മഹാശിവരാത്രി വ്രതം എടുക്കേണ്ടത് ഇങ്ങനെ
നാളെ ശിവരാത്രി .ഹൈന്ദവരുടെ ഒരു ആഘോഷമാണ് മഹാശിവരാത്രി. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവഭക്തര്‍ക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്. കൂവളത്തിന്റെ ഇലകള്‍ ശിവന് അര്‍പ്പിക്കുന്നതും ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതുമൊക്കെയാണ് ഈ ദിവസത്തെ പ്രധാന ആചാരങ്ങള്‍. ശിവലിംഗങ്ങളെ പാലും തേനും കൊണ്ട് അഭിഷേകം ചെയത് അവയെ ആരാധിക്കുന്ന പതിവുമുണ്ട്.കേരളത്തില്‍ ആലുവ ശിവക്ഷേത്രം, മാന്നാര്‍ തൃക്കുരട്ടി മഹാദേവക്ഷേത്രം, പടനിലം പരബ്രഹ്മ ക്ഷേത്രം, തൃശ്ശൂര്‍ വടക്കുന്നാഥക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളില്‍ ശിവരാത്രി മഹോത്സവം വിപുലമായി ആഘോഷിക്കുന്നു.
എന്താണ് ശിവരാത്രി
ശിവരാത്രിയുമായി ബന്ധപ്പെടുത്തി പുരാണങ്ങളില്‍ നിരവധി ഐതീഹ്യങ്ങള്‍ ഉണ്ട് .
ലോക രക്ഷാര്‍ത്ഥം കാളകൂടവിഷം ശ്രീ പരമേശ്വരന്‍ പാനം ചെയ്തു എന്നും ഭഗവാന്റെ ഉള്ളില്‍ വിഷം പടരാതിരിക്കുന്നതിനായി പാര്‍വതി ദേവി ശിവന്റെ കണ്ഠത്തില്‍ മുറുക്കിപ്പിടിക്കുകയും അതോടൊപ്പം ഭഗവാന്‍ വിഷ്ണു വായില്‍ നിന്നു വിഷം പുറത്തേക്ക് പോകാതിരിക്കാനായി ശിവന്റെ വായ പൊത്തിപ്പിടിക്കുകയും ചെയ്തു .ഇതേതുടര്‍ന്ന് വിഷം കണ്ഠത്തില്‍ ഉറയ്ക്കുകയും ചെയ്ത ഭഗവാന് നീലകണ്ഠന്‍ എന്ന നാമധേയം ലഭിക്കുകയും ചെയ്തു. ശിവ ഭഗവാന് ആപത്തു പിണയാതിരിക്കുന്നതിനായി പാര്‍വ്വതീദേവി ഉറക്കമിളച്ചിരുന്നു പ്രാര്‍ഥിച്ച ദിവസമാണ് ശിവരാത്രി എന്നാണ് ആദ്യത്തെ ഐതീഹ്യം .
ശിവപാര്‍വ്വതിമാരുടെ വിവാഹം നടന്നദിനമായി ഇന്ത്യയില്‍ വിവിധ ഭാഗങ്ങളില്‍ ശിവരാത്രിയെ കണക്കാക്കുന്നു. ഈ വിശ്വാസപ്രകാരം ദേവി-ദേവന്‍മാരുടെ വിവാഹം നടന്ന മംഗളദിനമെന്ന പ്രാധാന്യമാണ് ശിവരാത്രിക്കു നല്‍കുന്നത്. ശിവശക്തിമാരുടെ കൂടിച്ചേരല്‍ മുഹൂര്‍ത്തമായി കണക്കാക്കി ശിവരാത്രി ആഘോഷിക്കുന്നു. ശിവഭഗവാന്‍ ആദ്യമായി താണ്ഡവം ആടിയദിനമായും ശിവരാത്രിയെ വിശേഷിപ്പിക്കുന്നു.
ശിവന്‍ ജ്യോതിരൂപത്തില്‍ പ്രത്യക്ഷമായ പുണ്യമുഹൂര്‍ത്തമെന്നും മഹാശിവരാത്രിക്കുപേരുണ്ട്. പ്രകാശരൂപത്തില്‍, വിഷ്ണു, മഹേശ്വരന്മാര്‍ക്ക് ശിവന്‍ പ്രത്യക്ഷനായതും അവരോട് പ്രകാശരൂപത്തിലുളള തന്റെ ആദിയും അന്തവും കണ്ടെത്താന്‍ പറഞ്ഞതും ഇതേ ദിനത്തിലാണെന്നും പറയപ്പെടുന്നു.
ശിവന്റെ തനുജ്യോതിയുടെ ആദ്യാന്തങ്ങള്‍ കണ്ടെത്താനാവാതെ പരാജയപ്പെട്ട വിഷ്ണുവും ബ്രഹ്മാവും തങ്ങളാണ് പ്രപഞ്ചത്തിലെ വലിയവരെന്ന അഹംബോധം വെടിഞ്ഞെന്നും വിശ്വാസമുണ്ട്.
ശിവ രാത്രി വിധം എങ്ങനെ എടുക്കാം
വ്രതം തുടങ്ങുന്നതിന് മൂന്നുനാള്‍ മുമ്പെങ്കിലും ചിട്ടയായ ജീവിതക്രമവും ലഘുഭക്ഷണവും ശീലമാക്കുന്നതാണ് പൊതുവെയുളളരീതി. ബ്രഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന ശേഷം കുളിയും ദിനചര്യകളും കഴിച്ച് തൊടട്ടുത്തുളള ശിവക്ഷേത്രത്തില്‍ ദര്‍ശ്ശനം നടത്താം. ഭസ്മം, രുദ്രാക്ഷം എന്നിവ ധരിക്കുന്നതും ഉത്തമം. ശിവപഞ്ചാക്ഷരി മന്ത്രം, ഓം നമശിവായ ചൊല്ലി ക്ഷേത്രത്തില്‍ സമയം ചിലവഴിക്കുന്നതും നല്ലതാണ്.
ശിവരാത്രിനാളില്‍ പകല്‍സമയം ഉപവാസമാണ് നിര്‍ബന്ധമായി പറഞ്ഞിട്ടുളളത്. ഒഴിവാക്കാതെ ഇത് പിന്തുടരുന്നതാണ് ഉചിതമായ രീതി. ശിവരാത്രി വ്രതത്തില്‍ പ്രാധാന്യമുളളതാണ് പകലത്തെ ഉപവാസം. തീരെപറ്റാത്ത സാഹചര്യത്തില്‍ ചിലര്‍ ക്ഷേത്രത്തില്‍ നിന്നും നേദിച്ചുവാങ്ങുന്ന ഇളനീരും പഴങ്ങളും കഴിക്കുന്നതും പതിവാണ്. എന്നാല്‍ പകലുളള ഉപവാസവും സാധനയുമാണ് ശിവരാത്രിയുടെ ചിട്ട എന്നതാണ് വാസ്തവം. ശിവപുരാണം വായിക്കുന്നത് വളരെ നല്ലതാണ്.വൈകുന്നേരവും കുളിച്ച് ക്ഷേത്രദര്‍ശ്ശനം നടത്തി കഴിവിനനുസരിച്ചുളള വഴിപാടുകള്‍ നടത്തുക.
രാത്രിയില്‍ ഉറക്കമൊഴിഞ്ഞ് ശിവഭഗവാനെ പ്രാര്‍ത്ഥിക്കുന്നതാണ് വ്രതത്തിന്റെ പ്രധാനഭാഗം. ശിവപഞ്ചാക്ഷരിക്കൊപ്പം ശിവസഹസ്രനാമം,ശിവാഷ്ടകം എന്നിവയും ജപിക്കാം.ശിവപുരാണം വായിക്കാം. ചിലര്‍ പൂര്‍ണ്ണശിവരാത്രി വ്രതം അനുഷ്ഠിക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ അര ശിവരാത്രി അനുഷ്റിക്കുന്നതും പതിവാണ്. അര്‍ദ്ധരാത്രിവരെ വ്രതത്തോടെ ഉറക്കമൊഴിയുന്ന രീതിയാണിത്. ശിവരാത്രി വ്രതമെടുത്ത് പിതൃതര്‍പ്പണം നടത്തുന്നതിലൂടെ പൃതൃക്കള്‍ക്ക് ശിവരാത്രിയുടെ പുണ്യം ലഭിക്കും എന്നാണ് വിശ്വാസം.
ഉറക്കമില്ലാതെ ശിവപൂജയും പാരായണവും നടത്തി തൊടട്ടുത്ത ദിവസം ക്ഷേത്രത്തിലെത്തി വ്രതം അവസാനിപ്പിക്കാം. യഥാവിധി വ്രതം ആചരിക്കുന്നതിലൂടെ സര്‍വ്വപാപങ്ങളും അകലുന്നു. വ്രതം അവസാനിക്കുന്നുവെങ്കിലും അതേദിവസം പകലുറക്കം പാടില്ല. മഹാശിവരാത്രിയുടെ പുണ്യം നേടിയെടുത്ത ശേഷം ഒരാള്‍ പുരാണങ്ങള്‍ നിഷിദ്ധമെന്ന് അനുശാസിക്കുന്ന പകലുറക്കം നടത്തുന്നത് ശരിയല്ല എന്നതാണ് കാരണം. അതേദിവസം ചന്ദ്രോദയം കണ്ടിട്ടു വേണം വ്രതമെടുക്കുന്ന ആള്‍ ഉറങ്ങാന്‍ എന്നു പറയുന്നതിനു പിന്നിലും പകലുറക്കം പാടില്ല എന്ന കാരണമാണ്.
അര്‍ച്ചനകള്‍ ഇങ്ങനെ
അഭിഷേകം, അര്‍ച്ചന, കൂവള മാല, ധാര തുടങ്ങിയവയാണ് പ്രധാനമായും നടത്തേണ്ടത്. പാല്‍, കരിക്ക്,ജലം എന്നിവകൊണ്ടുളള അഭിഷേകം വിശേഷപ്പെട്ടതാണ്. കൂവളമാല അര്‍പ്പിക്കുന്നതും ഇലകൊണ്ടുളള അര്‍ച്ചനയും ഭഗവാനെ പ്രീതിപ്പെടുത്താനും ഉത്തമമാണ്. ശിവക്ഷേത്രത്തില്‍ മൂന്നുതവണ വലം വെക്കുന്നതും നല്ലതാണ്. രാവിന്റെ അന്ത്യയാമത്തില്‍ ശിവ പൂജയും ആരാധനയും നടത്തുന്നത് കേരളത്തിലെ ചില ക്ഷേത്രങ്ങളില്‍ പതിവാണ്. തേന്‍, പാല്‍, ഇളനീര്‍, ജലം എന്നിവയാല്‍ ഭക്തര്‍ നേരിട്ടുനടത്തുന്ന അഭിഷേകമാണ് വടക്കേ ഇന്ത്യയിലെ പ്രത്യേകത.
ശിവപ്രീതിയ്ക്ക് കൂവളത്തില
ശിവപൂജയ്ക്ക് ഏറ്റവും പ്രധാനമാണു കൂവളത്തില. ശിവപാര്‍വതിമാര്‍ക്കു പ്രിയപ്പെട്ട ഈ വൃക്ഷം ശിവദ്രുമം, ശിവമല്ലി, വില്വം എന്നീ പേരുകളില്‍ അറിയപ്പെടുന്നു. കൂവളത്തിന്റെ ഓരോ ഇതളും മൂന്നായി പിരിഞ്ഞ് ശ്രീപരമേശ്വരന്റെ തൃക്കണ്ണിന്റെ ആകൃതിയിലാണു വിന്യസിച്ചിരിക്കുന്നത്. ശിവക്ഷേത്രത്തില്‍ കൂവളത്തില കൊണ്ടുളള അര്‍ച്ചനയാണ് ഏറ്റവും പ്രധാനം. ശിവരാത്രിദിനത്തില്‍ ക്ഷേത്രത്തില്‍ വില്വപത്രം പൂജയ്ക്കായി സമര്‍പ്പിച്ച് ബില്വാഷ്ടകം ചൊല്ലി നമസ്‌കരിക്കുന്നത് ഇരട്ടിഫലം നല്‍കും.കൂവളച്ചുവട്ടിലിരുന്നു പഞ്ചാക്ഷരീമന്ത്രം ചൊല്ലി ശിവപൂജ നടത്തിയാല്‍ സകലപാപങ്ങളും നീങ്ങി ദേവതുല്യനായിത്തീരും എന്നാണ് വിശ്വാസം
ഏതുപാപങ്ങളെയും കഴുകിക്കളയുന്ന ശിവരാത്രിയില്‍ കൃത്യമായ ചര്യകളും മനസര്‍പ്പിച്ചുുളള പ്രാര്‍ത്ഥനയും അത്യാവശ്യമാണ്. ശരിയായ അനുഷ്ഠാനത്തിനൊപ്പം ഭക്തിയും അത്യാവശ്യം. ശിവരാത്രി വ്രതം അനുഷ്ഠിച്ചതിലൂടെ മഹാപാപങ്ങള്‍ തീര്‍ന്നവരുടെ കഥകള്‍ പുരാണങ്ങളില്‍ കാണാനാവും. ശിവനെന്നാല്‍ സ്വയംപ്രകാശിക്കുന്നവനും മറ്റുളളവയെ പ്രകാശിപ്പിക്കുന്നവനുമാണ്. പൂര്‍ണനാണ് ഒപ്പം പരിശുദ്ധനും ആണ് മഹാദേവന്‍. നിറഞ്ഞ അറിവ്, പൂര്‍ണ്ണമായ സാധന എന്നിവയെല്ലാം തികഞ്ഞവനാണ് ഭഗവാന്‍. ദേവന് ഏറെ പ്രാധാന്യമുളള മഹാശിവരാത്രിദിനത്തില്‍ ശിവനെ പൂജിക്കുന്നത് ഏറ്റവും മുക്തിദായകമായി കരുതപ്പെടുന്നു.