വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടനാണ് സന്തോഷ് കീഴാറ്റൂര്‍. സിനിമയില്‍ മാത്രമല്ല നാകടത്തിലും സജീവമാണ് താരം. നാടകങ്ങളിലൂടെയാണ് സന്തോഷ് കീഴാറ്റൂര്‍ അഭിനയത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നത്.സ്വന്തമായി രചിച്ച് സംവിധാനം ചെയ്ത നിരവധി നാടകങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്.
നാടകവും സിനിമയും ഒന്നിച്ച് കൊണ്ടുപോകുമ്പോള്‍ അഭിനേതാക്കള്‍ നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് സ്വന്തം അനുഭവത്തില്‍ നിന്നും അദ്ദേഹം ചിലത് പങ്കുവച്ചിരിക്കുകയാണ്. ഏറ്റെടുത്ത c മാറിമാറി വരുന്ന സിനിമാ ഷൂട്ടിംഗ് ഡേറ്റുകളും തമ്മില്‍ ക്ലാഷാകുമ്പോള്‍ തന്നെ ഒഴിവാക്കരുതേ എന്നാണ് അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ ആവശ്യപ്പെടുന്നത്.
സന്തോഷ് കീഴാറ്റൂരിന്റെ കുറിപ്പ് :
ഒരു കുഞ്ഞു അനുഭവം പറയട്ടെ...
കുഞ്ഞാലി മരക്കാര്‍ അറബിക്കടലിന്റെ സിംഹം സിനിമയില്‍ അഭിനയിക്കുമ്പോള്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ സാര്‍ പറഞ്ഞ അനുഭവം ഉണ്ട്. തമിഴ്, തെലുങ്ക് സിനിമയിലെ പ്രശസ്തനായ നാഗേഷ് എന്ന നടന്‍ ശനിയും, ഞായറും ഷൂട്ടിന് വരില്ല കാരണം നാടകം കളിക്കാന്‍ പോവും. നാടകം മുടക്കാന്‍ പറ്റില്ല. സംവിധായകരും, നിര്‍മ്മാതാക്കളും, സൂപ്പര്‍ താരങ്ങളും നാഗേഷ് സാറിന് ആ ഇളവ് കൊടുക്കും. അത്രയധികം നാടകകലയെ അവര്‍ ബഹുമാനിക്കുന്നു.
പ്രിയന്‍ സാര്‍ പറഞ്ഞ ഈ അറിവ് ഇവിടെ പങ്കുവെക്കാന്‍ കാരണം. മുന്‍കൂട്ടി ഏറ്റെടുക്കുന്നതാണ് നാടകം. സംഘാടകര്‍ക്ക് സംഘടിപ്പിക്കാന്‍ സമയം വേണം അവര്‍ സ്വാര്‍ത്ഥ താല്‍പ്പര്യമോ, പണം മോഹിച്ചോ അല്ല നാടകോല്‍സവങ്ങളും, നാടക അവതരണങ്ങളും സംഘടിപ്പിക്കുന്നത്. സ്വന്തം നാടിനോടുള്ള കൂറ് കൊണ്ടാണ്. ഈ നാട് ജീര്‍ണ്ണിച്ചു പോവാതിരിക്കാന്‍ മതേതരത്വം സംരക്ഷിക്കാന്‍, അതുകൊണ്ട് ഏറ്റെടുത്ത നാടകം മുടക്കാന്‍ പറ്റില്ല.
സിനിമയില്‍ അഭിനയിക്കാന്‍ വിളിക്കുന്ന പ്രിയപ്പെട്ട സംവിധായകരെ, പ്രൊഡക്ഷന്‍ നിയന്ത്രിക്കുന്നവരെ (Production Controller) നാടകം ഏറ്റെടുത്തതിന്റെ പേരില്‍ സിനിമയിലെ അവസരം മുടക്കല്ലെ. പ്രധാന നടീ നടന്മാര്‍ക്ക് മാത്രം ജീവിച്ചാല്‍ പോരല്ലോ? അവര്‍ക്ക് തന്നെയാണ് സിനിമയില്‍ മുന്‍തൂക്കം. ചെറിയ നടന്മാരുടെ ജീവിതത്തിനും വ്യക്തിത്വത്തിനും അവരുടെ സര്‍ഗ്ഗാത്മകതയ്ക്കും Respect കൊടുക്കണം. കല പഠിപ്പിക്കേണ്ടത്. സ്നേഹമാണ്, വിദ്വേഷമല്ല. ഒരു ദിവസത്തെ Date മാറ്റി തരാനല്ലെ പറഞ്ഞുള്ളു...