന്ന് ഇന്നിങ്സുകള്‍ നിന്റെ ഉജ്ജ്വലമായ കരിയറിനെ രൂപപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഗെയിം കണ്ടിട്ടുള്ള ഏറ്റവും നാച്ച്വറലി ഗിഫ്റ്റഡ് ബാറ്റ്സ്മാന്മാരില്‍ ഒരാളാണ് നീ. ഗംഭീരമായ 6-8 വര്‍ഷം തന്നെ നിന്റെ മുന്നിലുണ്ട്. ലോക വേദികളില്‍ ഇനിയും വിസ്മയം തീര്‍ക്കുക. ക്രിക്കറ്റിന്റെ നാടോടിക്കഥകളില്‍ ഒരിടം നീ നേടിക്കഴിഞ്ഞു. നിനക്കും ഈ ലോകകപ്പില്‍ നിന്നെ കണ്ടവര്‍ക്കും ശേഷവും നിലനില്‍ക്കുന്നൊരു ലെഗസി പടുത്തുയര്‍ത്തുക. പൊളിക്ക് അനിയാ (ചേട്ടാ).

sanju and prithviraj congratulates sanju

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES